ജനിതക മാറ്റം വന്ന കൊറോണ, അടച്ചു പൂട്ടി പ്രതിരോധം...!
വിജയ് ചൗക്ക് @ 92 @ മെട്രോ വാര്‍ത്ത: മെയ് 13
സുധീര്‍നാഥ്
ഒന്നാം കൊറോണ തരംഗത്തെ അപേക്ഷിച്ച് വലിയ ശക്തിയാലാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍. അതിന്‍റെ സ്വഭാസം തന്നെ മാറിയിട്ടുണ്ട്. രൂപമാറ്റം വന്ന വൈറസുകള്‍ വളരെ വേഗമാണ് സഞ്ചരിക്കുന്നത്. ഇക്കുറി യുവാക്കള്‍ക്ക് പോലും അടിയറവ് പറയേണ്ടി വന്നതിനാല്‍ ജനം വല്ലാതെ ഭയപ്പെട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണവും, മരണസംഖ്യയും ക്രമാതീതമായി ഉയര്‍ന്നത് രാജ്യത്തെ ഞെട്ടിച്ചു. ജനിതകവ്യതിയാനം സംഭവിച്ച വൈറസാണ് പ്രധാന കാരണമെങ്കിലും മറ്റ് ചില കാരണങ്ങള്‍ കൂടി വ്യാപനം ത്വരിതപ്പെടുത്താനിടയാക്കിയതായി ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍ എ.എഫ്.പിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
സാമൂഹികമായ കൂടിച്ചേരലുകളും വന്‍ ആഘോഷപരിപാടികളും വൈറസ് വ്യാപനം രൂക്ഷമാക്കി. ഒന്നാം കോവിഡ് തരംഗത്തിന്‍റെ അലകള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ മാസ്ക്ക് ഉപേക്ഷിച്ചതായി ഡോക്ടര്‍ സൗമ്യ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു മാറിയതും രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങക്ക് ശക്തി പകര്‍ന്ന് വാക്സിനുകള്‍ എത്തിയതിന് ശേഷം ആഞ്ഞടിച്ച രണ്ടാം തരംഗത്തില്‍ ജീവവായുവിനായി ജനങ്ങള്‍ പരക്കം പാഞ്ഞു. വാക്സിന്‍റെ ഒരു ഡോസ് എടുത്തത് കൊണ്ട് പലരും അപകടം പറ്റാതെ രക്ഷപ്പെട്ടു. വാക്സിന്‍ എന്നത് പ്രതിരോധമാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ ഉണ്ടായതോടെ അതിനായി ജനങ്ങള്‍ തിങ്ങി കൂടി. വേണ്ടത്ര വാക്സിനുകള്‍ ലഭ്യമല്ലാത്തത് ആരോഗ്യ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കി. കോവിഡ് രോഗം വലിയ അളവില്‍ പടര്‍ന്ന് പിടിച്ചത് വഴി രോഗികളുടെ എണ്ണം കൂടി. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ സാധിക്കാതായി. രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികള്‍ക്ക് ന്യുമോണിയ വ്യാപകമായുണ്ടായി. ഇത് മൂലം ശ്വാസ തടസം ഉണ്ടായി. അങ്ങിനെ ഉള്ള രോഗികളെ രക്ഷിക്കാന്‍ ഓക്സിജന്‍ കൊടുക്കേണ്ടി വന്നു. സ്വാഭാവികമായും ഓക്സിജന്‍ ലഭ്യതയില്‍ കുറവുണ്ടായി.
ഇന്ത്യയില്‍ ഓക്സിജന്‍ സഹായത്തോടെ കഴിയുന്ന കോവിഡ് ബാധിതര്‍ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ ഒമ്പത് ലക്ഷം കവിഞ്ഞു. 9,02,291 രോഗികളാണ് നിലവില്‍ ഓക്സിജന്‍ സഹായത്തോടെ ചികിത്സ നടത്തുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. രണ്ട് ലക്ഷത്തോളം കോവിഡ് രോഗികളാണ് രാജ്യത്ത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 1,70,841 പേരാണ് നിലവില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഐസിയു കിടക്കകളില്‍ 4,88,861 രോഗികളുമുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കുക എന്ന ഒറ്റ മാര്‍ഗം മാാത്രമേ സര്‍ക്കാരിന് മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. കോവിഡിനെ പ്രതിരോധിക്കുവാന്‍ ലോക്ക് ഡൗണ്‍ എന്ന നടപടി വാക്സിന്‍ പോലെ പ്രാധാന്യമാണ്. വാക്സിന്‍ എടുത്തത് കൊണ്ടോ, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കൊണ്ടാ കോവിഡ് രോഗം വരാതിരിക്കില്ല എന്നത് എല്ലാവരും അറിയണം. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത നടപടികളാണ് ലോക്ക് ഡൗണിന്‍റെ കാര്യത്തില്‍ സ്വീകരിച്ചു വരുന്നത്. പ്രാദേശിക ലോക്ക് ഡൗണും, നിയന്ത്രണങ്ങളുമാണ് എല്ലായിടത്തും ആദ്യം ഉണ്ടായത്. ഡല്‍ഹിയിലും അതു തന്നെയാണ് ഉണ്ടായത്. ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ടാം തരംഗത്തില്‍ ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ നടത്തിയ നിയന്ത്രണങ്ങള്‍ ഫലം കണ്ടില്ല. അപ്പോള്‍ ഏപ്രില്‍ 20 മുതല്‍ രാജ്യതലസ്ഥാനം തന്നെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യം ഒരാഴ്ച്ചയായിരുന്നു സമ്പൂര്‍ണ്ണ ലോക് ഡൗണ്‍. ഇപ്പോള്‍ അത് നാലാം ആഴ്ച്ചയിലേയ്ക്ക് കടന്നിരിക്കുന്നു. മെയ് 17 വരെയാണ് ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍.
ലോക്ഡൗണ്‍ നാല് തവണകളായി നീട്ടിയപ്പോള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഒടുവില്‍ ലോക്ഡണ്‍ ഒരാഴ്ച്ച കൂടി നീട്ടിയപ്പോള്‍ ഡല്‍ഹിയിലെ മെട്രോ തീവണ്ടി സര്‍വ്വീസ് നിര്‍ത്തി വെപ്പിച്ചു. ഇതിന് ഫലം കണ്ടു തുടങ്ങി എന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കണക്കുകള്‍ നിരത്തിയാണ്. ഡല്‍ഹിയിലെ പ്രതി ദിന കോവിഡ് രോഗികളുടെ കണക്കില്‍ കുറവ് വന്നു. മരണ നിരക്ക് കുറഞ്ഞു. പ്രതിദിന കോവിഡ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞു.
കോവിഡിന്‍റെ ഒന്നാം തരംഗ സമയത്ത് ഉണ്ടായ ലോക്ഡൗണ്‍ അല്ല രണ്ടാം തരംഗത്തെ തുടര്‍ന്ന് നടപ്പിലാക്കിയിരിക്കുന്നത്. ഇത്തവണ ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം ഏല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. അത്യാവശ്യ യാത്രകള്‍ നടക്കും. വിവാഹം പോലും ചുരുങ്ങിയ ക്ഷണിതാക്കളുടെ സാനിധ്യത്തില്‍ അനുമതിയോടെ നടത്താം. ആവശ്യവസ്തുക്കള്‍ വില്‍ക്കുന്നതിന് അനുമതി ലഭിക്കും. തീവണ്ടികളും, വിമാനങ്ങളും നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്തുന്നു. യാത്രാ പാസുകള്‍ ഉപയോഗിച്ച് അത്യാവശ്യ യാത്രകള്‍ നടത്താം.
ആദ്യ ലോക്ഡൗണ്‍ കാലത്തെ സ്ഥിതി ഇതായിരുന്നില്ല. ജനങ്ങള്‍ക്ക് പുറത്തിറങ്ങന്‍ അനുമതി ഉണ്ടായില്ല. തീവണ്ടികള്‍ ഓടിയില്ല, വിമാനങ്ങള്‍ പറന്നില്ല, പൊതു ഗതാഗതം ഉണ്ടായിരുന്നില്ല. റോഡുകളില്‍ വാഹനങ്ങള്‍ വളരെ കുറവായിരുന്നു. വ്യവസായ ശാലകള്‍ പ്രവര്‍ത്തിച്ചില്ല. കര്‍ക്കശ നിയന്ത്രണം രാഷ്ട്രത്തിന്‍റെ സാമ്പത്തിക നില തന്നെ തകര്‍ത്തു. അതില്‍ നിന്ന് രാജ്യം അതിവേഗം കരകയറാന്‍ തുടങ്ങിയപ്പോഴാണ് രണ്ടാം തരംഗവും ലോക്ഡൗണും. ഇത്തവണ പക്ഷെ സാമ്പത്തിക തകര്‍ച്ച മുന്‍പത്തേത് പോലെ ഉണ്ടാകില്ല.
ഡല്‍ഹിയെ പോലെ മറ്റു സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നടപടികളിലേക്ക് കടന്നു. ചില സംസ്ഥാനങ്ങള്‍ പ്രത്യേക മേഖലകളില്‍ മാത്രം അടച്ചിട്ട് പരീക്ഷിച്ചെങ്കിലും പിന്നീട് സംസ്ഥാനം മുഴുവനും തീരുമാനിക്കുകയാണ് ഉണ്ടായത്. കേരളവും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങല്‍ നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ തീവ്യത കേരളത്തില്‍ കൂടാന്‍ ഇരിക്കുന്നതേയുള്ളൂ. ഇത് മുന്‍കൂട്ടി കണ്ട് രണ്ടാം കോവിഡ് തരംഗം രൂക്ഷമാകും മുന്‍പ് തന്നെ കേരളം അടച്ചിട്ടത് വഴി ദൈനംദിന കോവിഡ് രോഗികളുടെ കണക്കില്‍ ചെറിയ കുറവ് ഉണ്ടാകും എന്നാണ് കണക്കു കൂട്ടുന്നത്.
കേരളത്തില്‍ ലോക്ഡൗണ്‍ ചുരുങ്ങിയത് ജൂണ്‍ ആദ്യ വാരം വരെ നീളാനാണ് നിലവിലെ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഓക്സിജന്‍റെ ആവശ്യം കൂടും. അതിന് സംസ്ഥാനം മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. നിലവിലെ സാഹചര്യമായിരിക്കില്ല ഒരാഴ്ച്ച കഴിഞ്ഞ് കേരളം കാണുവാനിരിക്കുന്നത്. കേരളം ആരോഗ്യ രംഗത്ത് കാലങ്ങളായി തുടര്‍ന്ന് വന്ന ശ്രദ്ധയാണ് മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ പോലെ എത്താത്തതിന് കാരണം. കേരളത്തിലെ മരണ സംഖ്യ കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രായം ചെന്നവര്‍ ജീവിക്കുന്ന ഇടമാണ് കേരളം. ആരോഗ്യ പ്രവര്‍ത്തകരുടെ നിയന്ത്രണം വിജയം കണ്ടാല്‍ കേരളം വന്‍ അപകടം തരണം ചെയ്യും. അതിന് ജനങ്ങളുടെ സഹകരണം വേണം. രാഷ്ട്രീയം ഒഴിവാക്കി എല്ലാവരും ക്കൈകള്‍ കോര്‍ത്ത് ക്രഷ് ദി കേര്‍വ് എന്ന പ്രചരണത്തില്‍ ആത്മാര്‍ത്ഥമായി പങ്കാളികളാകണം.
ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് കോവിഡിന്‍റെ രണ്ടാം തരംഗത്തോടൊപ്പം ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഡല്‍ഹി, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ കോവിഡ് രോഗികളില്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി കണ്ടുവരുന്നു. അവിടെ ആശുപത്രികളില്‍ ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. ചികിത്സിച്ചില്ലെങ്കില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ് അപകടകാരിയാണ്. ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്" ചികിത്സ നല്‍കാതെ പോയാല്‍ മ്യൂക്കോര്‍മൈക്കോസിസ് വളരെ അപകടകരമാണ്, മുഖം, മൂക്ക്, കണ്ണുകള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുന്നതുള്‍പ്പെടെ മസ്തിഷ്ക അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും"
കോവിഡിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ മരുന്നും അംഗീകാരം നേടിയിട്ടുണ്ട്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള മരുന്നാണ് ഡ്രഗ് കണ്‍ട്രോളര്‍ അടിയന്തിര ഉപയോഗത്തിനായി അംഗീകാരം നല്‍കിയത്. ഡിആര്‍ഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2ഡിജി) മരുന്ന് വികസിപ്പിച്ചെടുത്തത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വിശദമായ പരിശോധനയ്ക്ക് ശേഷമാണ് മരുന്നിന് അംഗീകാരം നല്‍കിയത്. മരുന്നിന്‍റെ ഉപയോഗത്തിലൂടെ വലിയ ശതമാനം രോഗികളുടെ ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവായി. ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ള രോഗികള്‍ക്ക് ഈ മരുന്ന് ഫലപ്രദമായി. അവര്‍ വേഗം സുഖം പ്രാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ ആശുപത്രികള്‍ ഈ പ്രതിരോധ മരുന്ന് നല്‍കി തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി പോളി ഹെര്‍ബല്‍ ഫോര്‍മുലേഷനായ ആയുഷ് 64 നല്‍കി തുടങ്ങി. കോവിഡ് രോഗികളും, എന്നാല്‍ ലക്ഷണങ്ങളോ മറ്റ് വിഷമങ്ങളോ ഇല്ലാത്ത രോഗികള്‍ക്ക് ഈ മരുന്ന് വളരെ ഫലപ്രദമാണ്.
കോവിഡ് മൂന്നാം തരംഗം ഉണ്ടാകുവാനുള്ള സാഹചര്യങ്ങള്‍ മുന്നില്‍ കാണണം എന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ ഇന്ത്യയ്ക്ക് രാജ്യത്തെ മൂന്ന് ശതമാനം ജനങ്ങള്‍ക്ക് മാത്രമേ വാക്സിന്‍ നല്‍കാന്‍ സാധിച്ചിട്ടുള്ളൂ. വാക്സിന്‍ നിര്‍മ്മാതാക്കളെ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമായിരുന്നു എന്ന് വ്യാപക സംസാരമുണ്ട്. അത് സാധൂകരിക്കുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസിലെ പല നേതാക്കളും സര്‍ക്കാര്‍ പരാജയം സമ്മതിക്കുന്നുണ്ട്. കോവിഡ് നേരിടുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ടീമില്‍ മാറ്റം ഉണ്ടാകണമെന്ന് അവര്‍. വ്യക്തമാക്കി.
കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ച അലംഭാവം പൊറുക്കാനാവാത്ത അപരാധമാണെന്ന് ലോക പ്രശസ്തമായ മെഡിക്കല്‍ ജേണല്‍ 'ലാന്‍സെറ്റ്' അവരുടെ മുഖപ്രസംഗത്തില്‍ രേഖപ്പെടുത്തി. ഓഗസ്റ്റ് ഒന്നോടെ ഇന്ത്യയില്‍ 10 ലക്ഷത്തോളം കോവിഡ് മരണങ്ങളുണ്ടാകുമെന്നും അവര്‍ ആശങ്കപ്പെടുന്നുണ്ട്. പരസ്പരം സഹകരണത്തോടെയും സഹാനുഭൂതിയോടെയും വേണം നമ്മള്‍ കോവിഡിനെ നേരിടാന്‍. സാമൂഹ്യ നീതി ഉറപ്പു വരുത്തി തന്നെയാവണം ആരോഗ്യ സംരക്ഷണവും.
