കര്‍മ്മനിരതരായ മുന്നണി പോരാളികളില്‍ ഇവരുമുണ്ട്...

കോവിഡ് കെയര്‍ ഐ.സി.യു 12

കര്‍മ്മനിരതരായ മുന്നണി പോരാളികളില്‍ ഇവരുമുണ്ട്...

സുധീര്‍ നാഥ്  

ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മകന്‍ വിനായക് ബാബു. നല്ല ഉറക്കത്തിലാണെങ്കിലും ഒരു സന്ദേശം വാട്ട്സ്അപ്പില്‍ ലഭിച്ചാല്‍ നോക്കും. ആവശ്യമെങ്കില്‍ രാത്രി തന്നെ കാറുമെടുത്ത് സഹായിക്കാന്‍ പോകും. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ യുവജനങ്ങള്‍ കര്‍മ്മനിരതരാണ്. യുവാക്കളുടെ നേത്യത്ത്വത്തില്‍ നവമാധ്യമങ്ങളില്‍ രൂപം കൊണ്ട ഗ്രൂപ്പുകള്‍ ഡല്‍ഹിയിലെ ആയിരങ്ങളുടെ ജീവനാണ് രക്ഷിച്ചത്. യുവാക്കളുടെ ഒരു ഗ്രൂപ്പില്‍ സഹായ ആവശ്യം വന്നാല്‍ അത് ഡല്‍ഹിയിലെ നൂറിലേറെ ഗ്രൂപ്പുകളില്‍ എത്തും. സഹായം ആവശ്യമുള്ള വ്യക്തിക്ക് തീര്‍ച്ചയായും അവരുടെ സഹായം ലഭിച്ചിരിക്കും. ഓക്സിജന്‍ സിലിണ്ടറും, ആശുപത്രി അഡ്മിഷനുമാണ് മിക്ക അഭ്യര്‍ത്ഥനകളും. മരുന്നിന്‍റെ വലിയ ക്ഷാമം ഡല്‍ഹിയില്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ മരുന്ന് സംഘടിപ്പിച്ചു കൊടുക്കണം എന്ന അഭ്യര്‍ത്ഥനയും ഉണ്ട്. 

യുവാക്കളെ പോലെ തന്നെ എഴുതി ചേര്‍ക്കുവാന്‍ മറന്നു പോകുന്ന ശുചീകരണ തൊഴിലാളികള്‍, നഴ്സിംഗ് ഓര്‍ഡര്‍ളിമാരും, സെക്യൂരിറ്റി  ജീവനക്കാരും. അവരെ ഒരിക്കലും പിന്നോട്ട് നിര്‍ത്തുവാന്‍ പാടില്ല. ഒരു ദിവസത്തെ അവധി പോലുമില്ലാതെ ദിവസവും ജോലി ചെയ്യുന്നവര്‍. അവര്‍ക്കും കുട്ടികളും മാതാപിതാക്കളും ബന്ധുക്കളും ഒക്കെ ഉണ്ട്. സ്വന്തം ജീവിതം അവര്‍ക്കും വിലപ്പെട്ടത് തന്നെയാണ്. വിശ്രമമില്ലാതെ രോഗികളെ വാര്‍ഡുകളില്‍ നിന്ന് ഐ.സി.യുവിലേയ്ക്കും, മറ്റ് വാര്‍ഡുകളിലേയ്ക്കും കൊണ്ടെത്തിക്കുന്നത് ആശുപത്രിയിലെ ജീവനക്കാരായ ഇവരാണ്. കോവിഡ് ആശുപത്രിയില്‍ ബന്ധുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ഡിസ്ചാര്‍ജ് ചെയുമ്പോള്‍ ട്രോള്ളിയില്‍ കയറ്റി സ്വന്തക്കാരുടെ അരികെ എത്തിക്കുന്നത് ഇവരാണ്. രോഗികളുടെ ബന്ധുജനങ്ങളുടെ ശകാരങ്ങള്‍ മുഴുവന്‍ കേട്ടാലും ക്ഷമയോടെ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത് ഇവരാണ്. ആശുപത്രിയും പരിസരവും അണുവിമുക്തമാക്കി എന്നും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് ഇവരാണ്. ഒരു അസുഖം വന്നു കിടപ്പിലായാല്‍ പട്ടിണിയായി പോകുന്നവര്‍ വരെ ഈ കൂട്ടത്തില്‍ ഉണ്ട്. ഒന്നോ രണ്ടോ ദിവസം അവര്‍ ഡ്യൂട്ടിക്ക് വരാതായാല്‍ എന്ത് പറ്റി എന്ന് അന്വേഷിക്കുന്ന എത്ര പേരുണ്ടാവും നമ്മുടെ കൂട്ടത്തില്‍.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഡോക്ടര്‍മാരോടും, നേഴ്സുമാരോടും ഒപ്പം അവരുമുണ്ട്. കോവിഡിന് യഥാര്‍ത്ഥത്തില്‍ ചികിത്സ നിര്‍ദ്ദേശിക്കുന്നത് ഡോക്ടറാണെങ്കിലും, അത് രോഗിയില്‍ നല്‍കുന്നതിന് നേഴ്സുമാരേ,ടൊപ്പം ഇവരുമുണ്ട്. അവര്‍ പിന്നില്‍ അല്ല.. മുന്നില്‍ തന്നെ ആണ് എന്ന് തന്നെ പറയണം. ഡോക്ടര്‍ ആയാലും, നഴ്സ് ആയാലും, മേല്പറഞ്ഞ ഈ ആരോഗ്യ രംഗത്തെ തൊഴിലാളി വിഭാഗം ആയാലും പി.പി.ഇ. കിറ്റ്  എന്ന് പറയുന്ന പുറംചട്ട ഇടുമ്പോള്‍ ഉണ്ടാവുന്ന ശാരീരിക ആസ്വസ്ഥതകള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. സമൂഹത്തില്‍ അവരുടെ സേവനവും ആദരണീയം തന്നെ ആണ്.

ചിത്രം: ഡല്‍ഹി ജി.ടി.ബി. ആശുപത്രിയുടെ പുറത്ത് സ്ട്രച്ചറുകളില്‍ കിടത്തി കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.