പൊളിറ്റിക്കല്‍ ഹോട്ട് സ്പോട്ടുകളും, കണ്‍ഡേയ്ന്‍മെന്‍റ് സോണുകളും.
വിജയ് ചൗക്ക് @ 91 @ മെട്രോ വാര്‍ത്ത: മെയ് 01
സുധീര്‍നാഥ്
കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം നാളെ വരികയാണ്. കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൂടെ യാത്ര ചെയ്ത് പ്രചരണങ്ങള്‍ വീക്ഷിച്ച് രാഷ്ട്രീയ പഠനം നടത്തിയതിലെ നിരീക്ഷണങ്ങള്‍ കൗതുകമാണ്. ചിലയിടത്ത് രണ്ട് മുന്നണികള്‍, മറ്റു ചിലയിടത്ത് മൂന്ന് മുന്നണികള്‍, വേറെ ചിലയിടത്ത് നാല് കൂട്ടര്‍. തിരഞ്ഞെടുപ്പിന്‍റെ ആദ്യ ചിത്രം തെളിഞ്ഞ മാര്‍ച്ച് 23ലെ സ്ഥിതിയായിരുന്നില്ല പ്രചരണം അവസാനിച്ച ഏപ്രില്‍ 4ന് ഉണ്ടായത്. യു.ഡി.എഫ്. പ്രചരണ രംഗത്ത് ഏറെ മുന്നിലേയ്ക്ക് കുതിച്ചു. അതേസമയം ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റിന്‍റെ ഹെലിക്കോപ്റ്റര്‍ പര്യടനം എന്‍.ഡി.എയ്ക്ക് വിനയായി.
2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 54.23% ഹിന്ദുക്കളാണുള്ളത്. മുസ്ലീം സമുദായം 26.56 %, ക്രിസ്തുമത വിശ്വാസികള്‍ 18.38% ഉണ്ട്. ഹിന്ദു സമുദായത്തിലെ വോട്ടുകള്‍ മൂന്ന് മുന്നണികളും പകുത്തെടുത്തു എന്നാണ് മനസ്സിലാക്കേണ്ടത്. ഹിന്ദു മത വിശ്വാസികള്‍ ബി.ജെ.പിക്ക് പിന്നില്‍ പൂര്‍ണ്ണമായുമോ, ഭൂരിഭാഗമോ അണിനിരക്കുന്നില്ല എന്നത് ബി.ജെ.പിയില്‍ തന്നെ ആശങ്ക ഉളവാക്കുന്നുണ്ട്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുക്കളുടേയും ക്രിസ്തീയരുടേയും വോട്ടുകള്‍ കൂടുതല്‍ സ്വരൂപിക്കാന്‍ ബി.ജെ.പി. വലിയ ശ്രമം തന്നെ നടത്തിയിരുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട് ബിഷപ്പുമാരുമായും, മതമേലദ്ധ്യക്ഷന്‍മാരുമായും ചര്‍ച്ച നടത്തിയത് ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. അത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായിട്ടുണ്ട്.
ഉറപ്പാണ് എല്‍.ഡി.എഫ് എന്ന മുദ്രാവാക്യവും, തുടര്‍ഭരണമെന്ന ആഹ്വാനവും കേരളത്തിലങ്ങോളമിങ്ങോളം ശക്തി പ്രാപിച്ചിട്ടുണ്ട്. ഇടത്പക്ഷ വോട്ടുകളിലെ ചോര്‍ച്ച വലിയ ഒരു പരിധിവരെ ഒഴിവാക്കാന്‍ ഇത്മൂലം സാധിച്ചിട്ടുണ്ടെന്ന കാര്യം പറയാതെ വയ്യ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലെ വോട്ടിങ്ങ് ശതമാനം പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഇടത് വോട്ടുകള്‍ പോള്‍ ചെയ്യിക്കുവാന്‍ സാധിച്ചിരിക്കുന്നു. പ്രളയകാലത്തും, കോവിഡ് കാലത്തും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മനസിനെ സ്വാധീനിച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍ അത്യപ്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. തല മൊട്ടയടിക്കലും, രാജിയും, രാജിഭീഷണിയും കോണ്‍ഗ്രസിന്‍റെ പല മണ്ഡലങ്ങളിലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മികച്ച സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയപ്പോള്‍ പല മണ്ഡലങ്ങളിലും സ്വാധീനത്തിന്‍റെ പുറത്ത് പലരും സ്ഥാനാര്‍ത്ഥികളായത് കോണ്‍ഗ്രസിന് വിനയായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി മോഹമായി മുന്നില്‍ നിന്ന മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലെ ഐക്യത്തെ ദുര്‍ബലപ്പെടുത്തി. പല മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളിലും ഇത് നിഴലിച്ചിട്ടുണ്ട്.
കേരളത്തില്‍ ഏറ്റവും ശക്തമായ പ്രചരണം നടന്നത് തിരുവനന്തപുരം ജില്ലയിലെ നേമം നിയോജക മണ്ഡലത്തില്‍ ആണെന്നുള്ള കാര്യത്തില്‍ സംശയമില്ല. മൂന്ന് മുന്നണികളും ഒരേപോലെ പ്രചരണ രംഗത്ത് തിളങ്ങി നിന്ന കാഴ്ച്ചയാണ് കാണുവാന്‍ സാധിച്ചത്. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയത് കൊണ്ടാണ് നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാന്‍ കാരണമായത് എന്ന വലിയ ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ അത് വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം വന്‍തോതില്‍ കുറഞ്ഞത് തിരിച്ചെടുക്കുക എന്നുള്ള വെല്ലുവിളിയാണ് കെ മുരളീധരന്‍ ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ക്ലോസ് ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എന്‍.ഡി.എ ശക്തമായി രംഗത്തുണ്ട്. അക്കൗണ്ട് തുടരുമെന്നും, മറ്റിടങ്ങളില്‍ കൂടി അക്കൗഡ് തുറക്കുമെന്ന ശക്തമായ സന്ദേശം ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഉണ്ട്.
കേരളം മൊത്തം പരിശോധിക്കുകയാണെങ്കില്‍ തിരുവനന്തപുരത്ത് തന്നെയാണ് മറ്റ് ജില്ലകളെക്കാള്‍ കൂടുതല്‍ പ്രചാരണം നടക്കുന്നത് എന്ന് കാണുവാന്‍ സാധിച്ചു. ശബരിമല ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമായി പരിഗണിക്കുന്നില്ലെങ്കിലും കഴക്കൂട്ടത്തു ശോഭാ സുരേന്ദ്രന്‍ ശബരിമല വിഷയം വളരെ ശക്തമായി ഉന്നയിക്കുന്നുണ്ട.് നരേന്ദ്ര മോദി ശരണം വിളിച്ച ശേഷമാണ് ശബരിമല കൂടുതല്‍ ചര്‍ച്ചാ വിഷയമായത്. പക്ഷേ ഇത് എത്രമാത്രം വോട്ടര്‍മാരെ സ്വാധീനിക്കും എന്നുള്ള കാര്യത്തില്‍ സംശയവും ഇല്ലാതില്ല. ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും ശരണം വിളി നടത്തിയതോടെ അയ്യപ്പന്‍ ആരോടൊപ്പമാണെന്ന് വോട്ടുകള്‍ എണ്ണിയ ശേഷം മാത്രമേ പറയുവാന്‍ സാധിക്കൂ.
കൊല്ലം ജില്ലയില്‍ അതിശക്തമായ പ്രചരണം നടക്കുന്നത് ചവറ മണ്ഡലത്തിലാണ്. ബേബി ജോണിന്‍റെ മകന്‍ ഷിബു ബേബി ജോണും, വിജയന്‍ പിള്ളയുടെ മകന്‍ ഡോക്ടര്‍ സുജിത്ത് വിജയന്‍ പിള്ളയുമാണ് ഇത്തവണ മത്സരിച്ചത്. ഇരുവരും പിതാക്കന്‍മാരുടെ പേരും, ചിത്രങ്ങളുമാണ് സ്വന്തം പോസ്റ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍ സുജിത്തിന്‍റെ യുവത്വമാണ് എല്‍ഡിഎഫിന്‍റെ തുറുപ്പുചീട്ട്. കൊല്ലം മണ്ഡലത്തില്‍ ബിന്ദു കൃഷ്ണയും ചലച്ചിത്രതാരം മുകേഷും തമ്മിലാണ് പോരാട്ടം. മുകേഷിനൊപ്പം ഓടി എത്താന്‍ ബിന്ദു കൃഷ്ണ ശ്രമിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ കുണ്ടറയിലാണ് വളരെ ശക്തമായ പ്രചരണം നടക്കുന്ന ഒരിടം. ആഴക്കടല്‍ മത്സ്യബന്ധനമാണ് അവിടുത്തെ പ്രധാന ചര്‍ച്ച. കൊല്ലം ജില്ലയില്‍ ചടയമംഗലത്തും, ചാത്തന്നൂരും ശക്തമായ മത്സരമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്. ബിജെപിക്ക് ഒരു പക്ഷെ കൊല്ലത്ത് ജയസാധ്യത വരെ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
പത്തനംതിട്ട കോന്നിയില്‍ ശക്തമായ പ്രചരണമാണ് മൂന്ന് മുന്നണികളും കാഴ്ച്ച വെയ്ക്കുന്നത്. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരത്തിനായി കോന്നിയില്‍ വന്നതും, അദ്ദേഹത്തിനായി നരേന്ദ്ര മോദി എത്തിയതുമാണ് കോന്നിയെ ശ്രദ്ധേയമാക്കുന്നത്. റാന്നി നിയോജക മണ്ഡലത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ എല്‍.ഡി.എഫിനെ ക്ഷീണപ്പെടുത്തി. ജില്ലയില്‍ എല്‍.ഡി.എഫും, യു.ഡി.എഫും വിജയം പങ്കിടും.
കോട്ടയം ജില്ലയിലും, പത്തനംതിട്ട ജില്ലയിലും ശബരിമല വിഷയത്തേക്കാള്‍ ലൗവ് ജിഹാദ് വിഷയമാണ് ബി.ജെ.പി. പ്രചരണ ആയുധമാക്കുന്നത്. തലമുറ മാറ്റം എന്നത് മൂന്ന് മുന്നണിക്കും ഒരേ പോലെ അവകാശപ്പെടുന്നു. സ്ത്രീകള്‍ തഴയപ്പെടുന്നു എന്ന വാദം ഉയര്‍ത്തി തല മുണ്ഡനം ചെയ്ത ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ മത്സരം സങ്കീര്‍ണമാക്കിയിരിക്കുകയാണ്. പാലയില്‍ ആരു ജയിക്കും എന്ന് പ്രവചിക്കാന്‍ സാധ്യമല്ല. ശക്തമായ മത്സരമാണ് അവിടെ നടക്കുന്നത്. പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് ഇക്കുറി ജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലാകും.
ഇടുക്കി ജില്ലയില്‍ എം.എം മണിയും, റോഷി അഗസ്റ്റിനും അടക്കമുള്ളവരുടെ മത്സരം വളരെ ഗൗരവത്തോടു കൂടിയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. ജോസ് കെ മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം വഴി ഗുണം ഉണ്ടാവുക കോട്ടയം, ഇടുക്കി പ്രദേശങ്ങളിലെ എല്‍.ഡി.എഫ്. വോട്ട് ശതമാനത്തില്‍ ആയിരിക്കും. കേരള കോണ്‍ഗ്രസിന്‍റെ ഇരു വിഭാഗവും തമ്മില്‍ തീപാറുന്ന പോരാട്ടമാണ് ജില്ലയില്‍ നടന്നത്. ദേവികുളവും, പീരുമേടും ഹോട്ട് സ്പോട്ടുകളാണെന്ന് വിലയിരുത്തണം.
ആലപ്പുഴ ജില്ലയിലെ കായംകുളവും, അരൂരും ഹോട്ട്സ്പോട്ടുകളാണ്. രണ്ടിടത്തും വനിതകളാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. സിറ്റിങ്ങ് എംഎല്‍എമാരായ വനിതാ നേതാക്കള്‍ മണ്ഡലം നിലനിര്‍ത്തുമോ അതോ അവരെ തകര്‍ക്കാന്‍ എതിര്‍ മുന്നണി നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ജയിക്കുമോ എന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. തോമസ് എസൈക്കിന്‍റെ ആലപ്പുഴയില്‍ ശക്തമായ ത്രികോണ മത്സമരമാണ്. സുധാകരന്‍റെ സ്വന്തം അമ്പലപ്പുഴ ചുമക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എറണാകുളത്ത് വളരെ ശക്തമായ മത്സരമാണ് എല്ലാ മുന്നണികളും കാഴ്ചവെക്കുന്നത്. കളമശ്ശേരി നിയോജകമണ്ഡലത്തില്‍ സിപിഎമ്മിന്‍റെ സമുന്നതനായ നേതാവ് പി രാജീവ് മത്സര രംഗത്തെത്തിയിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ അബ്ദുള്‍ ഗഫൂറിനെ മുസ്ലീം ലീഡ് അവിടെ യുഡിഎഫ് സ്ഥാനാ2ത്ഥിയാക്കി. ലീഗിന്‍റെ കൈവശം ഇരിക്കുന്ന മണ്ഡലം തിരിച്ചു പിടിക്കുന്നതിനു വേണ്ടി ലീഗിന്‍റെ തോല്‍വി കോണ്‍ഗ്രസിന് പ്രധാനപ്പെട്ടതാണ്. ത്യപ്പൂണിത്തുറയില്‍ എം സ്വരാജും, കെ ബാബുവും, കെ.എന്‍. രാധാക്യഷ്ണനും ശക്തമായ മത്സരം കാഴയ്ച്ചവെയ്ക്കുന്നു. കുന്നത്തുനാട്ടില്‍ ട്വാന്‍റി ട്വാന്‍റിക്ക് എന്തുമാത്രം സ്വാധീനമുണ്ടെന്ന് കണ്ടറിയണം. കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ പിടിക്കുമെന്നാണ് കണക്കാക്കുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്ന സുരേഷ് ഗോപി മത്സരം മാത്രം കാഴ്ചവെക്കാന്‍ എത്തിയതായി പ്രഖ്യാപിച്ചത് മറ്റ് മണ്ഡലങ്ങളിലും പ്രതികൂലമാകുന്നുണ്ട്. ത്യശ്ശൂര്‍ ജില്ലയില്‍ തന്നെയുള്ള ഗുരുവായൂര്‍ മണ്ഡലത്തിലെ മഹിളാ മോര്‍ച്ച സംസ്ഥാന നേതാവിന്‍റ നാമനിര്‍ദ്ദേശപത്രിക തള്ളിയതോടെയാണ് ഗുരുവായൂര്‍ മണ്ഡലം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ലൈഫ് മിഷന്‍ വിവാദം കത്തി കയറിയ വടക്കാഞ്ചേരി മണ്ഡലവും ഹോട്ട് സ്പോട്ടായി കാണണം. എല്‍ഡിഎഫിന് അവിടെ അഭിമാന പോരട്ടമായിരുന്നു. ഇരിഞ്ഞാലക്കുടയിലെ പോരാട്ടം ശക്തമാണ്. ഇടത്പക്ഷവും, വലത്പക്ഷവും, ബി.ജെ.പിയും അതി ശക്തമായ പ്രചരണമായിരുന്നു അവിടെ നടത്തിയത്.
പാലക്കാട് ജില്ലയില്‍ ആണ് ബി.ജെ.പിക്ക് ഏറ്റവും സ്വാധീനമുള്ള പ്രദേശം. മെട്രോ മാന്‍ ഇ ശ്രീധരന്‍റെ വരവോടുകൂടി ദേശീയതലത്തില്‍ തന്നെ പാലക്കാട് നിയോജക മണ്ഡലത്തില്‍ നടക്കുന്ന മത്സരം ശ്രദ്ധേയമായി മാറി. തൊട്ടടുത്ത നിയോജക മണ്ഡലമായ മലമ്പുഴയും വളരെ ശക്തമായ മത്സരം നടക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നു. ഇ.കെ. നായനാര്‍, ശിവദാസമേനോന്‍, വി.എസ്സ് എന്നിവര്‍ മലമ്പുഴയില്‍ നിന്ന് ജയിച്ചെങ്കിലും അവര്‍ക്ക് മൂന്ന് പേര്‍ക്കും പകരക്കാരനായി മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച പ്രഭാകരനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
മുന്‍ മന്ത്രി എ.കെ ബാലന് പകരം ഭാര്യയെ മത്സരിപ്പിക്കാന്‍ ശ്രമിച്ച് വിവാദമായ തരൂരില്‍ യുവനേതാവ് സുമോദ് മണ്ഡലം നിലനിര്‍ത്തുമോ എന്നുള്ള കാര്യം ആകാംക്ഷയോടെയാണ് രാഷ്ട്രീയ ലോകം നോക്കി കാണുന്നത്. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ യുവാക്കള്‍ മത്സരരംഗത്ത് വന്നതോടെ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു. വി.ടി. ബല്‍റാമും, എം.ബി. രാജേഷും, ശങ്കു ദാസും ശക്തമായ പോരാട്ടമാണ് ത്യത്താലയില്‍ കാഴ്ച്ചവെച്ചത്. സമാനമായ ശ്രദ്ധ തന്നെയാണ് ഒറ്റപ്പാലത്ത് ഉണ്ടായിരിക്കുന്നത്. ഡോക്ടര്‍ സരിന്‍റെ വരവോടെ ഇടത് മണ്ഡലമായ ഒറ്റപ്പാലം ഹോട്ട് സ്പോട്ടായി. മലപ്പുറം ജില്ലയിലെ പൊന്നാനിയും, തവനൂരും, നിലമ്പൂരും നടക്കുന്ന മത്സരം കേരളം ഒന്നാകെ നിരീക്ഷിക്കുകയാണ്.
വയനാട് ജില്ലയില്‍ കല്‍പ്പറ്റ മാത്രമാണ് ശ്രദ്ധേയമായ മണ്ഡലം. കോഴിക്കോട് ജില്ലയില്‍ കരാട്ട് റസാക്കും, എം.കെ. മുനീറും മത്സരിക്കുന്ന കൊടുവള്ളിയും, വടകരയില്‍ കെ.കെ. രമ മത്സര രംഗത്ത് വന്നതും മണ്ഡലങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി. കോഴിക്കോട് വോട്ടിന്‍റെ ശതമാനം കൂട്ടുക എന്ന ലക്ഷ്യം ബിജെപിക്ക് ഉണ്ട്. അത് അല്‍പം റയര്‍ത്തുവാന്‍ സാധിക്കും എന്നാണ് അവര്‍ അവകാശപ്പെടുന്നത്.
കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ്, എന്‍ഡിഎ മുന്നണികളെ കടത്തി വെട്ടിയാണ് എസ്.ഡി.പി.ഐ. മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടത്തും, ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ മട്ടന്നൂരും എതിര്‍കക്ഷികളുടെ പ്രകടനം വളരെ നാമമാത്രമായി മാത്രമേ കാണുവാന്‍ സാധിച്ചുള്ളു. ഇരിക്കൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് അതിശക്തമായ വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യമായി അരങ്ങായ ദയനീയ കാഴ്ച കാണുവാന്‍ സാധിച്ചു. തലശേരിയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതും, സി.ഒ.ടി നസീറിന്‍റെ സ്ഥാനാര്‍ത്ഥിത്ത്വവും മത്സരം ശ്രദ്ധേയമാകുവാന്‍ കാരണമായി. കണ്ണൂരിലും മത്സരം ശക്തമായത് കൊണ്ട് അവിടം ഹോട്ട് സ്പോട്ടായി കണക്കാക്കണം.
കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ശക്തമായ മത്സരം കാഴ്ച്ച വെച്ചു. എല്‍.ഡി.എഫും, യു.ഡി.എഫും പരസ്പരം നീക്കുപോക്കുണ്ടാക്കിയതായി സംസാരമുണ്ട്. വളരെ പ്രശസ്തരായ എല്ലാ ബിജെപി നേതാക്കളും പരാജയപ്പെടുന്നതും അപ്രതീക്ഷിതമായി മറ്റ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും ചെയ്യുന്ന കാഴ്ച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളില്‍ പത്ത് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വരുവാനുള്ള സാധ്യത കൂടുതലായി കാണുന്നു. ഇക്കുറി എല്‍.ഡി.എഫിനെ തുടര്‍ ഭരണത്തിന് സാഹചര്യമൊരുക്കുക എന്നുള്ള നിലപാടാണ് പല മണ്ഡലങ്ങളിലും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. മുന്നണി ഒരുക്കുന്നത്. ഇക്കുറി യു.ഡി.എഫ് തകര്‍ച്ച എന്‍.ഡി.എ യുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക ഘടകമാകുമെന്ന് ബി.ജെ.പി പരസ്യമായി പറഞ്ഞു കഴിഞ്ഞു. അതിനെ സാധൂകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെങ്ങും വ്യക്തമാകുന്നുണ്ട്.
