ഐ.സി.യുവില്‍ നിന്ന് സ്നേഹപൂര്‍വ്വം...

കോവിഡ് കെയര്‍ ഐ.സി.യു 06

ഐ.സി.യുവില്‍ നിന്ന് സ്നേഹപൂര്‍വ്വം...

സുധീര്‍ നാഥ്  

കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിച്ചാല്‍ വീട്ടുകാരുമായുള്ള ബന്ധപ്പെടാനുള്ള അവസരങ്ങള്‍ കുറയും. കോവിഡ് ബാധിച്ച പലര്‍ക്കും സംസാരിക്കുവാനുള്ള ശക്തി ഉണ്ടാകില്ല. സംസാരിക്കാതെ ഇരിക്കുമ്പോഴാണ് മിക്കവര്‍ക്കും സമാധാനം ഉണ്ടാകുന്നത്. ഐ.സി.യുവിന്‍റെ ഉള്ളില്‍ പല ആശുപത്രികളും ഫോണ്‍ അനുവദിക്കാറില്ല. അതുകൊണ്ട് തന്നെ പുറം ലോകവുമായുള്ള ബന്ധം അവര്‍ക്ക് നഷ്ടപ്പെടുന്നു. പകലാണോ രാത്രിയാണോ എന്ന് തിരിച്ചറിയുന്നില്ല. ഉറക്കം തീരെ ഇല്ലാത്തത് വലിയ ഒരു പ്രശ്നമാണ്. എല്ലാ ദിവസവും മരണം മുന്നില്‍ കാണുന്നത് മാനസിക സങ്കര്‍ഷം വര്‍ദ്ധിപ്പിക്കുന്നതായി ഒരാഴ്ച്ചയിലേറെ കാലം ഐ.സി.യുവില്‍ ജീവനോട് മല്ലിട്ട് പുറത്തിറങ്ങിയ രാജേഷ് പറയുന്നു.

ഐ.സി.യുവില്‍ നിന്ന് പുറത്ത് വരുന്നത് രണ്ടാം ജന്‍മമായി കാണുന്നവരാണ് ഇപ്പോള്‍ ഏറെയും. സുരേഷ് ഐ.സി.യുവില്‍ കയറും മുന്‍പ് ഭാര്യയോട് പറഞ്ഞത് വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം എന്നാണ്. ഓക്സിജന്‍റെ അളവ് താഴ്ന്ന സുരേഷ് നേഴ്സിനോട് പറഞ്ഞ് കുറേ പേപ്പറും പേനയും വരുത്തിച്ചു. എല്ലാ ദിവസവും ഭാര്യക്കും, മക്കള്‍ക്കും അയാള്‍ കത്തുകളെഴുതി. താന്‍ മരിക്കുവാന്‍ പോകുന്നു എന്നാണ് ഓരോ കത്തിന്‍റെ ഉള്ളടക്കത്തിലും അയാള്‍ പറയാതെ പറഞ്ഞത്. തുടര്‍ച്ചയായി അയാള്‍ക്ക് ഭാര്യയും മക്കളും മറുപടി കത്തുകള്‍ എഴുതി ഐ.സി.യുവില്‍ എത്തിച്ചു. ആറാം നാള്‍ ഐ.സി.യു. വാസം അവസാനിപ്പിച്ച് സുരേഷ് വാര്‍ഡിലും, പിന്നീട് രോഗമുക്തനായി വീട്ടിലും എത്തി. ഐ.സി.യുവില്‍ നിന്ന് എഴുതിയ കത്തുകള്‍ വായിച്ച് അയാള്‍ തന്നെ സ്വയം ചിരിക്കുകയാണ്.

ഐ.സി.യുവില്‍ കിടന്ന് സമാനമായി കത്തെഴുതി കുടുംബാംഗങ്ങളായ ഓരോരുത്തരോടും തന്‍റെ ഉള്ളിലുള്ള സന്ദേഹം പങ്കുവെച്ച ശര്‍മ്മാജി തൊട്ടു പിറ്റേന്ന് തന്നെ മരണത്തിന് കീഴടങ്ങിയെന്ന് സുരേഷ് പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. തൊട്ടടുത്ത കട്ടിലില്‍ കിടന്ന് താന്‍ എഴുതുന്നകത്തുകള്‍ കണ്ടാണ് ശര്‍മ്മാജിയും കത്തെഴുതിയതെന്നാണ് സുരേഷ് പറയുന്നത്. മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എഴുത്തും, വായനയും ചിത്രം വരപ്പും ഒരു പ്രതിരോധ മരുന്നാണെന്ന് സുരേഷ് സാക്ഷ്യപ്പെടുത്തുന്നു.  

ചിത്രം: ഡല്‍ഹിയിലെ ഒരാശുപത്രിയിലെ ഐ.സി.യുവില്‍ നിന്നുള്ള ദ്യശ്യം.