വയലാർ ഇനി തൃക്കാക്കരയിൽ
ഏഴ് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട നൽകി കോൺഗ്രസ് നേതാവ് വയലാർ രവി ഇനി തൃക്കാക്കരയിലെ വസതിയിൽ വിശ്രമിക്കും. ദൈനം ദിന രാഷ്ട്രീയത്തിൽ ഉണ്ടാവില്ലെങ്കിലും പൂർണ്ണമായും രാഷ്ടയം ഒഴിവാക്കുന്നില്ല. വയലാർ രവിയുടെ രാജ്യസഭാ കാലാവധി 21 നാണ് അവസാനിക്കുന്നതെങ്കിലും 20 ന് ഉച്ചയ്ക്ക് ശേഷമുള്ള വിസ്താരയുടെ വിമാനത്തിൽ കൊച്ചിയിലേയ്ക്ക് തിരിച്ചു. കോവിഡ് മഹാ മാരിയുടെ പശ്ചാത്തലത്തിൽ മാസ്ക്കും ഫേസ് ഷീൽഡും ധരിച്ചായിരുന്നു യാത്ര. മാർച്ച് 15 ന് കോവി ഫീൽഡ് വാക്സിന്റെ ആദ്യ ഡോസ് ഡൽഹിയിൽ നിന്ന് എടുത്തു. രണ്ടാം ഡോസ് കേരളത്തിൽ നിന്നാണ് എടുക്കുക.
വിദ്യാർത്ഥി രാഷ്ട്രീയവുമായി നടക്കുന്നതിനിടയിലാണ് കൊച്ചിയിലെ പ്രശസ്ത ക്രിസ്തീയ കുടുംബമായ കട്ടിക്കാരൻ വീട്ടിലെ മേഴ്സിയെ രവി പ്രണയിച്ച് വിവാഹം കഴിച്ചത്. അന്ന് ചിലവിനായി പണം കണ്ടെത്തിയത് വി.കെ കൃഷ്ണ മേനോന്റെ ശുപാർശയിൽ ഡക്കാൻ ഹെറാൾഡിന്റെ കേരള ലേഖകനായതോടെയാണ്. നന്നായി എഴുതുവാൻ കഴിഞ്ഞ രവി മാധ്യമ രംഗത്തും തിളങ്ങി. വി.കെ. കൃഷ്ണ മേനോൻ തിരുവനന്തപുരത്ത് ജയിച്ചതിന് പിന്നിൽ തന്റെ പങ്കു കൂടി ഉണ്ടെന്ന് വയലാർ രവി തുറന്ന് സമ്മതിക്കുന്നു.
വളരെ ചെറിയ പ്രായത്തിൽ തന്നെ പാർലമെന്റംഗമായ ശേഷമാണ് കേരള നിയമസഭയിൽ എത്തുന്നതും അഭ്യന്തിരമന്ത്രിയാകുന്നതും. വയലാർ രവിയുടെ കാലത്താണ് കേരള പോലീസിന് രൂപത്തിൽ തന്നെ മാറ്റം ഉണ്ടാകുന്നത്. നിക്കറും കൂർത്ത തൊപ്പിയും മാറ്റി പോലീസ് യൂണിഫോമിൽ പാന്റും തൊപ്പിയും പകരം കൊണ്ടുവന്നു.
കെ.പി.സി.സി പ്രസിഡന്റായിരുന്ന വയലാർ രവി ഇപ്പോഴത്തെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ തൃപ്തനല്ല. കോൺഗ്രസ് നേതാക്കളിൽ ഉമ്മൻ ചാണ്ടിയേയും, സുധാകരനേയും പ്രിയപ്പെട്ടവരാണ്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്താണ് ഡൽഹിയിൽ പോയത്. യു. ഡി. എഫ് അധികാരത്തിലെത്തുമെന്നാണ് വയലാർ രവി ഉറച്ച് വിശ്വസിക്കുന്നത്.
