കോവിഡ് കെയര്‍ ഐ.സി.യു 05
പി.പി.ഇ. കിറ്റിനുള്ളില്‍ വിയര്‍ത്ത് കുളിച്ച്...
സുധീര്‍ നാഥ്
ഐ.സി.യുവിന്‍റെ ഉള്ളില്‍ ജോലി ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ആറ് മണിക്കൂര്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന കാഴ്ച്ച ദയനീയമാണ്. മാസ്ക്കും മറ്റും ധരിച്ച് സ്വയം സുരക്ഷിതത്ത്വം ഉറപ്പ് വരുത്തിയാണ് ഓരോ ഷിഫ്റ്റിലും അവര്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ ഐ.സി.യുവിന്‍റെ ഉള്ളില്‍ കയറുന്നത്. വെള്ളം കുടിക്കുവാനോ, മൂത്രം ഒഴിക്കുവാനോ പറ്റാതെ അവര്‍ സുരക്ഷാ കവചത്തിനുള്ളില്‍ ഉരുകുമ്പോഴും, ക്ഷമയോടെ സഹജീവികളായ മനുഷ്യരുടെ ആരോഗ്യ പരിപാലനം ഉറപ്പ് വരുത്തുന്നു. മുങ്ങി കുളിച്ച് വരുന്ന അവസ്ഥയിലാണ് പലപ്പോഴും പി.പി.ഇ. കിറ്റ് അഴിച്ച് മാറ്റുമ്പോള്‍ ഓരോ ആരോഗ്യ പ്രവര്‍ത്തകരും. മാസ്ക്കുകള്‍ വലിച്ചു മുറുക്കിയാണ് ഐ.സി.യുവില്‍ കയറുക. മാസ്ക്ക് മണിക്കൂറുകളോളം കെട്ടി വെയ്ക്കുന്നതിന്‍റെ അസ്വസ്ഥതയും മറ്റും എല്ലാവരിലും കാണാം. വൈറസിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ രക്ഷാ കവചങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ.
ഐ.സി.യുവിന്‍റെ ഉള്ളില്‍ കിടക്കുന്ന ഓരോ രോഗിയും മരണത്തെ മുന്നില്‍ കാണുന്നു എന്നത് സത്യമാണ്. തൊട്ടടുത്ത കട്ടിലില്‍ സംസാരിച്ചിരുന്നവര്‍ മരണത്തിന് കീഴടങ്ങുന്നത് സാക്ഷിയാകുന്നവരാണ് അവിടെ പ്രവേശിപ്പിച്ചിരിക്കുന്ന മറ്റ് രോഗികള്‍. കോവിഡ് ഐ.സി.യു. ആയത് കൊണ്ട് പ്രോട്ടോകോള്‍ പ്രകാരം തുണികൊണ്ടുള്ള വേര്‍തിരിവ് എടുത്ത് മാറ്റിയിരിക്കുന്നു. രോഗികള്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലാണ്. അത് പരിഹരിക്കാന്‍ വായിക്കുന്നതിന് പുസ്തകങ്ങളും, കേള്‍ക്കുന്നതിന് സംഗീതവും പല ആശുപത്രികളും സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്.
ഐ.സി.യുവില്‍ രോഗികളും, ആരോഗ്യ പ്രവര്‍ത്തകരും മാത്രമാണ് ഉണ്ടാകുക. രോഗികളുടെ പ്രിയപ്പെട്ടവര്‍ വിവരങ്ങളറിയാന്‍ ആശുപത്രിയുടെ പുറത്ത് റോഡില്‍ വിങ്ങി പൊട്ടുന്ന കാഴ്ച്ച സാധരണമായിരിക്കുന്നു. ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി. ആശുപത്രിയുടെ മുന്നില്‍ തന്‍റെ ഭര്‍ത്താവ് ജീവനോടെ ഉണ്ടോ എന്ന് നിലവിളിക്കുന്ന സ്ത്രീയും, തന്‍റെ അമ്മയുടെ അവസ്ഥ എന്തെന്ന് അടച്ചിട്ട ഗേറ്റില്‍ നിന്ന് കാവല്‍ക്കാരനോട് ചോദിക്കുന്ന ചെറുപ്പക്കാരനും നൊമ്പര കാഴ്ച്ചയാണ്. ഡല്‍ഹിയിലെ ഒട്ടു മിക്ക ആശുപത്രിയുടെ ഗേറ്റുകളും അടച്ചിരിക്കുകയാണ്. ആശുപത്രിയില്‍ നിറയെ രോഗികളാണ്. രോഗികളല്ലാത്തവരെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് കര്‍ശനമായി തടയുകയാണ്. ഡല്‍ഹിയിലെ എല്ലാ ആശുപത്രികളുടേയും പുറത്തുള്ള തേങ്ങലുകള്‍ നിത്യ കാഴ്ച്ചയായി മാറിയിരിക്കുന്നു.
ചിത്രം: ഡല്‍ഹിയിലെ ഒരു കോവിഡ് ആശുപത്രിയുടെ അകത്തുള്ള കാഴ്ച്ച.
