കോവിഡ് കെയര്‍ ഐ.സി.യു 04
കൊറോണയോട് പടവെട്ടി ആശുപത്രി വരാന്തയില്‍...
സുധീര്‍ നാഥ്
2020 ജനുവരി. ത്യശ്ശൂരില്‍ ഇന്ത്യയിലെ ആദ്യ കോവിഡ് രോഗി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലായിരുന്നു ആദ്യ കോവിഡ്. ആരോഗ്യ പ്രവര്‍ത്തകര്‍ ലോകം മുഴുവന്‍ കോറോണ വൈറസിനെ കുറിച്ച് ചര്‍ച്ച തുടങ്ങി. വുഹാനിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക എയര്‍ ഇന്ത്യാ വിമാനം ഒരുക്കുന്നു. യാത്രക്കാരെ പരിശോധിക്കാന്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ വേണം. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ (ആര്‍.എം.എല്‍.) ആശുപത്രിയിലെ സ്വയം മുന്നോട്ട് വന്ന മൂന്ന് ഡോക്ടര്‍മാരും രണ്ട് നേഴ്സുമാരുമായി 2020 ജനുവരി 31ന് രാവിലെ എ.ഐ. 1349 വിമാനം വുഹാനിലേയ്ക്ക് പറന്നുയര്‍ന്നു. എറണാകുളം വൈക്കം ചെമ്പ് സ്വദേശി ശരത്തും, ത്യശ്ശൂര്‍, പറപ്പൂര്‍ സ്വദേശി അജോ ജോസുമായിരുന്നു ആരോഗ്യ പ്രവര്‍ത്തകരിലെ രണ്ട് നേഴ്സുമാര്‍. 324 ഇന്ത്യക്കാരേയും, 7 മാലി സ്വദേശികളേയും കൊണ്ട് 2020 ഫെബ്രുവരി 1ന് രാവിലെ വിമാനം മടങ്ങി എത്തി.
അന്നു തുടങ്ങി ഇന്നും തുടരുന്ന കോവിഡ് വൈറസിനോടുള്ള ശരത്തിന്‍റേയും, അജോയുടേയും യുദ്ധം ആർ..എം.എല്‍. ആശുപത്രിയുടെ ഐ.സി.യുവില്‍ തുടരുകയാണ്. ഈ കാലയളവില്‍ അവര്‍ ശുശ്രൂഷിച്ച കോവിഡ് രോഗികള്‍ ആയിരക്കണക്കിന് വരും. അതില്‍ എത്രപേര്‍ ജീവിതത്തില്‍ മടങ്ങി എത്തി എന്ന് പറയുവാന്‍ കഴിയുന്നില്ല. ഒന്നാം കോവിഡ് തരംഗത്തിലും ശക്തമാണ് രണ്ടാം തരംഗം. ശരത്തും കുടുംബവും രണ്ടാം തരംഗത്തില്‍ കോവിഡ് പോസിറ്റീവായി. കോവിഡ് മുക്തനായ അദ്ദേഹം ഇപ്പോള്‍ വീണ്ടും കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നു. ഡല്‍ഹി എയിംസില്‍ അസിസ്റ്റന്‍റ് നേഴ്സിങ്ങ് സൂപ്രണ്ടായി വിരമിച്ച ആനിയുടെ മകന്‍ അജോ ജോസ് അവിവാഹിതനാണ്. ശരത്തിന്‍റെ ഭാര്യ സിമി ഡല്‍ഹി എയിംസില്‍ നേഴ്സാണ്.
35 വര്‍ഷം ആര്‍.എം.എല്‍. ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്ത് റിട്ടയറായ സ്ത്രീ അത്യാഹിത വിഭാഗത്തിന്‍റെ മുന്നില്‍ തന്നെ ഇരിക്കുകയാണ്. ഓക്സിജന്‍ നില താഴുന്നത് ഓക്സീ മീറ്ററില്‍ അവര്‍ സ്വയം കണ്ടെത്തുന്നു. ഓക്സിജന്‍ നില താഴ്ന്നാല്‍ അവര്‍ അത്യാഹിതവിഭാഗത്തില്‍ കയറി ഓക്സിജന്‍ എടുത്ത് സ്വയം സുരക്ഷിതയാകുന്നു. ആശുപത്രി കട്ടില്‍ കിട്ടാതെ സ്വയം ചികിത്സ നടത്തി ആശപത്രി വരാന്തയില്‍ മൂന്നാം ദിവസവും പിന്നിട്ടിരിക്കുന്നു. സഹപ്രവര്‍ത്തകരായ ആരോഗ്യ പ്രവര്‍ത്തകരുടെ പിന്തുണ അവരുടെ ജീവന്‍ അപകടാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്നതിന് സഹായിച്ചു എന്ന് പറയാം. ഇത്തരത്തില്‍ ആശുപത്രി വരാന്തയില്‍ കഴിഞ്ഞ് കോവിഡിനോട് പടവെട്ടുന്ന നൂറോളം പേര്‍ അവിടെ തന്നെ ഉണ്ട്. ഇത് ഒരു അതിശയോക്തിയല്ല. യാഥാര്‍ത്ഥ്യമാണ്...
ചിത്രം: അന്നും, ഇന്നും. 2020ല്‍ വുഹാനില്‍ പി.പി.ഇ. കിറ്റിട്ട് അജോയും, ശരത്തും. 2021ല്‍ അജോയും, ശരത്തും.
