ഞാനെന്‍റെ മക്കളെ ഒന്ന് കണ്ടോട്ടെ...

 കോവിഡ് കെയര്‍ ഐ.സി.യു 03

ഞാനെന്‍റെ മക്കളെ ഒന്ന് കണ്ടോട്ടെ...

സുധീര്‍ നാഥ്  

ബാബാ സാഹേബ് അംബേദ്ക്കര്‍ മെഡിക്കല്‍ കോളേജ് ഇപ്പോള്‍ സമ്പൂര്‍ണ്ണ കോവിഡ് ആശുപത്രിയായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവിടെ 400 രോഗികളെ മാത്രമാണ് കിടത്തി ചികിത്സിക്കാന്‍ സൗകര്യം. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ രോഗികള്‍ അവിടെ ചികിത്സയിലുണ്ട്. ആശുപത്രിയുടെ ഇടനാഴികളില്‍ പോലും രോഗികളെ കാണാം. കോവിഡിന്‍റെ ആദ്യ തരംഗത്തില്‍ ഇവിടെ 140 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വന്നിരുന്നു. ഒരു ജൂനിയര്‍ ഡോക്ടര്‍ മരണപ്പെടുകയും ഉണ്ടായി. രണ്ടാം തരംഗത്തിന്‍റെ ആദ്യ 10 ദിവസം കൊണ്ട് 77 പേര്‍ക്കാണ് കോവിഡ് പിടിപ്പെട്ടത്. ഇതില്‍ രണ്ടാമതും, മൂന്നാമതും കോവിഡ് സ്ഥിരീകരിച്ചവരുണ്ട്.  

ബി.എസ്.എ. മെഡിക്കല്‍ കോളേജ് കോവിഡ് കെയര്‍ ഐ.സി.യുവില്‍ ചെറുപ്പക്കാരനായ ഒരാള്‍ തന്‍റെ ഫോണിലെ ഫോട്ടോകള്‍ നോക്കുകയാണ്. ആനന്ദകരമായ നിമിഷങ്ങള്‍. സെല്‍ഫികള്‍. ആഘോഷങ്ങള്‍. ഓക്സിജന്‍റെ മാസ്ക്കിലേയ്ക്ക് കണ്ണുനീരിന്‍റെ തുള്ളികള്‍ ഇറ്റുവീഴുന്നത് കണ്ടാണ് നേഴ്സ് അങ്ങോട് ചെന്നത്. നോക്കൂ സിസ്റ്റര്‍, ഇതെന്‍റെ മൂത്ത മോന്‍... പന്ത്രണ്ടാം ക്ലാസിലാ... മോള് പത്തിലും... ഇതാണെന്‍റെ ഭാര്യ. എനിക്കിനി അവരെ കാണുവാന്‍ പറ്റുമോ സിസ്റ്റര്‍...? എന്‍റെ അവസ്ഥ എന്താണിപ്പോള്‍...? രക്ഷപെടുമോ സിസ്റ്റര്‍...? ഓക്സിജന്‍റെ മാസ്ക്കിനിടയില്‍ നിന്നുള്ള അയാളുടെ ദയനീയ ശബ്ദം... ഇത്തരം എത്രയോ സംസാരങ്ങള്‍ വിങ്ങലോടെ ഓരോ നേഴ്സുമാര്‍ കേള്‍ക്കുന്നുണ്ട് എന്നാണ് ഒരു നേഴ്സ് പറഞ്ഞത്. ബി.എസ്.എ. മെഡിക്കല്‍ കോളേജിന്‍റെ ഇടനാഴിയിലൂടെ മാസ്ക്കും ഷീല്‍ഡും ഇട്ട ഒരു ചെറുപ്പക്കാരന്‍ ഐ.സി.യുവിലേയ്ക്കുള്ള വഴി ചോദിച്ച അനുഭവമാണ് മറ്റൊരു നേഴ്സ് പങ്ക് വെച്ചത്. പത്തടി മുന്നോട്ട് നടന്ന അയാള്‍ തളര്‍ന്ന് വീണു. നൂറ് മീറ്റര്‍ ദൂരെയുള്ള ഐ.സി.യുവിന് മുന്നിലെത്തിക്കും മുന്‍പ് അയാള്‍ മരിച്ചിരുന്നു.

ഒരു ദിവസം ബി.എസ്.എ. മെഡിക്കല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കോവിഡ് മൂലം മരിക്കുന്ന പതിനഞ്ചും, ഇരുപതും ശരീരങ്ങളാണ് വരുന്നത്. രണ്ട് പെണ്‍കുട്ടികള്‍ അവരുടെ അമ്മയുടെ ശരീരം ഒപ്പിട്ട് വാങ്ങാന്‍ മോര്‍ച്ചറിയില്‍ എത്തിയത് കണ്ണീരോടെ ഓര്‍ക്കുന്ന ഒരനുഭവമെന്ന് അവിടുത്തെ ഒരു ജീവനക്കാരന്‍ പറഞ്ഞു. ആണുങ്ങളാരും ഇല്ലേ... എന്ന ചോദ്യത്തിന് ഉത്തരം നിറകണ്ണുകളോടെയാണ്  അവര്‍ പറഞ്ഞത്. ഉണ്ടായ രണ്ടു പേരും രണ്ട് ദിവസം മുന്‍പ് മരണപ്പെട്ടു എന്നാണ്...