ഇവിടെ ആവശ്യത്തിന് ഓക്സിജനുണ്ടാ...?

 കോവിഡ് കെയര്‍ ഐ.സി.യു 02

ഇവിടെ ആവശ്യത്തിന് ഓക്സിജനുണ്ടാ...?

സുധീര്‍ നാഥ് 

2021 ഏപ്രില്‍ 25 പുലര്‍ച്ചെ നടന്ന സംഭവങ്ങള്‍ ഡല്‍ഹി രോഹിണിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലെ ഐ.സി.യുവില്‍ ജോലിയിലുണ്ടായ ആരോഗ്യ പ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. ഓക്സിജന്‍ ലഭിക്കാതെ പിടഞ്ഞ് മരിച്ച ഇരുപത്തഞ്ച് രോഗികള്‍ക്ക് മുന്നില്‍ ക്കൈകള്‍ കൂപ്പി നിറകണ്ണുകളോടെ നോക്കി ഇരിക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ഓരോ മരണവും എണ്ണുകയായിരുന്നു. മരിക്കാത്തവര്‍ തൊട്ടടുത്ത കട്ടിലില്‍ മരണമടയുന്നവരെ കാണുന്നു. മോര്‍ച്ചറി നിറഞ്ഞപ്പോള്‍ ശവശരീരങ്ങള്‍ ഐ.സി.യുവില്‍ തന്നെ പായ്ക്ക് ചെയ്ത് വെച്ചു. ഓക്സിജന്‍ ടാങ്കറുകള്‍ ആശുപത്രിയിലേയ്ക്ക് വരുന്നില്ല എന്നറിഞ്ഞത് മുതല്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത് ആശുപത്രി അധിക്യതര്‍ നിര്‍ത്തി വെച്ചിരുന്നു. 

ഓരോ ദിവസവും ഓക്സിജന്‍റെ അളവ് കുറഞ്ഞ് വരുന്നത് നിസഹായതോടെ നോക്കി നിന്ന്, ഓക്സിജനായി ഉന്നതങ്ങളിലേയ്ക്ക് അഭ്യര്‍ത്ഥിച്ചു കൊണ്ടിരുന്നു. ഓരോ മണിക്കൂറിടവിട്ടാണ് 24ന് ഓക്സിജന്‍റെ കുറവ് അറിയിച്ചു കൊണ്ടിരുന്നത്. 24ന് വൈകീട്ടോടെ ഓക്സിജന്‍ ടാങ്കര്‍ എത്തുമെന്ന ഉറപ്പ് മാത്രം ലഭിച്ചു. പക്ഷെ വളരെ വൈകിയും ടാങ്കര്‍ എത്തിയില്ല. ജീവ വായു ലഭിക്കാതെ രോഗികള്‍ മരിച്ചു വീഴുമെന്ന് കത്തുകളില്‍ എഴുതിയത് യാഥാര്‍ത്ഥ്യമായി. ഈ ബഹളത്തിനിടയില്‍ 25ന് മരണ താണ്ഡവമാടിയ ഇതേ ഐ.സി.യുവില്‍ കോവിഡ് ബാധിതയായ സ്ത്രീ ഒരു ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കി. നോര്‍മല്‍ ഡെലിവറി. കുട്ടിയെ സുരക്ഷിതമായി മറ്റൊരു വാര്‍ഡിലേയ്ക്ക് മാറ്റി. കോവിഡ് നെഗറ്റീവാണ്.

രാജ്യ തലസ്ഥാനത്ത് ഓക്സിജന്‍റെ ക്ഷാമം ഉണ്ടെന്നും, ഓക്സിജന്‍ കിട്ടാതെ കുറേ കോവിഡ് രോഗികള്‍ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലും മരിച്ചു എന്ന് അറിഞ്ഞ രോഗികളാണ് ഇപ്പോള്‍ ഐ.സി.യുവിലേയ്ക്ക് വരുന്നത്. കഴിഞ്ഞ ദിവസം ഒരു രോഗി ഐ.സി.യുവില്‍ കൊണ്ടു വന്ന ഉടനെ ചോദിച്ചു. ഇവിടെ ഇപ്പോള്‍ ആവശ്യത്തിന് ഓക്സിജന്‍ ഉണ്ടോ...? താന്‍ മരിക്കില്ല എന്ന് വിശ്വസിച്ച് ധൈര്യ സമേതം എത്തുന്നവരും, മരിക്കാന്‍ പോകുകയാണെന്ന് ഉറച്ച് വിശ്വസിച്ച് എത്തുന്നവരേയും കാണാം. എല്ലാവരോടും ധൈര്യസമേതം ഇരിക്കുവാന്‍ മാനസിക ധൈര്യം കൊടുക്കുന്ന കൗണ്‍സിലിങ്ങ് ജോലി ആരോഗ്യ പ്രവര്‍ത്തകരാണ് ചെയ്യുന്നത്. 25 മരണങ്ങള്‍ രാജ്യം ചര്‍ച്ചയാക്കിയത് കൊണ്ടാകും ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഇപ്പോള്‍ ആവശ്യത്തിന് ഓക്സിജനുണ്ട്. കോവിഡ് ചികിത്സ നടക്കുന്നുണ്ട്. ഒരു കട്ടില്‍ പോലും കാലിയില്ലാതെ...