കോവിഡ് കെയര്‍ ഐ.സി.യു 01
മനുഷ്യന്‍റെ ദയനീയ നോട്ടം
സുധീര്‍ നാഥ്
ന്യൂ ഡല്‍ഹിയിലെ വ്യക്ഷ് നാടക സംഘത്തിലെ അഭിനേതാവാണ് തിരുവനന്തപുരം കുമാരപുരം സ്വദേശി രതീഷ് മുരുകന്‍. ഔദ്യോഗികമായി നേഴ്സായാണ് രതീഷ് ജോലി ചെയ്യുന്നത്. ഭാര്യ മായയും നേഴ്സാണ്. തന്‍റെ നേഴ്സിങ്ങ് ജീവിതത്തില്‍ മനസ് മടുപ്പിക്കുന്ന അനുഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രതീഷിനെ വേട്ടയാടുന്നത്. മരണങ്ങള്‍ പലത് കണ്ടിട്ടുണ്ട്. ഒരു മാസം ഉണ്ടാകുന്ന മരണമാണ് ഒറ്റ ദിവസം ഉണ്ടാകുന്നത്. ഭക്ഷണം കഴിക്കുവാന്‍ പറ്റുന്നില്ല. നന്നായി ഉറങ്ങുവാന്‍ പറ്റുന്നില്ല. കഴിഞ്ഞ ഡ്യൂട്ടിയില്‍ കണ്‍മുന്‍പില്‍ മരണപ്പെട്ടവരുടെ മുഖം. അവര്‍ സഹായ ഹസ്തം നീട്ടുന്നതായി തോന്നിക്കുന്നു.
മനുഷ്യന്‍ നിസഹായനായി മരണത്തിലേിയക്ക് പോകുന്നത് ദിവസവും നേരില്‍ കാണുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓരോ ഷിഫ്റ്റിലും കോവിഡ് ഐ.സി.യുവില്‍ നിന്ന് പത്ത് പേരുടെ ശരീരമെങ്കിലും പുറത്തേയ്ക്ക് തള്ളി നീക്കേണ്ട ഹതഭാഗ്യനാണ് ഞാനെന്ന് രതീഷ് പറയുന്നു. മരണപ്പെടുന്നവരെ നീക്കം ചെയ്യുന്നത് ദയനീയമായി നോക്കുന്നവരുടെ കാഴ്ച്ച സഹിക്കുവാന്‍ പറ്റുന്നതല്ല. ഇന്ന് എത്രപേര്‍ മരിച്ചെന്ന് ദയനീയമായി ചോദിച്ചവരുണ്ട്. നാലഞ്ചണ്ണം എണ്ണി എന്ന് പറഞ്ഞവരുണ്ട്. എന്‍റെ സ്ഥിതി എങ്ങനെ എന്ന് ചോദിച്ചവരുണ്ട്. ഐ.സി.യുവില്‍ ഒരു ബെഡ് ലഭിക്കാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണ് പുറത്ത്. ഉടനെ ഒരു ബെഡ് കാലിയാകുമോ എന്ന് ചോദിക്കുന്നവരുണ്ട്. ഇതിന് എന്ത് മറുപടി നല്‍കും എന്നാണ് രതീഷിന്‍റെ ചോദ്യം.
വില്‍സന്‍ എന്ന മലയാളി ഫോട്ടോഗ്രാഫര്‍ ഐ.സി.യുവില്‍ എത്തിയത് രതീഷ് ഓര്‍ക്കുന്നു. ഉച്ചയ്ക്ക് കഴിക്കാന്‍ വെച്ച ജ്യൂസും, കിച്ചഡിയും കഴിക്കാതെ വെച്ചത് കണ്ട് അടുത്ത് ചെന്ന് ചോദിച്ചു. ഓക്സിജന്‍ മാസ്ക്ക് മാറ്റി ജ്യൂസും, ഒരു സ്പൂണ്‍ കിച്ചഡിയും നല്‍കി. ഓക്സിജന്‍ വളരെ വേഗം താഴുന്നത് കണ്ട് മാസ്ക്ക് വീണ്ടും വെച്ചു. പിന്നീടും ഏറെ സംസാരിച്ചു. പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരണപ്പെട്ടു. മരണം ഓരോ ഐ. സി.യു ബെഡിലും ഒളിഞ്ഞിരിക്കുന്നു. ഐ.സി.യുവില്‍ പ്രായവ്യത്യാസമില്ലാതെ ജീവവായുവിനായി എത്രപേരുടെ ദയനീയ നോട്ടം കണ്ടു. ഞങ്ങളുടെ ഐ.സി.യുവില്‍ ഓക്സിജന്‍ ക്ഷാമം വരാതെയാണ് ഇതൊക്കെ. ഡല്‍ഹിയിലെ പല ആശുപത്രികളിലും ഓക്സിജന്‍ ഇല്ലാത്ത അവസ്ഥപോലും ഉണ്ടായി. അവിടുത്തെ മനുഷ്യ ജീവനുകള്‍ ജീവവായുവിനായി പിടയുന്നകാഴ്ച്ച സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.
ചിത്രം: രതീഷ് മുരുകനും ഭാര്യ മായ മുരുകനും മക്കള്‍ ഹര്‍ഷ് വര്‍ദ്ധനും, അക്ഷയ് വര്‍ദ്ധനും.
