വാക്സിനും ഓക്സിജും നടുവില്‍

വാക്സിനും ഓക്സിജും നടുവില്‍

വിജയ് ചൗക്ക് @ 90 @ മെട്രോ വാര്‍ത്ത: ഏപ്രില്‍ 25

സുധീര്‍നാഥ് 

കോവിഡിന്‍റെ രണ്ടാം വരവാണ് രാജ്യത്തെ ഇപ്പോള്‍ ഭീതിയാലാഴ്ത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്‍റെ ലഹരിയില്‍ ഒത്തുകൂടിയത് രണ്ടാം വരവിന്‍റെ തീവ്യത അല്‍പ്പം കൂട്ടി എന്നു മാത്രം. ഉത്സവങ്ങളും ചെറുതല്ലാത്ത പങ്ക് വഹിച്ചു. കോവിഡ് വ്യാപനം രണ്ടാം വരവില്‍ രൂക്ഷമാവാന്‍ കാരണം കൊറോണ വൈറസിന്‍റെ ജനിതക മാറ്റവും, സ്വഭാവത്തില്‍ വന്ന മാറ്റവുമാണെന്ന് ശാസ്ത്ര ലോകം പറയുന്നു. അതിവേഗമാണ് വൈറസിന്‍റെ നീക്കം. രസകരമായ ട്രോളും ഇതിനെ ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. കൊറോണ വൈറസിന് ഇപ്പോള്‍ ഒന്നര വയസായി. മുന്‍പ് ഇഴഞ്ഞ് നടന്ന അവനിപ്പോള്‍ ഓടി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. 

രൂപമാറ്റം വന്ന വൈയറസ് വായുവിലൂടെ പകരുമെന്ന് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മേധാവി ഡോക്ടര്‍ റണ്‍ദീപ് ഗുലേറിയ പറഞ്ഞത് ഏറെ ആശങ്കയോടെയാണ് ലോകം കേട്ടത്.  അടഞ്ഞ മുറിയില്‍ കൂടുതല്‍ ആളുകള്‍ ഇരിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വൈയറസിന് മൂന്ന് മണിക്കൂറിലേറെ വായുവില്‍ സഞ്ചരിച്ച് നില്‍ക്കാന്‍ സാധിക്കും. വായു സഞ്ചാരമുള്ള മുറികള്‍ അപകട നില കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഏറ്റവും ഉയര്‍ന്ന നില മെയ് പകുതിയോടെ ഉണ്ടാകുമെന്നും, രോഗികളുടെ എണ്ണം 35 ലക്ഷം വരെ ഉയരുമെന്നും ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. മെയ് മാസം പകുതിയോടെ കോവിഡ് വ്യാപനം കുറയുവാനുള്ള സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അവര്‍ പറയുന്നു. 

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യ തലസ്ഥാനം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടറോ, മറ്റ് ആരോഗ്യ പ്രവര്‍ത്തകരോ ഇല്ല. ആയിരത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് ബാധിതരായി കഴിയുന്നത്. സര്‍ക്കാരിന്‍റേയും, സ്വകാര്യ മേഖലയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ സ്ഥലമില്ല. എല്ലാ കിടക്കകളും നിറഞ്ഞു. വെന്‍റിലേറ്ററുകളുടെ വലിയ ക്ഷാമം ഉണ്ട്. ഇതിനേക്കാള്‍ ഭീകരമാണ് ശ്മശാനത്തിലെ സ്ഥിതി. മണിയ്ക്കൂറുകളോളം കാത്തിരുന്നാലാണ് മറ്റ് കര്‍മ്മങ്ങളൊന്നും നടത്താതെ ശവസംസ്ക്കാരം നടക്കൂ. ഡല്‍ഹിയിലെ പ്രധാന ശ്മശാനങ്ങളില്‍ നൂറിലേറെ ശരീരങ്ങള്‍ ദഹിപ്പിക്കുന്നു. ചെറിയ ശ്മശാനങ്ങളില്‍ ഇരുപത്തഞ്ചും, അന്‍പതും സംസ്ക്കാരങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ വാക്സിന്‍ വന്നു എന്നത് ആശ്വാസമാണ്. വാക്സിനുകള്‍ കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള മരുന്നായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്ത് ഇപ്പോള്‍ വിതരണം ചെയ്ത പ്രധാന രണ്ട് വാക്സിനുകള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവീഷീല്‍ഡും, ഭാരത് ബയോടെക്കിന്‍റെ കോവാക്സിനുമാണ്. ഇത് രണ്ടും കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി മാത്രമാണ്. വാക്സിന്‍ സ്വീകരിച്ചവരില്‍ വൈറസ് ആക്രമണം ഉണ്ടായാല്‍ പോലും അത് ശക്തമായിരിക്കയില്ല. വൈറസ് സ്വീകരിച്ചവരുടെ ശരീരത്തില്‍ എത്തുന്ന വൈറസുകള്‍ നിര്‍വീര്യമാകുന്നത് കൊണ്ട് അത് മറ്റൊരാളിലേയ്ക്ക് പടരുകയുമില്ലെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്.

കോവാക്സിന്‍ രാജ്യത്ത് ഒരു കോടിയിലേറെ പേര്‍ സ്വീകരിച്ചു കഴിഞ്ഞു. ഇതില്‍ ആദ്യ ഡോസ് സ്വീകരിച്ചവരിലും, രണ്ടാം ഡോസ് സ്വീകരിച്ചവരിലും .04% മാത്രം വീതമാണ് കോവിഡ് വന്നത്. കോവീഷീല്‍ഡ് പതിനൊന്നര കോടി ജനങ്ങളാണ് സ്വീകരിച്ചത്. ആദ്യ ഡോസ് സ്വീകരിച്ച .02% പേരിലും, രണ്ടാമത്തെ ഡോസ് സ്വീകരിച്ച .03% പേരിലും കോവിഡ് വന്നു. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. വാക്സിനുകള്‍ സ്വീകരിച്ചവരില്‍ കോവിഡ് വരുവാനുള്ള സാധ്യത വളരെ കുറവാണ്. വന്നവരില്‍ തന്നെ അതിഭീകര വൈറസ് ആക്രമണം ഉണ്ടായിട്ടുമില്ല. കൊറോണ വൈറസ് മൂലം ഒരു ജീവനും അപഹരിക്കപ്പെടുന്നില്ല എന്നതും, പകര്‍ത്തുവാന്‍ കഴിയില്ല എന്നതും വാക്സിന്‍റെ പ്രയോഗത്തിന് പിന്തുണ ഏറുന്നതിന് കാരണമായി.

വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്ത് തുടങ്ങിയപ്പോള്‍ അത് സ്വീകരിക്കാന്‍ മിക്കവരും മടി കാണിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ എന്ന ആദ്യ ഘട്ടം കഴിഞ്ഞ് 45 വയസിനും അറുപത് വയസിനും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ കൊടുത്തു തുടങ്ങിയപ്പോഴും ജനങ്ങള്‍ നല്ലൊരു ശതമാനം പുറം തിരിഞ്ഞു നിന്നു. ഒരു കുപ്പിയിലെ വാക്സിന്‍ പത്ത് പേര്‍ക്കാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഒരു കുപ്പിയിലെ വാക്സിന്‍ ഉപയോഗത്തിനായി തുറന്നാല്‍ നാല് മണിക്കൂറിനുള്ളില്‍ അത് ഉപയോഗിക്കണം എന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ വരാത്തത് കൊണ്ട് വാക്സിന്‍ പാഴായി പോയ റിപ്പോര്‍ട്ടുകളുണ്ട്. കേരളം ഒരു തുള്ളി വാക്സിന്‍ പോലും പാഴാക്കിയില്ല എന്നത് എടുത്ത് പറയണം.

കോവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്യത തിരിച്ചറിഞ്ഞ ജനം, വാക്സിനുകള്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ തിരക്ക് കൂട്ടുന്ന കാഴ്ച്ച എല്ലാ സംസ്ഥാനങ്ങളിലും കാണാം. രാജ്യത്ത് കോവിഡ് വാക്സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതുപ്രകാരം വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്സിനുകള്‍ വാങ്ങാം. പല സംസ്ഥാനങ്ങളും ഇപ്പോള്‍ ആവശ്യപ്പെടുന്ന വാക്സിനുകള്‍ നല്‍കാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ല. അതുണ്ടായാല്‍ മാത്രമേ ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വിമര്‍ശനങ്ങള്‍ക്ക് ഉത്തരമാകൂ. കേന്ദ്ര ബജറ്റില്‍ 35,000 കോടി രൂപ വാക്സിനായി ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നീക്കി വെച്ചത് പരസ്യമാണ്. കേന്ദ്രം 150 രൂപയ്ക്ക് വാങ്ങുന്ന വാക്സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കികൂടെ എന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു. 

കോവീഷീല്‍ഡിന് ലോകത്തെ ഏറ്റവും ഉയര്‍ന്ന വാക്സിന്‍ നിരക്കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന് 150 രൂപയും, സംസ്ഥാന സര്‍ക്കാരിന് 400 രൂപയും, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് നിരക്ക്. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് നല്‍കുന്നതില്‍ തന്നെ തങ്ങള്‍ക്ക് ലാഭമുണ്ടെന്ന് സിറം സി.ഇ.ഒ. അദര്‍ പൂര്‍ണേവാല പറഞ്ഞത്. രാജ്യത്താകമാനം മൂന്ന് വിലകള്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ സിറം വിദേശ രാജ്യങ്ങളില്‍ ഇതേ വാക്സിന്‍ വില്‍ക്കുന്നത് വളരെ കുറഞ്ഞ വിലയ്ക്കാണ്. 

പുതിയ വൈറസ് ശരീരത്തിലെ ഓക്സിജന്‍ അളവ് കുറയ്ക്കുന്നു. ഇത് വലിയ അപകടത്തിലേയ്ക്ക് എത്തിക്കും. വടക്കേ ഇന്ത്യയില്‍ ഏറ്റവും പ്രയാസം നേരിടുന്നത് ഓക്സിജനാണ്. നൂറുകണക്കിന് പേര്‍ ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ടു. ഡല്‍ഹിയിലെ പ്രശസ്തമായ ഗംഗാറാം ആശുപത്രിയില്‍ മാത്രം ഏപ്രില്‍ 23ന് 24 മണിക്കൂറിനിടെ 25 കോവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാത്തത് കൊണ്ട് മാത്രം മരണപ്പെട്ടു. ഏപ്രില്‍ 24ന് രോഹിണിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 പേര്‍ ഓക്സിജന്‍ കിട്ടാതെ അന്തരിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നും ഓക്സിജന്‍റെ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശുപത്രികളില്‍ ഓക്സിജന്‍റെ ലഭ്യത മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നു എന്നും, ഓക്സിജന്‍ സഹായത്താല്‍ കഴിയുന്ന രോഗികളുടെ അവസ്ഥ വിവരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ വിങ്ങി പൊട്ടുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ സാധാരണമായി. കോവിഡ് വാര്‍ഡുകളിലേയും, ഐ.സി.യുവിന്‍റേയും ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ വിവരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുകയാണ്. 

ഏപ്രില്‍ 23 വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ കോവിഡ് രോഗം പടര്‍ന്ന പത്ത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി യോഗമുണ്ടായിരുന്നു. യോഗ നടപടികള്‍ ഡല്‍ഹി മുഖ്യമന്ത്രി തത്സമയം പ്രക്ഷേപണം ചെയ്തു. പ്രധാനമന്ത്രിയുടെ ആമുഖ പ്രഭാഷണത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അതിരൂക്ഷ വിമര്‍ശനവുമായി വന്നത് സാമൂഹ്യമാധ്യമങ്ങിലെ തത്സമയത്തില്‍ ലോകം കണ്ടു. ഡല്‍ഹിയില്‍ ഓക്സിജന്‍ എത്തിയില്ലെങ്കില്‍ വലിയ ദുരന്തത്തിനാണ് കാരണമാകുന്നതെന്ന് കേജരിവാള്‍ പറഞ്ഞു. അതിന്‍റെ ഉത്തരവാധിത്ത്വം കേന്ദ്ര സര്‍ക്കാരിനായിരിക്കും. ഡല്‍ഹിയിലേയ്ക്ക് ഓക്സിജന്‍ അടുത്ത സംസ്ഥാനങ്ങളില്‍ നിന്നാണ് വരേണ്ടത്. ഡല്‍ഹിയിലേയ്ക്കുള്ള ഓക്സിജന്‍ ടാങ്കറുകള്‍ ഹരിയാനയിലും, ഉത്തര്‍ പ്രദേശിലും തടഞ്ഞിടുന്നതായി കേജരിവാള്‍ കുറ്റപ്പെടുത്തി. ക്കൈകള്‍ കൂപ്പി ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു, ഡല്‍ഹിയിലെ കോവിഡ് രോഗികളെ രക്ഷിക്കാന്‍ ഓക്സിജന് ആരോടാണ് സംസാരിക്കേണ്ടത്. തത്സമയം വന്ന ദ്യശ്യങ്ങള്‍ വയറലാകാന്‍ ഏറെ സമയം വേണ്ടി വന്നില്ല. ഡല്‍ഹിയിലേയ്ക്ക് ഓക്സിജന്‍ എത്തി തുടങ്ങി. അത്യപ്തി അറിയിച്ച പ്രധാനമന്ത്രിയോട് പറഞ്ഞതും, ചെയ്തതും തെറ്റാണെങ്കില്‍ ക്ഷമിക്കണമെന്ന് പറഞ്ഞതും വൈറലായി.

അരവിന്ദ് കേജരിവാളിന്‍റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും ഓക്സിജന്‍ ക്ഷാമം ചര്‍ച്ചാ വിഷയമാക്കി. ഓക്സിജന്‍റെ ലഭ്യത വലിയ വിഷയമായി വന്നതോടെ വായുസേനയുടെയും, റെയില്‍വെയുടേയും സേവനം ഓക്സിജന്‍ വേഗത്തില്‍ ലഭിക്കാന്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കി. പ്രാണവായുവിന്‍റെ ക്ഷാമം ഇപ്പോഴും തുടരുന്നു എന്നത് വളരെ ഗൗരവകരമായ സാഹചര്യമാണ്.

കേരളമാണ് ആവശ്യത്തിലും കൂടുതല്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് കേരളം ഓക്സിജന്‍ നല്‍കുന്നുണ്ട്. ഡല്‍ഹിയിലെ ഓക്സിജന്‍ റീഫില്ലിങ്ങ് നടത്തുന്ന ചില സ്വകാര്യ സ്ഥാപനങ്ങള്‍ തീര്‍ത്തും സൗജന്യമായി ഓക്സിജന്‍ സിലിഡറില്‍ നിറച്ച് നല്‍കുന്നു. വടക്കേ ഇന്ത്യയിലെ ചില ആശുപത്രികള്‍ക്ക് മുന്നില്‍ ഗുരുദ്വാര കമ്മറ്റികള്‍ ഓക്സിജന്‍ ലങ്കാര്‍ നടക്കുന്നു. ഓക്സിജന്‍ നില കുറയുന്നവര്‍ക്ക് സൗജന്യമായി താത്കാലിക സംവിധാനത്തില്‍ നല്‍കുന്നു. ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തകരാണ് കോവിഡ് രോഗികള്‍ക്കായി രാജ്യത്താകമാനം ഓക്സിജന്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നത്. കോവിഡിന്‍റെ രണ്ടാം വരവില്‍ ഓക്സിജന്‍റെ ആവശ്യം കൂടുതലാണെന്നതാണ് ഇത് ചൂണ്ടി കാണിക്കുന്നത്.

ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കോവിഡ് രോഗികളുടെ അടിയന്തിര ചികിത്സയ്ക്ക് സൈഡസ് കാഡില ഫാര്‍മസ്റ്റ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിക്കുന്ന വിരാഫ് മരുന്നിന് അനുമതി നല്‍കിയിട്ടുണ്ട്. വിരാഫ് മരുന്ന് കുത്തിവെച്ച മുതിര്‍ന്നവരായ കോവിഡ് ബാധിതരില്‍ വളരെ വേഗം കോവിഡ് നെഗറ്റീവ് ആകുന്നതായി തെളിഞ്ഞിട്ടുണ്ട്. കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാനും വിരാഫിന്‍ കുത്തിവെയ്പ്പില്‍ ഫലം കാണുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരീക്ഷണത്തിന് ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്.

കോവിഡ് ഒന്നാം തരംഗ സമയത്ത് വളരെ ഗൗരവത്തോടെ നടത്തിയ മാസ്ക്ക്, സോഷ്യല്‍ ഡിസ്റ്റന്‍സ്, സാനിറ്റയ്സേഷന്‍ എന്നീ പ്രതിരോധമാണ് രണ്ടാം തരംഗത്തിലും വേണ്ടത്. തിരഞ്ഞെടുപ്പ് പ്രചരണവും, കുംഭമേളയും മറ്റ് ഉത്സവങ്ങളും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വൈറസ് വ്യാപനം കൂട്ടുവാന്‍ കാരണമായി. കുംഭമേളയില്‍ പങ്കെടുത്ത ആയിരങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നൂറിലേറെ സന്യാസിമാരും, എഴുപത്തഞ്ചിലേറെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് ബാധിതരായി എന്നാണ് റിപ്പോര്‍ട്ട്. 

രാജ്യം പൂര്‍ണമായും ലോക്ഡൗണിലേയ്ക്ക് പോയില്ലെങ്കിലും, രാജ്യ തലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പല സംസ്ഥാനങ്ങളും പ്രാദേശിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്ക്കും, സാമൂഹ്യ അകലവും മറ്റും വീണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍പ്പെടുത്തി കൊണ്ടിരിക്കുന്നു. 

കോവിഡ് രണ്ടാം തരംഗം ഭീകരമാണെന്ന തിരിച്ചറിവ് കുംഭമേള അടക്കമുള്ള പല ഉത്സവങ്ങളും അവസാനിപ്പിക്കാന്‍ കാരണമായി. ത്യശ്ശൂര്‍ പൂരം പൊതുസമൂഹത്തെ ഡിജിറ്റലായി കാണിച്ചാണ് നടത്തിയത്. രാജ്യത്തെ പല ആഘോഷങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടായി. വിവാഹം മുതല്‍ പൊതുചടങ്ങുകള്‍ വരെ. തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടാം തിയതി കൂടി ജാഗ്രത വേണ്ടതായുണ്ട്.