രാഷ്ട്രീയത്തിലെ വയലാർ ഗർജനം

രാഷ്ട്രീയത്തിലെ വയലാർ ഗർജനം

സുധീർ നാഥ്
(വയലാർ രവി എഴുപത് വർഷത്തിലേറെ നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ നാളുകൾ ലേഖകനുമായി പങ്കുവെയ്ക്കുന്നു. )  

കേരള രാഷ്ട്രീയത്തിലെ പ്രധാനികളില്‍ ഒരാളാണ് വയലാര്‍ രവി. ഒരു ഗ്രാമത്തിന്‍റെ പേര് സ്വന്തം പേരിനോട് ചേര്‍ത്ത് പ്രശസ്തരായവര്‍ നമുക്കിടയില്‍ ഒട്ടേറെ പേരുണ്ട്. വയലാര്‍ എന്ന ഗ്രാമത്തെ പ്രശസ്തമാക്കിയത് രണ്ട് പേരാണ് വയലാര്‍ രാമവര്‍മ്മയും, വയലാര്‍ രവിയും. വയലാര്‍ രാമവര്‍മ്മ സാഹിത്യ സിനിമാ മേഖലയിലായിരുന്നു പ്രശസ്തന്‍. കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. വയലാര്‍ രവി കോണ്‍ഗ്രസിന്‍റെ പക്ഷത്തുള്ള വ്യക്തിയാണ്. കോണ്‍ഗ്രസിന്‍റെ വിദ്യര്‍ത്ഥി പ്രസ്ഥാനമായ കെ. എസ്. യുവിന്‍റെ സ്ഥാപകനാണ്. ഏഴ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ രംഗവേദി ഒഴിയുകയാണ് വയലാർ രവി. സ്ക്കൂൾ രാഷ്ട്രീയത്തിൽ തുടങ്ങി ദേശീയ രാഷ്ടീയത്തിൽ എത്തി നിൽക്കുന്ന രാഷ്ട്രീയ വ്യക്തിത്ത്വം.

ആലപ്പുഴ ജില്ലയിലെ വയലാറില്‍ 1937 ജൂണ്‍ 4നാണ് വയലാര്‍ രവിയുടെ ജനനം. കോണ്‍ഗ്രസ് കുടുംബമായിരുന്നു രവിയുടേത്. അച്ഛന്‍ കോണ്‍ഗ്രസ് നേതാവും സഹകരണ പ്രസ്ഥാനത്തിന്‍റെ ആദ്യകാല നേതാക്കളില്‍ ഒരാളും ആയ എം കെ കൃഷ്ണന്‍. അമ്മ മഹിള കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന ദേവകി. എസ്എന്‍ഡിപി താലൂക്ക് പ്രസിഡന്‍റ് കൂടിയായിരുന്നു പില്‍ക്കാലത്ത് രവിയുടെ പിതാവ്. വയലാറിലെ രണ്ട് പ്രമുഖ ഈഴവ കുടംബങ്ങളാണ് ഉണ്ടായിരുന്നത്. ചന്ദ്രപ്പന്‍റെ കുടുംബവും, വയലാര്‍ രവിയുടെ കുടുംബവും. ഒന്ന് കമ്മ്യൂണിസ്റ്റ് കുടുംബവും, രണ്ടാമത്തേത് കോണ്‍ഗ്രസ് കുടുംബവും.

വയലാർ രവിയുടെ അമ്മ ദേവകി കമ്മ്യൂണിസ്റ്റ് ജാഥകൾക്ക് നേരെ കരിങ്കൊടി ഉയർത്തുമായിരുന്നത് അന്ന് കുട്ടിയായിരുന്ന രവി ഓർത്തെടുത്തു. രവയുടെ വീടിന് മുന്നിലെത്തിയാൽ മുദ്രാവാക്യം വിളിയുടെ ശക്തി കൂടുമായിരുന്നു. പിതാവ് എം. കെ കൃഷ്ണനും കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.

രവിയെ വീട്ടില്‍ വിളിച്ചിരുന്നത് സിംപ്സണ്‍ എന്നായിരുന്നു. സ്ക്കൂളിലും സിംസണ്‍ എന്ന് പേരിട്ടപ്പോള്‍ അവിടുത്തെ അദ്ധ്യാപകനാണ് രവീന്ദ്രന്‍ എന്ന് പേരിട്ടത്. സ്ക്കൂളില്‍ എം കെ രവീന്ദ്രന്‍ എന്നും. എം കെ രവീന്ദ്രന്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ ആദ്യം രവിയും പിന്നീട് വയലാര്‍ രവിയായി. എം കെ രവീന്ദ്രന്‍ എന്ന് പറഞ്ഞാലോ, സിംപ്സണ്‍ എന്ന് പറഞ്ഞാലോ ഇന്ന് ആര്‍ക്കും തിരിച്ചറിയാന്‍ പ്രയാസമായിരിക്കും.

ആലപ്പുഴ എസ്ഡി കോളേജില്‍ ചേര്‍ന്ന രവീന്ദ്രന്‍ തന്‍റെ പേര് രവി എന്നാക്കി ചുരുക്കിയതിന് പിന്നിൽ ഒരു സംഭവമുണ്ട്. ആലപ്പുഴ എസ്ഡി കോളേജില്‍ പഠിക്കുമ്പോള്‍ അവിടത്തെ ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ നേതാവായിരുന്നു രവി. ഒരിക്കല്‍ കോളേജിലെ രാഷ്ട്രീയ രംഗത്തെ സഹപ്രവര്‍ത്തകര്‍ ഒരുമിച്ച് കൂടി ഒരു തീരുമാനമെടുത്തു. രവീന്ദ്രൻ എന്ന പേരിന് ഒരു തലക്കനമില്ല. ഒരെടുപ്പ് പേരിന് ഉണ്ടായാലേ കുട്ടികൾ അംഗീകരിക്കൂ. അവർ രവീന്ദ്രന്റെ പേര് മാറ്റി. വയലാർ രവി. കോളേജിൽ ഒരു രാഷ്ട്രീയ യോഗത്തിന്റെ നോട്ടീസിലാണ് ആദ്യമായി ഈ പേര് വന്നത്. വയലാർ രവി പ്രസംഗിക്കും. കുട്ടികൾ കൂടി. പ്രസംഗിക്കാൻ എത്തിയ മെലിഞ്ഞ പയ്യൻ രവീന്ദ്രനായിരുന്നു. ആരും നിരാശരായില്ല. മികച്ച പ്രാസംഗികനായ രവി രംഗം കൈയ്യടക്കി.

അന്ന് എസ്ഡി കോളേജില്‍ സുഹ്യത്തുക്കള്‍ ഇട്ട പേരാണ് വയലാര്‍ രവി. ഈ പേര് ഇന്ന് വളരെ പ്രശസ്തമാണ്. രാഷ്ട്രീയലോകത്തിന് ഈ പേര് പരാമര്‍ശിക്കാതെ വര്‍ത്തമാനകാല രാഷ്ട്രീയം സംസാരവിഷയമാകില്ല. മികച്ച പ്രാസംഗികനായ വയലാര്‍ രവി എസ്ഡി കോളേജിലെ താരമായി.

കെ.എസ്.യു രൂപീകരണം.

ആലപ്പുഴ എസ്ഡി കോളേജില്‍ പഠനം ആരംഭിച്ച ശേഷമാണ് രവീന്ദ്രന്‍റെ പേര് വയലാര്‍ രവിയായി മാറ്റപ്പെട്ടത്. കമ്മ്യൂണിസ്റ്റ് വിരോധവും, കോണ്‍ഗ്രസ് അനുഭാവമുള്ള ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷനില്‍ അംഗമായ രവി വിദ്യര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി. നന്നായി പ്രസംഗിക്കുവാന്‍ കഴിയുമായിരുന്ന വയലാര്‍ രവി ക്യാമ്പസില്‍ ശ്രദ്ദേയ കഥാപാത്രമായി. ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ഒ) നേതാവായി ഇതിനിടയില്‍ വയലാര്‍ രവി പേരെടുത്ത് കഴിഞ്ഞിരുന്നു. ഇടത് വിരുദ്ധ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയായിരുന്ന ഐ.എസ്.ഒയുടെ സംസ്ഥാന നേതാവ് മുഹമ്മദാലിയായിരുന്നു. ഇടത് വിദ്യാര്‍ത്ഥി സംഘടന എസ്.എഫ് ആയിരുന്നു.

മികച്ച പ്രസംഗികനായ വയലാര്‍ രവി തന്‍റെ സുഹ്യത്തുക്കളെ കൂട്ടി സ്വന്തമായ ഒരു സംഘടന രൂപീകരിച്ചു. ഇന്ത്യന്‍ സ്റ്റുഡന്‍സ് യൂണിയന്‍ (ഐ.എസ്. യു). കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആലപ്പുഴയിലെ നേതാക്കളയിരുന്നു അതിന് പിന്തുണ നല്‍കിയത്. 1957ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രസംഗികനായി വയലാര്‍ രവി കവലകള്‍ തോറും യാത്ര ചെയ്തു.

1957 ഏപ്രില്‍ 5ന് ലോക ചരിത്രത്തില്‍ ആദ്യമായി ബാലറ്റിലൂടെ ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അനുഭാവമുള്ള വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു. ഒരു സമര സംഘടനയ്ക്ക് രൂപം നല്‍കണമെന്ന് അവര്‍ തീരുമാനിച്ചു. ഇതേ സമയം എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കേരള സ്റ്റുഡൻസ് യൂണിയന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുന്നതായി വാര്‍ത്ത വന്നു. എറണാകുളം ലോ കോളേജിലെ എ.എ.സമദ്, ജോര്‍ജ് തരകന്‍, എ.ഡി രാജന്‍, പി.ടി മാത്യു. തോമസ് പുത്തൂര്‍, നാഗരാജന്‍, വൈക്കം ശ്രീനിവാസന്‍ തുടങ്ങിയ പ്രതിപക്ഷ അനുഭാവമുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ സമദിന്‍റെ കൊല്ലത്തുളള വീട്ടില്‍ 1957 മെയ് ആദ്യം ഒത്തു ചേര്‍ന്നു. തൃശ്ശൂരില്‍ നിന്നുളള പി.എ ആന്‍റണിയും ഉണ്ടായിരുന്നു. യോഗത്തില്‍ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാന്‍ തീരുമാനിക്കുന്നു. ഈ വിവരം ആലപ്പുഴയിലെ ഐ.എന്‍.ടി.യു.സി നേതാവ് കെ.സി ഈപ്പനാണ് വയലാര്‍ രവിയോട് പറഞ്ഞത്.

ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ നേതാവായിരുന്ന വയലാര്‍ രവി ഉടനെ ജോര്‍ജ് തരകനെ ബന്ധപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ മെയ് മാസം അവസാനം ആലപ്പുഴയില്‍ വെച്ച് യോഗം ചേരാന്‍ അവര്‍ തീരുമാനിച്ചു. 1957 മെയ് 30ന് ആലപ്പുഴയില്‍ മുല്ലക്കലില്‍ താണു അയ്യര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് തോമസ് നടത്തിയിരുന്ന നാഷണല്‍ ട്യൂട്ടോറിയല്‍ കോളേജില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ ഒരുമിച്ചു കൂടി. ജോര്‍ജ് തരകന്‍, വയലാര്‍ രവി, എ ഡി രാജ, എ എ സമദ്, പി എ ആന്‍റണി, പി കെ കുര്യാക്കോസ് തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയ യോഗമാണ് കേരള സ്റ്റുഡൻസ് യൂണിയന്‍ (കെ.എസ്. യു)വിന് ഔദ്യോഗികമായി രൂപം നല്‍കിയത്. ജോര്‍ജ് തരകനായിരുന്നു ആദ്യത്തെ കെ.എസ്. യു പ്രസിഡന്‍റ്. വയലാര്‍ രവി ജനറല്‍ സെക്രട്ടറി. ഖജാന്‍ജി എ എ സമദ്. പബ്ലിസിറ്റി കമ്മറ്റി കണ്‍വീനറായി എ.ഡി രാജനും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ എന്ന തന്‍റെ സ്വന്തം സംഘടന പിരിച്ച് വിട്ട് വയലാര്‍ രവി കെ.എസ്.യുവിന്‍റെ ഭാഗമായി.

ഒരണ സമരം

കെ.എസ്.യു രൂപീകരിച്ചതിനു തൊട്ടുപിന്നാലെ തന്നെയാണ് ആണ് കുട്ടനാട്ടില്‍ ബോട്ട് യാത്ര നിരക്ക് വര്‍ധിപ്പിച്ച വാര്‍ത്ത പുറത്ത് വന്നത്. ഇ.എം.എസ്സ്. സര്‍ക്കാരിന്‍റെ ഭരണ നടപടികളിലൊന്നായിരുന്നു കുട്ടനാട്ടിലെ ജലഗതാഗത രംഗം ദേശസാത്കരിച്ചത്. ആലപ്പുഴ, കുട്ടനാട്, കോട്ടയം മേഖലയില്‍ ജനങ്ങള്‍ ഗതാഗതത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് ബോട്ടുകളേയായിരുന്നു. ബോട്ടുടമകളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനു മുമ്പ് ഉടമകള്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിരക്കുകള്‍ നിശ്ചയിച്ചിരുന്നത്. ബോട്ടുടമകളുടെ ഈ നടപടികള്‍ അവസാനിപ്പിക്കാനും, ജനങ്ങള്‍ക്ക് ഏകീകരിച്ച് നിരക്കുകള്‍ ലഭ്യമാക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ ബോട്ടു ഗതാഗതം ദേശസാല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. ഏറ്റവും കുറഞ്ഞ തുക രണ്ട് അണയായി നിശ്ചയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് 50ശതമാനം സൗജന്യവും അനുവദിച്ചു. നിരക്കുകളുടെ ഏകീകരണം വരുന്നതിനു മുമ്പ് വിദ്യാര്‍ത്ഥികള്‍ ദൂരത്തിനനുസരിച്ചുള്ള നിരക്ക് നല്‍കണമായിരുന്നു.

ബോട്ട് യാത്രക്കാരായ വിദ്യാര്‍ത്ഥികളാണ് അന്ന് ശക്തമായ ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍റെ നേത്യത്ത്വത്തില്‍ ഒരണ സമരത്തിന് ഇറങ്ങിയത്. കെ.എസ്.യു ജനറല്‍ സെക്രട്ടറിയായ വയലാര്‍ രവി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോടൊപ്പം ചെന്ന് നില്‍ക്കും. കെ.എസ്.യുവില്‍ അന്ന് കൂടുതല്‍ അണികള്‍ ഇല്ലായിരുന്നു.  സമരത്തിന്റെ മുൻ നിരയിൽ പലപ്പോഴും അവസരം ലഭിച്ചില്ല. സമരം നയിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമല്ലാതിരുന്നതാണ് കാരണം.

വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഒരണ സമരത്തിന് പിന്തുണ നൽകുവാൻ  കെ.എസ്.യു തീരുമാനമെടുത്തു. 1958 ജൂലൈ 12ന് വിദ്യാര്‍ത്ഥികള്‍ സമരവുമായി ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍റെ ഒപ്പം കൂടി. കുട്ടനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടുടമകള്‍ നല്‍കിയിരുന്ന ഒരണ കണ്‍സഷന്‍ നിലനിര്‍ത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ചമ്പക്കുളം നദിക്കു കുറുകെ കയര്‍ വടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ബോട്ടുഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ട് തൊഴിലാളികള്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ തല്ലി ചതച്ചു.

സമര മുഖത്ത് തിളങ്ങുവാൻ കഴിഞ്ഞില്ലെങ്കിലും വയലാർ രവിയും , കെ. എസ്.യുവും മാധ്യമങ്ങളിൽ തിളങ്ങി. നന്നായി എഴുതാൻ അറിയുന്ന വയലാര്‍ രവി എല്ലാ ദിവസവും സമരത്തെ അനുകൂലിച്ച് പത്ര പ്രസ്ഥാവനകള്‍ ഇറക്കി. വലതു പക്ഷ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ വയലാർ രവിയുടെ പ്രസ്ഥാവനകൾ പ്രസിദ്ധീകരിച്ചു. ഒരണ സമരം എന്ന പേരില്‍ സമരം പ്രശസ്തമായി. ഒരണ സമരം ആലപ്പുഴയിലാണ് തുടങ്ങിയതെങ്കിലും അതിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ എറണാകുളത്തും സജീവമായിരുന്നു. വളരെയൊന്നും കേന്ദ്രീകൃത ആസൂത്രണമോ ഇല്ലായിരുന്നുവെങ്കിലും ആ സമരം കേരളത്തിന്‍റെ പല ഭാഗങ്ങളിലും പടര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം വേണ്ടിയുള്ള സമരമായി അത് മാറി.

പത്ര പ്രസ്ഥാവനകളിലൂടെ കെ.എസ്.യു. ഒര സമരത്തിൽ സജീവമായി. വയലാർ രവി എന്ന കെ.എസ്.യു. സെക്രട്ടറിയെ സർക്കാർ ശ്രദ്ധിക്കാൻ തുടങ്ങി. സമരം ശക്തമായതോടെ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഒത്തുതീർപ്പ് ചർച്ചകളിൽ കെ.എസ്.യു. പ്രതിനിധിയായി വയലാർ രവിയും പങ്കെടുത്തു. സമരം ഒത്തുതീർന്ന വിവരം പത്രകുറിപ്പിലൂടെ വയലാർ രവി പത്ര ഓഫീസുകളിൽ എത്തിച്ചു. സമരം ഒത്തുതീർപ്പാക്കുന്നതിന് കെ.എസ്.യു. മുൻ ക്കൈ എടുത്തതായി വാർത്തകൾ വന്നു. അങ്ങിനെ പത്രപ്രസ്ഥാവനകളിലൂടെ വയലാർ രവി നേതാവായി മാറി.

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നല്‍കേണ്ടിയും വന്നു. സര്‍ക്കാര്‍ വക ബസുകളിലും ബോട്ടുകളിലും സ്വകാര്യ ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യങ്ങള്‍ നടപ്പിലാക്കി. പില്‍ക്കാലത്ത് വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യങ്ങളില്‍ മാറ്റം വരുത്താന്‍ ഒരു സര്‍ക്കാരും മുതിര്‍ന്നിട്ടില്ല. സമരത്തിൽ ശക്തമായി വിദ്യാർത്ഥികളെ അണിനിരത്തിയ ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷനേക്കാൾ പ്രാധാന്യം കെ.എസ്.യുവിന് നേടാൻ സാധിച്ചത് വയലാർ രവിയുടെ പ്രസ്ഥാവനകളായിരുന്നു.

കേരളത്തിൽ അങ്ങോളം ഇങ്ങോളം യാത്ര ചെയ്ത് ക്യാമ്പസുകളിൽ കയറി ഇറങ്ങി വയലാർ രവി കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനം വളർത്തി. വളരെ ചെറുപ്രായം മുതൽ കോൺഗ്രസുകാരനായ രവി എം.എൽ.എ., എം.പി., സംസ്ഥാന, കേന്ദ്ര മന്ത്രിയായി. ഏഴ് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിരാമമിട്ട് വയലാർ രവി കേരളത്തിലേയ്ക്ക് മടങ്ങിയിരിക്കുന്നു.