പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2021 ഏപ്രില്‍ 08 

ലാല്‍ മസ്ജിദ് പൊളിച്ചുനീക്കാന്‍ ശ്രമം. 


ഡല്‍ഹി ലോധി റോഡിലെ ചരിത്ര പ്രാധാന്യമുള്ള ലാല്‍ മസ്ജിദ്, സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്സ് (സി.ആര്‍.പി.എഫ്)  പൊളിച്ചു നീക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നു. 2018ല്‍ വഖഫ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സിആര്‍പിഎഫ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ വലിയ പ്രതിഷേധം ഉണ്ടാകുകയും, നിര്‍മ്മിച്ചതൊക്കെ പൊളിച്ച് നീക്കുകയും ഉണ്ടായതാണ്. സ്വാതന്ത്ര്യത്തിനു മുന്‍പേ മുസ്ലിങ്ങള്‍ ആരാധന നടത്തിവരുന്ന പള്ളിയാണ് ഇത്. ഉടന്‍ പള്ളി ഒഴിയണമെന്ന് പള്ളി ഇമാമിന് പോലിസ് നിര്‍ദേശം നല്‍കിയെന്നാണ് വാര്‍ത്തകള്‍. നിസാമുദ്ദീന്‍, ലോധി റോഡ് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ നേരിട്ടെത്തിയാണ് ലാല്‍ മസ്ജിദ് ഇമാമിനോട് പള്ളി ഒഴിയാന്‍ ആവശ്യപ്പെട്ടത്. അര്‍ധസൈനിക വിഭാഗത്തിന് ഓഫിസുകളും ബാരക്കുകളും കാന്‍റീനും പാര്‍ക്കിങ് സ്ഥലവുമൊരുക്കാനാണെന്നാണ് വിവരം. വഖഫ് ഭൂമി കൈയേറുന്നതിനെതിരേ കേന്ദ്ര സര്‍ക്കാറിനെതിരേ 2011ല്‍ ഹബീബുര്‍ റഹ്മാന്‍ നല്‍കിയ കേസ് കോടതി പരിഗണനയിലിരിക്കെയായിരുന്നു നിയമവിരുദ്ധമായ ഈ നടപടി. കോടതിയിലിരിക്കുന്ന കേസിലെ കക്ഷിയെയും കോടതിയെയും അറിയിക്കാതെയായിരുന്നു ഈ നീക്കമെന്നും അരോപണം ഉയര്‍ന്നിരുന്നു. 1970ലെ ദല്‍ഹി ഗസറ്റ് വിജഞാപനത്തില്‍ വഖഫ് ഭൂമിയായി വ്യക്തമാക്കിയതാണ് ലാല്‍ മസ്ജിദും ഖബര്‍സ്ഥാനും. ഇതിനെതിരേ ദല്‍ഹി വഖഫ് ബോര്‍ഡ് 2017 ജൂലൈ 29ന് നിസാമുദ്ദീന്‍ പോലിസ് സ്റ്റേഷന്‍ എച്ച്.എസ്.ഒക്ക് പരാതിയും നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. 

കോവിഡ് വ്യാപനം ശക്തമായി

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് 10 മുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യൂ. പകല്‍ സമയങ്ങളില്‍ ശക്തമായ ചൂട് കാരണം ജനങ്ങള്‍ ഇരുട്ടിയ ശേഷമാണ് പുറത്തിറങ്ങുന്നത്. രാത്രി കാല പാര്‍ട്ടികളും ഡല്‍ഹിയില്‍ സജീവമായ സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കുക എന്ന ഉദ്ദേശവും കര്‍ഫ്യൂ പ്രഖ്യാപിച്ചത് വഴി ഉണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പോലീസ് കര്‍ശന നടപടികളിലേയ്ക്ക് വീണ്ടും മടങ്ങി വന്നിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് 2000 രൂപയാണ് പിഴ ചധമത്തുന്നത്. കാറ് പൊതുസ്ഥലമാണെന്നും, ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കുന്നവരും മാസ്ക്ക് ധരിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ ദിവസേന നൂറ്റി അന്‍പതായി താണതായിരുന്നു. ഇപ്പോള്‍ 6000 രോഗികളാണ് പ്രതി ദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യയും ഉയരുന്നുണ്ട്. വാക്സിനുകള്‍ വന്നതാണ് മരണസംഖ്യ വലുതായി ഉയരാത്തതിന് കാരണമായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. 24 മണിക്കൂറില്‍ ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികള്‍ ഉണ്ടാകുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നു. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നതിലും, മാസ്ക്ക് ധരിക്കുന്നതിലും, സാനിറ്റേഷനും സോപ്പ് ഉപയോഗിച്ച് ക്കൈകള്‍ കഴുകുന്നതിലും അനാസ്ഥ കാണിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗതയിലാണ് കോവിഡ് വ്യാപനം നടക്കുന്നത് എന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. 

സി.എസ്.ആര്‍. ഫണ്ടുകള്‍ ഇനി പി.എം ഫണ്ടിലേയ്ക്ക്

രാജ്യത്തെ എല്ലാ പൊതുമേഖലയിലേയും, സ്വകാര്യ മേഖലയിലേയും 500 കോടി രൂപ മൂല്യമുള്ളതോ, 1000 കോടി രൂപ വിറ്റുവരവുള്ളതോ, അല്ലെങ്കില്‍ അഞ്ചു കോടിയില്‍ കൂടുതല്‍ ലാഭമുള്ള കമ്പനികള്‍ അവരുടെ ലാഭത്തിന്‍റെ രണ്ട് ശതമാനം വിഹിതം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പേണ്‍സിബിലിറ്റി ഫണ്ട് (സി.എസ്.ആര്‍.) ആയി നീക്കി വെയ്ക്കണമെന്നാണ് നിയമം. കമ്പനികളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വയ്ക്കുന്ന തുക ഇനി മുതല്‍ പി.എം ഫണ്ടിലേയ്ക്ക് നിക്ഷേപിക്കണം എന്ന നിയമം തയ്യാറായി വരുന്നു എന്നാണ് വിവരം. ഇതു പ്രകാരം, കമ്പനികള്‍ക്ക് അവരുടെ സ്വന്തം നിലയില്‍ സമൂഹത്തിന് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. പല പ്രമുഖ കമ്പനികളും സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് ഒട്ടേറെ സാമൂഹ്യ സേവന പ്രവര്‍ത്തികള്‍ ചെയ്തുവരുന്നുണ്ട്. രാജ്യത്തെ പ്രമുഖ കാന്‍സര്‍, ഡയാലിസിസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത് സി.എസ്.ആര്‍. ഫണ്ടുപയോഗിച്ചാണ്. ഇങ്ങനെ ഒരു നിയമം വന്നാല്‍ വലിയ ഒരു പ്രതിസന്ധി ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.  

കര്‍ഷക സമരം ശക്തമാകുന്നു

കര്‍ഷക സമരം രാജ്യത്ത് ശക്തിപ്രാപിക്കുന്നതായി കണക്കാക്കണം. ബിജെപി നേതാക്കള്‍ക്ക് വടക്കേ ഇന്ത്യയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. സാമൂഹ്യ ബഹിഷ്ക്കരണം അവിടുങ്ങളില്‍ ശക്തി പ്രാപിക്കുകയാണ്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സമരത്തെ ഉയര്‍ത്തി കാട്ടിയ വാര്‍ത്തകള്‍ക്ക് കുറവ് സംഭവിച്ചിട്ടുണ്ട്. സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വലിയ വിഭാഗം നേതാക്കളും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് പോയിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പാര്‍ട്ടി പരിപാടി പോലും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി. രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ കര്‍ഷകരോക്ഷത്തെ തുടര്‍ന്ന് ബിജെപി എംപി, നിഹാല്‍ ചന്ദ് ഉപേക്ഷിച്ചു. സമാനമായ പ്രതിഷേധം ഹരിയാനയിലും പഞ്ചാബിലും ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ കര്‍ഷകര്‍ കൂട്ടമായി എത്തുന്നതാണ് പല പരിപാടികളും ഉപേക്ഷിക്കാന്‍ കാരണം.

ഗര്‍ഭകാല ആനുകൂല്യം നിഷേധിച്ചു: നേഴ്സ് കോടതിയില്‍

ഗര്‍ഭകാല ആനുകൂല്യം നിഷേധിച്ചതിനെതിരേയും, തന്‍റെ രാജിത്ത് വ്യാജമായി നിര്‍മ്മിച്ചതിനെതിരേയും ഡല്‍ഹിയില്‍ വനിതാ നേഴ്സ് കോടതിയില്‍ ചോദ്യം ചെയ്തു. 2017 മുതല്‍ ഡല്‍ഹിയിലെ പ്രയാഗ് ആശുപത്രിയില്‍ ലേബര്‍ റൂം നേഴ്സിങ്ങ് ഇന്‍ചാര്‍ജായി സേവനം അനുഷ്ടിച്ച സുധ ടി എന്ന നേഴ്സിന് പ്രസവാനുകൂല്യം നിഷേധിക്കുകയും, ജോലിയില്‍ നിന്ന് പിരിച്ച് വിടുകയും ചെയ്തത്. സുധ സ്വയം വിരമിച്ചതാണെന്നും അതിനാല്‍ ആനുകൂല്യം നല്‍കാന്‍ സാധിക്കില്ലെന്നും ആശുപത്രി അധിക്യതര്‍ നിലപാടെടുത്തു. വിവരാവകാശ നിയമത്തിന്‍റെ വഴിയില്‍ സുധയുടെ രാജികത്ത് ലഭിച്ചതോടെ പ്രശ്നം രൂക്ഷമായി. സുധയുടെ ഒപ്പ് വ്യജമായി ചേര്‍ത്തുള്ള രാജി കത്താണ് ലഭിച്ചത്. ഇത് ചോദ്യം ചെയ്ത് ലേബര്‍ കോര്‍ട്ടിലേയ്ക്ക് പരാതി അയച്ചിട്ടുണ്ട്. സുധയ്ക്ക് നിയമ സഹായം നല്‍കുന്നത് പ്രവാസി ലീഗല്‍ സെല്ലാണ്.

കോവിഡ് എന്നു പോകും? ചോദ്യമായി ശില്‍പം 


ലോകത്തെ പിടിച്ചുലച്ച് അടുത്ത ആക്രമണത്തിന് തുക്കെമിട്ട കോവിഡ്. മാസ്ക് കൊണ്ട് അതിനെ പ്രതിരോധിക്കുന്ന മനുഷ്യന്‍. അതിനിടയില്‍ എന്നു തീരും ഈ ഇരുണ്ട കാലം എന്ന ചോദ്യചിഹ്നം നെറുകയിലേറ്റുന്ന ഭൂഗോളം. കോവിഡ് മഹാമാരിക്ക് രാജ്യത്ത് തുടക്കമിട്ട ത്യശ്ശൂര്‍ ജില്ലയിലെ അഴീക്കല്‍ മുനയ്ക്കല്‍ ബീച്ചില്‍ സുരേഷ് സാവിഞ്ചി ഒരുക്കിയ, കോവിഡ് കാലത്തെ അടയാളപ്പെടുത്തുന്ന ശില്‍പം രാജ്യത്താകമാനം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലാണ് ശില്‍പം അനാച്ഛാദനം ചെയ്യ്തത്. എന്നു തീരും കോവിഡ്? എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ڇഈ കാലം കടന്നു പോവുകയാണ്. എത്ര കാലം അതിനെടുക്കുമെന്ന് ഒരു ഉത്തരമില്ല. ഈ ശി?പത്തിലെ ചോദ്യം പോലെയാണത്. ڇ എന്നായിരുന്നു. ڇകോവിഡിന്‍റെ ഒരു രണ്ടാം തരംഗം ഉണ്ടാവും. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ആദ്യഘട്ടം വേഗം കഴിഞ്ഞ് അടുത്തത് തുടങ്ങുന്നു. കേരളത്തില്‍ കോവിഡ് വ്യാപനത്തിന്‍റെ വേഗത മുന്‍കരുതല്‍ നടപടികളിലൂടെ നാം കുറച്ചു. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനും കോറന്‍റയിനും ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിനു വേണ്ടി നടത്തി. അതുകൊണ്ട് കേരളത്തില്‍ കോവിഡിന്‍റെ രണ്ടാം തരംഗം പതുക്കെയേ എത്തൂ. അപ്പോഴേക്കും പ്രതിരോധ കുത്തിവെപ്പ് പരമാവധി ആളുകള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് പോകും വരെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് പോംവഴി. ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞു. ڇതിരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലത്തെ കുറിച്ച് പറയുന്നത് അപ്രായോഗികമാണ്. മാസ്കും സാനിറ്റൈസറും കര്‍ശനമായി ഉപയോഗിക്കുന്നതിന് ബോധവത്ക്കരണം നടത്തിയതായി അദ്ദേഹം പറഞ്ഞു. കേരളം കോവിഡ് കാലത്ത് അതിജീവനത്തിന്‍റേയും ഒരുമയുടെയും ആരോഗ്യ സംവിധാനങ്ങളുടെയും വലിയ മാതൃകയായി മാറി. പക്ഷേ ആ ദൗത്യം ഇനിയും പൂര്‍ത്തിയായിട്ടില്ല. അഴീക്കോട് മുനക്കല്‍ ബീച്ചില്‍ മുസിരീസ് പ്രോജക്റ്റിന്‍റെ ഭാഗമായിട്ടാണ് ശില്‍പം ഒരുക്കിയത്.