ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. 

വിജയ് ചൗക്ക് @ 89 @ മെട്രോ വാര്‍ത്ത: ഏപ്രില്‍ 16

സുധീര്‍നാഥ്  

കൊറോണ വൈറസിനെ കുറിച്ച് നമ്മള്‍ കേള്‍ക്കുന്നത് 2020 മാര്‍ച്ച് മാസത്തോടെയാണ്. 12 ഫെബ്രുവരി 2020ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ ആദ്യമായി അപായ സൂചന നല്‍കിയത്. കൊറോണ വൈറസ് അതിഭീകരമാണെന്നും, അത് നമ്മുടെ ജനതയെയും, സാമ്പത്തിക സ്ഥിതിയേയും അതീവ ഗുരുതരമായി ബാധിക്കും. ഇന്ത്യന്‍ ഗവണ്‍മെന്‍റ് ഈ അപകടത്തെ ഗൗരവമായി കാണുന്നിലെന്നാണ് എനിക്ക് മനസിലാക്കുവാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ പരസ്യമായി കളിയാക്കുകയാണ് അന്ന് ബിജെപിയുടെ നേതാക്കള്‍ ചെയ്തത്. കോവിഡിന്‍റെ ഭീകരതയെ കുറിച്ച് രാഹുല്‍ പിന്നീട് പറഞ്ഞുകൊണ്ടേ ഇരുന്നു. പാര്‍ലമെന്‍റ് സമ്മേളനം അവസാനിപ്പിക്കണമെന്ന് പറഞ്ഞു. കളിയാക്കല്‍ മാത്രമാണ് മറുപടിയായുണ്ടായത്. നമസ്തേ ട്രംപ് എന്ന പരിപാടിയായി പ്രധാനമന്ത്രി റോഡ് ഷോ നടത്തി. ഡല്‍ഹിയില്‍ കലാപമുണ്ടായി. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ആറ് ദിവസം മുന്‍പ് ഉപരാഷ്ട്രപതി ആര്‍ വെങ്കയ്യനായിഡു, പ്രതിപക്ഷ നിരയിലെ നേതാക്കളായ ചിദംബരം അടക്കമുള്ള അംഗങ്ങളോട് മാസ്ക്ക് ധരിച്ച് സഭയില്‍ പ്രവേശിക്കരുതെന്ന് പ്രഖ്യാപിച്ചു. അവരെ സഭയില്‍ നിന്ന് പുറത്താക്കി. 

രാജ്യത്തെ ലോക്ഡൗണ്‍ ചെയ്യിച്ചപ്പോള്‍ സ്വിച്ചിട്ട പോലെ ഇന്ത്യ നിശ്ചലമായി. റോഡുകള്‍ കാലിയായി. ഇന്ത്യയുടെ ഞരമ്പുകളെന്ന് വിശേഷിപ്പിച്ച റെയില്‍ പാളങ്ങളിലൂടെ തീവണ്ടികള്‍ ഓടിയില്ല. നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളിയില്‍ നടന്ന മതചടങ്ങിനെത്തിയവരാണ് രാജ്യത്ത് കോവിഡ് പരത്തിയത് എന്ന് ആക്ഷേപിച്ചു. അപ്രതീക്ഷിതമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ മര്‍ക്കസ് പള്ളിയിലെ സമ്മേളനത്തിനെത്തിയവര്‍ കുടുങ്ങി. അവരെ കോവിഡ് പ്രചരിപ്പിക്കാന്‍ എത്തിയ രാജ്യദ്രോഹികളായി ചിത്രീകരിച്ചു. (അന്ന് ഇന്ത്യയിലാകെ വെറും 500 കോവിഡ് ബാധിതരേ ഉണ്ടായിരുന്നുള്ളൂ) വാരണസിയിലെ ജനങ്ങളോട് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ മഹാഭാരത യുദ്ധം 18 ദിവസങ്ങളെടുത്തെന്നും, കോവിഡ് മഹാമാരി 21 ദിവസം കൊണ്ട് നമ്മള്‍ വിജയിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞത് രാജ്യം കേട്ടു. കോവിഡിനെ അകറ്റാന്‍ പാത്രം കൊട്ടിച്ചതും, വിളക്ക് തെളിയിപ്പിച്ചതും പ്രധാനമന്ത്രി തന്നെ.  

ഇന്ത്യയില്‍ അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന് ജനങ്ങള്‍ സാക്ഷിയാകേണ്ടി വന്നു. കോവിഡ് കണക്കുകള്‍ ദിവസം ചെല്ലും തോറും കൂടി വരികയും മരണസംഖ്യ ഉയരുകയും ചെയ്തു. കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ പ്രത്യേക ആശുപത്രികള്‍ ഉയ2ന്നു. മരണപ്പെടുന്നവരെ സംസ്ക്കരിക്കാന്‍ സ്ഥലപരിമിതി ഉണ്ടായി. ശ്മശാനങ്ങള്‍ നിറഞ്ഞു. ചടങ്ങുകള്‍ പോലും ഉപേക്ഷിച്ച്, പ്രിയപ്പെട്ടവരുടെ മുഖം പോലും കാണാതെ സംസ്ക്കാര ചടങ്ങുകള്‍ നടത്തി. മരണത്തെ ഭയന്ന ജനങ്ങള്‍ ജാഗ്രത ശക്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ മരവിച്ച നിമിഷങ്ങളായിരുന്നു എന്ന് വാര്‍ത്തകളിലൂടെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. സ്വയം തടങ്കലില്‍ കഴിഞ്ഞ ജനങ്ങള്‍ ലോക്ക് ഡൗണിന്‍റെ ദിവസങ്ങള്‍ നീണ്ടപ്പോള്‍ അസ്വസ്ഥരായി.


ദിവസ തൊഴിലാളികള്‍ പാലായനം ചെയ്യുന്ന കാഴ്ചകളും ലോക്ക് ഡൗണ്‍ കാലത്ത് കണ്ടിരുന്നു. കോവിഡിന്‍റെ ആദ്യ കാലങ്ങളില്‍ അതിശക്തമായ കരുതലുകളാണ് ഇന്ത്യയിലാകമാനം ജനങ്ങള്‍ എടുത്തത് എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകന്നതിനിടയില്‍ ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുക എന്ന നടപടിയിലേക്ക് സര്‍ക്കാരിന് നീങ്ങേണ്ടി വന്നു. ലോക്ക് ഡൗണ്‍ നീക്കുന്നതിനൊപ്പം ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണം എന്ന ഉദ്ദേശത്തോടു കൂടി ശക്തമായ നിയമ നടപടികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുത്തു. ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പക്ഷെ ദിവസം ചെല്ലും തോറും ജനത്തിന്‍റെ ഭയം പോയി. സമൂഹം പഴയ പോലെ തിരികെ എത്തിയപ്പോള്‍ വേഷത്തിന്‍റെ ഭാഗമായി മാസ്ക്ക് ഉണ്ടായി എന്നത് മാത്രമായിരുന്നു മാറ്റം. സാമൂഹ്യ അകലവും, സാനിറ്റൈസേഷനും, ക്കൈ കഴുകലും ജനം മറന്നു. 

കോവിഡ് പ്രതിരോധത്തിനായി രണ്ടു വാക്സിനുകള്‍ ഔദ്യോഗികമായി ഇന്ത്യ അംഗീകരിച്ചതോടുകൂടി ജനങ്ങള്‍ കൂടുതല്‍ ജാഗ്രത ക്കൈ വിട്ടു എന്ന് വേണം കരുതാന്‍. വാക്സിന്‍ സ്വീകരിക്കുന്നവരില്‍ കൊറോണ വൈറസുകള്‍ വരില്ല എന്ന തെറ്റായ വിശ്വാസം ചിലരിലുള്ളതായി കാണുന്നു. വാക്സിന്‍ സ്വീകരിക്കുക വഴി കൊറോണ വൈറസുകളുടെ ആക്രമണ ശക്തി കുറയുന്നു. കോവിഡ് മൂലമുള്ള അപകടകരമായ തലത്തിലെത്തുന്നതില്‍ നിന്ന് മനുഷ്യന്‍ രക്ഷപെടുന്നു. തീവ്രത കുറയ്ക്കുകയും, വൈറസുകള്‍ പകര്‍ത്തുന്നത് തടയുകയുമാണ് വാക്സിന്‍ സ്വീകരിക്കുക വഴി നിറവേറ്റപ്പെടുന്നത്. രണ്ട് ഡോസ് വാക്സിനെടുത്ത വര്‍ക്കും കോവിഡ് വരുന്നുണ്ട്. ഒരിക്കല്‍ കോവിഡ് വന്നവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നു.

രാജ്യവ്യാപകമായി കോവിഡിനെ പ്രതിരോധിക്കുവാന്‍ വാക്സിനുകള്‍ വിതരണം ചെയ്തു തുടങ്ങി. വിതരണവും വാക്സിനേഷനും വര്‍ധിക്കുന്നതോടൊപ്പം കോവിഡിന്‍റെ രണ്ടാം വരവ് തുടങ്ങി. ഒന്നാം വരവിനേക്കാള്‍ ശക്തമായിരുന്നു രണ്ടാം വരവ്. വ്യാപനത്തിന്‍റെ ശക്തി ഇരട്ടിയായി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 150 ല്‍ താഴെ ആയിരുന്നത് 20,000 എണ്ണത്തിലേയ്ക്ക് ഉയര്‍ന്നു. ഒപ്പം മരണ സംഖ്യയും ഉയര്‍ന്നു. രണ്ടാം വരവില്‍ യുവാക്കളെ ശക്തിയായി ബാധിച്ചു.

രാജ്യത്ത് പലയിടത്തും ജനാധിപത്യത്തിന്‍റെ ഉത്സവമായ ഇലക്ഷനുകള്‍ നടന്നത് ഇതിനിടയിലാണ്. ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ്, കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പും നടന്നു.  ഒടുവില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ പ്രതിസന്ധി നേരിടുന്നത് കോവിഡിന്‍റെ രണ്ടാം വരവിന്‍റെ സമയത്തായതാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ സ്വാധീനിക്കുവാന്‍ റോഡ് ഷോയും, റാലികളും , പൊതുയോഗങ്ങളും സംഘടിപ്പിച്ചു എന്നുള്ളത് നേര്‍ക്കാഴ്ചയായിരുന്നു. സാമൂഹ്യ അകലം ഇവിടെ എങ്ങും പാലിക്കപ്പെട്ടില്ല. മാസ്ക്കുകളുടെ ഉപയോഗം ശരിയായ തരത്തിലുമായിരുന്നില്ല.

രാജ്യത്തിന്‍റെ എല്ലാഭാഗങ്ങളിലും ഉത്സവത്തിന് കാലമാണ് എന്നുള്ളതാണ് മറ്റൊരു പ്രതിസന്ധി. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന കുംഭമേള ഇത്തവണ നടക്കുന്ന ഹരിദ്വാര്‍ ഇതില്‍ എടുത്തു പറയേണ്ട ഒന്നാണ്. ഏപ്രില്‍ 12 മുതല്‍ 30 വരെയാണ് ഹരിദ്വാറിലെ ഗംഗാ നദി കരയില്‍ കുംഭമേള നടക്കുന്നത്. ഹരിദ്വാറിലെ ഗംഗാ നദിയില്‍ ദിവസേന ലക്ഷകണക്കിന് ഭക്തര്‍ മുങ്ങി കുളിച്ച് പുണ്യം നേടുന്നു.

ഹരിദ്വാറിലെ കുംഭമേളയ്ക്ക് നേതൃത്വം നല്‍കുന്നത് മഹാ നിര്‍മ്മാണി അകാദാസിന്‍റെ നേതൃത്വത്തിലാണ്. അവരുടെ മദ്ധ്യപ്രദേശില്‍ നിന്നുള്ള സന്യാസി ശ്രേഷ്ഠന്‍ സ്വാമി കപില്‍ദേവ് മഹാ സ്നാനത്തിന് ആദ്യ ദിനം നേതൃത്ത്വം നല്‍കിയതാണ്. സ്വാമി കപില്‍ദേവ്  കോവിഡ് ബാധിതനായി കഴിഞ്ഞ ദിവസം അന്തരിച്ചു. എഴുപത്തഞ്ചേളം സന്യാസിമാര്‍ കോവിഡ് പോസിറ്റീവായി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഹരിദ്വാറില്‍ മാത്രം കോവിഡ് പോസിറ്റീവായതായി ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പടുന്നത്.  കോവിഡിന്‍റെ ഭീകരത സന്യാസി സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളിയില്‍ 2020 മാര്‍ച്ച് മാസം ഒത്തുകൂടിയവരെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചവര്‍ മൗനികളായി.


കുംഭമേള തുടങ്ങിയതിനുശേഷം വ്യാപകമായി കോവിഡ് പടര്‍ന്നു പിടിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നാമമാത്രമായ ചടങ്ങുകള്‍ മാത്രം നടത്തണമെന്ന് ഒടുവില്‍ പ്രധാനമന്ത്രി നരേദ്ര മോദി അഭ്യര്‍ത്ഥിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 30 ന് അവസാനിക്കുന്ന കുംഭമേള ഏപ്രില്‍ 18 ന് തന്നെ അവസാനിപ്പിക്കുകയാണന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കുംഭമേള നടക്കുന്ന പ്രദേശങ്ങളില്‍നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് സന്യാസി പ്രമുഖര്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു.

കുംഭമേളയോളം വരില്ലെങ്കിലും ജനങ്ങള്‍ കൂടുന്ന ഒരിടമാണ് തൃശൂര്‍പൂരം. പതിനായിരക്കണക്കിനാളുകള്‍ ഒത്തുചേരുന്ന തൃശ്ശൂര്‍പൂരം പൂരം കോവിഡ് വ്യാപനത്തിന് ഒരു കാരണമാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. തൃശ്ശൂര്‍ റൗഡില്‍ മാത്രമല്ല തൃശ്ശൂര്‍പൂരം എന്നുള്ളത് പലരും തിരിച്ചറിഞ്ഞിട്ടില്ല. തൃശ്ശൂരിലെ ചുറ്റുവട്ടത്തുള്ള എല്ലാ ചെറു ക്ഷേത്രങ്ങളില്‍ നിന്നും ചെറു പൂരങ്ങളുണ്ടാകും. ജനങ്ങളെ ആകര്‍ഷിക്കുന്ന ഒന്നാണ് അത്. പതിനായിരങ്ങള്‍ ഓരോ ചെറു പൂരവും കാണുവാന്‍ കൂടും. തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ചെറു പൂരങ്ങളുടെ കാഴ്ച്ചക്കാര്‍ ഏറും.

കേരളത്തിലെ ആരോഗ്യ രംഗം മറ്റേത് സംസ്ഥാനങ്ങളിലേതിലും ശക്തി കൂടിയതാണ്. അതുകൊണ്ട് മാത്രം കേരളത്തിലെ മരണ സംഖ്യ രണ്ടാം വരവിലും ഉയരാതെ തുടരുന്നു. ഡല്‍ഹിയിലും, ഗുജറാത്തിലും , ഉത്തര്‍ പ്രദേശിലും മറ്റും ആശുപത്രികളില്‍ കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ കിടക്കകള്‍ ഇല്ല. അവിടെ മരണ സംഖ്യ ഉയരുന്നത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മൃതശരീരങ്ങള്‍ കൂട്ടിയിട്ട മോര്‍ച്ചറികളും , പി പി ഇ കിറ്റിട്ട ആരോഗ്യ പ്രവര്‍ത്തകരും ദേശീയ മാധ്യമങ്ങളിലെ സ്ഥിരം കാഴ്ച്ചയായി വീണ്ടും മാറിയിരിക്കുന്നു. കോവിഡിന്‍റെ ആദ്യ വരവും നമ്മുടെ ജാഗ്രതയും ഓര്‍മ്മ വേണം. രണ്ടാം വരവിന്‍റെ ഈ സമയത്ത് ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നമ്മളെ സുരക്ഷിതമാക്കും.