കൊറോണ വൈറസ് ഇവിടെത്തന്നെ ഉണ്ട്.
വിജയ് ചൗക്ക് @ 88 @ മെട്രോ വാര്‍ത്ത: ഏപ്രില്‍ 10
സുധീര്‍നാഥ്
കോവിഡ് ലോകത്തെ പിടിച്ചു കുലുക്കിയ 2020ലെ ആദ്യനാളുകളില്‍ കേരളം അതി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ വിജയിച്ചു എന്നുതന്നെ വേണം കരുതാന്‍. കേരളത്തിലെ മരണപ്പെട്ടവരുടെ കണക്കും മറ്റു സംസ്ഥാനങ്ങളിലെ മരണ നിരക്കും താരതമ്യം നടത്തേണ്ടതാണ്. വളരെ കുറച്ചു പേര്‍ മാത്രമാണ് കേരളത്തില്‍ മരണപ്പെട്ടത. പ്രവാസികളായ മലയാളികള്‍ കൂട്ടത്തോടെ കേരളത്തിലേയ്ക്ക് അവരുടെ ജീവനും കൊണ്ട് എത്തിയത് നമ്മള്‍ കണ്ടതാണ്. കേരളത്തില്‍ എത്തിയപ്പോഴാണ് ജീവന്‍ തിരികെ ലഭിച്ചത് എന്ന് അവരില്‍ പലരും പറഞ്ഞിരുന്നു. ആരോഗ്യ രംത്ത് കേരളം വളരെ മുന്‍പന്തിയില്‍ തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.
കോവിഡ് രാജ്യത്ത് പടര്‍ന്നുപിടിച്ച കാലത്ത് മാസ്ക് ധരിച്ചും, കൈകള്‍ കഴുകിയും, സാമൂഹ്യ അകലം പാലിച്ചു കേരളം നടത്തിയ വലിയ പ്രതിരോധം വലിയ ചര്‍ച്ചയായിരുന്നു. കോവിഡ് മാത്രമല്ല മറ്റു രോഗങ്ങള്‍ ഉണ്ടാകാതെ ഇരിക്കുന്ന ഒരു സാഹചര്യം കൂടി കേരളത്തിലുണ്ടായി എന്നത് ശ്രദ്ധേയമാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറച്ചു മരണനിരക്ക് മാത്രമാണ് കേരളത്തില്‍ ഉണ്ടായത് എന്നത് നാം കാണണം. മറ്റ് രോഗങ്ങള്‍ മൂലവും, റോഡ് അപകടങ്ങള്‍ മൂലവും മരണങ്ങള്‍ ഉണ്ടാകുന്നത് ഗണ്യമായി കുറഞ്ഞു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മരണപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും കോവിഡ് വന്നാണ് മരിച്ചത്. മരണസംഖ്യ കാര്യമായി കുറഞ്ഞിരുന്നില്ല എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. മറ്റ് രോഗങ്ങള്‍ മൂലമുള്ള മരണങ്ങളും കുറഞ്ഞത് രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്ഡൗണുകളില്‍ ഇളവ് നല്‍കിയതും, വാക്സിനുകളുടെ വരവും ജാഗ്രത കുറവിന് കാരണമായിട്ടുണ്ട്. കോവിഡിന്‍റെ രൂക്ഷത പഴയ നിലയിലെത്തുമെന്ന ഭയപ്പാട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉണ്ട്.
കേരളത്തിലേയ്ക്ക് കോവിഡിന്‍റെ രണ്ടാം വരവില്‍ വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കും എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. 150 താഴെ രോഗികളുടെ കണക്ക് വന്ന ഡല്‍ഹിയില്‍ ഇപ്പോള്‍ ആറായിരത്തിലേറെ രോഗികളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദിവസം 500 പേരിലേറെ മരണപ്പെട്ട ഞെട്ടിക്കുന്ന സാഹചര്യമായിരുന്നു 2020 ലെ ആദ്യ കാല കോവിഡ് വ്യാപന ദിവസങ്ങളില്‍ ഡല്‍ഹി സാക്ഷ്യം വഹിച്ചത്. ഔദ്യോഗികമായി മരണപ്പെട്ട കണക്കുകളാണ് അത്. മരണ സംഖ്യ അതിനേക്കാള്‍ ഏറെ കൂടുതലായിരുന്നു എന്ന് അന്ന് വ്യാപകമായി വാര്‍ത്തകള്‍ വരെ ഉണ്ടായിരുന്നു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അതിശക്തമായ രണ്ടാം കോവിഡിന്‍റെ വരവ് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കയാണ്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മാത്രം 35 ഡോക്ടര്‍മാരാണ് ഇതിനോടകം കോവിഡ് ബാധിതരായി ചികിത്സയിലാണ്. മറ്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും സമാനമായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ നേഴ്സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതേസമയം കൂടുതല്‍ സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിന് ഡല്‍ഹിയില്‍ ശ്മശാനങ്ങള്‍ തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ പോലെ മഹാരാഷ്ട്രയിലെ കോവിഡ് സാഹചര്യം വളരെ രൂക്ഷമാണ്. ഓരോ ദിവസവും അറുപതിനായിരത്തോളം പുതിയ രോഗികളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മരണ നിരക്കും അവിടെ കൂടുതലാണ്.
കോവിഡ് വാക്സിനുകള്‍ വളരെ വേഗതയിലാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതു കാരണം കൊണ്ട് മരണസംഖ്യ ഗണ്യമായി കുറയുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്. രാജ്യത്താകമാനം 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. കോവിഡ് വാക്സിനുകളുടെ ലഭ്യതയില്‍ കുറവുണ്ട് എന്ന വാര്‍ത്തകള്‍ ഇതിനിടയില്‍ ഉണ്ടായി. മഹാരാഷ്ട്രയിലും, രാജസ്ഥാനിലും, ഹരിയാനയിലും കോവിഡ് വാക്സിന്‍ സ്റ്റോക്കില്ല എന്ന ബോര്‍ഡുകള്‍ പല ഹോസ്പിറ്റലിലും ഉയരുകയുണ്ടായി. വാക്സിന്‍ വിതരണത്തില്‍ രാഷ്ട്രീയം ഉണ്ടെന്ന പരാതിപോലും ഉന്നയിച്ച സംസ്ഥാനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് വാക്സിന് ക്ഷാമം ഇല്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന രണ്ട് കോവിഡ് വാക്സിനുകളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ ആവശ്യത്തിനുള്ള വാക്സിനുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഡല്‍ഹിയിലും വ്യാപകമായ വാക്സിന്‍ വിതരണം നടക്കുന്നുണ്ട്.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍ കാണുന്നത്. കോവിഡ് വ്യാപനം അതിവേഗം നടക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതാണ് ആശങ്ക വര്‍ദ്ധിക്കാന്‍ കാരണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും റാലികളും, റോഡ് ഷോകളും, പൊതുയോഗങ്ങളും നടത്തിയിരുന്നു. അതിന് നേതൃത്വം കൊടുത്തവരില്‍ പ്രധാനമന്ത്രി മുതല്‍ മുഖ്യമന്ത്രിമാരും, പ്രമുഖ നേതാക്കളും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, ഏതാനും സ്ഥാനാര്‍ത്ഥികളും ഇതിനകം കോവിഡ് പോസിറ്റീവായി കേരളത്തില്‍ ചികിത്സയിലുണ്ട്. വരും ദിവസങ്ങളില്‍ രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും കോവിഡ് പോസിറ്റീവാകുമെന്നാണ് സംസാരം.
തെരഞ്ഞെടുപ്പ് റാലികളെക്കാള്‍ അതിശക്തമായ കോവിഡ് വ്യാപനം നടക്കുവാന്‍ സാധ്യതയുള്ള ഒരു ഇടമാണ് ഉത്സവ കേന്ദ്രങ്ങള്‍. വടക്കേ ഇന്ത്യയിലെ കുംഭമേള നടക്കുന്ന കേന്ദ്രങ്ങളില്‍ ലക്ഷകണക്കിന് ജനങ്ങളാണ് ഒത്തു കൂടുന്നത്. സാമൂഹ്യ അകലം പാലിക്കുക എന്നത് അവിടെ അപ്രായോഗികമാണ്. മറ്റ് കോവിഡ് പ്രതിരോധ മാര്‍ഗങ്ങളും കുംഭമേള നടക്കുന്ന പ്രദേശങ്ങളില്‍ പ്രായോഗികമല്ല. കുംഭമേളയില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ കൂട്ടമായി ഗംഗയില്‍ മുങ്ങിക്കുളിച്ച് പുണ്യം നേടുമ്പോള്‍ കോവിഡ് വൈറസുകളുടെ വ്യാപനം ശക്തമായി ഉണ്ടാകുമോ എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കോവിഡിന്‍റെ ഭീകരതയെ അറിയിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാരിന്‍റെ നേത്യത്ത്വത്തില്‍ ഭക്തരിലേയ്ക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കാളികളാകുന്ന ത്യശ്ശൂര്‍ പൂരത്തിന് അനുമതി നല്‍കി കഴിഞ്ഞു. മറ്റ് ഉത്സവങ്ങള്‍ക്കും ഇലക്ഷന് മുന്‍പ് തന്നെ സര്‍ക്കാര്‍ അനുമതി നല്‍കി. അനുമതി നിഷേധിച്ച് വോട്ട് കുറയ്ക്കേണ്ടതില്ല എന്നത് ഒരു കാരണമാകാം. മാറിയ സാഹചര്യത്തില്‍ നല്‍കിയ അനുമതി നിഷേധിക്കുവാനും സാധിക്കില്ല.
രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച് പ്രധാനമന്ത്രി ജനങ്ങളോട് വാക്സിന്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കയാണ്. വൈറസിനെ കീഴ്പെടുത്താനുള്ള വഴികളില്‍ ഒന്നാണ് വാക്സിനേഷന്‍. നിങ്ങള്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് യോഗ്യരെങ്കില്‍ എത്രയും പെട്ടെന്ന് എടുക്കുക എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ആവശ്യക്കാര്‍ക്കെല്ലാം എത്രയും വേഗം വാക്സിന്‍ ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മറ്റു വാക്സിനുകള്‍ക്കും അനുമതി നല്‍കണമെന്നും രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജോണ്‍സണ്‍ ആന്‍റ് ജോണ്‍സന്‍റെ കോവിഡ് വാക്സിന്‍റെ ഇന്ത്യയിലെ പരീക്ഷണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. ഇത് ഒറ്റ ഡോസ് വാക്സിനാണെന്ന പ്രത്യേകത കൂടി ഉണ്ട്. ലോകത്തെ മരുന്നു നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഡോക്ടര്‍ റെഡ്ഡിയും സമാനമായി വാക്സിന്‍ വിതരണം ഇന്ത്യയില്‍ നടത്തുവാനുള്ള ഒരുക്കത്തിലാണ്. ഒട്ടേറെ പ്രമുഖ കമ്പനികളുടെ വാക്സിനുകളും ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ വിതരണത്തിനെത്തുന്നതോടെ എല്ലാ വിമര്‍ശനങ്ങള്‍ക്കും അറുതിയുണ്ടാകും.
കോവിഡ് വാക്സിനുകള്‍ എടുക്കുന്നതിനാല്‍ വൈറസുകള്‍ക്ക് മനുഷ്യനെ മരണപ്പെടുത്താന്‍ സാധിക്കില്ല. വാക്സിന്‍ സ്വീകരിച്ച വ്യക്തിയില്‍ നിന്ന് വൈറസ് പകരുന്നതും അപൂര്‍വ്വമാണ്. കോവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ കോവിഡ് വരാതിരിക്കില്ല എന്നത് തെറ്റായ ധാരണയാണ്. കോവിഡിന്‍റെ ആക്രമണത്തിന് ശക്തിയുണ്ടാകില്ല എന്ന് മാത്രം. സൂക്ഷിക്കുക, കൊറോണ വൈറസ് നമുക്ക് ചുറ്റിനും ഇപ്പോഴുമുണ്ട്.
