പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2021 മാര്‍ച്ച് 15 




ലോക്സഭയല്ല നിയമസഭ: ബിജെപിക്ക് എന്ത് സംഭവിക്കും...?
ലോക്സഭാ തിരഞ്ഞെടുപ്പ് പോലല്ല നിയമസഭാ തിരഞ്ഞെടുപ്പ്. എത്ര വലിയ കണക്കുകള്‍ കാണിച്ചാലും നിയമസഭയും, ലോക്സഭയും വേര്‍ത്തിരിച്ചറിയാന്‍ ജനങ്ങള്‍ പഠിച്ചിരിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നത്. ഇടത്പക്ഷം ഭരിക്കുന്ന കേരളത്തില്‍ ബിജെപിക്ക് ഒ. രാജഗോപാല്‍ വഴി ഒരു സീറ്റ് ലഭിച്ചിരുന്നു. കക്ഷിരാഷ്ട്രീയം മറന്ന് വ്യക്തിബന്ധങ്ങള്‍ മൂലം ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് അദ്ദേഹത്തെ നിയമസഭയില്‍ എത്തിച്ചത്. ഇക്കുറി സമാനമായി ജനപിന്തുണയുള്ള മൂന്നോളം പേരെങ്കിലും ജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ വോട്ടിങ്ങ് ശതമാനത്തില്‍ വലിയ വര്‍ദ്ധനവ് സംഭവിച്ചിട്ടില്ല എന്നത് കഴിഞ്ഞ കാല തിരഞ്ഞെടുപ്പ് കണക്കുകള്‍ ചൂണ്ടി കാണിക്കുന്നു. 2019ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 123 സീറ്റുകളിലും യുഡിഎഫ് മുന്നണിക്കാണ് ഭൂരിപക്ഷം. 16 നിയമസഭാ സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നണിക്ക് മുന്നില്‍ എത്താന്‍. ബിജെപി ഒരു സീറ്റിലും മുന്നിലാണ്. കോണ്‍ഗ്രസ് (36.46 %), സിപിഐഎം (25.97%), മുസ്ലീം ലീഖ് (5.48%), കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് (2.08%), ആര്‍എസ്പി (2.46%), ബിജെപി (13%), സിപിഐ (6.08%) എന്നിങ്ങനെയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പാര്‍ലമെന്‍റിലെ വോട്ട് ശതമാനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ മുഖഛായ മാറ്റുകയും തുടര്‍ഭരണം ഉറപ്പിക്കുകയും ഉണ്ടായി.

ഇതിനിടയില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നു. സ്പ്രിങ്ക്ളര്‍ അഴിമതിയായിരുന്നു ആദ്യമായി ഉയര്‍ന്നു വന്നത്. സ്വര്‍ണ്ണകടത്തായി പിന്നീട്. ലൈഫ് മിഷന്‍ അഴിമതിയാണ് അതു കഴിഞ്ഞ് വന്നത്. പിന്‍വാതില്‍ നിയമനത്തിന് പിന്നാലെ ആഴക്കടല്‍ മത്സ്യബന്ധന കാരാറായി പുതിയ അഴിമതി കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു. അഴിമതി ഉയര്‍ത്തുന്ന ഒരാളും അത് തെളിയിക്കാന്‍ കാത്തു നില്‍കാതെ മറ്റൊന്നിലേയ്ക്ക് പോകുന്നു. സ്പ്രിങ്ക്ളറും, സ്വര്‍ണ്ണ കടത്തും, ലൈഫ് മിഷനും എന്തായി എന്നത് സാമന്യ ജനത്തിന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല. അതൊക്കെ നീറി, നീറി കൊണ്ടിരിക്കുകയാണ്.

രാജ്യം മുഴുവന്‍ വെട്ടിപിടിക്കാന്‍ ബിജെപി നേത്യത്ത്വം നല്‍കുന്ന എന്‍ഡിഎ വലിയ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. അപ്രഖ്യാപിത അടിയന്തിരാവസ്ഥ തന്നെയാണ് ഇവിടെ നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പും, തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ട് ശതമാനം ഒന്ന് നോക്കാം. ബീഹാറില്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 53.25% ആയിരുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 37% മാത്രമായി. ജാര്‍ക്കണ്ഡില്‍ 2019ല്‍ ലോക്സഭയില്‍ 55% വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചപ്പോള്‍ അതേ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33% മാത്രമായി. സമാനമായി ഹരിയാനയില്‍ 2019 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 58%വും, നിയമസഭയില്‍ 36% വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് നേടുവാന്‍ സാധിച്ചത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ എന്‍ഡിഎയ്ക്ക് 2019 പാര്‍ലമെന്‍റില്‍ 56%വും, 2020 നിയമസഭയില്‍ 38%വും, ഒടുവില്‍ 2021ലെ തദ്ദേശ ഭരണ ഉപതിരഞ്ഞെടുപ്പില്‍ 21.84% വോട്ടുകളുമാണ് ലഭിച്ചത്. മുന്‍പ് പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ദിശസൂചികയാണ്. കര്‍ഷക സമരത്തോടെ രാഷ്ട്രീയ കണക്കുകള്‍ മാറുന്നു. വരാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുവാന്‍ പോകുന്നത് അതായിരിക്കും. പാര്‍ലമെന്‍റല്ല, നിയമസഭ.

നേമത്തിന്‍റെ കണക്ക് പുസ്തകം.
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന നിയോജക മണ്ഡലമാണ് നേമം. പാര്‍ലമെന്‍റ് സ്ട്രീറ്റിലും ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് മറ്റൊന്നല്ല. നേമം നിയോജക മണ്ഡലത്തില്‍ എംഎല്‍എ ആയി 2016 ല്‍ ജയിച്ചത് ഒ. രാജഗോപാല്‍ ആയിരുന്നു. 47.46 ശതമാനം വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.  സിപിഎം 41.39 ശതമാനം വോട്ടുകളാണ് നേമത്ത് നേടിയത്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിക്ക് ലഭിച്ചതാകട്ടെ 9.7 ശതമാനം വോട്ടുകളാണ്. 2006 ല്‍ കോണ്‍ഗ്രസിന് 60, 884 വോട്ടുകള്‍ നേമത്ത് ലഭിച്ചതാണ്. 2011 ല്‍ അത് 20,248 വോട്ടുകളിലേയ്ക്കും, 2016 ല്‍ വെറും 13,860 വോട്ടുകളിലേയ്ക്കും ചുരുങ്ങി. ബി.ജെ.പി യുടെ നേമത്തെ വളര്‍ച്ച എടുത്തു പറയേണ്ടതാണ്. 2006 ല്‍ 6705 വോട്ടുകള്‍ മാത്രമുണ്ടായ ബിജെപി 2011 ല്‍ 43,661 വോട്ടും, 2016 ല്‍ 67,813 വോട്ടുകളുമായി ഉയര്‍ത്തി. ഒ രാജഗോപാലായിരുന്നു ബിജെപിയുടെ നേമത്തെ സ്ഥാനാര്‍ത്ഥി. 2016 ല്‍ ഒ. രാജഗോപാല്‍ ജയിക്കുകയും, ബിജെപിയുടെ ആദ്യ എം.എല്‍.എയുമായി. അദ്ദേഹത്തോട് ജനങ്ങള്‍ക്കുണ്ടായ ബഹുമാനവും, അടുപ്പവും, കോണ്‍ഗ്രസിന്‍റെ രഹസ്യ പിന്തുണയും വിജയത്തിന് കാരണമായി. സിപിഎമ്മിന് കഴിഞ്ഞ മൂന്ന് വര്‍ഷം ലഭിച്ച വോട്ടുകള്‍ കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 2006 ല്‍ 50,135 വോട്ടുകളും, 2011 ല്‍ 50,076 വോട്ടും നേടി. 2016 ല്‍ സിപിഎം വോട്ടുകള്‍ 59,142 ആയി ഉയരുകയാണുണ്ടായത്. 2006 ലെ 60,884 വോട്ടുകളില്‍ നിന്ന് 2016 ല്‍ 13,860 വോട്ടുകള്‍ മാത്രം നേടിയ കോണ്‍ഗ്രസിന്‍റെ മണ്ഡലത്തിലെ തകര്‍ച്ചയാണ് ഇപ്പോള്‍ അവരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന് പക്ഷെ ഈ കാലയളവില്‍ വളര്‍ച്ചയാണ് നേമത്ത് ഉണ്ടായത്. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ ഈ കണക്ക് പുസ്തകം കൊണ്ട് ഗണിച്ചെടുക്കാം. കാരണം കോണ്‍ഗ്രസ് ശക്തനായ ലീഡറുടെ ശക്തനായ മകന്‍ മുരളിയെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നു. ശിവന്‍കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കളത്തില്‍ തന്നെ തുടരുകയാണ്. ബിജെപിയെ പ്രതിനിധീകരിച്ച് കുമ്മനം രാജശേഖരന്‍ മുന്‍ എംഎല്‍എ ഒ. രാജഗോപാലിന് പകരമായി എത്തിയിരിക്കുന്നു...

ഡല്‍ഹി സര്‍ക്കാരിനെ കൂച്ചുവിലങ്ങിടാന്‍ ബിജെപി
രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്തു കൊണ്ടിരിക്കുകയാണെന്ന് പറയേണ്ട കാര്യമില്ല. കോടതി പോലും കേന്ദ്ര സര്‍ക്കാരിന്‍റെ വരുതിയില്‍ ഏതാണ്ടായി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രധാന അന്വേഷണ സംഘങ്ങള്‍ക്ക് വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു. രാജ്യ തലസ്ഥാനമായ ഡല്‍ഹി പിടിച്ചടക്കാം എന്നത് അടുത്തകാലത്തൊന്നും സാധ്യമല്ല എന്ന തിരിച്ചറിവ് ബിജെപിക്ക് തോന്നി തുടങ്ങിയതായി കരുതണം. 2014ല്‍ നരേന്ദ്ര മോദി മ്യഗീയ ഭൂരിപക്ഷത്തോടെ പാര്‍ലമെന്‍റില്‍ കയറിയതിന് പിന്നാലെയായിരുന്നു 2015ല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. മോദി നേരിട്ട് ആറ് പൊതു പരിപാടികളില്‍ പ്രസംഗിച്ചു. റോഡ് ഷോ നടത്തി. പക്ഷെ ഒരു ക്കൈയ്യിലെ മുഴുവന്‍ വിരലിലെണ്ണാന്‍ പോലുമില്ലാത്ത അംഗങ്ങളേ ജയിച്ചിരുന്നുള്ളൂ. 2019ല്‍ വീണ്ടും നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തി. 2020 ഡല്‍ഹി നിയമസഭ ആംആദ്മിക്കൊപ്പം നിന്നു. 2021ല്‍ അഞ്ച് മുനിസിപ്പല്‍ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരിടത്തും വിജയിക്കാനായില്ല. ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി 2021ല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മോശമല്ലാത്ത വിജയം നേടി. രാജ്യതലസ്ഥാനത്തെ സ്ഥിതി പരുങ്ങലിലായ ബിജെപി നേത്യത്ത്വം നാഷണല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി (ഭേദഗതി) ബില്ല് 2021 അവതരിപ്പിച്ച് പാസാക്കി എല്ലാ അധികാരവും ലെഫ്റ്റനന്‍റ് ഗവര്‍ണറില്‍ നിക്ഷിപ്തമാക്കാനാണ് ഈ ബില്ല് വഴി ശ്രമം. കര്‍ഷക ബില്ല് പോലെ ഈ ബില്ലും രാജ്യ തലസ്ഥാനത്ത് വലിയ പ്രക്ഷോഭത്തിന് കാരണമാകുമെന്ന് വിലയിരുത്താം.

ഡല്‍ഹിയില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അംഗീകാരത്തോടെ മാത്രമേ സര്‍ക്കാരിന് എന്തും നടപ്പിലാക്കാന്‍ സാധിക്കൂ എന്നതാണ് അവതരിപ്പിച്ച ബില്ലിന്‍റെ സാരം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് അധികാരം എന്ന് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് അതിനെ വെല്ലുവിളിച്ച് ബില്ല് കേന്ദ്ര അഭ്യന്തിര സഹമന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭയില്‍ അവതരിപ്പിച്ച ബില്ല് പിന്‍വലിക്കണമെന്നും, അതിനായി ഏത് അറ്റം വരെ പോകുവാനും തയ്യാറാകുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മുന്നറിയിപ്പ് നല്‍കി. ധൈര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയാണ് വേണ്ടതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ നേത്യത്ത്വത്തില്‍ മന്ത്രിമാരും, എംഎല്‍എമാരും, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ജന്തര്‍ മന്ദിറില്‍ ബില്ലിനെതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആംആദ്മി പാര്‍ട്ടിയുടെ തുടക്കം ജന്തര്‍ മന്ദിറില്‍ നിന്നായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഡല്‍ഹിയുടെ അതിര്‍ത്തികളിലെ കര്‍ഷക സമരം തുടരുകയാണ്. ഡല്‍ഹിക്കുള്ളില്‍ ആംആദ്മി പാര്‍ട്ടി സമരം ശക്തമാക്കിയാല്‍ അത് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കും.