1987ലെ നായനാര്‍ മന്ത്രിസഭയും, വിശേഷങ്ങളും

രാഷ്ട്രീയവും കാര്‍ട്ടൂണും
സുധീര്‍ നാഥ്

1987ലെ നായനാര്‍ മന്ത്രിസഭയും, വിശേഷങ്ങളും

തകര്‍ന്ന് തരിപ്പണമായി എന്ന് കൊട്ടിഘോഷിച്ച ഇടത്പക്ഷം വന്‍ വിജയം കൊയ്ത തിരഞ്ഞെടുപ്പായിരുന്നു 1987ലേത്. ഒട്ടേറെ ആരോപണങ്ങള്‍ മുന്‍ മുഖ്യമന്ത്രിയായ കെ. കരുണാകരനെതിരെ പ്രതിപക്ഷത്തായിരുന്ന ഇടത് പക്ഷം കൊണ്ടു വന്നത് വിജയത്തെ കാര്യമായി തന്നെ സ്വാധീനിച്ചിരുന്നു. ഇടത്പക്ഷത്തിന്‍റെ പ്രചരണത്തിന് ശക്തി പകരാന്‍ പാകത്തിനുള്ള ഒട്ടേറെ വിഷയങ്ങള്‍ അന്ന് ഉയര്‍ന്ന് വന്നിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിചീടും എന്ന പ്രശസ്ത മുദ്രാവാക്യവും ഈ കാലത്താണ് ഉയര്‍ന്നത്. പക്ഷെ അവര്‍ മുഖ്യമന്ത്രിയായില്ല.

ഇടത്പക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയും, ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായെങ്കിലും പല അഭ്യന്തിര പ്രശ്നങ്ങളും ഭരണത്തെ ബാധിച്ചിരുന്നു. ഭരണം അട്ടിമറിയിലൂടെ ലഭിക്കുമോ എന്ന് പ്രതിപക്ഷ നേതാവായ കെ. കരുണാകരന്‍ ശ്രമിക്കാതെയും ഇരുന്നില്ല. തുടക്കത്തില്‍ ഭരണത്തെ കാര്യമായി ഇതൊക്കെ ബാധിച്ചു എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.

പാക്കനാര്‍ എന്ന പേരില്‍ വെട്ടൂര്‍ രാമന്‍ നായരുടെ പത്രാധിപത്യത്തില്‍ ഒരു കാര്‍ട്ടൂണ്‍, ഹാസ്യമാസിക ഇറങ്ങിയിരുന്നു. 1987 ജൂണ്‍ മാസം ഇറങ്ങിയ പാക്കനാരിന്‍റെ കവര്‍ കാര്‍ട്ടൂണ്‍ വരച്ചത് സുകുമാറായിരുന്നു. നാട്ടില്‍ സാധാരണ പ്രായം ചെന്നവര്‍ പുതുമോടികളോട് ചോദിക്കുന്ന ചോദ്യമാണ് കമന്‍റ്. മാസം മൂന്നായിട്ടും വിശേഷമൊന്നുമില്ലേ എന്ന്...? പ്രായമായ സ്ത്രീ ജനമാകുന്ന പുതുമണവാട്ടിയോടാണ് ചോദ്യം. മണവാളനായി മുഖ്യമന്ത്രി നായനാര്‍ ചാരു കസേരയില്‍ വിശ്രമിക്കുന്നു. ജനത്തെ സ്വാധീനിക്കാന്‍ നോക്കുന്ന പ്രതിപക്ഷ നേതാവ് കരുണാകരനേയും കാണാം.