പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2021 മാര്‍ച്ച് / കേരള ശബ്ദം 


ഡല്‍ഹിയിലെ ഉപതിരഞ്ഞെടുപ്പ് ഫലം
ഡല്‍ഹിയിലെ അഞ്ച് തദ്ദേശഭരണ പ്രദേശത്തിലെ വാര്‍ഡുകളില്‍ വാശിയേറിയ ഉപതിരഞ്ഞെടുപ്പ് നടന്നു. നാല് വാര്‍ഡുകളിലെ ആംആദ്മി പാര്‍ട്ടി മെമ്പര്‍മാര്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതു കൊണ്ടും, ഒരു ബി.ജെ.പി. അംഗം മരണപ്പെട്ടതു കൊണ്ടുമാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2022ല്‍ ഡല്‍ഹിയില്‍ തദ്ദേശഭരണ പ്രദേശത്തിലെ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കെയാണ് ഇപ്പോള്‍ ഒരു ഉപതിരഞ്ഞെടുപ്പ് എന്നത് വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. ഡല്‍ഹിയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അഞ്ചില്‍ നാല് സീറ്റ് ആംആദ്മി പാര്‍ട്ടി ജയിച്ചു. അവര്‍ ജയിച്ചിരുന്ന ഒരു വാര്‍ഡില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു. പക്ഷെ ബി.ജെ.പി. ജയിച്ച വാര്‍ഡ് പിടിച്ചെടുത്ത് ആംആദ്മി പാര്‍ട്ടി നാല് സീറ്റ് നില നിര്‍ത്തി. ഒരിടത്തും ബി.ജെ.പിക്ക് ജയിക്കാനായില്ല എന്നത് കൗതുകകരമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചനയാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇനി വോട്ടിങ്ങ് ശതമാനം നോക്കാം. 46.10% വോട്ടുകള്‍ ആംആദ്മി പാര്‍ട്ടി കരസ്ഥമാക്കി. 27.29% ബി.ജെ.പി. നേടി. 21.84% കോണ്‍ഗ്രസ് നേടി. ജനാധിപത്യത്തിലെ ഒരു വിചിത്രമായ കണക്കാണിത്. 21.84% വോട്ടു കിട്ടിയ കോണ്‍ഗ്രസ്സിന് അഞ്ചില്‍ ഒരു സീറ്റ് ജയിക്കാനായി. 27.29% കിട്ടിയ ബി.ജെ.പിക്ക് ഒരിടത്തും വിജയിക്കാനായില്ല. അതായത് കോണ്‍ഗ്രസ് വിജയിച്ച സീറ്റില്‍ പരമാവധി വോട്ടുകള്‍ അവര്‍ നേടിയിട്ടുണ്ട്.

രാജ്യാന്തര ഡിജിറ്റല്‍ പുസ്തകമേള
ഡല്‍ഹിയില്‍ രാജ്യാന്തര പുസ്തകമേള തുടങ്ങി. പഴയതു പോലെ പ്രഗതി മൈതാനിയില്‍ ഇനി പോകേണ്ടതില്ല. ഡിജറ്റലായാണ് ഈ വര്‍ഷം പുസ്തക മേള നടക്കുന്നത്. പ്രഗതി മൈതാന്‍ പൊളിച്ചു മാറ്റിയത് ഒരു കാരണം. അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നത് മറ്റൊരു കാരണം. കോവിഡ് മഹാമാരിയുടെ കാലമാണെന്നത് മൂന്നാമത്തെ കാരണം. നാഷ്ണല്‍ ബുക്ക് ട്രെസ്റ്റ് നടത്തുന്ന വെര്‍ച്ച്വല്‍ പുസ്തക മോള മാര്‍ച്ച് 9ന് കഴിഞ്ഞപ്പോള്‍ ലക്ഷകണക്കിന് അക്ഷര പ്രേമികളാണ് ഇത്തവണത്ത പുസ്തക മേളയില്‍ വെര്‍ച്ച്വലായി പങ്കെടുത്തത്. സെമിനാറുകളും, എഴുത്തുകാരുമായുള്ള സംവാദവും, പുസ്തക പ്രകാശനവും, സാംസ്കാരിക പരിപാടികളും മുടക്കം കൂടാതെ ഇത്തവണ ഉണ്ടായി. പുസ്തക വില്‍പ്പനയും ഓണ്‍ലൈനായി നടന്നതായി സംഘാടകര്‍ പറഞ്ഞു. ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ളവരും ഇക്കുറി പുസ്തക മേളയുടെ ഭാഗമായി എന്ന പ്രത്യേകതയും ഇക്കുറി ഉണ്ട്.

സൂക്ഷിച്ച് സംസാരിക്കുക, നിങ്ങള്‍ നിരീക്ഷണത്തിലാണ്
രാജ്യത്തെ ജനങ്ങള്‍ സൂക്ഷിച്ച് സംസാരിക്കണം. കേന്ദ്ര സര്‍ക്കാരിനെതിരെ തുടരെ തുടരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ പ്രത്യേകിച്ചും. അവര്‍ നാല് പേരെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണെങ്കില്‍ ആദായ നികുതി വകുപ്പ്, ഇ.ഡി, സി.ബി.ഐ തുടങ്ങി പല ഏജന്‍സികളും  നിങ്ങളെ തേടി വരാം. ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ അഭിപ്രായപ്രകടനം നടത്തിയ അനുരാഗ് കശ്യപും,  തപ്സി പന്നുവുമാണ് ഒടുവില്‍ കേന്ദ്ര ഏന്‍സി വലയില്‍ വീണത്. പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ അനുരാഗ് കശ്യപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, അമിത്ത് ഷായേയും പേരെടുത്ത് വിമര്‍ശിച്ചിരുന്നു. കര്‍ഷക സമരത്തെക്കുറിച്ചുള്ള പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച്  സെലിബ്രിറ്റികള്‍ രംഗത്ത് വന്നപ്പോള്‍ അവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതില്‍ തപ്സി പന്നു ശ്രദ്ധേയമായിരുന്നു. കര്‍ഷക സമരത്തിന് ഇരുവരും അനുഭാവ നിലപാട് പരസ്യമാക്കിയിരുന്നു. മോദിയേയും, കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിക്കുന്നവരെ കേന്ദ്ര അന്വേഷണ സംഘങ്ങള്‍ വളയുന്ന വിചിത്രമായ നടപടിയാണ് രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മോദിയേയും, സര്‍ക്കാരിനേയും അനുകൂലിക്കുന്നവര്‍ക്ക് സുരക്ഷിത ബോധമുണ്ട്.

മമത തീരുമാനിച്ചു, നന്ദീഗ്രാം മാത്രം
അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി ഏറ്റവും ശ്രദ്ദേയമായ മണ്ഡലം ബംഗാളിലെ നന്ദീഗ്രാം തന്നെ. മമതാ ബാനര്‍ജിയെ 50,000 വോട്ടിന് തോല്‍പ്പിക്കുമെന്നാണ് അടുത്തിടെ ബി.ജെ.പിയിലേയ്ക്ക് കൂറ് മാറിയ മുന്‍ മമതാ സഹസഞ്ചാരിയും സിറ്റിങ്ങ് എം.എല്‍.എയുമായിരുന്ന സുവേന്ദു അധികാരി ബി.ജെ.പി. വേദിയില്‍ വിളിച്ച് പറഞ്ഞത്. ഭവാനിപ്പൂരില്‍ നിന്ന് നന്ദീഗ്രാമില്‍ മാത്രം മത്സരിക്കാനിറങ്ങിയാണ് മമത ബാനര്‍ജി സുവേന്ദുവിന്‍റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നത്. മമത തോല്‍വി ഭയന്നാണ് ഭവാനിപ്പൂരില്‍ നിന്ന് മാറി നന്ദീഗ്രാമില്‍ അഭയം തേടിയിരിക്കുന്നത് എന്നാണ് ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ട്വിറ്ററിലൂടെ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, അഭ്യന്തിര മന്ത്രി അമിത്ത് ഷായ്ക്കും ബംഗാളില്‍ കേന്ദ്ര സേനയെ ഇറക്കാന്‍ മാത്രമേ സാധിക്കൂ എന്നും, ബംഗാളില്‍ ത്രിണമുല്‍ അധികാരം പിടിച്ചെടുക്കുമെന്നും മമത പറയുന്നു. എട്ട് ഘട്ടങ്ങളായി നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ത്രിണമുലിന്‍റെ എല്ലാ സ്ഥാനാര്‍ത്ഥികളേയും മമത പ്രഖ്യാപിച്ചു.  പട്ടികയില്‍ 50 പേര്‍ സ്ത്രീകളാണ്. 45 മുസ്ലീം സ്ഥാനാര്‍ഥികളുണ്ട്. 79 പേര്‍ പട്ടികജാതി വിഭാഗത്തില്‍നിന്നും 17 പേര്‍ പട്ടികവര്‍ഗ വിഭാഗക്കാരുമാണ്. 24 ഓളം എംഎല്‍എമാരെ ഇത്തവണ പരിഗണിച്ചിട്ടില്ല. 80 വയസ് പിന്നിട്ടവരെ ഒഴിവാക്കി. പരിചയ സമ്പന്നരെ എള്‍പ്പെടുത്തി വിധാന്‍ പരിഷത്ത് രൂപീകരിക്കുമെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷക നേതാക്കള്‍ തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍
രാജ്യത്തെ കര്‍ഷകര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി നടത്തുന്ന സമരം നൂറ് ദിവസം പിന്നിടുന്നു. കര്‍ഷക സമരം തുടങ്ങിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. അവിടെയൊന്നും കര്‍ഷക നേതാക്കള്‍ പ്രചരണത്തിന് പോയിരുന്നില്ല. ഇപ്പോള്‍ നടക്കുവാന്‍ പോകുന്ന അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കര്‍ഷക നേതാക്കള്‍ ബി.ജെ.പിക്കെതിരെ കര്‍ഷക കൂട്ടായ്മ നടത്തുവാന്‍ ഒരുങ്ങുന്നു. ആര്‍ക്ക് വോട്ട് ചെയ്യണമെന്നല്ല, കര്‍ഷക വിരുദ നിലപാടെടുത്ത ബി.ജെ.പിയുടെ യഥാര്‍ത്ഥ താത്പര്യം ജനങ്ങളെ അറിയിക്കും. കോര്‍പ്പറേറ്റുകളെ സഹായിക്കുകയും, കര്‍ഷകരെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടെടുത്തവരെ തോല്‍പ്പിക്കണം എന്ന സന്ദേശം മാത്രമേ ഉദ്ദേശമുള്ളൂ എന്നാണ് ഒരു കര്‍ഷക നേതാവ് പറഞ്ഞത്.

ഇന്ദിരാ ഗാന്ധിയേയും കെട്ടുകെട്ടിക്കുന്നു
ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരിലുള്ള ഓരോ സ്ഥാപനങ്ങളും കെട്ടിടങ്ങളും പേരുമാറ്റുകയും, പൊളിച്ചു മാറ്റുകയും ചെയ്തതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയിലേയ്ക്കും തിരിഞ്ഞിരിക്കുകയാണ്. ഡല്‍ഹിയിലെ മര്‍മ്മ പ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്ട്സ് ജന്‍പത് ഹോട്ടലിന്‍റെ കെട്ടിടത്തിലേയ്ക്ക് മാറ്റുന്ന നടപടി തുടങ്ങി. മൂന്ന് ലക്ഷത്തിലേറെയുള്ള കലാ രംഗവുമായി ബന്ധപ്പെട്ട അപൂര്‍വ്വ പുസ്തകങ്ങളും, ഒരു ലക്ഷത്തിലേറെയുള്ള അപൂര്‍വ്വ സ്ലൈഡുകളും, മൂന്ന് ലക്ഷത്തിലേറെയുള്ള പ്രമുഖരുടെ ക്കൈയ്യെഴുത്ത് പ്രതികളും, വിലപിടിപ്പുള്ള പെയിന്‍റിങ്ങുകളും, ശില്‍പ്പങ്ങളും സുരക്ഷിതമായി പുതിയ കേന്ദ്രത്തിലേയ്ക്ക് മാറ്റുവാന്‍ ഉദ്യോഗസ്ഥര്‍ കെട്ടു കെട്ടുകയാണ്. വലിയ പ്രതിഷേധം കലാകാരന്‍മാരുടെ ഇടയില്‍ നിന്ന് ഉണ്ടായതിനെ തുടര്‍ന്ന് താത്കാലികമായിട്ടാണ് മാറ്റമെന്നും. പഴയ കെട്ടിടങ്ങള്‍ മാറ്റി പുതുക്കി പണിത ശേഷം തിരികെ ഇവിടെ തന്നെ ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്ട്സ് പ്രവര്‍ത്തിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. 10.10 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്ട്സ് 1985ല്‍ രാജീവ് ഗാന്ധി ഉത്ഘാടനം ചെയതതാണ്. ഇവിടെ ലോക പ്രശസ്തര്‍ മുതല്‍ ഗ്രാമീണ കലാകാരന്‍മാര്‍ വരെയുള്ള ഒട്ടേറെ കലാകാരന്‍മാര്‍ക്ക് വേദിയായിട്ടുണ്ട്. സെന്‍റര്‍ വിസ്താ പ്രെജക്റ്ററിന്‍റെ ഭാഗമായി എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കുവാനാണ് സര്‍ക്കാര്‍ നടപടി. കോടികള്‍ ചിലവാക്കി പണിത കെട്ടിടങ്ങള്‍ പോലും പൊളിച്ചു നീക്കുന്നതില്‍ ഉള്‍പ്പെടുന്നുണ്ട്.