കേണ്‍ഗ്രസിന്‍റെ കൈപ്പത്തി വന്ന വഴി

കേണ്‍ഗ്രസിന്‍റെ കൈപ്പത്തി വന്ന വഴി
സുധീര്‍ നാഥ് 

അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഭരണം നഷ്ടപ്പെടുകയും, കോണ്‍ഗ്രസിന്‍റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയും ചെയ്യുന്ന സമയം. പശുവും കിടാവുമായിരുന്നു കോണ്‍ഗ്രസിന്‍റെ ചിഹ്നം. കോണ്‍ഗ്രസിലെ തര്‍ക്കം കാരണം ചിഹ്നമായ പശുവും കിടാവും ഇലക്ഷന്‍ കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെ കുറിച്ച് ഇന്ദിരാ ഗാന്ധിയോട് പറയുന്നത് അന്നത്തെ സുപ്രീം കോടതി ജഡ്ജി പി.എസ്. കൈലാസത്തിന്‍റെ ഭാര്യ സുന്ദര കൈലാസമാണ്. ദേവിയുടെ കൈയ്യാണ് അവിടെ പ്രതിഷ്ഠയെന്നും, ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിന് വലിയ ശക്തിയാണെന്നും ഇന്ദിരയോട് അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നിര്‍ദ്ദേശിച്ചത് സുന്ദര കൈലാസമാണ്. കൈലാസത്തിന്‍റേയും, സുന്ദര കൈലാസത്തിന്‍റെയും മകള്‍ നളിനിയുടെ ഭര്‍ത്താവാണ് പില്‍കാലത്ത് പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി. ചിദംബരം. സുന്ദര കൈലാസത്തിന് നെഹ്റു കുടുംബമായി ശക്തമായ വ്യക്തി  ബന്ധമുണ്ടായിരുന്നു.

കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നതോടെ ഇന്ദിരാ കോണ്‍ഗ്രസ് ഔദ്യോഗികമായി കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു. ആന്ധ്രാപ്രദേശിലും, കര്‍ണ്ണാടകയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ഇന്ദിരാ കോണ്‍ഗ്രസ് ആദ്യമായി കൈ ചിഹ്നത്തില്‍ മത്സരിക്കുന്നത്. 1979ല്‍ കെ.എസ്.യു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ദിരാഗാന്ധി പാലാക്കാടെത്തിയപ്പോള്‍ കൈപ്പത്തിയായിരുന്നു ചിഹ്നം. 1980ല്‍ രണ്ടാം തവണ ഇന്ദിര പാലക്കാടെത്തിയത് വി.എസ്. വിജയരാഘവന്‍റെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ്. 1980ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനും ഇന്ദിരാ ഗാന്ധി പാലക്കാടെത്തി.

1982ല്‍ പാലക്കാട് നിന്നുള്ള പാര്‍ലമെന്‍റ് അംഗം വി.എസ്. വിജയരാഘവന്‍ തനിക്ക് ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച കൈപ്പത്തി വിഗ്രഹമുള്ള ലോക്കറ്റ് ഇന്ദിരാ ഗാന്ധിയെ കാണിക്കുന്നു. ഏമൂര്‍ ഹേമാംബികാ ഭാഗവതി  ക്ഷേത്രത്തെ കുറിച്ച് തനിക്കറിയാമെന്ന് പറഞ്ഞ അവര്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ താത്പര്യം പ്രകടിപ്പിക്കുന്നു. വിവരം അദ്ദേഹം മുഖ്യമന്ത്രിയായ കെ. കരുണാകരനെ അറിയിക്കുന്നു. ക്ഷേത്ര ദര്‍ശനം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച ഇന്ദിരാ ഗാന്ധിക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തത് മുഖ്യമന്ത്രിയായ കെ. കരുണാകരനായിരുന്നു. കോണ്‍ഗ്രസ് നേതാവും അന്ന് മുഖ്യമന്ത്രിയുമായ കെ. കരുണാകരന് ദേശിയ നേത്യത്ത്വത്തില്‍ നല്ല പിടിപാടുണ്ടായിരുന്ന കാലമാണ്. മലമ്പുഴയിലെ മൂന്ന് പഞ്ചായത്തിന്‍റെ ജലസേചന പദ്ധതിയുടെ ഉത്ഘാടനം, ക്ഷേത്ര ദര്‍ശനം, പാലക്കാട് പൊതുയോഗം എന്നീ മൂന്ന് പരിപാടികള്‍ക്കായി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എത്തി.

1982 ഡിസംബര്‍ മാസം 13ാം തിയതി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച ദേവിയുടെ കൈകളില്‍ അവര്‍ തൊഴുതു. കൈപ്പത്തി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായി സ്വീകരിച്ച ശേഷം മൂന്ന് തവണ പാലക്കാടെത്തിയെങ്കിലും നാലാം തവണ മാത്രമാണ് അവര്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നം സ്വീകരിച്ച ദേവിയുടെ ക്കൈകള്‍ കണ്ട് അനുഗ്രഹം വാങ്ങാന്‍ എത്തിയത്.

കേരളത്തിലെ പാലക്കാട് ജില്ലയിലെ അകത്തേതറ ഗ്രാമത്തിലെ കല്ലേകുളങ്ങര ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ കൈപ്പത്തിയാണ്. ഭക്തരെ അനുഗ്രഹിക്കുന്ന രീതിയില്‍ രണ്ട് കൈകളാണ് ശ്രീകോവിലില്‍ ഉള്ളത്. മുഖ്യ പ്രതിഷ്ഠ കൈപ്പത്തികളാകയാല്‍ കൈപ്പത്തി ക്ഷേത്രം എന്ന പേരിലും ക്ഷേത്രം പ്രശസ്തമാണ്. മറ്റ് ഉപദേവതകളൊന്നും ക്ഷേത്രത്തിലില്ല. ഇന്ത്യയില്‍ കൈപ്പത്തി പ്രതിഷ്ഠയുള്ള ഒരേ ഒരു ക്ഷേത്രമെന്ന പ്രത്യേകതയും കല്ലേകുളങ്ങര ഏമൂര്‍ ഭാഗവതി ക്ഷേത്രത്തിനുണ്ട്.

കേരളത്തെ സ്യഷ്ടിച്ച പരശുരാമന്‍, കേരളത്തിന്‍റെ അഭിവ്യദ്ധിക്കായി നാല് അംബികാക്ഷേത്രം നിര്‍മ്മിച്ചതായാണ് ഐതീഹ്യം. കന്യാകുമാരിയില്‍ ബാലാംബികയായും, വടകര ലോകനാര്‍കാവില്‍ ലോകാംബികയായും, കൊല്ലൂരില്‍ മൂകാംബികയായും, അകത്തേത്തറയില്‍ ഹേമാംബികയെയുമായാണ് പരശുരാമന്‍ പ്രതിഷ്ഠിച്ചത്. പ്രഭാതത്തില്‍ സരസ്വതീ ദേവിയെയും, മധ്യാഹ്നത്തില്‍ ലക്ഷ്മീ ദേവിയേയും, സന്ധ്യക്ക് ദുര്‍ഗാ ദേവിയായും, ഐശ്വര്യ പ്രദായിനിയായ ഹേമാംബികയെ ആരാധിക്കുന്നു. ഈ ക്ഷേത്രത്തിലെ ആരാധനാക്രമങ്ങള്‍ ആദിശങ്കരാചാര്യര്‍ ചട്ടപ്പെടുത്തിയതാണെന്നാണ് വിശ്വാസം. പ്രഭാതത്തില്‍ സരസ്വതീ ദേവിയായതിനാല്‍ പണപ്പായസവും, മധ്യാഹ്നത്തില്‍ ലക്ഷ്മീയായതിനാല്‍ പാല്‍പ്പായസവും, സന്ധ്യക്ക് ദുര്‍ഗാദേവിയായതിനാല്‍ കടുംപായസവും ആണ് ഇവിടുത്തെ വഴിപാട്.

ദേവിയുടെ മൂലസ്ഥാനം കരിമലയാണ്. ദേവിയുടെ ഉപാസകന്‍ പാലക്കാട് കൂറൂര്‍ മനയിലെ നമ്പൂതിരിപ്പാടും, കൈമുക്ക് നമ്പൂതിരിപ്പാടും ആയിരുന്നു. പ്രായമായ നമ്പൂതിരിപ്പാടിന് പതിവായി കരിമലയില്‍ പോയി ദേവിയെ പൂജിക്കാന്‍ സാധിക്കാതെ വന്നു. ഒരിക്കല്‍ കരിമലയില്‍ പോയി ദേവിയെ പൂജിച്ച് ക്ഷീണിച്ച് കഴിഞ്ഞ് മടങ്ങി എത്തിയ നമ്പൂതിരിപ്പാടിന്‍റെ സ്വപ്നത്തില്‍ അംബികാദേവി പ്രത്യക്ഷപ്പെട്ടു. നമ്പൂതിരിപ്പാടിന്‍റെ പൂജകളിലും, ഭക്തിയിലും ത്യപ്തയായ ദേവി കൂറൂര്‍ മനയുടെ സമീപമുള്ള കുളത്തില്‍ പ്രത്യക്ഷപെടുമെന്നും, പൂര്‍ണ്ണരൂപം ദര്‍ശിച്ചതിന് ശേഷം മാത്രമേ സംസാരിക്കുവാന്‍ പാടുള്ളൂ എന്നും അരുളി ചെയ്തു. തന്‍റെ ഭക്തനും വയോ വ്യദ്ധനുമായ കൂറൂര്‍ നമ്പൂതിരിപ്പാടിന് ദര്‍ശന സൗഭാഗ്യം നല്‍കി അനുഗ്രഹിക്കാനാണ് കല്ലേകുളങ്ങരയിലേയ്ക്ക് എഴുന്നള്ളിയതെന്നാണ് വിശ്വാസം. ദേവിയുടെ രണ്ട് കരങ്ങളാണ് കുളത്തില്‍ ആദ്യം പൊന്തി വന്നത്. ദേവിയുടെ രണ്ട് കൈപ്പത്തികള്‍ കണ്ടതോടെ നമ്പൂതിരിപ്പാട് ഞാന്‍ കണ്ടു എന്ന് ഭക്തിയോടെ വിളിച്ച് പറഞ്ഞു. അതോടെ നമ്പൂതിരിപ്പാടിനെ അനുഗ്രഹിച്ച് ദേവി അപ്രത്യക്ഷമായി. ദേവിയുടെ കൈകള്‍ മാത്രം അങ്ങനെ ശിലയായി പ്രതിഷ്ഠയായി... ജലത്തില്‍ പ്രത്യക്ഷപ്പെട്ട അംബികാ ദേവിയായതിനാലാണ് ഹേമാംബികാ ക്ഷേത്രം എന്ന് പേരിലും അറിയപ്പെടുന്നത്.

മറ്റൊരു കഥ കൂടി ഈ ക്ഷേത്തെ ചുറ്റി പറ്റി പറഞ്ഞു കേള്‍ക്കുന്നുണ്ട്. സഹ്യാദ്രിയില്‍ തപസനുഷ്ടിച്ചിരുന്ന പരശുരാമനെ പരാക്രമിയായ നിലാസുരന്‍ ആക്രമിക്കുകയും, വിഷമിപ്പിക്കുകയുമുണ്ടായി. പരശുരാമന്‍ ശിവനെ സ്മരിച്ചു. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം ഹേമാംബിക സഹ്യാദ്രിയിലെത്തി നിലാസുരനെ വധിക്കുകയും കരിമലയില്‍ താമസവുമാക്കി. കൂറൂര്‍ മനക്കലെ നമ്പൂതിരിപ്പാടിന് പ്രായാധിക്യം ബാധിച്ചപ്പോള്‍ ദേവി മന്നക്കലെ കുളത്തില്‍ പ്രത്യക്ഷ്യയാകുമെന്ന് സ്വപ്നത്തില്‍ അറിയിച്ചു എന്നും, അങ്ങനെ ത്യക്കൈ ഉയര്‍ത്തി അനുഗ്രഹിച്ചു എന്നുമാണ് മറ്റൊരു ഐതീഹ്യം.

ഐതീഹ്യം എന്തായാലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൈപ്പത്തി ചിഹ്നം സ്വീകരിക്കാന്‍ ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ മുഖ്യ കാരണമായി എന്നതാണ് ചരിത്രം. പാലക്കാട് ജില്ലയിലെ ഒലവക്കോട് മലമ്പുഴ റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്താണ് ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രം.