കേരം തിങ്ങും കേരള നാട്ടില്‍...

രാഷ്ട്രീയവും കാര്‍ട്ടൂണും
സുധീര്‍ നാഥ്

കേരം തിങ്ങും കേരള നാട്ടില്‍...

1987ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമാണ് ڇകേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. സൗരി ഭരിച്ചീടും.ڈ പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷം ഇടത് പക്ഷത്തിന് കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയായത് ഇ.കെ. നായനാരായിരുന്നു. 1987ല്‍ തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇഎംഎസ്സിന്‍റെ ജാതി സ്പര്‍ധ കൊണ്ടാണെന്നും, നായനാര്‍ മേല്‍ജാതിക്കാരനായതു കൊണ്ടാണ് എന്നും സഖാവ് കെ.ആര്‍. ഗൗരിയമ്മ  ആരോപിച്ചിരുന്നു. അക്കാലത്ത് പാര്‍ട്ടി സെക്രട്ടറി വി.എസ്. അച്ച്യുതാനന്ദനായിരുന്നു.

കെ.ആര്‍. ഗൗരിയമ്മയെ അതിനിശിതമായി വിമര്‍ശിച്ച് ചിന്ത വാരികയില്‍ ഇഎംഎസ് എഴുതിയത് വലിയ ചര്‍ച്ചയായിരുന്നു. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു എന്ന സംസാരം വ്യാപകമായ കാലത്താണ് ഇങ്ങനെ ഒരു ലേഖനം വന്നത്. ഇഎംഎസ് ലേഖനം എഴുതിയതിന് പിന്നാലെ പല പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളും ഗൗരിയമ്മയെ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങി. 1994ല്‍ കെ.ആര്‍. ഗൗരിയമ്മയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അവര്‍ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാര്‍ട്ടി രൂപീകരിച്ചു. വലതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മന്ത്രിയായി. 2014ല്‍ അവര്‍ വീണ്ടും ഇടത്പക്ഷത്തിന്‍റെ ഭാഗമായി.

ചിന്ത വാരികയില്‍ പാര്‍ട്ടിയുടെ താത്വികാചാര്യനായ ഇഎംഎസ് എഴുതിയത് കാര്‍ട്ടൂണിന് പലരും വിഷയമാക്കി. ഗൗരിയമ്മയോടുള്ള പാര്‍ട്ടിയുടെ സമീപനവും കാര്‍ട്ടൂണിന് വിഷയമായി. കാര്‍ട്ടൂണിസ്റ്റ് ജയിംസ് മംഗളത്തില്‍ അക്കാലത്ത് വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ഇ.കെ. നായനാരുടെ സഹായത്താല്‍ ചിന്ത വാരികയില്‍ പൊതിഞ്ഞ് ഗൗരിയമ്മയെ ഇഎംഎസ് പിഴിയുകയാണ്. അന്ന് പാര്‍ട്ടി സെക്രട്ടറിയും, ഗൗരിയമ്മ പക്ഷക്കാരനുമായ വി.എസ്സ് കണ്ണുകള്‍ രണ്ടും പൊത്തി പിടിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: മംഗളം