ഒരു പഴയ "ഡീൽ "

ഒരു പഴയ "ഡീൽ "
സുധീർ നാഥ് 

1971 ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഒരു ഡീലിന്റെ കഥയാണിത്. കോൺഗ്രസുമായി തെറ്റി പിരിഞ്ഞ് വി.കെ. കൃഷ്ണ മേനോൻ തിരുവനന്തപുരത്ത് ഇടത്പക്ഷ സ്വതന്ത്രനായി മത്സരിക്കാൻ വന്നപ്പോഴായിരുന്നു ഡീൽ നടന്നത്. ചിറയിൻകീഴിൽ നിന്ന് കെഎസ്‌യു സ്ഥാപക സെക്രട്ടറിയും യൂത്ത് കോൺഗ്രസിന്റെ യുവതുർക്കിയുമായ വയലാർ രവി മത്സരിക്കുന്നു.  ഇടതുപക്ഷ സ്വതന്ത്രനായി വി. കെ . കൃഷ്ണമേനോൻ തിരുവനന്തപുരത്തു നിന്നും  മത്സരിക്കുന്നു.

കോഴിക്കോട് മത്സരിക്കുവാനാണ് വി കെ കൃഷ്ണ മേനോൻ തീരുമാനിച്ചത്. ഇഎംഎസ് അദ്ദേഹത്തിന് കേരളത്തിൽ എവിടെ വേണമെങ്കിലും സീറ്റു കൊടുക്കാൻ തയ്യാറായിരുന്നു. കോഴിക്കോട് നിന്നാൽ ജയസാധ്യത കുറവാണെന്നും, തിരുവനന്തപുരത്തു നിന്നാൽ മാത്രമേ വിജയിക്കുകയുള്ളൂ കൃഷ്ണമേനോന്റെ പ്രിയ ശിഷ്യനും , കെ. എസ് .യു , യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ വയലാർ രവി  പറഞ്ഞു. നായർ വോട്ടുകൾ നേടാൻ തിരുവനന്തപുരം മികച്ച ഇടമാണെന്ന് രവി ഉപദേശിച്ചു.  അതുപ്രകാരമാണ് ഇടതുപക്ഷ സ്വതന്ത്രനായി അദ്ദേഹം തിരുവനന്തപുരത്ത് വരുന്നത്. വയലാർരവി തൊട്ടടുത്ത ചിറയിൻകീഴിൽ ആണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്.

വി. കെ. കൃഷ്ണമേനോന് എതിരെ തിരുവനന്തപുരത്ത് കോൺഗ്രസിന്റെ യുവ നേതാക്കളായ വക്കം പുരുഷോത്തമൻ അടക്കമുള്ളവർ ശക്തമായ പ്രചരണമാണ് നടത്തിയത്. യുവ കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനത്തിൽ അസ്വസ്ഥനായ കൃഷ്ണ മേനോൻ ശിഷ്യനായ വയലാർ രവിയെ രഹസ്യമായി തിരുവനന്തപുരം ഗസ്റ്റ്  ഹൗസിൽ രാത്രി വിളിച്ച് വരുത്തി. കോൺഗ്രസിലെ യുവ നേതാക്കൾ തനിക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്നതായി അദ്ദേഹം വയലാർ രവിയെ അറിയിച്ചു.

തിരുവനന്തപുരത്ത് വി. കെ. കൃഷ്ണമേനോനെതിരെ പ്രചരണം നടത്തുന്ന എല്ലാ യുവ നേതാക്കളെയും അന്നത്തെ കോൺഗ്രസ് യുവനേതാവായ വയലാർ രവി തന്റെ മണ്ഡലത്തിലെ പ്രചരണത്തിലേയ്ക്ക് വിളിച്ചു വരുത്തി. അതേസമയം  വയലാർ രവിക്കെതിരെ തൊട്ടടുത്ത മണ്ഡലമായ ചിറയൻകീഴിൽ ചെന്ന് ഇടത് പക്ഷത്തിന് വേണ്ടി പ്രസംഗിച്ചില്ല. അക്കാലത്ത് ജനക്കൂട്ടത്തെ ആകർഷിച്ചിരുന്ന കൃഷ്ണ മേനോൻ പല മണ്ഡലങ്ങളിലും ഇടത് പക്ഷത്തിന് വേണ്ടി പ്രസംഗിക്കുകയും ചെയ്തു. ഇത് ഡീൽ ഓർ നോ ഡീലാണോ ...?