ഡല്‍ഹി സര്‍ക്കാരിന് കൂച്ച് വിലങ്ങിടാന്‍ ബില്ല്
വിജയ് ചൗക്ക് @ 86 @ മെട്രോ വാര്‍ത്ത: മാര്‍ച്ച് 20
സുധീര്‍നാഥ്
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരം ശക്തി പ്രാപിക്കുകയാണ്. കര്‍ഷക സമരം പല തരത്തില്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രതിഫലിക്കുന്നുണ്ട് എന്നത് പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലൂടെ രാജ്യം സാക്ഷിയായതാണ്. ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ലഫ്റ്റനന്‍റ് ഗവര്‍ണറാണെന്ന് പ്രഖ്യാപിക്കാന്‍ നാഷ്ണല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്ല് 2021 ലോക്സഭയില്‍ അവതരിപ്പിച്ചിരിക്കയാണ്. സര്‍ക്കാര്‍ എന്നുള്ളിടത്തെല്ലാം ലെഫ്റ്റന്‍റ് ഗവര്‍ണര്‍ എന്നാക്കി മാറ്റണമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ.
2021 മാര്‍ച്ച് 15, തിങ്കളാഴ്ച്ചയാണ് ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കൃഷ്ണ റെഡി ബില്ല് അവതരിപ്പിച്ചത്. ഡല്‍ഹി ഗവണ്‍മെന്‍റ് എന്നുപറഞ്ഞാല്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറാണ് എന്നാണ് അവതരിപ്പിക്കപ്പെട്ട ബില്ലിന്‍റെ സാരം. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഒരു തീരുമാനമെടുത്താല്‍ അത് നടപ്പിലാക്കണമെങ്കില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അംഗീകാരം വേണം എന്നുള്ളതാണ് ഏറ്റവും അപകടകരമായ പരാമര്‍ശം. 2015ല്‍ ആംആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വലിയ നിയന്ത്രണങ്ങള്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കൊണ്ടു വന്നു. വലിയ സമരപോരാട്ടമാണ് അന്നുണ്ടായത്.
ഒടുവില്‍ സുപ്രീം കോടതി വരെ എത്തിയതാണ് രാജ്യം ശ്രദ്ധിച്ച നിയമ പോരാട്ടം. 2018 ജൂണ്‍ മാസം നാലാം തിയതി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി വളരെ നിര്‍ണ്ണായകമാണ്. "ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്‍റിനാണ് അധികാരമെന്നും, ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും അംഗീകരിക്കേണ്ടതുണ്ടെന്നും" ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതായും സുപ്രീം കോടതി ചൂണ്ടി കാട്ടി. സുപ്രീം കോടതിയുടെ വിധി നിലനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമഭേദഗതി ബില്ലുമായി പാര്‍ലമെന്‍റില്‍ എത്തിയിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന്‍റെ അധികാരങ്ങള്‍ വെട്ടി ചുരുക്കാനുള്ള നടപടിയാണ് അവതരിപ്പിച്ച ബില്ലില്‍ ഉള്ളത്.
ലോക്സഭയില്‍ അവതരിപ്പിച്ച ബില്ല് പിന്‍വലിക്കണമെന്നും, അതിനായി ഏത് അറ്റം വരെ പോകുവാനും തയ്യാറാകുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മുന്നറിയിപ്പ് നല്‍കി. ധൈര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയാണ് വേണ്ടതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. കേന്ദ്ര അഭ്യന്തിര സഹമന്ത്രി പാര്‍ലമെന്‍റില്‍ ബില്ല് അവതരിപ്പിച്ച് പാസാക്കി എടുത്താല്‍, ഡല്‍ഹി മുഖ്യമന്ത്രിക്കും കീഴിലുള്ള മറ്റ് മന്ത്രിമാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം എംഎല്‍എമാര്‍ക്കും യാതൊരു വിലയും ഇല്ലാത്ത അവസ്ഥയാകും എന്നാണ് ആണ് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറയുന്നത്.
ഇന്ത്യയിലെ ഭരണ സംവിധാനത്തിന്‍റെ ഒരു ഭാഗമാണ് കേന്ദ്രഭരണ പ്രദേശങ്ങള്‍. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്‍റെയും ഭരണത്തലവന്‍ അഡ്മിനിസ്ട്രേറ്ററോ, ലഫ്റ്റനന്‍റ് ഗവര്‍ണറോ ആയിരിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ആഭ്യന്തരവകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതി നിയമിക്കുന്ന വ്യക്തിയാണ് ലെഫ്റ്റ് ഗവര്‍ണര്‍ അല്ലെങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ എത്തിച്ചേരുക. എന്നാല്‍ ഡല്‍ഹി, പോണ്ടിച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളില്‍ തദ്ദേശീയസര്‍ക്കാരും നിലവിലുണ്ട്. ഇവരെ ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ജമ്മു കശ്മീരിനെ 2020 ഒക്ടോബര്‍ 31ന് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്ര സര്‍ക്കാര്‍ വിഭജിച്ചു. ജമ്മു കശ്മീര്‍ വിഭജനത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29ല്‍ നിന്നും 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 9 ആയി ഉയര്‍ന്നു.
1947ല്‍ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഡല്‍ഹിക്ക് ക്ലിപ്തമായ സ്വയംഭരണാവകാശം ലഭിച്ചു. ഇന്ത്യാഗവണ്മെന്‍റ് നിയമിക്കുന്ന ഒരു ചീഫ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഭരണം. 1956ല്‍ ഡല്‍ഹി ഒരു കേന്ദ്രഭരണപ്രദേശമായി. ചീഫ് കമ്മീഷണര്‍ക്കു പകരം ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഭരണനിര്‍വഹണം നടത്തി. ഇന്ത്യന്‍ ഭരണഘടനയുടെ 69ആമത് ഭേദഗതി പ്രകാരം, 1991ല്‍ കേന്ദ്ര ഭരണ പ്രദേശത്തില്‍ നിന്ന് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ഡല്‍ഹിക്ക് ലഭിച്ചു. അതു പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന മന്ത്രിസഭക്ക് ക്രമസമാധാനച്ചുമതല ഒഴികെയുള്ള അധികാരങ്ങള്‍ ലഭിച്ചു. ക്രമസമാധാനച്ചുമതല ഇപ്പോഴും കേന്ദ്ര ആഭ്യന്തരവകുപ്പാണ് കൈകാര്യം ചെയ്യുന്നത്.
ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസായിരുന്നു ഡല്‍ഹി ഭരിച്ചിരുന്നത്. 1991ല്‍ നിലവില്‍ വന്ന ഗവണ്‍മെന്‍റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ സിറ്റി ഓഫ് ഡല്‍ഹി ബില്ല് പ്രകാരമാണ് ഡല്‍ഹി സര്‍ക്കാര്‍ നിലവില്‍ വന്നത്. അതിന്‍ പ്രകാരം 1993ല്‍ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേറി. അന്നത്തെ നേതാവ് മദന്‍ ലാല്‍ ഖുറാന ആയിരുന്നു. 1998 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഭരണം വീണ്ടെടുക്കുകയും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. 2003, 2008 വര്‍ഷങ്ങളില്‍ നടന്ന നീയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഷീലാ ദീക്ഷിതിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. 2013ല്‍ ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ അധികാരത്തില്‍ വന്നു. 49 ദിവസം മാത്രമാണ് സര്‍ക്കാരുണ്ടായിരുന്നത്.
2014ല്‍ മ്യഗീയ ഭൂരിപക്ഷത്തിന് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് നരേന്ദ്ര മോദി നേത്യത്ത്വം നല്‍കുന്ന ബിജെപിയുടെ സര്‍ക്കാരാണ്. തൊട്ടു പിന്നാലെ 2015ല്‍ നടന്ന ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പല്‍ ഡല്‍ഹി ബിജെപിയുടെ കൈപ്പിടിയില്‍ ഒതുങ്ങും എന്നാണ് എല്ലാ രാഷ്ട്രീയ നിരീക്ഷകരും വിചാരിച്ചത്. പ്രധാനമന്ത്രി തന്നെ ആറ് പൊതുപരിപാടിയില്‍ പ്രസംഗിച്ചു. പക്ഷെ ഡല്‍ഹി നിയമസഭയിലെ 70 സീറ്റില്‍ 67 സീറ്റിലും ആംആദ്മി പാര്‍ട്ടിയാണ് ജയിച്ചത്. മൂന്ന് സീറ്റില്‍ ബിജെപി ജയിച്ചപ്പോള്‍, കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല.
2019ല്‍ വീണ്ടും നരേന്ദ്ര മോദി വിജയിക്കുകയും കേന്ദ്രത്തില്‍ അധികാരം ഏല്‍ക്കുകയും ഉണ്ടായി. പക്ഷെ 2015 വീണ്ടും ആവര്‍ത്തിക്കുകയാണുണ്ടായത്. 2020ല്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നു. 62 സീറ്റുകളില്‍ അവര്‍ ജയിച്ചപ്പോള്‍ 8 സീറ്റില്‍ ബിജെപി ജയിച്ചു. ഇത്തവണയും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ജയിച്ചില്ല. 2021ല്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ സാധിച്ചില്ല എന്നുള്ളത് ഒരു വലിയ പോരായ്മയായി തന്നെ ബിജെപി കാണുന്നു. അതേസമയം ഗുജറാത്തിലെ സൂറത്ത് അടക്കമുള്ള മറ്റു പ്രമുഖ നഗരങ്ങളിലേക്ക് ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിക്കുന്ന ഒരു കാഴ്ച കാണുവാന്‍ സാധിച്ചു. ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് തവണകളായി ഭരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണ് എന്നതും, അവരുടെ വളര്‍ച്ച വ്യാപിക്കുന്നത് തടയിടുക എന്നത് ബിജെപിയുടെ രാഷ്ട്രീയമായ ആവശ്യമായി.
ആംആദ്മി പാര്‍ട്ടിയെ തടയുക എന്നതും, രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ അവരുടെ ഭരണത്തെ കടിഞ്ഞാണിടുക എന്നതും മുന്നില്‍ കണ്ടാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ നാഷ്ണല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്ല് 2021 അവതരിപ്പിച്ചിരിക്കുന്നത്. നിയമമായി മാറ്റിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ പോയി അനുകൂല വിധി നേടുന്ന മുന്‍കാല സാഹചര്യം ഒഴിവാക്കണം എന്നതും ഈ ബില്ല് അവതരിപ്പിക്കുക വഴി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ അഞ്ച് പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായി നടക്കുകയാണ്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ഉള്ള സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് പാര്‍ലമെന്‍റിലെ പ്രതിപക്ഷത്തിന്‍റെ കസേരകള്‍ പലതും കാലിയാണ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലുകള്‍ക്ക് തടസവാദങ്ങളും കുറവാണ്.
ഡല്‍ഹിയിലെ എല്ലാ അതിര്‍ത്തികളിലും കര്‍ഷക ബില്ല് നടപ്പിലാക്കുന്നതിനെതിരെ വ്യാപകമായ സമരം തുടങ്ങിയിട്ട് നൂറു ദിവസത്തിലേറെയായി. അതിര്‍ത്തികള്‍ മുഴുവനും കര്‍ഷക സമരക്കാരെ കൊണ്ട് ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്. സമര വീര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തന്നെ വിലയിരുത്താം. പാര്‍ലമെന്‍റില്‍ നാഷ്ണല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്ല് 2021 അവതരിപ്പിച്ച് പാസാക്കുന്ന സാഹചര്യമുണ്ടായാല്‍ രാജ്യ തലസ്ഥാനം പ്രതിഷേധ കൊടുങ്കാറ്റില്‍ ആടി ഉലയും എന്ന കാര്യത്തില്‍ സംശയമില്ല. അതിന്‍റെ തുടക്കം എന്നോണം മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ നേത്യത്ത്വത്തില്‍ മന്ത്രിമാരും, എംഎല്‍എമാരും, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ജന്തര്‍ മന്ദിറില്‍ ബില്ലിനെതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആംആദ്മി പാര്‍ട്ടിയുടെ തുടക്കം ജന്തര്‍ മന്ദിറില്‍ നിന്നായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
നാഷ്ണല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്ല് 2021 നടപ്പാക്കിയാലുണ്ടാവുന്ന സാചര്യങ്ങള്‍ ദേശിയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി തുങ്ങെിയിരിക്കുന്നു. ബില്ല് നിയമമാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തെരുവിലിറങ്ങി കഴിഞ്ഞു. സമരം ശക്തിപ്പെടുകയാണെങ്കില്‍ ഡല്‍ഹി അതില്‍2ത്തികളിലും, ഡല്‍ഹിക്കുള്ളിലും കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരും. ഇത് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇത് ശക്തി പ്രാപിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക ഘട്ടം ആയി മാറും എന്നുള്ള കാര്യത്തില്‍ സംശയവുമില്ല. വീണ്ടും ഒരു മൂന്നാം മുന്നണി എന്ന ആഹ്വാനം ശരത് പവാര്‍ ഉയര്‍ത്തി കഴിഞ്ഞു. അദ്ദേഹത്തിനോ, മുന്‍പ് മുന്നണി നയിച്ച ചന്ദ്രബാബു നായിഡുവിനോ പഴയ ശക്തിയില്ല എന്നത് ന്യൂനത തന്നെ.
