രാഷ്ട്രീയത്തിലെ കേരള ഹൗസ്

രാഷ്ട്രീയത്തിലെ കേരള ഹൗസ്
വിജയ് ചൗക്ക് @ 85 @ മെട്രോ വാര്‍ത്ത: മാര്‍ച്ച് 14
സുധീര്‍നാഥ്  

കേരള രാഷ്ട്രീയത്തില്‍ ഡല്‍ഹിയിലെ കേരള ഹൗസിന് ഒട്ടേറെ കഥകള്‍ പങ്കുവെയ്ക്കാനുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ന്യൂഡല്‍ഹിയിലെ പ്രധാന കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന കോഡ്രാക്ടറായ ശോഭാ സിംഗിന് താമസിക്കാന്‍ പണിത വീടാണ് വൈകുണ്ഡം. ശോഭാ സിംഗിന്‍റെ മകന്‍ ഖുഷ്വന്ത് സിംഗ് ജനിച്ച് വളര്‍ന്ന വീടാണ് വൈകുണ്ഡം. ഖുഷ്വന്ത് സിംഗ് പ്രശസ്ത എഴുത്തുകാരനായി മാറിയത് ചരിത്രം.

ശോഭാ സിംഗില്‍ നിന്നും കൊച്ചി രാജാവ് വൈകുണ്ഡം വിലയ്ക്ക് വാങ്ങി അതിനെ കൊച്ചിന്‍ ഹൗസ് എന്നാക്കി മാറ്റി. സ്വാതന്ത്രാനന്തരം കൊച്ചിന്‍ ഹൗസ്, കേരള സര്‍ക്കാരിന്‍റെ കീഴില്‍ വരികയും കേരള ഹൗസായി മാറുകയുമായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ ഒടുവില്‍ പിണറായി വിജയന്‍ വരെ എല്ലാ പാര്‍ട്ടി നേതാക്കളും രാഷ്ട്രീയ ചതുരംഗകളിക്ക് പല അവസരത്തിലും വേദിയാക്കിയ സ്ഥലമാണ് ഡല്‍ഹിയിലെ കേരള ഹൗസ്.

കേരളത്തില്‍ കീരിയും പാമ്പും എന്ന് അറിയപ്പെടുന്ന പലരും പരസ്പരം മനസ് തുറന്ന് സംസാരിക്കുന്നതിന് കേരള ഹൗസ് സാക്ഷിയാണ്. നായനാരും, കരുണാകരനും ഒരേ മേശയുടെ ഇരുപുറത്തിരുന്ന് ഭക്ഷണം കഴിച്ച് സൗഹ്യദം പങ്കിട്ട് ചിരിക്കുന്നത് കേരള ഹൗസില്‍ കണ്ട കാഴ്ച്ചയാണ്. മുന്നണിയിലെ ഗ്രൂപ്പ് പ്രശ്നങ്ങളും, ഘടകകക്ഷികളിലെ പ്രശ്നങ്ങളും പലതവണ പരിഹരിക്കപ്പെട്ടിട്ടുള്ളത് കേരള ഹൗസില്‍ വെച്ചാണ്. തിരഞ്ഞെടുപ്പ് കാലം വന്നാല്‍ കേരള ഹൗസിന്‍റെ പരിസരം ഉത്സവമയമാണ്. കേരളത്തിലെ രണ്ട് മുന്നണികളാണ് പ്രധാനമായും ഡല്‍ഹിയില്‍ ഇപ്പോള്‍ ലിസ്റ്റുമായി എത്തുന്നത്.

കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിയുടെ ഘടകകക്ഷികളുടെ സീറ്റ് വീതം വെയ്ക്കല്‍ കേരളത്തില്‍ വെച്ച് തന്നെ തീര്‍ക്കുകയാണ് പതിവ്. ചിലപ്പോള്‍ തര്‍ക്കം മൂത്താല്‍ അതിന് പരിഹാരം കാണുവാന്‍ തിരഞ്ഞെടുപ്പിന് വളരെ മുന്നേ തന്നെ ഡല്‍ഹിയില്‍ എത്തുന്ന പതിവുണ്ട്. പതിവ് പോലെ ഇത്തവണയും അതുണ്ടായി. രണ്ടാം ഘട്ടമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് ചര്‍ച്ച. ജംബോ ലിസ്റ്റുമായി എല്ലാ ഗ്രൂപ്പും ഡല്‍ഹിയിലെത്തും. സീറ്റ് പ്രതീക്ഷിക്കുന്ന വ്യക്തികള്‍ അഞ്ചോ ആറോ ശിങ്കിടികളേയും കൂട്ടി ഡല്‍ഹിയിലെത്തും. കോണ്‍ഗ്രസാണെങ്കില്‍ വെള്ള ഖദര്‍ ഷര്‍ട്ടും, ഖദര്‍മുണ്ടും ധരിച്ചാണ് അവര്‍ ഉണ്ടാകുക.

2014 മുതല്‍ എന്‍ഡിഎ മുന്നണിയും യുഡിഎഫിന്‍റെ അതേ പാതയില്‍ തന്നെയാണ് ഡല്‍ഹി എപ്പിസോഡ് പൂര്‍ത്തീകരിക്കുന്നത്. സ്ഥാനാര്‍ത്ഥി മോഹികള്‍ നെറ്റിയില്‍ കുറിയും, ക്കൈയ്യില്‍ രാഖിയും കെട്ടി കേരള ഹൗസിന് മുന്നില്‍ ചുറ്റി കറങ്ങുന്ന കാഴ്ച്ചയും കാണുവാന്‍ സാധിക്കും. കോവിഡ് മഹാമാരിയുടെ കാലമായതു കൊണ്ട് ഇതിനൊരു കുറവ് ഇത്തവണ ഉണ്ടാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. എല്ലാവരും അവരുടെ പക്ഷം പ്രദര്‍ശിപ്പിക്കാന്‍ മാസ്ക്കും ഒരു മാര്‍ഗമാക്കിയതാണ് പുതിയ വ്യത്യാസം. സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിച്ച് കഴിഞ്ഞ് കേരള ഹൗസില്‍ ചെന്നാല്‍ ഒഴിഞ്ഞ ഉത്സവ പറമ്പ് പോലെ തോന്നും.

കേരള ഹൗസില്‍ സ്ഥാനര്‍ത്ഥി പട്ടികയ്ക്ക് അവസാന മിനുക്കുപണി നടത്തുന്ന അവസരത്തില്‍ അവിടെ ചുറ്റി പറ്റുന്ന പലരും നിരാശരാകാറില്ല എന്നാണ് സത്യം. കേരളത്തിലെ ഒരു പ്രമുഖ നേതാവ് കരഞ്ഞ് കാല് പിടിക്കുന്ന കാഴ്ച്ച ലേഖകന്‍ കണ്ടിട്ടുണ്ട്. ചിലര്‍ക്ക് സ്ഥാനാര്‍ത്ഥി ആയില്ലെങ്കിലും സാധ്യതാ പട്ടികയില്‍ കയറി പറ്റിയാല്‍ മാത്രം മതി എന്നതാണ് ആഗ്രഹം. സ്ഥാനാര്‍ത്ഥിത്ത്വം ഉറപ്പിക്കാന്‍ ഒരു മാസത്തിലേറെ കേരള ഹൗസില്‍ ക്യാമ്പ് ചെയ്ത നേതാക്കള്‍ വരെ ഉണ്ട്.

വലിയ നേതാക്കളെ ഒന്ന് കാണുവാന്‍ അവരുടെ യാത്രാ പരിപാടി മണുത്തറിഞ്ഞ് ഡല്‍ഹിയില്‍ ഒപ്പം എത്തുന്ന എത്രയോ പേരുണ്ട്. അങ്ങിനെ നേതാക്കളുടെ നിഴലായി ഡല്‍ഹിയിലെ കേരള ഹൗസില്‍ നടന്ന പലരും പിന്നീട് പല സ്ഥാനമാനങ്ങളും നേടിയതായി മനസിലാക്കണം. ഇങ്ങനെ എല്ലാ പാര്‍ട്ടികളുടെ പ്രതിനിധികളും ഇഷ്ടക്കാരെ തിരിച്ചറിഞ്ഞ ഇടം കൂടിയാണ് കേരള ഹൗസ്. എത്ര വലിയ മന്ത്രിയായാലും, നേതാവായാലും കേരളത്തിലേക്കാള്‍ സൗകര്യമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ ഇടമാണ് കേരള ഹൗസ് എന്ന ധാരണ വ്യാപകമാണ്.

പല ചരിത്ര നിമിഷങ്ങള്‍ക്കും കേരള ഹൗസ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ കെ. കരുണാകരന്‍റെ ഐ ഗ്രൂപ്പും, എ.കെ. ആന്‍റണിയുടെ എ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ പ്രദേശമാണ് കേരള ഹൗസ്. സിപിഎമ്മിലെ പിണറായി വിജയന്‍ ഗ്രൂപ്പും, വിഎസ്സ് ഗ്രൂപ്പും തമ്മിലുണ്ടായ പോരാട്ടത്തിന്‍റെ അനര്‍ഘനിമിഷങ്ങള്‍ക്ക് എത്രയോ വട്ടമാണ് കേരള ഹൗസ് സാക്ഷിയായിരിക്കുന്നത്. കേരള ഹൗസിന്‍റെ ഒരു കെട്ടിടത്തിലെ വ്യത്യസ്ഥ മുറികളില്‍ ഇരുന്ന് ഇന്‍റര്‍ കോം വഴി അനുരജ്ഞന ചര്‍ച്ച നടന്നിട്ടുള്ളതായും സംസാരമുണ്ട്. പല രഹസ്യ യോഗങ്ങള്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ മുന്‍പൊക്കെ നിശ്ചയിച്ചിരുന്ന സംഘമ കേന്ദ്രമായിരുന്നു കേരള ഹൗസ്. പക്ഷെ ഇന്ന് മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം കൂടി. കേരള ഹൗസിലെ ചുമരുകള്‍ക്ക് പോലും കാതുണ്ടെന്ന് സംസാരം വരെ ഉണ്ട്.

നിയമസഭയില്‍ മത്സരിക്കാതെ ഇ.കെ. നായനാര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാന്‍ ഉണ്ടായ തീരുമാനം കേരള ഹൗസിന്‍റെ 104ാം മുറിയില്‍ നിന്ന് ഉണ്ടായതാണ്. സിപിഎമ്മിന്‍റെ പോളിറ്റ് ബ്യൂറോയിലെ വി.എസ്. അച്ച്യുതാനന്ദനടക്കമുള്ളവരായിരുന്നു നായനാരെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അന്ന് തീരുമാനിച്ചത്. സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ എടുത്ത ഒരു അടവ് നയമാണ് അതെന്ന ആരോപണവും അക്കാലത്ത് ഉയര്‍ന്ന് വന്നിരുന്നു എന്നത് സംസാരമാണ്.

ദേശീയ രാഷ്ട്രീയം കേരള ഹൗസില്‍ കൂടുതലായും ചര്‍ച്ച ചെയ്യപ്പെട്ടത് കരുണാകരന്‍റെ പ്രഭാവ കാലത്താണ്. ഇന്ദിരാ ഗാന്ധിയുടെ വലംക്കൈ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന കെ. കരുണാകരനെ ദേശീയ മാധ്യമങ്ങള്‍ കിങ്ങ് മേക്കര്‍ എന്ന വിശേഷണം നല്‍കിയിരുന്നു. പിന്നീട് അത് മലയാള മാധ്യമങ്ങളും ഏറ്റെടുത്തു. അക്കാലത്ത് ഇന്നത്തെ പോലെ ചാനലുകള്‍ ഒന്നും ഇല്ലായിരുന്നു. നരസിംഹ റാവു ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന തീരുമാനവിവരം ആദ്യം മാധ്യമ ലോകം കേട്ടത് കേരള ഹൗസിലെ 104ാം മുറിയില്‍ വെച്ചാണ്.

കെ. കരുണാകരന്‍  പ്രധാനമന്ത്രിയാക്കണം എന്ന ആവശ്യവുമായി ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തകരായ യുവാക്കളെ സംഘടിപ്പിച്ച് സുശില്‍ കുമാര്‍ ശര്‍മ്മ (നൈനാ സാഹ്നി തന്തൂരി കൊലപാതകം ഫെയിം) കേരള ഹൗസിന് മുന്നില്‍ പ്രകടനം നടത്തിയിട്ടുണ്ട്. കെ. കരുണാകരനെ കാണുവാന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേരള ഹൗസില്‍ വന്നിരുന്ന ഒരു സുവര്‍ണ്ണ കാലം ഉണ്ടായിരുന്നു. പിന്നീട് അതേ കരുണാകരന്‍ വന്നാല്‍ പഴയ ചലനങ്ങള്‍ ഇല്ലാതായതും കേരള ഹൗസിന്‍റെ അകത്തളം സാക്ഷിയാണ്.

ഒരിക്കല്‍ കെ. കരുണാകരനന്‍ മകള്‍ പത്മജാ വേണുഗോപാലിന്‍റെ ചികിത്സാര്‍ത്ഥം അമേരിക്കയിലേയ്ക്ക് പോകുന്നതിനായി ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തി. കരുണാകരന്‍ വളരെ ദുഖിതനായിരുന്നു. അന്ന് പാര്‍ട്ടി യോഗത്തിന് ഇ.കെ. നായനാരും, വിഎസ്സ്. അച്ച്യുതാനന്ദനും കേരള ഹൗസില്‍ എത്തിയിരുന്നു. അവര്‍ ഇരുവരും കരുണാകരനെ ആശ്വസിപ്പിക്കാന്‍ മുറിയില്‍ എത്തിയതും, മകള്‍ പത്മജയ്ക്ക് ധൈര്യം പകര്‍ന്നതിനും കേരള ഹൗസ് സാക്ഷിയാണ്.

ചില നേതാക്കളുടെ സ്നേഹപ്രകടനത്തിന് എന്നത് പോലെ ചില നേതാക്കളുടെ രോക്ഷപ്രകടനത്തിനും കേരള ഹൗസ് സാക്ഷിയായിട്ടുണ്ട്. കാലം മാറിയപ്പോള്‍ അച്ചടി മാധ്യമങ്ങളേക്കാള്‍ ചാനലുകളുടെ എണ്ണം കൂടി. അവരുടെ തത്സമയ വാര്‍ത്താ വിതരണം എത്ര എത്ര പ്രശ്നങ്ങള്‍ക്കാണ് കേരള ഹൗസ് സാക്ഷ്യം വഹിച്ചത്.

പല മുഖ്യമന്ത്രിമാര്‍ കേരള ഹൗസില്‍ താമസിച്ചിട്ടുണ്ട്. 104, 204 എന്നീ മുറികളായിരുന്നു മുഖ്യമന്ത്രിമാര്‍ക്കായി സാധാരണ മാറ്റി വെയ്ക്കുക. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ സമയത്ത് മാത്രമാണ് അണികളും ജനങ്ങളും സ്വാതന്ത്ര്യത്തോടെ മുറിയില്‍ ഇടിച്ച് കയറിയിരുന്നിട്ടുള്ളത്. പിണറായി വിജയനും, എ.കെ. ആന്‍റണിയും, വി.എസ്സും കേരള ഹൗസില്‍ മുഖ്യമന്ത്രിയായ സമയങ്ങളില്‍ അണികള്‍ക്കെന്നല്ല ആര്‍ക്കും സ്വാതന്ത്ര്യം അധികം നല്‍കിയിട്ടില്ല.

കേരള ഹൗസിനെ ചുറ്റിപറ്റി ഒട്ടേറെ തമാശ കഥകള്‍ തന്നെ വ്യാപകമായുണ്ട്. അതില്‍ പലതും വക്രീകരിച്ച് തമാശയാക്കിയതാണ് എന്നത് കൊണ്ട് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വളരെ അകലെയാണ്. 2020 എന്ന വര്‍ഷം കേരള ഹൗസിന്‍റെ എല്ലാ ചലനങ്ങളും ലോക്ക് ഡൗണായെങ്കില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ വീണ്ടും സജീവമായിരിക്കയാണ്.