രാഷ്ട്രീയവും കാര്‍ട്ടൂണും
സുധീര്‍ നാഥ്
നിറഞ്ഞാടി നായനാര്‍.
പല കാര്‍ട്ടൂണിസ്റ്റുകളും അവരുടെ ഒരു കാര്‍ട്ടൂണില്‍ തന്നെ ഒരേ കഥാപാത്രത്തെ ഒന്നിലേറെ തവണ വരച്ചിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവായ ശങ്കര്‍ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു, മറ്റൊരു ജവഹര്‍ലാല്‍ നെഹ്റു പിടിച്ച് വലിക്കുന്ന ഒരു കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. ചൈനയുടെ വിഷയത്തില്‍ രണ്ട് നിലപാടുകളെടുത്ത നെഹറുവിനെ വിമര്‍ശിച്ച് 1959 നവംബര്‍ 8ലെ കാര്‍ട്ടൂണാണ് അത്.
സമാനമായി അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യനായിരുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ മലയാള മനോരമയില്‍ വാരഫലം എന്ന തിങ്കള്‍ കാര്‍ട്ടൂണില്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. സംസ്ഥാനത്തിലെ എല്ലാ ഓഫീസുകളും നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന ആരോപണം പ്രതിപക്ഷം വ്യാപകമാക്കിയ കാലം. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആയിരുന്നു. പ്രതിപക്ഷ നേതാവ് കെ. കരുണാകരനും. സ്വാഭാവികമായും ഇരുവരും കാര്‍ട്ടൂണില്‍ കഥാപാത്രമാകും.
ജില്ലാ ഭരണ നിയമത്തില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ച അവസരത്തിലാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ കാര്‍ട്ടൂണ്‍ വരച്ചത്. ഒരു സര്‍ക്കാര്‍ ഓഫീസില്‍ എത്തി നോക്കുന്ന പ്രതിപക്ഷ നേതാവ് കെ. കരുണാകരന്‍ കാണുന്നത് പ്രധാന ഓഫീസറുടെ കസേരയിലും, ടൈപ്പിസ്റ്റും, പ്യൂണും അടക്കം പതിനൊന്ന് ഇ.കെ. നായനാര്‍. കൂടാതെ ചുമരിലെ ഫോട്ടോയിലും നായനാര്‍. ഓഫീസ് മുഴുവന്‍ കമ്മ്യൂണിസ്റ്റുകാര്‍ ആണെന്നാണ് കാര്‍ട്ടൂണിന്‍റെ സാരം.
കര്‍ട്ടൂണ്‍ കടപ്പാട്: മലയാള മനോരമ
