പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ് 

പൊളിച്ച ഹനുമാന്‍ ക്ഷേത്രം വീണ്ടും
ഡല്‍ഹി ഹൈകോടതി നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് എതിര്‍വശത്തെ ചാന്ദിനി ചൗക്ക് സൗന്ദര്യ വത്ക്കരണത്തിന്‍റെ ഭാഗമായി റോഡ് ക്കൈയ്യേറി നിര്‍മ്മിച്ച ഹനുമാന്‍ ക്ഷേത്രം 2021 ജനുവരി 3ന് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ച് നീക്കിയിരുന്നു. സൗന്ദര്യ വത്ക്കരണത്തിലെ തടസങ്ങള്‍ നീക്കണമെന്ന നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍റെ ഹര്‍ജിയെ തുടര്‍ന്നാണ് ക്ഷേത്രം നീക്കണമെന്നതുള്‍പ്പെട്ട കോടതി വിധി. കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. ക്ഷേത്രം നീക്കം ചെയ്തതോടെ ബി.ജെ.പിയും, ആംആദ്മിയും പരസ്പരം പഴിചാരാന്‍ തുടങ്ങി. ചാന്ദിനി ചൗക്കിന്‍റെ പഴമ നിലനിര്‍ത്തി സൗന്ദര്യ വത്ക്കരണം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. റിക്ഷകളും, വാഹനങ്ങളും നിറഞ്ഞ് ചാന്ദിനി ചൗക്കിന്‍റെ ഭംഗി നഷ്ടപ്പെട്ടിരുന്നു. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സൗന്ദര്യ വത്ക്കരണത്തിന് അനുമതി ലഭിക്കുകയും, എല്ലാ തടസങ്ങളും കോടതി നീക്കം ചെയ്യുകയും ചെയ്യുന്നത്. 

ഇതിനിടയില്‍ 2021 ഫെബ്രുവരി 19ന് പുലര്‍ച്ചെ 4 മണിക്കും 4.30നുമിടയ്ക്ക് ചാന്ദിനി ചൗക്കിലെ റോഡില്‍ എടുത്ത് മാറ്റാവുന്ന വലിയ ലോഹത്തിന്‍റെ ഹനുമാന്‍ ക്ഷേത്രം ചിലര്‍ സ്ഥാപിച്ചു. വളരെ രഹസ്യമായി സിവില്‍ ലൈന്‍സില്‍ നിര്‍മ്മിച്ച ക്ഷേത്രം യന്ത്രസഹായത്താല്‍ വലിയ ട്രക്കില്‍ കൊണ്ടു വന്ന് സ്ഥാപിക്കുകയായിരുന്നു. തൊട്ട് പിറ്റേന്ന് ഭക്തജനങ്ങളെ സംഘടിപ്പിച്ച് വലിയ രീതിയില്‍ ഹനുമാന്‍ചാലീസ് പാരായണവും അവിടെ നടന്നു. ഇരു പാര്‍ട്ടികളുടെ നേതാക്കളും ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ത്ഥനയില്‍ മുഴുകിയത് വലിയ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും പ്രാര്‍ത്ഥിക്കാങ്ക എത്തിയിരുന്നു. ക്ഷേത്രം നിര്‍മ്മിച്ചതും സ്ഥാപിച്ചതും ഹനുമാന്‍ ഭക്തരായ നാട്ടുകാരാണെന്നാണ് ബി.ജെ.പി. പറയുന്നത്. അത് തന്നെയാണ് ആംആദ്മിയും പറയുന്നത്. ദൈവം തീരുമാനിക്കുന്നതിന് കോടതിയുടെ ഉത്തരവ് തടസമാകില്ലെന്നാണ് നോര്‍ത്ത് കോര്‍പ്പറേഷന്‍ മേയര്‍ ജയ് പ്രകാശ് പറയുന്നത്. താത്കാലിക ക്ഷേത്രം നീക്കം ചെയ്യാന്‍ പോലീസ് നടപടി ആരംഭിക്കുന്നതിനിടയില്‍ ക്ഷേത്രത്തിന് നിയമാനുസ്യതമായ അനുമതി നല്‍കാന്‍ കോര്‍പ്പറേഷന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ക്ഷേത്രം സ്ഥാപിച്ചതില്‍ ബി.ജെ.പിക്കോ, ആംആദ്മി പാര്‍ട്ടിക്കോ എതിര്‍പ്പില്ല. കാരണം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്. വോട്ടാണല്ലോ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടേയും ജീവ വായു.

പഞ്ചാബ് ഫലവും, വരാനിരിക്കുന്ന ഫലങ്ങളും
പാര്‍ലമെന്‍റ് സ്ട്രീറ്റിലെ മുഖ്യമായ ചര്‍ച്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ തന്നെയാണ്. പഞ്ചാബിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയെ മാത്രമല്ല വന്‍ വിജയം നേടിയ കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പഞ്ചാബില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന 2165 സീറ്റുകളില്‍ 1485 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ശിരോമണി അകാലി ദള്‍ 294 സീറ്റിലും, സ്വതന്ത്രര്‍ 274റും സീറ്റുകള്‍ നേടി. ആംആദ്മി 57, ബി.ജെ.പി. 47, ബി.എസ്.പി. 5 സീറ്റുകളിലും വിജയിച്ചു. പഞ്ചാബില്‍ കോണ്‍ഗ്രസിന് ഇത്രയും വലിയ നേട്ടം ഉണ്ടാക്കുവാന്‍ സാധിച്ചത് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ നേത്യ മികവു കൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു. ഒപ്പം കര്‍ഷക സമരവും വിലക്കയറ്റവും പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. ബംഗാളിലും, കേരളത്തിലും, ആസാമിലും, തമിഴ്നാട്ടിലും, പോണ്ടിച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പാണ് ഉടനെ നടക്കുന്നത്. ഇതില്‍ ബി.ജെ.പി. നേരിട്ട് ഭരിക്കുന്ന ഒരു സംസ്ഥാനവും ഇല്ല. ആസാമില്‍ ബി.ജെ.പി. ആസാം ഗണ പരിഷത്തിന് പിന്തുണ നല്‍കി ഭരണത്തിന്‍റെ ഭാഗമാണ് എന്ന് പറയാം. കര്‍ഷക സമരം ശക്തമായി തുടരുന്നതിന്‍റെ ഇടയിലാണ് ഏപ്രില്‍ മാസം ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പെട്രോള്‍ വില സെഞ്ച്വറി കടന്നത് സാധാരണ ജനത്തെ വല്ലാതെ ബാധിച്ചിരിക്കുകയുമാണ്.

ബംഗാളില്‍ മമത തന്നെ വരുമെന്ന്
ബംഗാളില്‍ ത്രികോണ മത്സരമാണ് നടക്കുന്നത് മൂന്ന് വിഭാഗവും ഒന്നിനൊന്ന് ശക്തം. മമതാ ബാനര്‍ജി നേത്യത്വം നല്‍കുന്ന ത്രിണമുല്‍ കോണ്‍ഗ്രസ് ഒന്നാം വിഭാഗം. ബി.ജെ.പി. നേത്യത്ത്വം നല്‍കുന്ന മുന്നണിയാണ് രണ്ടാമത്തേത്. സി.പി.എമ്മും, മറ്റ് ഇടത് പക്ഷവും, കോണ്‍ഗ്രസും ചേര്‍ന്നതാണ് മൂന്നാമത്തെ വിഭാഗം. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നവര്‍ പറയുന്നത് അവിടെ മൂന്ന് പേരും തുല്ല്യമായി നില്‍ക്കുന്നതിനാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല എന്നാണ്. അവിടെ മമതയ്ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലും ഭൂരിപക്ഷം ഉണ്ടാകില്ല എന്നാണ് കണക്കാക്കുന്നത്. ഇടത് പക്ഷവും, കോണ്‍ഗ്രസും ചേര്‍ന്ന മുന്നണി മമതയെ പിന്തുണയ്ക്കും എന്നാണ് ചിലര്‍ പറയുന്നത്. ജയിച്ചു വരുന്ന മമത വിഭാഗത്തിലെയും, കോണ്‍ഗ്രിലേയും എം.എല്‍.എ മാരെ രാജിവെപ്പിച്ച് ബിജെപി ഭൂരിപക്ഷം നേടുമെന്നാണ് മറ്റൊരു കണക്ക് കൂട്ടല്‍. ഇത്തരം ചര്‍ച്ചകള്‍ വ്യാപകമായത് കൊണ്ടും, കര്‍ണ്ണാടക ചരിതം മുന്നിലുള്ളത് കൊണ്ടും എല്ലാ പാര്‍ട്ടികളിലും മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ കര്‍ക്കശ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണം നീക്കുന്നു...?
കോവിഡ് രോഗികളുടെ എണ്ണം ദിവസവും 100 എണ്ണത്തോളമായി കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമോ എന്ന ചര്‍ച്ച തുടങ്ങി. മരണ നിരക്ക് ഒരക്കത്തിലും, മരണമില്ലാത്ത ദിവസങ്ങളും ഡല്‍ഹിയിലുണ്ടായി. കോവിഡ് വ്യാപകമായ ആദ്യ ഘട്ടങ്ങളില്‍ വലിയ മരണസംഖ്യയായിരുന്നു ഡല്‍ഹിയില്‍. മ്യതശരീരങ്ങള്‍ അട്ടിയിട്ട് ടോക്കണ്‍ അടിസ്ഥാനത്തില്‍ ശ്മശാനത്തില്‍ സംസ്ക്കരിച്ച മാസങ്ങള്‍ ഉണ്ടായിരുന്നു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ സ്ക്കൂളില്‍ പഠനം ആരംഭിച്ചെങ്കിലും വളരെ കുറച്ച് കുട്ടികള്‍ മാത്രമാണ് ഹാജരാകുന്നത്. ബസുകളും, മെട്രോയും പഴയ പോലെ ഓടുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളുണ്ട്. മാര്‍ക്കറ്റുകള്‍ പഴയപോലെ  തന്നെയായി. ഡല്‍ഹിയില്‍ 56 % ജനങ്ങളിലും കോവിഡ് വന്നു പോയി എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. സെറോ സര്‍വ്വെയിലാണ് രാജ്യതലസ്ഥാനത്തുള്ള ജനങ്ങളില്‍ കോവിഡ് പ്രതിരോധ ശേഷി സ്വയം ആര്‍ജിച്ചതായി കണ്ടെത്തിയത്. ഇവരില്‍ പലര്‍ക്കും ഇവരറിയാതെ കോവിഡ് രോഗം വന്നു പോയതായാണ് പറയുന്നത്.

പതഞ്ജലിയുടെ കൊറോണിലിന് അംഗീകാരമില്ല 

ബാബാ രാംദേവിന്‍റെ കോവിഡിനെ ഇല്ലാതാക്കാന്‍ നിര്‍മ്മിച്ച് വില്‍പ്പന തുടങ്ങിയ പതഞ്ജലിയുടെ കൊറോണിലിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ (ഡബ്ലിയൂ.എച്ച്.ഒ.) അംഗീകാരമില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ് മന്ത്രാലയം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ സര്‍ട്ടിഫിക്കേഷന്‍ സ്ക്കീം പ്രകാരം അംഗീകാരം നല്‍കി എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡബ്ലിയൂ.എച്ച്.ഒ. ഔദ്യോഗികമായി തങ്ങള്‍ അങ്ങനെ ഒരു മരുന്നിനും അംഗീകാരം കൊടുത്തിട്ടില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നിഷേധ കുറിപ്പ് പുറത്തിറക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്വര്‍ദ്ധന്‍, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി, പതഞ്ജലി സ്ഥാപകനായ ബാബാ രാംദേവിന്‍റേയും സാനിധ്യത്തില്‍ ڇഡബ്ലിയൂ.എച്ച്.ഒ. അംഗീകാരംڈ മുതലായവ അടക്കം വലിയ അവകാശങ്ങളാണ് കൊറോണിലിന്‍റെ വിതരണോത്ഘാടന ചടങ്ങില്‍ ഉണ്ടായത്. ജനങ്ങളില്‍ വ്യാപകമായ തെറ്റിധാരണ പരത്തി കോടികളുടെ വ്യാപാരം ലക്ഷ്യമിടുന്നതില്‍ ആരോഗ്യമന്ത്രിയുടെ പിന്തുണ ലഭിച്ചു എന്നത് വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ ജനങ്ങളില്‍ കോവിഡിന് പ്രതിരോധ മരുന്നാണെന്ന് പറഞ്ഞുള്ള പതഞ്ജലിയുടെ കച്ചവടത്തെ വിമര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഐ.എം.എ. ഭാരവാഹിയായ ഡോക്ടര്‍ രാജീവ് ജയദേവന്‍ പറയുന്നത് പതഞ്ജലിയുടെ അവകാശവാദങ്ങള്‍ സാധൂകരിക്കുന്ന പ്രബന്ധങ്ങള്‍ ലഭിച്ചിട്ടില്ല എന്നാണ്. ബ്രിട്ടനിലെ ബിര്‍മിങ്ഹാം യൂണിവേഴ്സിറ്റി അവിടയുള്ള കടകളില്‍ ഈ ഉല്പന്നം കണ്ടതിനെ തുടര്‍ന്ന് ഇതേപ്പറ്റി പരിശോധനകള്‍ നടത്തി ഫലമില്ല എന്ന് പ്രഖ്യാപിച്ച കാര്യം ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക ആരോഗ്യ ശാസ്ത്രത്തില്‍ ഇമ്മ്യൂണോ ബൂസ്റ്റര്‍ എന്ന വാക്കില്ല എന്ന് ഡോക്ടര്‍ രാജീവ് ജയദേവന്‍ തീര്‍ത്ത് പറയുന്നു. സാങ്കല്‍പ്പികമായ ഈ വാക്ക് ഔദ്യോഗികമായി ചിത്രീകരിച്ച് ലക്ഷക്കണക്കിന് ജനങ്ങളെ വിഡ്ഡികളാക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് പരക്കെ വിമര്‍ശനമുണ്ട്. ഡബ്ലിയൂ.എച്ച്.ഒയുടെ ചിഹ്നം പോലും ദുരുപയോഗം ചെയ്തിരിക്കയാണ്. വൈദ്യരംഗത്തെ കുറിച്ച് അറിവില്ലാത്ത ലക്ഷങ്ങളുടെ ഇടയില്‍ ഔദ്യോഗിക ശാസ്ത്രീയ സംഘടനകളുടെ അംഗീകാരമില്ലാത്ത കോവിഡ് പ്രതിരോധ മരുന്നുകള്‍ എന്ന പേരില്‍ ലോകമെമ്പാടും വിതരണം നടക്കുന്നുണ്ടെന്ന് ഡോക്ടര്‍ രാജീവ് ജയദേവന്‍ പറഞ്ഞു.