പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2021 ഫെബ്രുവരി 01 

അരുണാചലിലെ ചൈനയുടെ കോളനി
ഡല്‍ഹിയുടെ അിര്‍ത്തികളില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ സുരക്ഷയെ കടത്തി വെട്ടി സുരക്ഷാ സന്നാഹം ഒരുക്കുന്ന സമയത്ത് ഇന്ത്യന്‍ ഭൂമിയില്‍ ചൈന കോളനി തന്നെ നിര്‍മ്മിച്ചിട്ടും ഇന്ത്യാ ഗവണ്‍മെന്‍റ് അനങ്ങുന്നില്ല. അരുണാചല്‍ പ്രദേശിലാണ് ഇന്ത്യയ്ക്കുള്ളില്‍ ചൈന ഒരു പുതിയ കോളനി തന്നെ സ്യഷ്ടിച്ചിരിക്കുന്നത്. 101 വീടുകളാണ് ചൈന ഇന്ത്യയ്ക്കുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്തയുമായുള്ള അന്തര്‍ ദേശീയ അതിര്‍ത്തിയില്‍ നിന്നും നാലര കിലോമീറ്റര്‍ ഉള്ളിലായാണ് നിര്‍മ്മിതി നടന്നിട്ടുള്ളത്. അരുണാചല്‍ പ്രദേശിലെ സുബന്‍സിരി ജില്ലയുടെ മുകള്‍വശത്ത്, ടിസാരി ചു നദിയുടെ തീരത്താണ് പുതിയ കോളനിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.  

  2019 ആഗസ്റ്റ് 26ലെ സാറ്റിലൈറ്റ് ചിത്രത്തില്‍ ഗ്രാമം ഇല്ല. പക്ഷെ 2020 നവംബര്‍ 1ന് എടുത്ത സാറ്റിലൈറ്റ് ചിത്രത്തിലാണ് നിര്‍മ്മാണം വ്യക്തമായി കാണുന്നത്. ഈ പ്രദേശത്ത് നിന്നുള്ള ബി.ജെ.പി. അംഗം തപീര്‍ ജിയോ പാര്‍ലമെന്‍റില്‍ ചൈനയുടെ അതിക്രമത്തെ കുറിച്ചും, കോളനി നിര്‍മ്മിക്കുന്നതിന്‍റെ ശ്രമങ്ങളെ കുറിച്ചും ചിത്രങ്ങള്‍ സഹിതം സഭയുടെ ശ്രദ്ധയില്‍ ഒരു വര്‍ഷമായി കൊണ്ടു വന്നതാണ്. പക്ഷെ ഒരു നടപടിയും ഇന്ത്യയുടെ ഭാഗത്ത് നിന്നും എടുത്തില്ല. 1980 മുതല്‍ സമാനമായി ചൈന ഇന്ത്യയില്‍ ഒട്ടേറെ നിര്‍മ്മാണങ്ങള്‍ നടത്തി വരുന്നുണ്ടെന്നാണ് തപീര്‍ ജിയോ പറയുന്നത്. തവാങ്ങിലെ സുംദോറോങ്ങ് താഴ്സരയില്‍ ചൈന രാജീവ് ഗാന്ധിയുടെ കാലത്ത് ഇങ്ങനെ ഒരു നിര്‍മ്മാണം നത്തെുകയുണ്ടായി. അന്നത്തെ പട്ടാള മേധാവി ഒരു പട്ടാള നടപടിക്ക് ഒരുങ്ങിയെങ്കിലും, പ്രധാനമന്ത്രി രാജീവ് ഗാന്ധി പിന്‍വലിപ്പിക്കുകയാണുണ്ടായത്.

സമൂഹ്യ മാധ്യമങ്ങളിലെ സെലിബ്രിറ്റി ട്വിറ്റുകള്‍
പതിവിന് വിപരീതമായി കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചും, കര്‍ഷക സമരത്തെ ഇകഴ്ത്തിയും, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുതല്‍ കങ്കണ, അക്ഷയ് കുമാര്‍, പി.ടി. ഉഷ തുടങ്ങി ഒരു നിര പ്രമുഖര്‍ തുടരെ തുടരെ ട്വിറ്ററില്‍ സന്ദേശമിട്ടത് കൗതുകമായി. ഇങ്ങനെ കമന്‍റുകളിട്ട പ്രമുഖര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിച്ചും, ആക്ഷേപിച്ചും കൊണ്ട് ട്രോളുകളും വരുന്നുണ്ട്. രാജ്യത്തെ പ്രമുഖരായ ചിലര്‍ പരസ്യമായി ട്വിറ്ററിലൂടെ കര്‍ഷക സമരത്തെ അനുകൂലിച്ച് കുറിപ്പുകള്‍ ഇട്ടിരുന്നു. ഇവരുടെ ട്വിറ്റര്‍ കോടികണക്കിനു അനുയായികള്‍ വഴി ലോക ശ്രദ്ധ പിടിച്ചു പറ്റി. പോപ് ഗായിക റിഹാന, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്, മിയ ഖലീഫ, യുഎസ് കോണ്‍ഗ്രസ് അംഗം ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ മരുമകളും സാമുഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് എന്നിവര്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ട്വിറ്ററില്‍ പിന്തുണ അറിയിച്ചതും ലോക ജനത വായിച്ചു. കര്‍ഷകസമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയതിന് പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേത്യത്വവും എത്തി. കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ നിരവധി പേര്‍ പിന്തുണയുമായി എത്തിയതിന് പിന്നില്‍ രാഹുല്‍ ഗാന്ധി ആണെന്നാണ് ബി.ജെ.പിയുടെ ആരോപണം. വിദേശികള്‍ എന്തിനാണ് ഇന്ത്യയുടെ അഭ്യന്തിര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് എന്നാണ് കേന്ദ്ര മന്ത്രിമാരടക്കമുള്ളവര്‍ പ്രതികരിച്ചത്. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന സന്ദേശങ്ങള്‍ ലോകം മുഴുവന്‍ വ്യാപിക്കുന്നതിന് ആസൂത്രിതമായി തട ഇടാനാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറടക്കമുള്ളവരെ ട്വിറ്റര്‍ സന്ദേശങ്ങളുമായി രംഗത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ വംശജര്‍ക്കും, ഇന്ത്യക്കാര്‍ക്കും വിദേശ രാജ്യത്തെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാമെന്നിരിക്കെ, വിദേശിയര്‍ക്ക് ഇന്ത്യയിലെ കര്‍ഷക സമരത്തെ കുറിച്ച് സംസാരിക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്താണ് ന്യായം എന്നാണ് ചോദ്യം. മോദി സര്‍ക്കാരിന്‍റെ ജനദ്രാഹ കരമായ നയങ്ങള്‍ വഴി കളങ്കമായ പ്രതിച്ഛായ നഷ്ടം സെലിബ്രിട്ടികളുടെ ട്വിറ്റുകള്‍ കൊണ്ട് പരിഹരിക്കാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

ഗോമൂത്ര ഫിനോയില്‍
മധ്യപ്രദേശിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഗോമൂത്രം കൊണ്ടുണ്ടാക്കുന്ന ഫിനോയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മധ്യപ്രദേശ് സര്‍ക്കാരിന്‍റെ പശു കാമ്പിനറ്റിന്‍റെ തീരുമാനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറണ്‍ിരിക്കുന്നത്. സംസ്ഥാനത്ത് ഗോ മൂത്രത്തിന്‍റെ ബോട്ടിലിങ്ങ് പ്ലാന്‍റും, ഗോ മൂത്ര ഫിനോയില്‍ നിര്‍മ്മാണ പ്ലാന്‍റും നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കുന്നുണ്ടെന്നാണ് വകുപ്പ് മന്ത്രി പ്രേം സിംഗ് പട്ടേല്‍ പറഞ്ഞു. ഗോമൂത്ര ഫിനോയിലിന്‍റെ നിര്‍മ്മാണത്തേക്കാള്‍ കൂടുതല്‍ ആവശ്യകത വര്‍ധിപ്പിക്കുക എന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കറവ വറ്റിയ പശുക്കളെ ഉപേക്ഷിക്കുന്നതില്‍ നിന്ന് വലിയ അളവില്‍ ജനങ്ങള്‍ സ്വന്തമായി പിന്‍വലിയുമെന്നാണ് അദ്ദേഹം പറയുന്നത്. രാസവസ്ഥുക്കള്‍ ചേര്‍ത്ത ഫിനോയിലിനേക്കാള്‍ മികച്ചതാണ് ഗോമൂത്രം കൊണ്ട് ഉണ്ടാക്കുന്ന ഫിനോയില്‍ എന്ന് ആദ്യം 2017ല്‍ ഗോണിലി എന്ന പേരില്‍ ഗോമൂത്ര ഫിനോയിലുമായി വിപണന രംഗത്ത് എത്തിയ ബാബാ രാംദേവ് പറഞ്ഞിട്ടുണ്ട്. ഗോമൂത്ര ഫിനോയില്‍ ഒരു ലിറ്റര്‍ കുപ്പിക്ക് 60 രൂപയാണ് വില.

ഡല്‍ഹിയില്‍ പകുതിയിലേറെ പേര്‍ക്ക് കോവിഡ് വന്നു പോയി...
കോവിഡ് വ്യാപകമായ ആദ്യ ഘട്ടങ്ങളില്‍ വലിയ മരണസംഖ്യയായിരുന്നു ഡല്‍ഹിയില്‍. മ്യതശരീരങ്ങള്‍ അട്ടിയിട്ട് ടോക്കണ്‍ അടിസ്ഥാനത്തില്‍ ശ്മശാനത്തില്‍ സംസ്ക്കരിച്ച മാസങ്ങള്‍ ഉണ്ടായിരുന്നു. 2020 ഡിസംബര്‍ പകുതിയോടെ രാജ്യത്തെ 28 കോടി ജനങ്ങളിലും കോവിഡ് വന്നു പോയിരിക്കാമെന്നാണ് കണക്കാക്കുന്നത്. ഡല്‍ഹിയില്‍ 56 % ജനങ്ങളിലും കോവിഡ് വന്നു പോയി എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. സെറോ സര്‍വ്വെയിലാണ് രാജ്യതലസ്ഥാനത്തുള്ള ജനങ്ങളില്‍ കോവിഡ് പ്രതിരോധ ശേഷി സ്വയം ആര്‍ജിച്ചതായി കണ്ടെത്തിയത്. ഇവരില്‍ പലര്‍ക്കും ഇവരറിയാതെ കോവിഡ് രോഗം വന്നു പോയതായാണ് പറയുന്നത്. 2021 ജനുവരി 15 മുതല്‍ 23 വരെയായിരുന്നു ഡല്‍ഹിയില്‍ സര്‍ല്ലെ നടന്നത്. ഓരോ മുനിസിപ്പല്‍ വാര്‍ഡില്‍ നിന്നും നൂറ് സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് നടന്ന ഏറ്റവും വലിയ സെറോ സര്‍വ്വെയാണ് ഡല്‍ഹിയില്‍ നടന്നത്. ഇതിന് മുന്‍പ് നാല് തവണ ഡല്‍ഹിയില്‍ സെറോ സര്‍വ്വെ നടന്നിരുന്നതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഇതിനിടയില്‍ റി4ബ്ലിക്ക് ദിന റാലിയില്‍ പങ്കെടുത്ത 287 സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ഇപ്പോള്‍ ദിവസവും ശരാശരി 150 കോവിഡ് രോഗികളേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. മരണ സംഖ്യ ഒറ്റ മക്കത്തിലേയ്ക്ക് ചുരുങ്ങുകയും ചെയ്തു.

ഡല്‍ഹിയില്‍ ഇ കാറുകള്‍ കൂടുന്നു
ഡല്‍ഹിയില്‍ പായുന്ന ഇലക്ട്രിക്ക് കാറുകളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു. ഡല്‍ഹി സര്‍ക്കാര്‍ 2020 ആഗസ്റ്റില്‍ കൊണ്ടു വന്ന ഇലക്ട്രിക്ക് വെഹിക്കിള്‍ പോളിസി പ്രകാരം രജിസ്ട്രേഷന്‍ ഫീസും, റോഡ് ടാക്സും ഇലക്ട്രിക്ക് കാറുകള്‍ക്ക് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. കൂടാതെ ഒന്നര ലക്ഷം രൂപയുടെ സബ്സിഡിയും നല്‍കുന്നുണ്ട്. ഡല്‍ഹിയില്‍ ഇപ്പോള്‍ ഒരു ലക്ഷത്തോളം ഇലക്ട്രിക്ക് കാറുകള്‍ ഓടുന്നുണ്ട്. ഇതില്‍ 15,000 എണ്ണം സ്വകാര്യ വാഹനങ്ങളാണ്. ഏറ്റവും കുറവ് വിലയുള്ള ടാറ്റയുടെ ഇലക്ട്രിക്ക് കാറിന് 10 ലക്ഷം രൂപയാണ്. ഡല്‍ഹിയില്‍ മൂന്ന് കിലോമീറ്ററില്‍ ഇലക്ട്രിക്ക് ചാര്‍ജിങ്ങ് യൂണിറ്റുകള്‍ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണത്തില്‍ വലിയ കുറസ് സംഭവിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇലക്ട്രിക്ക് വെഹിക്കിള്‍ പോളിസി ജനങ്ങളിലെത്തിച്ച് കൂടുതല്‍ പേരെ ഇ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ സ്വിച്ച് ഡല്‍ഹി എന്ന പേരില്‍ പ്രചരണം തന്നെ ആരംഭിച്ചിരിക്കയാണ്.

നേട്ടം കൊയ്ത് അനിരുദ്ധ് ഭാസ്ക്കര്‍ 

രാജ്യത്തെ ഏറ്റവും മികച്ച എന്‍.സി.സി കേഡറ്റ് എന്ന ബഹുമതിക്ക് അര്‍ഹനായ അനിരുദ്ധ് ഭാസ്ക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് അവാര്‍ഡ് ഏറ്റു വാങ്ങിയപ്പോള്‍ മലയാളികള്‍ക്ക് അതൊരു അഭിമാന നിമിഷമായി. തൃക്കാക്കരയിലെ ആദിത്യ കണ്ണാശുപത്രിയിലെ ഡോക്ടര്‍ സുനില്‍ ഭാസ്ക്കറിന്‍റേയും, സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍ അമ്മു ഭാസ്ക്കറിന്‍റേയും മകന്‍ അനിരുദ്ധ് ഭാസ്ക്കര്‍ തേവര കോളേജിലെ ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സുനില്‍ കണ്ണ് ചികിത്സയിലും ഭാര്യ അമ്മു ജിറിയാട്രിയിലും ചികിത്സ നടത്തുന്നു. കേരളത്തിലെ ഏറ്റവും മികച്ച എന്‍.സി.സി കേഡറ്റായി നവംബര്‍ മാസം തിരഞ്ഞെടുക്കപ്പെട്ടു. അങ്ങിനെ എല്ലാം സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ ക്യാമ്പ് ഡിസംബര്‍ മാസം ഡല്‍ഹിയില്‍ തുടങ്ങി. അതില്‍ നിന്നായിരുന്നു രാജ്യത്തെ മികച്ച കേഡറ്റിനെ തിരഞ്ഞെടുത്തത്. മകന്‍ പ്രധാനമന്ത്രിയില്‍ നിന്ന് മെഡല്‍ സ്വീകരിക്കുന്നത് കാണാന്‍ മാതാപിതാക്കളും ഡല്‍ഹിയിലെത്തിയിരുന്നു.