കർഷക സമര വേദിയിൽ ഭഗത്സിംഗിന്റെ സഹോദരി പുത്രി
സുധീർ നാഥ്
ബ്രിട്ടീഷ് സർക്കാർ കൊണ്ടു വന്ന പബ്ലിക്ക് സേഫ്റ്റി ബില്ലും, ട്രേയ്സ് ഡിസ്പ്യൂട്ട് ആക്റ്റും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ഇന്ത്യൻ ലെജിസ്ലേറ്റീവ് അസംബ്ലി ഹാളിലേയ്ക്ക് ഇങ്കുലാബ് സിന്ദാബാദ് എന്ന് വിളിച്ച് ബോംബ് വലിച്ചെറിഞ്ഞ ധീര വിപ്ലവകാരിയാണ് ഭഗത് സിംഗ് . ഈ കുറ്റം ചുമത്തിയാണ് ഭഗത് സിംഗിനെ ലാഹോർ ജയിലിൽ ബ്രിട്ടീഷ് പട്ടാളം 23 വയസിൽ തൂക്കി കൊന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭഗത് സിംഗ് ആവേശമാണ്. രക്തസാക്ഷിയായ ഭഗത് സിംഗിന്റെ സഹോദരി ബീബി പ്രകാശ് കൗറിന്റെ മകൾ കുടുംബ സമേതം കഴിഞ്ഞ കുറേ നാളുകളായി സമരവേദിയിൽ തന്നെ ഉണ്ട്. രണ്ടു മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തിന്
ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് വേണ്ടി ജനങ്ങൾ ഒഴികി എത്തുകയാണ്.

ഗാസിപൂരിലെ സമരവേദിയിൽ വെച്ച് ഗുർജിത് കൗർ ദത്തിനെ കണ്ടുമുട്ടിയ ഗൾഫ് ഇന്ത്യൻസ് പ്രതിനിധികളുമായി അവരുടെ വീക്ഷണം വിശദീകരിക്കുകയുണ്ടായി. പഞ്ചാബ് സംസ്ഥാനത്തിലെ ഹോഷിയാർപൂർ ജില്ലയിലെ അംബാല ജാട്ടൻ ഗ്രാമത്തിലെ സർപഞ്ച് അഥവാ പഞ്ചായത്ത് പ്രസിഡന്റാണ് ഗുർജിത് കൗർ ദത്ത്. സമരത്തിന് പിന്തുണയുമായി എത്തിയ അവർ സർക്കാർ നിരത്തിയ ബാരിക്കേഡുകളും, കോൺക്രീറ്റ് ബ്ലോക്കുകളും , കമ്പി വേലികളും ചൂണ്ടി ചോദിക്കുന്നത് ഇത് യുദ്ധഭൂമി ആണോ എന്നാണ്. അന്താരാഷ്ട്ര അതിർത്തികളിൽ പോലും ഇത്രയേറെ സുരക്ഷിതത്വം ഉണ്ടാകില്ല എന്ന് അവർ പറയുന്നു. സർക്കാർ സ്വന്തം ജനതയുടെ, അതും രാജ്യത്തിന് ഭക്ഷണം നൽകുന്ന കർഷകരെ തടയുന്നതിനു വേണ്ടി നടത്തുന്ന നടപടികൾ രാജ്യത്തിനുതന്നെ അപമാനമാണെന്ന് അവർ പറഞ്ഞു.

രാജ്യത്തെ കുട്ടികൾ പോലും ഇപ്പോൾ കേന്ദ്രം കൊണ്ടുവന്ന മൂന്ന് കർഷക ബില്ലിനെ കുറിച്ചും, പുതിയ ബില്ലുകൾ കർഷകരെ എങ്ങിനെ ബാധിക്കും എന്നും അറിയാം. രാജ്യത്തെ ബഹുഭൂരിപക്ഷം കർഷകരും ബില്ലിനെതിരെ സമര മുഖത്താണ്. ഇത്രവലിയ ജനകീയ സമരത്തിന് ശേഷവും കാർഷിക ബില്ലുകൾ പിൻവലിക്കില്ല എന്ന സർക്കാരിന്റെ കടുംപിടുത്തം തികച്ചും ജനവിരുദ്ധമാണ്. ജനങ്ങളാണ് പരമാധികാരികൾ എന്ന് പറയുകയും അവർക്കെതിരെ നിലപാടെടുക്കുകയും ചെയ്യുന്നതിന് വലിയ വില കൊടുക്കേണ്ടി വരും.
ചെങ്കോട്ട സ്വകാര്യ മേഖലയ്ക്ക് വാടക തീറെഴുതി കൊടുത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ അപമാനിച്ചു എന്ന് പറയാൻ അവർക്ക് എന്ത് ധാർമികതയാണ് ഉള്ളത് എന്ന് ഗുർജിത്ത് കൗർ ചോദിക്കുന്നു. ചെങ്കോട്ടയിൽ ത്രിവർണ്ണ പതാകയ്ക്ക് കീഴെ കെട്ടിയത് നിഷാൻ സാഹിബ് ആണ് പറത്തിയത്. അതിർത്തികളിലെ ഇന്ത്യൻ പട്ടാളത്തിന്റെ സിഖ് റജിമെന്റിലും മറ്റും സൈനികർ ഉയർത്തുന്നതും ഇതേ പതാകയാണ്. ഇന്ത്യൻ സൈന്യത്തിന്റേ ശക്തിയുടേയും, ശൗര്യത്തിന്റേയും അടയാളമാണെന്ന് പറയുന്ന നിഷാൻ സാഹിബ് എങ്ങിനെ ചെങ്കോട്ടയിൽ വഞ്ചനയുടെ അടയാളമാകുന്നത്....?
ഭഗത് സിംഗ് പറഞ്ഞത് സഹോദരി പുത്രി കൂടിയായ ഗുർജിത് കൗർ ദത്ത് ആവർത്തിച്ചു. സമരം ഒരു ദിവസം കൊണ്ടു അവസാനിക്കുന്നതല്ല. നമ്മുടെ ലക്ഷ്യം നേടാൻ പൊരുതി കൊണ്ടിരിക്കണം.