ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ലെ ന​മ്മ​ള്‍

ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ലെ ന​മ്മ​ള്‍

Published:06 February 2021  


 1947 ഓ​ഗ​സ്റ്റ് 15ന് ​ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടി​യ​ത് ജ​ന​ത മു​ഴു​വ​നാ​യി അ​റി​യാ​ന്‍ ഒ​രു മാ​സ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ത്തു. ത​ങ്ങ​ൾ അ​ക്കാ​ല​മ​ത്ര​യും ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കീ​ഴി​ലാ​യി​രു​ന്നു എ​ന്നാ​ണ​വ​ർ ക​രു​തി​യി​രു​ന്ന​ത്. ദ്വീ​പ​സ​മൂ​ഹ​മാ​യ ല​ക്ഷ​ദ്വീ​പി​ലേ​ക്കു ക​ര​യി​ല്‍ നി​ന്ന് വ​ലി​യൊ​രു ഉ​രു ബ്രി​ട്ടീ​ഷ് പ​താ​ക​യ്ക്ക് പ​ക​രം ഇ​ന്ത്യ​ന്‍ പ​താ​ക​യു​മേ​ന്തി എ​ത്തി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ സ്വ​ത​ന്ത്ര​മാ​യി എ​ന്ന് അ​ന്നാ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​ത്. ല​ക്ഷ​ദ്വീ​പി​ന്‍റെ പ്ര​തി​നി​ധി​യാ​യ പി.​എം. സെ​യ്ദ് കേ​ന്ദ്ര ഊ​ര്‍ജ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ മാ​ധ്യ​മ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ലേ​ഖ​ക​നോ​ട് പ​ങ്കു​വ​ച്ച​താ​ണ് ഈ ​ച​രി​ത്രം. 

വ​ര്‍ഷ​ങ്ങ​ള്‍ക്കി​പ്പു​റം 2004ല്‍ ​പി.​എം. സെ​യ്ദ് കൊ​റി​യ​യി​ല്‍ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ അ​ന്ത​രി​ച്ചു. മ​ര​ണ വി​വ​രം ല​ക്ഷ​ദ്വീ​പി​ലു​ള്ള ബ​ന്ധു​ക്ക​ള്‍ വ​ട​ക്കേ ഇ​ന്ത്യ​യി​ലെ ഋ​ഷി​കേ​ശി​ല്‍ യാ​ത്ര​യി​ലാ​യി​രു​ന്ന ലേ​ഖ​ക​നെ ടെ​ലി​ഫോ​ണി​ല്‍ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ന​മ്മു​ടെ ആ​ശ​യ​വി​നി​മ​യ മാ​ര്‍ഗം സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം വ​ള​രെ മെ​ച്ച​പ്പെ​ട്ടു എ​ന്ന​തി​നു​ള്ള തെ​ളി​വാ​യി​രു​ന്നു അ​ത്. 2021ല്‍ ​നാം എ​ത്തി​നി​ല്‍ക്കു​ന്ന​ത് ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യു​ടെ പ​ടി​വാ​തി​ലി​ലാ​ണ്. ലോ​ക​ത്ത് എ​ന്തു സം​ഭ​വി​ച്ചാ​ലും അ​തേ നി​മി​ഷം മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ വി​വ​രം കാ​ട്ടു​തീ പോ​ലെ പ​ട​രു​ന്നു. 

കേ​ര​ള​ത്തി​ലെ ഗ്രാ​മ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍, ഗ്രാ​മീ​ണ​ര്‍ അ​റി​യും മു​ന്‍പ് പ്ര​വാ​സി​ക​ള്‍ അ​റി​യു​ന്നു. അ​വ​രി​ല്‍ നി​ന്നാ​ണ് പ​ല​പ്പോ​ഴും ഗ്രാ​മ​വാ​സി​ക​ൾ അ​റി​യു​ന്ന​ത്. ഈ ​വ​ര്‍ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തെ​പ്പ​റ്റി എ​ല്ലാ​വ​ര്‍ക്കും അ​റി​വു​ള്ള​താ​ണ്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ള​രു​ക​യും, ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ലേ​ക്ക് ഇ​ന്ത്യ നീ​ങ്ങി​ത്തു​ട​ങ്ങു​ക​യും ചെ​യ്ത സ​മ​യ​ത്താ​ണ് കൊ​വി​ഡ് ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. ലോ​ക്ക് ഡൗ​ണും നി​യ​ന്ത്ര​ണ​ങ്ങ​ളും ജ​ന​ങ്ങ​ളി​ലു​ണ്ടാ​യ ഭ​യം ശ​ക്ത​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​യാ​ണം വേ​ഗ​ത്തി​ലാ​ക്കി. ജ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും കൂ​ട്ടാ​യ്മ​ക​ള്‍ ഡി​ജി​റ്റ​ലാ​ക്കി. വി​വാ​ഹം, പ്രാ​ർ​ഥ​ന, പ​ഠ​നം, കു​ടും​ബ യോ​ഗ​ങ്ങ​ൾ, വി​രു​ന്ന്, മ​ര​ണ​ച്ച​ട​ങ്ങു​ക​ൾ എ​ല്ലാം ഡി​ജി​റ്റ​ലി​ലാ​യി. സാ​ധാ​ര​ണ​ക്കാ​ര്‍ പോ​ലും ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളോ​ട് വ​ള​രെ വേ​ഗം പൊ​രു​ത്ത​പ്പെ​ട്ടു. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​ന്മ​ട​ങ് വ​ർ​ധി​ച്ചു. 

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ​ക്തി​യി​ല്‍ ഇ​ന്ത്യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട് വ​ന്‍ വി​ജ​യം ആ​ദ്യം തീ​ര്‍ത്ത​ത് ഡ​ല്‍ഹി​യി​ല്‍ ആം​ആ​ദ്മി പാ​ര്‍ട്ടി​യാ​യി​രു​ന്നു. പി​ന്നീ​ട് രാ​ഷ്‌​ട്രീ​യ പ്ര​ച​ര​ണ​ങ്ങ​ള്‍ക്ക് എ​ല്ലാ പാ​ര്‍ട്ടി​ക​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ ആ​യു​ധ​മാ​ക്കി മാ​റ്റി. രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കു​ന്ന​ത് ഏ​താ​നും വ​ര്‍ഷം മു​ന്‍പ് മാ​ത്ര​മാ​ണ്. സ​ര്‍ക്കാ​രി​ന്‍റെ ഉ​ത്ത​ര​വു​ക​ളും മ​ന്ത്രി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും മ​റ്റും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ന​ല്‍കു​ന്ന രീ​തി​ക്കു തു​ട​ക്കം കു​റി​ച്ചു. കൊ​വി​ഡ് വ​ന്ന​തോ​ടെ അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളും ഡി​ജി​റ്റ​ല്‍ പ​തി​പ്പു​ക​ള്‍ വി​ല്‍പ്പ​ന ന​ട​ത്തി. 

കൊ​വി​ഡ് മ​ഹാ​മാ​രി​ക്കി​ടെ പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ന്നു. ഈ ​കാ​ല​ത്ത് ഡി​ജി​റ്റ​ല്‍ പ​ര​സ്യ പ്ര​ച​ര​ണ​ങ്ങ​ള്‍ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ച​താ​യാ​ണ് പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഓ​രോ സ്ഥാ​നാ​ർ​ഥി​യു​ടെ​യും നി​ല​പാ​ടു​ക​ള്‍ വോ​ട്ട​ര്‍മാ​ര്‍ വി​ല​യി​രു​ത്തി​യ​ത് അ​ച്ച​ടി​ച്ച പ്ര​സ്താ​വ​ന​ക​ള്‍ നോ​ക്കി​യ​ല്ല. ക​വ​ല യോ​ഗ​ങ്ങ​ളി​ലെ വാ​ച​ക ക​സ​ര്‍ത്ത് കേ​ട്ടി​ട്ട​ല്ല. ഡി​ജി​റ്റ​ല്‍ പ്ര​സ്താ​വ​ന​ക​ളും വീ​ഡി​യൊ ക്ലി​പ്പു​ക​ളും വാ​യി​ച്ചും കേ​ട്ടു​മാ​ണ്. ഇ​ന്‍റ​ര്‍നെ​റ്റും സ്മാ​ര്‍ട്ട് ഫോ​ണും ഇ​ല്ലാ​ത്ത ഒ​രു ദി​വ​സ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കാ​ന്‍ പോ​ലും പ്ര​യാ​സ​മാ​ണ്. 

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഇ- ​ക്യാ​ബി​ന​റ്റ് മീ​റ്റി​ങ് ന​ട​പ്പാ​ക്കി​യ​ത് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ആ​ന്ധ്ര​പ്ര​ദേ​ശ് സ​ര്‍ക്കാ​രാ​ണ്. കൊ​വി​ഡ് വ​ന്ന​തി​ന് ശേ​ഷം സ​മാ​ന​മാ​യ പ​ല മീ​റ്റി​ങ്ങു​ക​ള്‍ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ക​യു​ണ്ടാ​യി. ഇ​പ്പോ​ള്‍ ഇ- ​ക്യാ​ബി​ന​റ്റ് മീ​റ്റി​ങ് പു​തു​മ​യു​ള്ള ഒ​ന്നാ​യി ആ​രും പ​രി​ഗ​ണി​ക്കു​ന്നി​ല്ല.

2015 ജൂ​ലൈ ഒ​ന്നി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. 2014ലെ ​സ്വാ​ത​ന്ത്ര ദി​ന​ത്തി​ല്‍ ചെ​ങ്കോ​ട്ട​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗി​ച്ച​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു: ""മു​പ്പ​തു വ​ര്‍ഷം മു​മ്പ് വ​രെ പാ​മ്പാ​ട്ടി​ക​ളു​ടെ​യും ദു​ര്‍മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ​യും നാ​ടാ​യാ​ണ് ഇ​ന്ത്യ​യെ വി​ദേ​ശി​ക​ള്‍ ക​രു​തി​പ്പോ​ന്ന​ത്. എ​ന്നാ​ല്‍ ഐ​ടി​യി​ലെ മി​ക​വു​കൊ​ണ്ട് ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ര്‍ ലോ​ക​ത്തെ അ​തി​ശ​യി​പ്പി​ക്കു​ക​യാ​ണി​പ്പോ​ള്‍. റെ​യ്ൽ​വേ​യാ​ണ് രാ​ജ്യ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന​തെ​ന്ന് മു​മ്പ് പ​റ​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഐ​ടി​യാ​ണ് രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് ഇ​ന്ന് ഞാ​ന്‍ പ​റ​യു​ന്നു. ഞാ​ന്‍ ഒ​രു ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ സ്വ​പ്നം കാ​ണു​ന്നു. ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യി​ലൂ​ടെ ന​മു​ക്ക് ലോ​ക​ത്തോ​ട് മ​ത്സ​രി​ക്കാ​നാ​കു​മെ​ന്ന് എ​നി​ക്ക് പൂ​ര്‍ണ വി​ശ്വാ​സ​മു​ണ്ട്''. 

ഇ​ന്ത്യ 2020 ആ​ദ്യം വ​രെ ഡി​ജി​റ്റ​ല്‍ രം​ഗ​ത്തേ​ക്ക് സാ​വ​കാ​ശം ക​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ന​മ്മു​ടെ രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ന്‍റ​ര്‍നെ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ എ​ത്തി​ച്ചേ​രാ​ന്‍ ഇ​നി​യും വ​ര്‍ഷ​ങ്ങ​ള്‍ കാ​ത്തി​രി​ക്ക​ണം. ല​ഭ്യ​മാ​യ മേ​ഖ​ല​ക​ളി​ല്‍ അ​തി​വേ​ഗ ഇ​ന്‍റ​ര്‍നെ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ന്‍റെ പ​ണി​യി​ലാ​ണ് സ​ര്‍ക്കാ​ര്‍''. 

ഡി​ജി​റ്റ​ല്‍ രം​ഗം ജ​ന​ങ്ങ​ള്‍ക്കു കൂ​ടു​ത​ല്‍ അ​റി​വ് അ​തി​വേ​ഗം എ​ത്തി​ക്കു​ന്നു. എ​ത്തു​ന്ന അ​റി​വു​ക​ള്‍ എ​ല്ലാം ശ​രി​യാ​ക​ണ​മെ​ന്നി​ല്ല എ​ന്ന മ​റു​വ​ശം കൂ​ടി​യു​ണ്ട്. ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ ഒ​ന്നും വി​ശ്വാ​സ യോ​ഗ്യ​മാ​യ​ത​ല്ല എ​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ്. ന​മ്മ​ള്‍ ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ സു​ര​ക്ഷി​ത​ര​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത. ഇ​ന്‍റ​ര്‍നെ​റ്റി​ല്‍ ന​മ്മ​ള്‍ കൊ​ച്ചി​യി​ല്‍ നി​ന്ന് ഡ​ല്‍ഹി​യി​ലേ​യ്ക്കു​ള്ള വി​മാ​ന നി​ര​ക്ക് നോ​ക്കി എ​ന്നി​രി​ക്കു​ക. അ​ല്ലെ​ങ്കി​ല്‍, ഒ​രു ക്യാ​മ​റ​യു​ടെ വി​ല ഇ​ന്‍റ​ര്‍നെ​റ്റ് വ​ഴി നോ​ക്കി എ​ന്നി​രി​ക്കു​ക. ന​മു​ക്കു മാ​ത്രം അ​റി​യാ​വു​ന്ന​താ​ണ് ഈ ​ര​ണ്ട് കാ​ര്യ​വും എ​ന്നി​രി​ക്ക​ട്ടെ. പി​ന്നീ​ട് ന​മ്മ​ള്‍ ന​മ്മു​ടെ കം​പ്യൂ​ട്ട​ര്‍ തു​റ​ന്നാ​ല്‍ കൊ​ച്ചി​യി​ല്‍ നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്കു​ള്ള വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ളു​ടെ വ്യ​ത്യ​സ്ത നി​ര​ക്കും ക്യാ​മ​റ​ക​ളു​ടെ നി​ര​ക്കും നി​ങ്ങ​ളെ തേ​ടി സ്ക്രീ​നി​ലെ​ത്തും.

ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മാ​ണ് ന​മു​ക്കു വേ​ണ്ട​തെ​ങ്കി​ല്‍ ന​മ്മ​ള്‍ ന​മ്മു​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കേ​ണ്ട​താ​യി വ​രും. ഇ​താ​ണ് പി​ന്നീ​ട് വ​ലി​യ അ​പ​ക​ട​മാ​യി തി​രി​ച്ച​ടി​ക്കു​ന്ന​ത്. ഡേ​റ്റ​യാ​ണ് ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ലെ ഇ​ന്ധ​നം. അ​തി​നാ​യി പ​ല മാ​ര്‍ഗ​ങ്ങ​ളും പ​ല​രും പ​രീ​ക്ഷി​ക്കും. ഒ​രാ​ളെ ഡി​ജി​റ്റ​ല്‍ കെ​ണി​യി​ല്‍പ്പെ​ടു​ത്തി പാ​പ്പ​രാ​ക്കു​ന്ന വാ​ര്‍ത്ത​ക​ളും ന​മ്മ​ള്‍ വാ​യി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്നു. 

ഇ​പ്പോ​ള്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ര്‍ഷ​ക സ​മ​ര​ത്തി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ള്‍ക്ക് ഡി​ജി​റ്റ​ല്‍ രം​ഗം വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. സ​മ​രം നി​ര്‍വീ​ര്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ഡ​ല്‍ഹി​യി​ലെ അ​തി​ര്‍ത്തി​ക​ളി​ലെ ഇ​ന്‍റ​ര്‍നെ​റ്റ് സം​വി​ധാ​നം സ​ര്‍ക്കാ​ര്‍ നി​ര്‍ത്ത​ലാ​ക്കി​യ​ത്. 

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന്‍റെ അ​തി​ര്‍ത്തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ക​ര്‍ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രാ​ജ്യ​ത്തെ ഒ​ട്ടേ​റെ പ്ര​മു​ഖ​ര്‍ രം​ഗ​ത്ത് വ​ന്ന​ത് ലോ​ക​ശ്ര​ദ്ധ നേ​ടി. അ​വ​ര്‍ സ​മ​ര​ത്തെ കു​റി​ച്ച് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ഴു​തി​യ​തും പ​ങ്കു​വ​ച്ച​തു​മാ​യ ചി​ത്ര​ങ്ങ​ളും വീ​ഡി​യൊ ക്ലി​പ്പു​ക​ളും ലോ​കം കൗ​തു​ക​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്. പോ​പ് ഗാ​യി​ക റി​ഹാ​ന, ബ്രി​ട്ടീ​ഷ് എം​പി ക്ലൗ​ഡി​യ വെ​ബ്ബെ, സ്വീ​ഡി​ഷ് പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക ഗ്രേ​റ്റ തു​ന്‍ബെ​ര്‍ഗ്, പോ​ൺ സ്റ്റാ​ർ മി​യ ഖ​ലീ​ഫ, യു​എ​സ് കോ​ണ്‍ഗ്ര​സ് അം​ഗം ജിം ​കോ​സ്റ്റ, യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​ന്‍റെ മ​രു​മ​ക​ളും സാ​മൂ​ഹ്യ​പ്ര​വ​ര്‍ത്ത​ക​യു​മാ​യ മീ​ന ഹാ​രി​സ് എ​ന്നി​വ​രൊ​ക്കെ ക​ര്‍ഷ​ക​ര്‍ക്ക് അ​നു​കൂ​ല​മാ​യി കു​റി​പ്പു​ക​ള്‍ ഇ​ട്ട​തോ​ടെ ലോ​കം മു​ഴു​വ​ന്‍ സം​ഭ​വം ച​ര്‍ച്ച​യാ​യി. 

അ​തി​നു പി​ന്നാ​ലെ സ​ച്ചി​ന്‍ തെ​ന്‍ഡു​ല്‍ക്ക​റും ല​താ മ​ങ്കേ​ഷ്ക​റും മു​ത​ല്‍ ക​ങ്ക​ണ റാ​വ​ത്ത്, അ​ക്ഷ​യ് കു​മാ​ര്‍, അ​ജ​യ് ദേ​വ​ഗ​ൺ, സു​നി​ൽ ഷെ​ട്ടി, പി.​ടി. ഉ​ഷ തു​ട​ങ്ങി ഒ​രു നി​ര പ്ര​മു​ഖ​ര്‍ തു​ട​രെ​ത്തു​ട​രെ രാ​ജ്യ​സ്നേ​ഹ​പ​ര​മാ​യി ട്വി​റ്റ​റി​ല്‍ സ​ന്ദേ​ശ​മി​ട്ട​ത് കൗ​തു​ക​മാ​യി. ഇ​ങ്ങ​നെ ക​മ​ന്‍റു​ക​ളി​ട്ട​വ​രെ വി​മ​ര്‍ശി​ച്ചും ആ​ക്ഷേ​പി​ച്ചും കൊ​ണ്ട് ട്രോ​ളു​ക​ളും വ​രു​ന്നു​ണ്ട്. ക​ര്‍ഷ​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്ക് സെ​ലി​ബ്രി​റ്റി​ക​ള്‍ ഉ​ള്‍പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തി​ന് പി​ന്നി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ആ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. വി​ദേ​ശി​ക​ള്‍ എ​ന്തി​നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് എ​ന്നാ​ണ് കേ​ന്ദ്ര മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള​വ​ര്‍ പ്ര​തി​ക​രി​ച്ച​ത്. 

ഇ​ന്ത്യ​ന്‍ വം​ശ​ജ​ര്‍ക്കും ഇ​ന്ത്യ​ക്കാ​ര്‍ക്കും വി​ദേ​ശ രാ​ജ്യ​ത്തെ രാ​ഷ്‌​ട്രീ​യം ച​ര്‍ച്ച ചെ​യ്യാ​മെ​ന്നി​രി​ക്കെ, വി​ദേ​ശി​യ​ര്‍ക്ക് ഇ​ന്ത്യ​യി​ലെ ക​ര്‍ഷ​ക സ​മ​ര​ത്തെ കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന് പ​റ​യു​ന്ന​തി​ല്‍ എ​ന്താ​ണ് ന്യാ​യം എ​ന്നാ​ണ് മ​റു​ചോ​ദ്യം. ന​മു​ക്ക് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ സം​ഭ​വ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യാം, പ​ക്ഷെ ന​മ്മു​ടെ നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന സ​മ​രം മ​റ്റു​ള്ള രാ​ജ്യ​ക്കാ​ര്‍ ച​ര്‍ച്ച ചെ​യ്യ​രു​ത്. ഇ​തെ​ന്ത് യു​ക്തി എ​ന്നാ​ണ് റി​ട്ട. ജ​സ്റ്റി​സ് മാ​ര്‍ക്ക​ണ്ഡേ​യ ക​ട്ജു ചോ​ദി​ക്കു​ന്ന​ത്. മോ​ദി സ​ര്‍ക്കാ​രി​ന്‍റെ ജ​ന​ദ്രാ​ഹ​ക​ര​മാ​യ ന​യ​ങ്ങ​ള്‍ വ​ഴി ക​ള​ങ്ക​മാ​യ പ്ര​തി​ച്ഛാ​യ ന​ഷ്ടം സെ​ലി​ബ്രി​റ്റി​ക​ളു​ടെ ട്വീ​റ്റു​ക​ള്‍ കൊ​ണ്ട് പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു. 

ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യി​ല്‍ എ​ല്ലാം സു​താ​ര്യ​മാ​യെ​ങ്കി​ല്‍ മാ​ത്ര​മേ രാ​ജ്യ പു​രോ​ഗ​തി ഉ​ണ്ടാ​കൂ. ലോ​കം വി​ര​ല്‍തു​മ്പി​ലെ​ത്തു​ന്ന കാ​ല​ത്ത് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ഭാ​ഗം മാ​സ്ക്കി​ട്ട് മ​റ​യ്ക്കു​ന്ന​ത് ഭീ​രു​ത്വ​മാ​ണ്. സ​ര്‍ക്കാ​രി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന ക​ര്‍ഷ​ക​ര്‍ക്ക് ഇ​ന്‍റ​ര്‍നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി​യ​തി​നെ ന്യാ​യീ​ക​രി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ സ്വ​പ്നം ക​ണ്ട​വ​ര്‍ക്ക് എ​ങ്ങ​നെ സാ​ധി​ക്കും. കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യും പോ​ലെ ഇ​ന്‍റ​ര്‍നെ​റ്റും ഇ​പ്പോ​ള്‍ മ​നു​ഷ്യ​ന്‍റെ പ്രാ​ഥ​മി​ക ആ​വ​ശ്യ​മാ​ണ്.