രാഷ്ട്രീയം മാറ്റി എഴുതുമോ, കര്‍ഷക സമരം...?

രാഷ്ട്രീയം മാറ്റി എഴുതുമോ, കര്‍ഷക സമരം...?
സുധീര്‍ നാഥ് 

സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലും കര്‍ഷകര്‍ നടത്തുന്ന സമരം. കോവിഡ് പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയില്‍ നടന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വളരെ തിടുക്കപ്പെട്ടാണ് മൂന്ന് കര്‍ഷക ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 26ന് ലോക്സഭയിലും, രാജ്യസഭയിലും ചര്‍ച്ച ചെയ്യാതെ പാസാക്കിച്ച് രാഷ്ട്രപതിയെ കൊണ്ട് ഒപ്പുവെപ്പിച്ച് പാസ്സാക്കിയെടുത്തത്. പഞ്ചാബിലെ കര്‍ഷകര്‍, ബില്ല് പാസായതിന് പിന്നാലെ ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങിയ സമരമാണ് റെയില്‍ റുക്കോ (തീവണ്ടി തടയല്‍ സമരം). സമരം രണ്ടു മാസത്തോളമായി റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. അതിന് കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുത്ത് ചര്‍ച്ചയ്ക്ക് തയ്യാറായി. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക നേതാക്കളെ പല തവണ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഇടനിലക്കാരനായി നിന്ന് റെയില്‍ രോകോ സമരം തത്ക്കാലം 15 ദിവസത്തേയ്ക്ക് നിര്‍ത്തിയ ശേഷമാണ് വടക്കേ ഇന്ത്യയിലെ റെയില്‍ ഗതാഗതം ആരംഭിച്ചത്. കോടികളുടെ നഷ്ടമാണ് റെയില്‍വേയ്ക്ക് അതുമൂലം ഉണ്ടായത്. 

ഡല്‍ഹി ചലോ സമരം.
നവംബര്‍ 26, 27 തിയതികളിലെ ഡല്‍ഹി ചലോ സമരം കര്‍ഷകര്‍ വളരെ മുന്‍പേ തീരുമാനിച്ചതായിരുന്നു. അത് നടന്നപ്പോഴാണ് ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ തടഞ്ഞത്. അതിര്‍ത്തികളില്‍ തന്നെ തങ്ങിയ കര്‍ഷകരുടെ സമരം രാജ്യവ്യാപകമായി. ഡല്‍ഹി ചലോ സമരത്തിന് പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ പിന്തുണ നല്‍കി. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഉത്തര്‍ പ്രദേശ് ഹരിയാന സര്‍ക്കാരുകള്‍ കര്‍ഷക സമരത്തിനെ നിര്‍വീര്യമാക്കുന്നതില്‍ പരാജയപ്പെട്ടു. ഡല്‍ഹിയിലെ ഒന്‍പത് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ജയിലുകള്‍ ആക്കണമെന്ന ആവശ്യം കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസ്, ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പക്ഷെ ആംആദ്മി ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ല.

മറ്റ് സമരങ്ങളില്‍ നിന്ന് വിഭിന്നമായി ഓരോ ദിവസവും കര്‍ഷക സമരം ശക്തി പ്രാപിച്ചു. വടക്കേ ഇന്ത്യയില്‍ നിന്ന് കര്‍ഷകര്‍ തുടങ്ങിയ സമരം രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളിലേയ്ക്കും ഇപ്പോള്‍ പടര്‍ന്ന് കയറിയിരിക്കുന്നു. കേരളത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷക സമരത്തെ അനുകൂലിച്ച് ജനങ്ങള്‍ ഒഴുകി എത്തി. സമര രംഗത്തുള്ള കര്‍ഷകര്‍ക്കും സമരത്തെ പിന്തുണയ്ക്കാന്‍ എത്തുന്നവര്‍ക്കും സാമൂഹ്യ അടുക്കളകള്‍ വഴി ഭക്ഷണം സൗജന്യമായി വിതരണം ചെയ്തു. അടിയന്തിര വൈദ്യ സഹായത്തിന് അതിര്‍ത്തികളില്‍ താത്കാലിക ആശുപത്രികള്‍ ഉയര്‍ന്നു. വിവിധ മത സ്ഥാപനങ്ങള്‍ പ്രാര്‍ത്ഥനാ സൗകര്യങ്ങള്‍ ഒരുങ്ങി. ലൈബ്രറി ഒരുങ്ങി. അതിര്‍ത്തികളിലെ റോഡുകള്‍ കര്‍ഷക ഗ്രാമങ്ങളായി എന്നതാണ് യാഥാര്‍ത്ഥ്യം.

ട്രാക്റ്റര്‍ റാലിയും, ചെങ്കോട്ടാ സംഭവവും.

സമരത്തിന്‍റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ അവര്‍ നടത്തിയ ട്രാക്ടര്‍ റാലി ചരിത്രത്തിന്‍റെ ഭാഗമായി മാറി. ലക്ഷക്കണക്കിന് ട്രാക്റ്ററുകളില്‍ കര്‍ഷകര്‍ ഡല്‍ഹി കേന്ദ്രമാക്കി ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലൂടെയും പ്രവേശിച്ചപ്പോള്‍ ഭരണസിരാകേന്ദ്രം നടുങ്ങി. നിര നിരയായി അച്ചടക്കത്തോടെ ത്രിവര്‍ണ്ണ പതാകയും, കര്‍ഷക പതാകയും പിടിച്ചാണ് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത്. 
ലക്ഷക്കണക്കിന് ട്രാക്റ്ററുകള്‍ ആണ് പ്രകടനത്തില്‍ പങ്കാളികളായത്. 250 കിലോമീറ്റര്‍ ദൂരം ട്രാക്റ്ററുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷകണക്കിന് കര്‍ഷകര്‍ ട്രാക്റ്ററുകളിലും, മറ്റ് വാഹനങ്ങളിലുമായി പ്രകടനത്തില്‍ പങ്കെടുത്തു. ഇവരുടെ പ്രകടനം ഇരുപത്തഞ്ച് ലക്ഷത്തിലേറെ ജനങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് തുടങ്ങിയ ട്രാക്റ്റര്‍ റാലിയെ റോഡിന്‍റെ ഇരുവശത്തു നിന്നും ജനങ്ങള്‍ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. സ്ത്രീകളും, കുട്ടികളും ട്രാക്റ്റര്‍ റാലിക്ക് പുഷ്പവൃഷ്ടി നടത്തി. വഴി നീളെ ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്ന കാഴ്ച്ച ആവേശം പകരുന്നതായിരുന്നു.
തങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ പാലിക്കില്ലെന്നും, സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്നതിന് വേണ്ടിയാണ് സമരം എന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ മുന്‍കൂട്ടി തീരുമാനിച്ച് പ്രഖ്യാപിച്ച വഴികളിലൂടെ തന്നെയാണ് ട്രാക്റ്റര്‍ റാലി നടന്നത്. പോലീസ് നിശ്ചയിച്ച സമയവും, വഴിയും സമര രംഗത്തുള്ള കര്‍ഷകര്‍ രാവിലെ തന്നെ ലംഘിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 5 വരെ മൂന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് നിശ്ചിത വഴിയിലൂടെ പോകാനാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പോലീസ് അനുമതി നല്‍കിയത്. പക്ഷെ, രാവിലെ എട്ട് മണിക്ക് ശേഷം റാലി ആരംഭിച്ചു. ട്രാക്റ്റര്‍ റാലിക്ക് തടസ്സം സ്യഷ്ടിക്കാന്‍ പോലീസ് വെച്ചതൊക്കെ സമരക്കാര്‍ മാറ്റിയാണ് മുന്നോട്ട് നീങ്ങിയത്. വലിയ ട്രക്കുകളും, ബസുകളും, കണ്ടെയ്നറുകളും, സിമന്‍റ് ബ്ളോക്കുകളും മാര്‍ഗ്ഗ തടസ്സമായി വഴിയില്‍ പോലീസ് സ്ഥാപിച്ചിരുന്നു. കര്‍ഷകര്‍ ട്രാക്റ്ററുകള്‍ ഉപയോഗിച്ച് ഇതൊക്കെ നീക്കം ചെയ്ത് വഴി ഒരുക്കിയാണ് ഡല്‍ഹിയിലേയ്ക്ക് കടന്നത്. പോലീസ് നിഷ്ക്രീയമായി നോക്കി നില്‍ക്കുകയായിരുന്നു.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ എഴുപത്തിരണ്ടാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി രാജ്പഥില്‍ റിപ്പബ്ലിക്ക് പരേഡ് നടക്കുന്ന അവസരത്തില്‍ തന്നെയായിരുന്നു ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളില്‍ നിന്നും ട്രാക്റ്ററുകള്‍ ഡല്‍ഹിയിലേയ്ക്ക് പ്രവേശിച്ചത്. എല്ലാ ടെലിവിഷന്‍ ചാനലുകളിലും റിപ്പബ്ലിക്ക് പരേഡും, ട്രാക്റ്റര്‍ റാലിയും ഒരേ സമയം കാണിക്കേണ്ടി വന്നു. ചെങ്കോട്ട വരെ സമാധാനപരമായിരുന്നു ട്രാക്റ്റര്‍ റാലി. അവിടെ എത്തിയ ശേഷമായിരുന്നു ദൗര്‍ഭാഗ്യമായ സംഭവങ്ങള്‍ ഉണ്ടായത്.

ട്രാക്റ്റര്‍ റാലി ചെങ്കോട്ടയിലെത്തിയപ്പോള്‍...
ട്രാക്റ്റര്‍ റാലി ചെങ്കോട്ടയിലെത്തിയപ്പോള്‍ വലിയ അളവില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറി എന്നതിന് കേരള ശബ്ദം ലേഖകനും, ഫോട്ടോഗ്രാഫര്‍മാരും സാക്ഷിയാണ്. ബി.ജെ.പി. പ്രവര്‍ത്തകര്‍ കൂട്ടമായി വന്ന് ചുറ്റും നിന്ന് തോക്ക് ചൂണ്ടി രണ്ട് ഡസനിലേറെ ക്യാമറകളും (കേരള ശബ്ദത്തിന്‍റെ ഉള്‍പ്പടെ) മെബൈല്‍ ഫോണുകളും തകര്‍ക്കുകയും, അതിലെ ഡാറ്റാ കാര്‍ഡുകള്‍ പിടിച്ചു വാങ്ങുകയും ഉണ്ടായി. ഡല്‍ഹി പോലീസിന്‍റെ കാവലിലായിരുന്നു ഇതൊക്കെ ഉണ്ടായതെന്ന് അക്രമണത്തിന് ഇരയായവര്‍ കേരള ശബ്ദത്തോട് പറഞ്ഞു. മോദി സര്‍ക്കാരിനെ അനുകൂലിക്കുന്ന ചാനല്‍ ക്യാമറകള്‍ കര്‍ഷകര്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ഷകര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ബി.ജെ.പി. ഗുണ്ടകള്‍ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. ചെങ്കോട്ടയില്‍ നാല് സമര അനുകൂലികള്‍ക്ക് വെടിയേറ്റു.

ബാബറി മസ്ജീദ് തകര്‍ത്ത രീതിയില്‍ തന്നെയാണ് ചെങ്കോട്ടയിലും സംഭവിച്ചത്. കര്‍ഷകര്‍ക്ക് ചെങ്കോട്ടയുടെ മുന്നില്‍ ട്രാക്റ്റര്‍ റാലി കൊണ്ടു വരണം എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായത്. അവര്‍ക്ക് ഡല്‍ഹി പോലീസ് ഒരു തടസവും നില്‍ക്കാതെ ചെങ്കോട്ട വരെ എത്തിച്ചു. ഇതിനിടയിലാണ് കര്‍ഷകര്‍ എന്ന പേരില്‍ കുറേപേര്‍ ചെങ്കോട്ടയില്‍ ഇടിച്ച് കയറി കൊടി നാട്ടിയത്. സര്‍ക്കാര്‍ വസ്ഥുവകകള്‍ അടിച്ച് തകര്‍ത്തു. ബി.ജെ.പി. കേന്ദ്രങ്ങളില്‍ നിന്ന് ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തി എന്ന വ്യാപക പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഉടനെ പരന്നു. കൊടിയില്‍ ഖാലിസ്ഥാന്‍ എന്ന് ഫോട്ടോഷോപ്പിലൂടെ എഴുതി ചേര്‍ത്തു. ത്രിവര്‍ണ്ണ പതാക വലിച്ചെറിയുന്നു എന്ന വീഡിയോ ചിത്രവും പരന്നു. 
സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായവരുടെ വലിയ സാനിധ്യമുണ്ടായിരുന്ന ചെങ്കോട്ടയിലും പരിസരത്തും അവരെ ആക്രമിച്ചു. ചെങ്കോട്ടയില്‍ ഇരച്ച് കയറി കൊടി നാട്ടിയത് സമരത്തില്‍ ഉള്‍പ്പെട്ട കര്‍ഷകരല്ലെന്ന് സമരത്തെ നയിക്കുന്നവര്‍ പറയുന്നു. അവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്. പോലീസ് വേഷത്തില്‍ നൂറ് കണക്കിന് ബി.ജെ.പി. പ്രവര്‍ത്തകരുണ്ടായിരുന്നു എന്നതിന്‍റെ തെളിവുകളായി ചിത്രങ്ങള്‍ പരസ്യമായി. പോലീസുകാര്‍ പേരെഴുതിയ ബാഡ്ജുകള്‍ നീക്കം ചെയ്തത് വ്യാപകമായാണ്. ആക്രമണത്തിന് നേത്യത്ത്വം കൊടുത്തവര്‍ പലരും ബി.ജെ.പിയുടെ പ്രവര്‍ത്തകരായിരുന്നു എന്നുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടും സര്‍ക്കാര്‍ നടപടി ഒന്നും എടുക്കാത്തത് അത്ഭുതമാണ്. ഇത് ആസൂത്രിത ആക്രമണമാണ് അവിടെ നടന്നത് എന്നതിന് തെളിവായി ചൂണ്ടി കാണിക്കപ്പെടുന്നു.

ഇന്ത്യ എന്ന രാജ്യത്തിന്‍റെ ചിഹ്നമാണ് ചെങ്കോട്ടയും, ഇന്ത്യാ ഗേറ്റും, ടാജ്മഹളും മറ്റും. ഇത് സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്‍റെ കടമയാണ്. അത് തകരുന്ന കാഴ്ച്ചയാണ് ചെങ്കോട്ടയുടെ മുകളില്‍ കയറി കൊടി നാട്ടിയ സംഭവം. ഇത് രാജ്യത്തിന്‍റെ ഇന്‍റലിജന്‍സ് സംവിധാനത്തിന്‍റെ വീഴ്ച്ചയാണെന്ന് പറയാം. പക്ഷെ ഇവിടെ ആസൂത്രിതമായി നടപ്പിലാക്കിയ കാര്യങ്ങള്‍ നടന്നു എന്ന നിലയിലാണ് സംഭവങ്ങളെ കാണേണ്ടത്. 
ഗാസിപ്പൂരില്‍ നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി എത്തിയ കര്‍ഷകരില്‍ ചിലര്‍ ഐ.ടി.ഒയില്‍ അക്രമാസക്തരായി. ഒരു കര്‍ഷകന്‍ അവിടെ മരണമടയുകയും ചെയ്തു. അക്രമണങ്ങളെ കര്‍ഷക സംഘടനകളും, സമരത്തെ പിന്തുണയ്ക്കുന്നവരും ആദ്യം തന്നെ അപലപിച്ചു. ശക്തമായ സമരത്തെ തകര്‍ക്കുന്നതിനായി നടത്തിയ നീക്കങ്ങള്‍ പാളുന്നതായാണ് പിന്നീട് രാജ്യം കണ്ടത്. സമര നേതാക്കളെ പോലും വിസ്മയിപ്പിച്ച ജനപങ്കാളിത്തം കൊണ്ട് കര്‍ഷകരുടെ റിപ്പബ്ലിക്ക് ദിനത്തിലെ സമരം ചരിത്രത്തിന്‍റെ ഭാഗമായിരിക്കുന്നു. കര്‍ഷക സമരത്തിന്‍റെ വീര്യം കുറയ്ക്കുക, സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകളെ വിഘടിപ്പിക്കുക, സമരത്തിന്‍റെ പിന്തുണ കുറയ്ക്കാന്‍ ആക്രമണം നടത്തുക തുടങ്ങിയ പല മാര്‍ഗ്ഗങ്ങളും ആസൂത്രിതമായി നടന്നു എന്നത് വ്യക്തമായി. മാധ്യമങ്ങളിലെ തത്സമയ പ്രക്ഷേപണവും, ക്യാമറ കണ്ണുകളും പദ്ധതി പരാജയമാക്കി എന്ന് പറയുന്നതാകും ശരി. സമരത്തെ പിന്തുണച്ച ചില സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞു എന്നതും ശ്രദ്ധേയം.

ചരിത്ര സംഭവമായി മാറിയ ട്രാക്റ്റര്‍ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രം ഡല്‍ഹിയില്‍ 350തിലേറെ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതായാണ് പറയപ്പെടുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമങ്ങളുടെ പ്രത്യേക പ്രതിനിധികളും രാജ്യ തലസ്ഥാനത്ത് എത്തുകയുണ്ടായി. ഇന്തയില്‍ നടന്ന സമരങ്ങളില്‍ ഇത്രയേറെ മാധ്യമ ശ്രദ്ധ മറ്റ് സമരങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചരിത്രം.

ട്രാക്റ്റര്‍ സമരത്തിന് ശേഷം.
ട്രാക്റ്റര്‍ സമരത്തില്‍ പങ്കെടുത്ത നൂറോളം കര്‍ഷകരെ തന്നെ കാണുവാനില്ലെന്നാണ് സമര നേതാക്കള്‍ പരാതിപ്പെടുന്നത്. സമരത്തിന്‍റെ നിറം കെടുത്താന്‍ പുറമെ നിന്നുള്ളവര്‍ ശ്രമിച്ചിരുന്നു എന്ന ആരോപണം ശക്തമായി. അത് സാധൂകരിക്കുന്ന ഒട്ടേറെ തെളിവുകള്‍ അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും പുറത്ത് വരുന്നുണ്ട്. കര്‍ഷക ജനത സമരകേന്ദ്രങ്ങളില്‍ എത്തുന്നതിനെ തടസപ്പെടുത്തുന്ന ഒട്ടേറെ നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായി.

സമര കേന്ദ്രങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കുടി വെള്ളം നിഷേധിച്ചു. ഇന്‍റര്‍നെറ്റ് ബന്ധം നിര്‍ത്തലാക്കി. വലിയ തടസങ്ങള്‍ സമര കേന്ദ്രത്തിലെത്തുന്നതിന് പോലീസ് ഒരുക്കി. വലിയ മനുഷ്യാവകാശ ലംഘനം തന്നെ ഔദ്യോഗികമായി സര്‍ക്കാര്‍ പരസ്യമായി നടത്തുമ്പോള്‍ കോടതികള്‍ മൗനം പാലിക്കുന്നു. വലിയ കോണ്‍ക്രീറ്റ് ബ്ളോക്കുകളും, ബാരിക്കേഡുകളും, മുള്ള് വേലികളും, ദേശിയ പാതയില്‍ വലിയ കിടങ്ങുകളും നിര്‍മ്മിച്ചായിരുന്നു സമരത്തെ അനുകൂലിക്കുന്നവരേയും, മാധ്യമങ്ങളേയും സമര മുഖത്ത് നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചത്. ഇത് ഡല്‍ഹിയിലെ എല്ലാ അതിര്‍ത്തികളിലും സമാന്തരമായി നടന്നതാണ്. പക്ഷെ സമര രംഗത്തേയ്ക്ക് കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുകയാണുണ്ടായത്.

ഉത്തര്‍ പ്രദേശിലെ കര്‍ഷക ഗ്രാമങ്ങളുടെ ഗ്രാമസഭകള്‍ കൂടി സമരത്തെ അനുകൂലിക്കാന്‍ തീരുമാനമെടുത്തു. പതിനായിരങ്ങള്‍ ഒത്തു കൂടിയ ഗ്രാമ സഭകളുടെ തീരുമാനം യോഗി സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പിന്‍റെ മുന്നിലേയ്ക്ക് എത്തുന്ന യോഗിക്ക് ഇത് വലിയ വെല്ലു വിളിയാകും. ഹരിയാന സര്‍ക്കാരിന്‍റെ പിന്തുണയെ കര്‍ഷക സമരം ബാധിച്ചിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കര്‍ഷക സമരം ട്രാക്റ്റര്‍ പ്രകടനം നടന്ന റിപ്പബ്ലിക്ക് ദിനത്തിന് ശേഷം ശക്തമായി എന്നത് പ്രകടമായിരുന്നു. ഉത്തര്‍ പ്രദേശുമായി ഡല്‍ഹി അതിര്‍ത്തി പങ്കിടുന്ന ഗാസിപ്പൂരിലായിരുന്നു കര്‍ഷക സമരക്കാരെ ഒഴിപ്പിക്കാന്‍ ആദ്യ ശ്രമം നടന്നത് ജനുവരി 27നായിരുന്നു.  പക്ഷെ അത് പരാജയപ്പെട്ടത് വലിയ കര്‍ഷക പങ്കാളിത്തം വിവരമറിഞ്ഞ് സമര ഭൂമിയില്‍ എത്തിയത് കൊണ്ടായിരുന്നു. തൊട്ടടുത്ത ദിവസം സിംഘു അതിര്‍ത്തിയില്‍ നാട്ടുകാരെന്ന് അവകാശപ്പെട്ട് സംഘടിച്ചെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ പോലീസ് സംരക്ഷണയോടെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കല്ലേറ് നടത്തിയാണ് പ്രതിരോധ പ്രതിഷേധം തീര്‍ത്തത്. അവര്‍ നാട്ടുകാരല്ലെന്നതിന് തെളിവുമായി യഥാര്‍ത്ഥ നാട്ടുകാര്‍ പരസ്യമായി രംഗത്ത് വന്നത് തൊട്ട് പിന്നാലെയാണ്.

കര്‍ഷകര്‍ക്ക് അനുകൂലമല്ല എന്ന് അവര്‍ തന്നെ പറയുന്ന ബില്ല് അവരെ അടിച്ചേല്‍പ്പിക്കുന്ന ഏകാധിപത്യ നടപടി വ്യാപകമായി സംസാര വിഷയമാണ്. കര്‍ഷകര്‍ക്ക് ബില്ലുകള്‍ എങ്ങിനെ പ്രയോജനം ചെയ്യുമെന്ന് ഘടക കക്ഷികള്‍ക്കോ, ബിജെപിയിലെ തന്നെ ഒരു വിഭാഗത്തിനോ വിശദീകരിക്കാന്‍ മോദിക്കോ, ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ക്കോ വിശദീകരിച്ച് നല്‍കാന്‍ സാധിച്ചിട്ടില്ല. ഇത് ബി.ജെ.പി നേതൃത്ത്വത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉയര്‍ന്ന് തുടങ്ങാന്‍ കാരണമായി. ബില്ലുകള്‍ പിന്‍വലിച്ച് സര്‍ക്കാരിന്‍റെയും, പാര്‍ട്ടിയുടേയും മുഖം രക്ഷിക്കുന്നതിന് പകരം, പ്രധാനമന്ത്രി നരേന്ദ്ര മോദി കടും പിടുത്തം നടത്തുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്നു. കര്‍ഷകര്‍ക്കൊപ്പമാണ് പല ബി.ജെ.പി നേതാക്കളും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമല്ല എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഹരിയാനയില്‍ ബി.ജെ.പി. സര്‍ക്കാര്‍ താഴെ വീഴുമോ...?
ഹരിയാനയില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഭരിക്കുന്നത് ജനനായക്ക് ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെയാണ്. ജാട്ട് സമുദായത്തിന് മേല്‍കൈ ഉള്ള പാര്‍ട്ടിയാണ് ജനനായക്ക് ജനതാ പാര്‍ട്ടി. കൃഷിയില്‍ വ്യാപൃതരായവരാണ് ഭൂരിപക്ഷം ജാട്ട് സമുദായം. അവര്‍ ഒന്നടക്കം കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പരിയാന സര്‍ക്കാരിന്‍റെ ഭാഗമായ ജെ.ജെ..പി നേതാവ് ദുഷ്യന്ത് ചൗട്ടാലയാണ് ഉപ മുഖ്യമന്ത്രി. ദുഷ്യന്തിന് സര്‍ക്കാരിന്‍റെ പിന്തുണയില്‍ നിന്ന് ഒഴിയാന്‍ സമുദായത്തിന്‍റെ വലിയ സമ്മര്‍ദമുണ്ട്. ഐ.എന്‍.എല്‍.ഡി. നേതാവും ദുഷ്യന്തിന്‍റെ അമ്മാവനുമായ അഭയ് സിംഗ് ചൗട്ടാല എം.എല്‍.എ. സ്ഥാനം രാജിവെച്ച് ഗാസിപ്പൂരിലെ സമരവേദിയിലുണ്ട്.

ഹരിയാന സര്‍ക്കാരിലെ ജാട്ട് സമുദായത്തിലെ അംഗങ്ങള്‍ക്ക് സര്‍ക്കാരിനെ പിന്തുണച്ച് തുടരാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഹരിയാന മന്ത്രിസഭയുടെ നിലനില്‍പ്പില്‍ ബി.ജെ.പി. ആശങ്കയിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം. ജാട്ട് വികാരം ശക്തമായാല്‍ ബി.ജെ.പി. വോട്ട് ബാങ്കിനെയാണ് അത് ബാധിക്കുക. ഹരിയാനയിലും, ഉത്തര്‍ പ്രദേശിലും ഇതിന്‍റെ വലിയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

എന്താകും ഇനിയുള്ള രാഷ്ട്രീയം...? 

1988ലെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ബി.കെ.യു. നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ മകന്‍ രാകേഷ് ടിക്കായത്താണ് ഇപ്പോള്‍ കര്‍ഷക സമരത്തിന് നേത്യത്വം നല്‍കുന്നത്. സമരത്തിന് രാഷ്ട്രീയ നിറം നല്‍കാന്‍ വലിയ ശ്രമം ഉണ്ടായി. പക്ഷെ കര്‍ഷകര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളേയും മുന്നില്‍ നിര്‍ത്തിയില്ല. പിന്തുണ സ്വീകരിക്കുക മാത്രമാണുണ്ടായത്. 1988ല്‍ കര്‍ഷക സമരത്തിലും ഇങ്ങനെ തന്നെയായിരുന്നു. അന്ന് കര്‍ഷകരെ പിന്തുണച്ച പ്രമുഖരാണ് എ.ബി. വാജ്പേയും, വി.പി. സിംഗും, മുലായം സിങ്ങും, ചന്ദ്രശേഖറും, ദേവീലാലും, ചൗട്ടാലയും മറ്റും.

ഹിന്ദുമഹാസഭയില്‍ നിന്ന് ബി.ജെ.പിയിലേയ്ക്ക് വളര്‍ന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ന്നതില്‍ ജനകീയ സമരങ്ങളുടെ പങ്ക് വളരെ വലുതാണ്. 1974 മുതലുള്ള ജെ.പി പ്രക്ഷോഭത്തിലും, 1988ലെ കര്‍ഷക പ്രക്ഷോഭത്തിലും പങ്കാളിയായതാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. കര്‍ഷകര്‍ക്കുള്ള അനുകൂല നിലപാടുകളിലൂടെ വളര്‍ന്ന ബി.ജെ.പി. ഇപ്പോള്‍ അവരെ വെല്ലുവിളിച്ചാണ് നില്‍ക്കുന്നത്. ഇന്ത്യയുടെ മുന്‍കാല രാഷ്ട്രീയ ചലനങ്ങള്‍ പാഠമാക്കുന്നതില്‍ നരേന്ദ്രമോദി പരാജയപ്പെടുകയാണ്. ഇന്ദിരാ ഗാന്ധി 352 അംഗങ്ങളുണ്ടായിട്ടും ജയപ്രകാശ് നാരായണന്‍റെ പ്രക്ഷോഭത്തില്‍ താഴെ വീണു. 426 സീറ്റുണ്ടായ രാജീവ് ഗാന്ധി കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് വീണത്. 303 അംഗങ്ങളാണ് നരേന്ദ്ര മോദി നേത്യത്ത്വം നല്‍കുന്ന ബി.ജെ.പിക്ക് ഇപ്പോഴുള്ളത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിലപാട് കടുപ്പിച്ചു. ഫെബ്രുവരി ആറിന് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെയുള്ള മൂന്നുമണിക്കൂറായിരുന്നു പ്രതിഷേധം. ഈ സമയം സംസ്ഥാനദേശീയ പാതകള്‍ തടഞ്ഞു. കര്‍ഷകരുടെ പ്രതിഷേധത്തില്‍ രാജ്യം മുഴുവന്‍ പങ്കുചേര്‍ന്ന കാഴ്ച്ചയായിരുന്നു അത്.

ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പ്രതിരോധിക്കാന്‍ റോഡുകളില്‍ തടസ്സം സൃഷ്ടിക്കുന്നത് ശക്തമാക്കിയിരിക്കുകയാണ് പോലീസ്. നിരനിരയായി ബാരിക്കേഡുകള്‍ നിരത്തിയും, എടുത്തുമാറ്റാവുന്ന കോണ്‍ക്രീറ്റ് പാളികള്‍ നിരത്തിയും, വന്‍മതില്‍ പോലെ കോണ്‍ക്രീറ്റ് മതിലുകള്‍ ദേശീയ പാതയ്ക്ക് കുറുകെ നിര്‍മ്മിച്ചും, വലിയ കിടങ്ങുകള്‍ കുഴിച്ചും, റോഡില്‍ കൂര്‍ത്തു നില്‍ക്കുന്ന ഇരുമ്പു കമ്പികള്‍ പാകിയുമാണ് പോലീസ് പ്രതിബന്ധങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത്രയും സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര അതിര്‍ത്തികളാണോ ഇതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. പോലീസ് ഒരുക്കുന്ന പ്രതിരോധം കര്‍ഷക സമരത്തിന് കൂടുതല്‍ ശക്തി പകരുന്നു എന്നതാണ് സത്യം.

ബിജെപിയിലെ രാജ്നാഥ് സിംഗും, നിതിന്‍ ഗഡ്കരിയും ഇതിനോടകം കര്‍ഷക പ്രക്ഷോഭം സര്‍ക്കാരിന്‍റെ മുഖം നഷ്ടപ്പെടുത്തിയതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ പറഞ്ഞതായി അറിയുന്നു.  റിപ്പബ്ലിക്ക് പരേഡിന്‍റെ അവസാനം ജനങ്ങളെ അഭിവാദ്യം ചെയ്ത് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നടന്ന പ്രതിരോധ മന്ത്രിയോട് മാറി നില്‍ക്കാന്‍ പ്രധാനമന്ത്രി പറയുന്നതും, അപമാനിതനായി മാറി നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാണ്. സത്യമെന്തായാലും, വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി അപമാനിതനായി മാറി നില്‍ക്കുന്നു എന്ന പ്രചാരണം ശക്തമാകുന്നുണ്ട്. വി.പി സിംഗ് കോണ്‍ഗ്രസില്‍ നിന്ന് മാറി ഇന്ത്യന്‍ പ്രധാനമന്ത്രിയായതു പോലെ രാജ് നാഥ് സിംഗോ, ഗഡ്ഗരിയോ ആകുമോ...?

ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തിന് ശക്തി കൂടുകയാണ്. ഇന്ത്യന്‍ സേനകളില്‍ പഞ്ചാബികളും, ജാട്ട് സമുദായക്കാരുമാണ് കൂടുതലുള്ളത്. സമരം ശക്തമായി മുന്നോട്ട് പോയാല്‍ ഇന്ത്യയുടെ ഭരണം പാക്കിസ്ഥാനിലെ പോലെ പട്ടാള അട്ടിമറിക്ക് വഴിമരുന്നിടുമോ എന്ന് ചിന്തിക്കുന്നവരും ഇല്ലാതില്ല. സിവിലിയന്‍ ഭരണ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പട്ടാള ചരിത്രത്തില്‍ നാളിതുവരെ അങ്ങിനെ ഒരു ശ്രമം പോലും ഉണ്ടായിട്ടില്ല. പക്ഷെ, പട്ടാള അട്ടിമറി ഇന്ത്യയില്‍ നടക്കില്ലെന്ന് തീര്‍ത്ത് പറയുവാനും സാധിക്കില്ല.