മാറുന്ന സങ്കല്‍പ്പങ്ങള്‍, തകരുന്ന ബന്ധങ്ങള്‍
വിജയ് ചൗക്ക് @ 83 @ മെട്രോ വാര്‍ത്ത ഫെബ്രുവരി 27
സുധീര്‍നാഥ്
രാജ്യത്ത് മാറ്റങ്ങള്‍ വളരെ വേഗം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഒരു പുസ്തകമായി മാറുന്ന കാഴ്ച്ച നമ്മള്‍ കാണുന്നു. ജനങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യ ചിന്താഗതിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് പല സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നു. കാലങ്ങളായി പിന്തുടര്‍ന്ന രീതികളില്‍ നിന്ന് വ്യതിചലിച്ച് കാര്യങ്ങള്‍ നടക്കുന്നു. ഇത് മൂലം ബന്ധങ്ങളാണ് തകരുന്നത്. മാതാപിതാക്കളോട് കൂറ് പുലര്‍ത്താത്ത തലമുറയാണ് വളര്‍ന്ന് വരുന്നത്. നിത്യേന വരുന്ന വാര്‍ത്തകളില്‍ അത് പ്രതിഫലിക്കുന്നുണ്ട്. രാജ്യത്തെ ക്രിമിനല്‍ ഡയറി പരിശോധിച്ചാല്‍ അസംഭവ്യമെന്ന് നമ്മള്‍ വിശ്വസിക്കുന്ന പലതും സംഭവിച്ചിരിക്കുന്നത് കാണാം.
സ്വന്തം മാതാപിതാക്കളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന മക്കളും, മക്കളെ ലൈംഗീകമായി ഉപയോഗിക്കുന്ന മാതാപിതാക്കളും, ശിഷ്യരെ ലൈംഗീകമായി ഉപയോഗിക്കുന്ന അദ്ധ്യാപകരും വാര്‍ത്തകളില്‍ നിറയുന്നു. കൂട്ട ബലാത്സംഗങ്ങള്‍ പതിവ് വാര്‍ത്തയായി മാറി. സ്വന്തം മക്കളെ ബലികഴിപ്പിച്ച വിദ്യാസമ്പന്നരായ മാതാപിതാക്കളെ കുറിച്ച് വാര്‍ത്ത വന്നത് ഏതാനും ദിവസം മുന്‍പ് മാത്രമാണ്. സമൂഹത്തിലെ ഇത്തരം അനാചാരങ്ങള്‍ പതിവ് വാര്‍ത്തയാകുന്നു. സമൂഹത്തിലെ പോലെ രാഷ്ട്രീയ രംഗത്തും സമാനമായ ചലനങ്ങള്‍ നടക്കുന്നു. സമൂഹത്തില്‍ വ്യക്തി ബന്ധങ്ങള്‍ നഷ്ടമാകുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണെന്ന് മനോരോഗ രംഗത്ത്െ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നുണ്ട്.
മുന്‍ കാലങ്ങളില്‍ നിന്ന് വിപരീതമായി ആശയങ്ങളും, ആദര്‍ശങ്ങളും മാറ്റി വെയ്ക്കുന്ന നേതാക്കളെയാണ് കാണുവാന്‍ സാധിക്കുന്നത്. മുന്നണികള്‍ മാറുന്ന നേതാക്കളുടെ എണ്ണം കൂടുതലാണിപ്പോള്‍. ഇത് വ്യക്തി ബന്ധങ്ങളിലെ തകര്‍ക്കുന്നു. കുടുംബങ്ങളിലെ ബന്ധങ്ങള്‍ പണ്ട് കാലത്തെ പോലെ ദ്യഡതയില്ല. ഡിജിറ്റല്‍ രംഗത്ത് ശക്തമാകുന്നതിനൊപ്പം നമ്മളുടെ വ്യക്തി ബന്ധങ്ങളും തകരുന്നതായാണ് വര്‍ത്തമാനകാല വാത്തകള്‍ ചൂണ്ടി കാണിക്കുന്നത്.
കോവിഡ് മഹാമാരി ലോകം മുഴുവന്‍ മനുഷ്യരാശിയെ വേട്ടയാടിയപ്പോള്‍ മനുഷ്യരെ വേട്ടയാടി മറ്റു ചില മനുഷ്യരുണ്ടായി. കച്ചവട താത്പര്യങ്ങള്‍ മാത്രമായിരിക്കണം അവരുടെ ലക്ഷ്യം. ബാബാ രാംദേവിന്‍റെ കോവിഡിനെ ഇല്ലാതാക്കാന്‍ നിര്‍മ്മിച്ച് വില്‍പ്പന തുടങ്ങിയ പതഞ്ജലിയുടെ കൊറോണിലിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ (ഡബ്ലിയൂ.എച്ച്.ഒ.) അംഗീകാരമില്ല. തങ്ങള്‍ അങ്ങനെ ഒരു മരുന്നിനും അംഗീകാരം കൊടുത്തിട്ടില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നിഷേധ കുറിപ്പ് ഡബ്ലിയൂ.എച്ച്.ഒ. പുറത്തിറക്കിയത് ഇന്ത്യയ്ക്ക് നാണക്കേടായി. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്വര്‍ദ്ധന്‍, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി, പതഞ്ജലി സ്ഥാപകനായ ബാബാ രാംദേവിന്‍റേയും സാനിധ്യത്തിലാണ് ڇഡബ്ലിയൂ.എച്ച്.ഒ. അംഗീകാരംڈ മുതലായവ അടക്കം വലിയ അവകാശങ്ങള്‍ കൊറോണിലിന്‍റെ വിതരണോത്ഘാടന ചടങ്ങില്‍ ഉയര്‍ന്നത്. ജനങ്ങളില്‍ വ്യാപകമായ തെറ്റിധാരണ പരത്തി കോടികളുടെ വ്യാപാരം ലക്ഷ്യമിടുന്നതില്‍ ആരോഗ്യമന്ത്രിയുടെ പിന്തുണ ലഭിച്ചു എന്നത് വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ ആയുര്‍വേദത്തിലുള്ള വിശ്വാസവും, സങ്കല്‍പ്പങ്ങളും, ബന്ധങ്ങളും തകരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇന്‍റോര്‍ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമദാബാദിലെ മൊട്ടേരിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ഇനി നരേന്ദ്ര മോദി ഇന്‍റോര്‍ സ്റ്റഡിയമാകും. കഴിഞ്ഞ വര്‍ഷം മുന്‍ അമേരിക്കന്‍ പ്രസിഡന്‍റിന് സ്വീകരണം ഒരുക്കിയപ്പോള്‍ അത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേിയമായിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് പേരു മാറ്റല്‍ ചടങ്ങ് നടന്നത്. അഹമദാബാദ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം വന്നതിന്‍റെ പിറ്റേന്ന് തന്നെയാണ് സ്റ്റേഡിയത്തിന്‍റെ പേര് മാറ്റല്‍ കര്‍മ്മം നടന്നത്. തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു പേര് മാറ്റിയിരുന്നത് എങ്കില്‍ പട്ടേല്‍ സമുദായം കൂടുതല്‍ ഉള്ള അഹമദാബാദിലെ തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ പ്രതിഫലിക്കുമായിരുന്നു.
കേരളത്തിലെ ബിജെപി അദ്ധ്യക്ഷന്‍ ഇക്കഴിഞ്ഞ ദിവസം പറഞ്ഞത് 35 മുതല്‍ 40 സീറ്റ് ലഭിച്ചാല്‍ കേരളം ഭരിക്കുമെന്നാണ്. 140 നിയമസഭാ സീറ്റുകളില്‍ 71 സീറ്റ് ഭൂരിപക്ഷത്തിന് വേണമെന്നിരിക്കെയാണ് സുരേന്ദ്രന്‍ അങ്ങിനെ ഒരു പ്രസ്ഥാവന പരസ്യമായി നടത്തിയിരിക്കുന്നത്. ഭരിക്കുന്നതിന് ഭൂരിപക്ഷത്തിന് വേണ്ട 71 സീറ്റ് ആവശ്യമില്ലെന്ന് പറയുമ്പോള്‍ ജനാധിപത്യത്തിന്‍റെ മൂല്യ തകര്‍ച്ച നാം കാണാതെ പോകരുത്. സുരേന്ദ്രന് അങ്ങിനെ പറയുവാന്‍ അവസരം കൊടുത്തത് മുന്‍ കാലങ്ങളില്‍ ഭൂരിപക്ഷം ലഭിക്കാതെ തന്നെ പല സംസ്ഥാനങ്ങളിലും നടക്കുന്ന ഭരണമാണ്.
ലക്ഷദ്വീപില്‍ 100 ശതമാനം മുസ്ലീം സമുദായം തിങ്ങി പാര്‍ക്കുന്ന ദ്വീപ് സമൂഹമാണ്. അവിടെ മത്സ്യവും, മാംസവും അവരുടെ മുഖ്യ ഭക്ഷണമാണ്. തേങ്ങയാണ് അവരുടെ മറ്റൊരു പ്രധാന ഉത്പന്നം. അരിയും, ഗോതമ്പും, പച്ചക്കറികളും, മറ്റ് ധാന്യങ്ങളും മുഖ്യ കരയില്‍ നിന്ന് കൊണ്ടു വരികയാണ് പതിവ്. ലക്ഷദ്വീപില്‍ മറ്റ് നാടുകളില്‍ നിന്ന് വരുന്നവര്‍ക്ക് സ്ഥലം വാങ്ങുവാന്‍ സാധിക്കില്ല. ലക്ഷദ്വീപ് നിവാസികള്‍ മിക്കവാറും അവിടെ നിന്നു തന്നെ വിവാഹം കഴിച്ച് കഴിയണമെന്നാണ് നാട്ടു നടപ്പ്.
ലക്ഷദീപിന്‍റെ പരമ്പരാഗതമായ ശീലങ്ങളാണ് പുതിയ നിയമങ്ങള്‍ വഴി ഇല്ലാതാകുന്നത്. മാംസ വില്‍പ്പന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു വന്നിരിക്കുന്നു. കശാപ്പ് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. പോത്തിനേയും, മറ്റ് മ്യഗങ്ങളേയും മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ കശാപ്പ് ചെയ്യുന്നവര്‍ക്ക് പിഴയും പത്ത് വര്‍ഷം തടവുമാണ് ശിക്ഷ. മറ്റ് സംസ്ഥാനങ്ങളിലെ ആര്‍ക്കും ലക്ഷദ്വീപില്‍ ഭൂമി വാങ്ങാം എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കോവിഡ് ലോകത്തെ കീഴടക്കിയപ്പോള്‍ പത്ത് മാസത്തിലേറെ കോവിഡ് മുക്തമായ പ്രദേശമായിരുന്നു ലക്ഷദ്വീപ്. അവിടെ ബി.ജെ.പിയുടെ ഗുജറാത്തിലെ മുന്‍ അഭ്യന്തിര മന്ത്രി പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി വന്നതോടെ കോവിഡ് നിയന്ത്രണങ്ങള്‍ അദ്ദേഹം തന്നെ ആദ്യം കാറ്റില്‍ പറത്തി. ജനങ്ങള്‍ പ്രതിഷേധമായി ഇറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല. ഭയന്നത് പോലെ കൊറോണ വൈറസ് ലക്ഷദീപിലും വ്യാപിച്ചു തുടങ്ങിയിരിക്കുകയാണ്.
കേരളത്തില്‍ അടുത്തകാലത്ത് കേട്ട ആരോപണങ്ങളില്‍ മാത്രം നോക്കാം. സ്പ്രിങ്ക്ളര്‍ അഴിമതിയായിരുന്നു ആദ്യമായി ഉയര്‍ന്നു വന്നത്. സ്വര്‍ണ്ണകടത്തായി പിന്നീട്. ലൈഫ് മിഷന്‍ അഴിമതിയാണ് പിന്നീട് വന്നത്. പിന്‍വാതില്‍ നിയമനത്തിന് പിന്നാലെ ആഴക്കടല്‍ മത്സ്യബന്ധന കാരാറായി പുതിയ അഴിമതി കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു. അഴിമതി ഉയര്‍ത്തുന്ന ഒരാളും അത് തെളിയിക്കാന്‍ കാത്തു നില്‍കാതെ മറ്റൊന്നിലേയ്ക്ക് പോകുന്നു. സ്പ്രിങ്ക്ളറും, സ്വര്‍ണ്ണ കടത്തും, ലൈഫ് മിഷനും എന്തായി എന്നത് സാമന്യ ജനത്തിന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല. അതൊക്കെ നീറി, നീറി കൊണ്ടിരിക്കുകയാണ്. ഇവിടെ മാറുന്ന സങ്കല്‍പ്പങ്ങളും, തകരുന്ന ബന്ധങ്ങളും വ്യക്തമായി കാണാം.
വളരെ പ്രശസ്തമായ ഒന്നാണല്ലോ കേരള രാഷ്ട്രീയത്തേയും ശാസ്ത്ര ലോകത്തേയും ഞെട്ടിച്ച ശ്രദ്ധേയമായ ചാരകേസ്. ഒരു പോലീസുകാരനില്‍ നിന്ന് തുടങ്ങിയ ഒരു കഥ നമ്മുടെ മാധ്യമങ്ങള്‍ ഭാവനയ്ക്കൊത്ത് വ്യത്യസ്ഥ തലങ്ങളിലേയ്ക്ക് വളര്‍ത്തി. ഓരോരുത്തരും മികച്ച കഥകള്‍ നെയ്തെടുത്തു എന്ന് പറയേണ്ടി വരും. ഇല്ലാ സംഭവം, ഉണ്ടായ സംഭവമായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ മത്സരമായിരുന്നു. ചാര കേസിനെ ചുറ്റിപറ്റി എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ അതിനെ ന്യായീകരിക്കുന്ന എത്രയോ വാര്‍ത്തകളും, കാര്‍ട്ടൂണുകളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞനായ നമ്പി നാരായണനും, മറിയം റഷീദയും, ഫൗസിയാ ഹസനും മറ്റും വാര്‍ത്തകളിലും, കാര്‍ട്ടൂണുകളിലും നിറഞ്ഞു. അവരെ എങ്ങനെയൊക്കെ അപമാനിക്കാമോ, അതൊക്കെ മത്സര ബുദ്ധിയോടെ തന്നെ എല്ലാവരും ചെയ്തു. പില്‍ക്കാലത്ത് ചാരക്കേസ് ഭാവന മാത്രമെന്നും, അതിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. വാര്‍ത്തകളിലും, കാര്‍ട്ടൂണിലും ആരോപിക്കപ്പെട്ടവരുടെ നല്ലൊരു പങ്ക് ജീവിതം ബലി കഴിക്കപ്പെട്ടു. എഴുതി കൂട്ടിയ വാര്‍ത്തകളും, അതിന്‍റെ അടിസ്ഥാനത്തില്‍ എഴുതിയ തടര്‍ക്കഥകളും, അന്ന് വരയ്ക്കപ്പെട്ട എത്രയെത്ര കാര്‍ട്ടൂണുകളാണ് നിര്‍വീര്യമായി പോയത്.
മലയാളത്തിലെ പ്രമുഖരായ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും ചാര കേസിന് അനുകൂലമായി തന്നെ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. അന്ന് പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളാണ് കാര്‍ട്ടൂണുകളെ വരയ്ക്കാന്‍ പ്രേരക ശക്തിയായത് എന്ന് വാദിക്കാം. പക്ഷെ അതൊക്കെ വെറും വാദങ്ങള്‍ക്ക് വേണ്ടിയുള്ള വാദങ്ങളായി മാറും. അന്ന് കാര്‍ട്ടൂണില്‍ വിമര്‍ശിക്കപ്പെട്ടവര്‍ക്ക് നികത്തുവാന്‍ സാധിക്കാത്ത നഷ്ടമുണ്ടായി എന്നത് തിരിച്ചറിയണം.
ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയായിരുന്നു എന്ന് വിഷയം പഠിച്ച ആര്‍ക്കും മനസിലാകും. ഒരു തെളിവുമില്ലാതെ അതിരൂക്ഷമായി ചില മാധ്യമങ്ങളില്‍ ചിലര്‍ എഴുതി. ക്യകള്‍ പലതും ഭാവനയില്‍ എഴുതി തയ്യാറാക്കി. വ്യാജ രേഖകള്‍ തന്നെ ഉണ്ടാക്കി. ഒട്ടേറെ കാര്‍ട്ടൂണുകള്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ വന്നു. അതുപോലെ തന്നെയാണ് സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ രാഷ്ട്രീയപരമായി വലിയ ഇടപെടല്‍ ഉണ്ടായത്. ഒരു വിഭാഗം ഇതിന് ആക്കം കൂട്ടാന്‍ നടത്തിയ പിന്നാമ്പുറ കഥകള്‍ പ്രശസ്തമായി. ഇരു നേതാക്കളുടേയും രാഷ്ട്രീയ ഭാവി തകര്‍ക്കുക എന്നതായിരുന്നു ശ്രമം. ഒട്ടേറെ കാര്‍ട്ടൂണുകള്‍ ഈ രണ്ട് വിഷയത്തിലും വരയ്ക്കപ്പെട്ടു. ഒടുവില്‍ സത്യം വന്നപ്പോള്‍ വരച്ചതും, എഴുതിയതും ശേഷിപ്പായി.
