ജനാധിപത്യത്തിന്‍റെ ചുമരില്‍ കാര്‍ട്ടൂണ്‍ വരച്ച ശങ്കര്‍
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്
മാത്യഭൂമി ആഴ്ച്ചപ്പതിപ്പ്
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന പേര് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ എന്ന പോലെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലേയും തിളങ്ങുന്ന പേരുകളില്‍ ഒന്നാണ്. ശങ്കറിന്‍റെ കാര്‍ട്ടൂണില്‍ കഥാപാത്രമാകുക എന്നത് വലിയൊരു അംഗീകാരമായിരുന്നു രാഷ്ട്രീയ നേതാക്കള്‍ക്ക്. ശങ്കറിന്‍റെ കറുത്ത വരകളിലൂടെ വെള്ളി വെളിച്ചം കണ്ട് രാഷ്ട്രീയ ശ്രദ്ധേയരായവര്‍ അനവധി. ശങ്കറിന്‍റെ തണല്‍പറ്റി എത്രയോ കാര്‍ട്ടൂണിസ്റ്റുകള്‍ പില്‍ക്കാലത്ത് പ്രശസ്തരായി. മലയാള കാര്‍ട്ടൂണിന് മേല്‍കോയ്മ ഉണ്ടാകുന്നതിന് മുഖ്യ കാരണക്കാരന്‍ ശങ്കര്‍ തന്നെ എന്ന് നിസ്സംശയം പറയാം. ശങ്കറിന്‍റെ കാലത്തെ പത്രങ്ങളില്‍ ഫോട്ടോകളെക്കാള്‍ പ്രാധാന്യം കാര്‍ട്ടൂണിനായിരുന്നു. ദ്യശ്യമാധ്യമങ്ങള്‍ ഉണ്ടായിരുന്നില്ല. കാര്‍ട്ടൂണില്‍ വരുന്നത് അതുകൊണ്ട് തന്നെ വലിയ സംഭവമായിരുന്നു അന്നൊക്കെ.














