മാറുന്ന സമവാക്യങ്ങള്‍, മാറുന്ന വീക്ഷണങ്ങള്‍
വിജയ് ചൗക്ക് @ 82 @ മെട്രോ വാര്‍ത്ത ഫെബ്രുവരി 20
സുധീര്‍നാഥ്
രാജ്യത്തെ ജനങ്ങളുടെ സമീപനത്തില്‍ ഉണ്ടായ വലിയ മാറ്റങ്ങളാണ് എടുത്ത് പറയേണ്ട ഏറ്റവും പ്രധാന സംഭവം. ജനങ്ങള്‍ സ്വയം ഉള്‍ വലിഞ്ഞിരിക്കുകയാണ്. ചിന്താഗതിയിലും, ശീലങ്ങളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവ് ജനസമൂഹത്തെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നു. സ്വകാര്യ മേഖലയേയും കാര്‍ഷിക വ്യത്തിയേയും ആശ്രയിച്ച് ജീവിച്ചിരുന്നവര്‍ക്ക് വരവിനേക്കാള്‍ ചിലവ് കൂടുന്ന സാഹചര്യമുണ്ടായി.
കോവിഡ് മൂലം രാജ്യത്തെ സാംസ്കാരിക രംഗത്ത് മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ യുവനിര രാഷ്ട്രീയ നേതാക്കള്‍ മുന്നിലേയ്ക്ക് ഇരച്ച് കയറി വരുന്ന കാഴ്ച്ച നാം കാണുന്നു. പ്രായോഗിക അധികാര രാഷ്ട്രീയത്തില്‍ പ്രായം ചെന്നവര്‍ക്ക് സാധ്യതകള്‍ വളരെ കുറഞ്ഞ് വരുന്നതായി കാണാം.
രാജ്യത്ത് കര്‍ഷക സമരം ശക്തമാകുന്നതിനിടെ ബി.ജെ.പിയുടെ അടിത്തറയ്ക്ക് കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് മനസിലാക്കേണ്ടത്. പഞ്ചാബില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ വിജയം നേടാനായി. അവിടെ കര്‍ഷകര്‍ക്കൊപ്പം നിന്ന ശിരോമണി അകാലി ദളിനും, ആംആദ്മിക്കും അത്ര വിജയം ക്കൈവരിക്കാനും സാധിച്ചില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. കര്‍ഷക ബില്ലിനെ അനുകൂലിച്ച ശേഷമാണ് ശിരോമണി അകാലി ദള്‍, ബി.ജെ.പി. ബന്ധം വിട്ടത്. ആകെ 8 കോര്‍പറേഷനുകളില്‍ ഏഴിടത്തും മ്യഗീയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് ജയിച്ചിരിക്കുന്നത്. ഒരിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയും കോണ്‍ഗ്രസ് ആണ്. സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം സ്വന്തമാക്കും എന്ന ഉറപ്പ് നേതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനൊപ്പം സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ എട്ട് കോര്‍പ്പറേഷനും ലഭിച്ച ബി.ജെ.പിക്ക് ഇത്തവണ ഒറ്റ കോര്‍പ്പറേഷന്‍ ഭരണവും ലഭിച്ചില്ല. 53 വര്‍ഷത്തിന് ശേഷം ഭട്ടിന്‍ഡ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു.
പഞ്ചാബില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന 2165 സീറ്റുകളില്‍ 1485 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ശിരോമണി അകാലി ദള്‍ 294 സീറ്റിലും, സ്വതന്ത്രര്‍ 274റും സീറ്റുകള്‍ നേടി. ആംആദ്മി 57, ബി.ജെ.പി. 47, ബി.എസ്.പി. 5 സീറ്റുകളിലും വിജയിച്ചു. പഞ്ചാബില്‍ കോണ്‍ഗ്രസിന് ഇത്രയും വലിയ നേട്ടം ഉണ്ടാക്കുവാന്‍ സാധിച്ചത് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ നേത്യ മികവു കൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു.
ബി.ജെ.പിക്ക് ബദലായി ദേശീയ തലത്തില്‍ ഒരു പാര്‍ട്ടിക്ക് ശക്തമാകാന്‍ പറ്റുന്ന ഒട്ടേറെ രാഷ്ട്രീയ സാഹചര്യങ്ങളാണ് നിലവിലുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളില്‍ സര്‍വ്വ സമ്മതനായ ഒരു ദേശീയ നേതാവില്ല എന്നത് വലിയ പോരായ്മയാണ്. ബി.ജെ.പിയുടെ വിജയവും അവിടെ തന്നെയാണ്. ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യ സമരത്തെ തളര്‍ത്താന്‍ ശ്രമിച്ചത് വിഘടിപ്പിക്കാന്‍ ശ്രമിച്ചായിരുന്നു. പലരും അതില്‍ വീണെങ്കിലും ഭൂരിപക്ഷവും ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായി നിലകൊണ്ടു.
ഉടനെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പോണ്ടിച്ചേരിയിലെ രാഷ്ട്രീയ നാടകങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. 28 അംഗങ്ങള്‍ നിലവിലുള്ള നിയമസഭയില്‍ ഇരുവിഭാഗത്തിനും 14 സീറ്റ് വീതമാണുള്ളത്. പോണ്ടിച്ചേരി ഗവര്‍ണറായിരുന്ന കിരണ്‍ ബേഡിയെ തിരികെ വിളിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. ഗവര്‍ണര്‍ ബേഡി സര്‍ക്കാരിനെതിരെ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ നടപടികള്‍ ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കിയിരുന്നു. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ നേത്യത്ത്വത്തില്‍ കുറേ നാളായി ആവശ്യം ഉയരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കിരണ്‍ ബേഡിയുടെ പ്രവര്‍ത്തികള്‍ തിരിച്ചടിയാകും എന്ന വിലയിരുത്തല്‍ ബി.ജെ.പിക്ക് ഉണ്ട്.
കേരളത്തിലും, ബംഗാളിലും, ഡല്‍ഹിയിലും സമാനമായി അതാതു സ്ഥലത്തെ ഗവര്‍ണര്‍മാര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയുണ്ടായത് വാര്‍ത്തയാണ്. ഇത് രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടിയിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. രാജസ്ഥാനിലും, മധ്യപ്രദേശിലും കോവിഡ് കാലത്ത് രാജ്ഭവന്‍ രാഷ്ട്രീയ ചതുരംഗത്തിന്‍റെ വേദിയായി മാറി.
1937ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയില്‍ ഗവര്‍ണര്‍ സ്ഥാനം നിലവില്‍ വരുന്നതും, എല്ലാ സംസ്ഥാനത്തും രാജ്ഭവനുകള്‍ ഉയരുന്നതും. സ്വാതന്ത്രാനന്തരം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഗവര്‍ണര്‍ പദവി നിലനിര്‍ത്തുകയായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടുകൊണ്ട് പ്രതിപക്ഷ നേതാവിന്‍റെ റോളുകളിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഗവര്‍ണര്‍മാര്‍ മാറുന്നതായി വര്‍ത്തമാന കാല സംഭവങ്ങള്‍ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ കൊളോണിയല്‍ കാലത്തെ ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിക്കേണ്ട കാലമായതായി ചില ഭാഗങ്ങളില്‍ നിന്ന് ശക്തമായ വാദവുമുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമാണ് തമിഴ്നാട്. തമിഴ്നാട്ടില്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സമരം ചെയ്തവര്‍ക്കും, കോവിഡ് ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും എതിരായ കേസുകള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു. ഇത്തരത്തില്‍ റദ്ദാക്കപ്പെടുന്നത് പത്ത് ലക്ഷത്തിലതികം കേസുകളാണ്. കോവിഡ് കാലത്ത് എടുത്ത കേസുകളാണ് ഭൂരിപക്ഷവും. ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തം പക്ഷത്ത് എത്തിക്കുക എന്ന ലക്ഷ്യമാണ് സി.എ.എ. പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയുടെ തീരുമാനം. ബി.ജെ.പിയുടെ എതിര്‍പ്പ് മറികടന്നുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്.
ബംഗാളില്‍ കോണ്‍ഗ്രസും, ഇടതുപക്ഷവും ഒന്നിച്ചാണ് മമതയുടെ ത്രിണമുല്‍ കോണ്‍ഗ്രസിനേയും, ബിജെപിയേയും എതിര്‍ക്കുന്നത്. ബി.ജെ.പിയിലേയ്ക്ക് ത്രിണമുല്‍ കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല, കോണ്‍ഗ്രസിന്‍റേയും, സി.പി.എമ്മിന്‍റേയും അംഗങ്ങള്‍ ചേരുന്ന കാഴ്ച്ചയും കാണാം. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്‍റായിരുന്ന സി.പി.എമ്മിന്‍റെ രാജ്യസഭാ അംഗം കൂടിയായ ബ്രിദിന്‍ സെന്‍ ഗുപ്തയാണ് 2001ല്‍ ആദ്യമായി ബി.ജെ.പിയില്‍ ചേരുന്നത്. 2009ല്‍ പാര്‍ലമെന്‍റ് ഇലക്ഷനില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച് തോറ്റതോടെ രാഷ്ട്രീയ വനവാസമാണ്.
ബംഗാളില്‍ ത്രിണമുല്‍ മന്ത്രിസഭയിലെ മന്ത്രിമാരും, എംഎല്‍.എമാരും ബി.ജെ.പിയില്‍ ചേരുന്നുണ്ട്. അത് വലിയ ആഘോഷമാക്കി മാറ്റുന്നുമുണ്ട് ബി.ജെ.പി. ഇത്തവണ ബംഗാള്‍ പിടിച്ചടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത്ത് ഷായും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കയാണ്.
സാക്ഷരത കൂടുതലുള്ളതുകൊണ്ടും, രാഷ്ട്രീയ അവബോധം കൂടുതലുള്ളതുകൊണ്ടും, പ്രമുഖ പാര്‍ട്ടികളില്‍ നിന്ന് സമാനമായ മറുകണ്ടം ചാടല്‍ കേരളത്തില്‍ നടക്കുന്നില്ല. ചെറിയ പാര്‍ട്ടികളുടെ ചാട്ടങ്ങള്‍ മാത്രമേ മലയാളി സമൂഹം കുറച്ച് കാലങ്ങളായി കാണുന്നുള്ളൂ. മുന്‍പ് അങ്ങിനെ ആയിരുന്നില്ല സ്ഥിതി. പക്ഷെ കേരളത്തില്‍ എല്ലാ പ്രമുഖ പാര്‍ട്ടികളിലും രണ്ടും, മൂന്നും ഗ്രൂപ്പുകള്‍ ഉണ്ട്.
ലോകം മുഴുവന്‍ യുവാക്കളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തും പ്രതിഫലിച്ചു തുടങ്ങി. പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ പകുതിയിലേറെ പേര്‍ പ്രായം കൊണ്ട് ചെറുപ്പമാണ്. മുതിര്‍ന്ന പൗരന്‍മാര്‍ വളരെ കുറച്ച് മാത്രമേ എല്ലാ പാര്‍ട്ടികളുടെ ലിസ്റ്റിലും ഉണ്ടായിരുന്നുള്ളൂ. വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പിലും അത്തരം ഒരു നീക്കമായിരിക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുക. ജനങ്ങള്‍ യുവാക്കളിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പാര്‍ട്ടിക്ക് അധീതമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കര്‍ഷക സമരത്തിന് ശേഷം സമൂഹത്തില്‍ വലിയ ചിന്താപരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നത് പറയാതിരിക്കാന്‍ സാധിക്കില്ല. അതുപോലെ തന്നെ ഇന്ധന വിലയില്‍ വന്നുകൊണ്ടിരിക്കുന്ന വര്‍ദ്ധനവും, അതിനെ തുടര്‍ന്ന് മറ്റ് ഉത്പന്നങ്ങള്‍ക്ക് ഉണ്ടായ വിലക്കയറ്റവും പൊതുസമൂഹം നേരിട്ട് അനുഭവിക്കുന്നതാണ്. ഇതൊക്കെ വരും തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിലരുത്തപ്പെടാം. അന്ധമായ രാഷ്ട്രീയ ചായ്‌വോ, രാഷ്ട്രീയ ആശയങ്ങളോ പുതിയ തലമുറ വെച്ചുപുലര്‍ത്തുന്നില്ല.
കോവിഡിന്‍റെ പിന്നാലെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കോവിഡിന്‍റെ മുന്‍പുള്ള ചിന്താഗതിയല്ല കോവിഡിന് ശേഷം ജനങ്ങളില്‍ ഉള്ളത്. അത് തീര്‍ച്ചയായും വരുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും.
ഇന്ത്യയുടെ പഴയ ചരിത്രം ഒന്ന് ഓടിച്ച് നോക്കുന്നത് ഈ അവസരത്തില്‍ ഉത്തമമായിരിക്കും. ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടു വന്ന പബ്ലിക്ക് സേഫ്റ്റി ബില്ലും, ട്രേയ്സ് ഡിസ്പ്യൂട്ട് ആക്റ്റും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ഇന്ത്യന്‍ ലെജിസ്ലേറ്റീവ് അസംബ്ലി ഹാളിലേയ്ക്ക് ഇങ്കുലാബ് സിന്ദാബാദ് എന്ന് വിളിച്ച് ബോംബ് വലിച്ചെറിഞ്ഞ ധീര വിപ്ലവകാരിയാണ് ഭഗത് സിംഗ്. ഈ കുറ്റം ചുമത്തിയാണ് ഭഗത് സിംഗിനെ ലാഹോര്‍ ജയിലില്‍ ബ്രിട്ടീഷ് പട്ടാളം 23 വയസില്‍ തൂക്കി കൊന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഭഗത് സിംഗ് ആവേശമാണ്.
1974ല്‍ ജയപ്രകാശ് നാരാണന്‍റെ നേത്യത്ത്വത്തില്‍ രാജ്യമാകമാനം ആഞ്ഞടിച്ച ജനകീയ സമരം മറ്റൊരു ചരിത്രം പറയുന്നുണ്ട്. ജയപ്രകാശ് നാരായണന്‍റെ പ്രക്ഷോഭം വലിയ കൊടുങ്കാറ്റായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ഇന്ദിര പ്രതിരോധിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടില്ല. പാര്‍ലമെന്‍റില്‍ വലിയ ഭൂരിപക്ഷമുണ്ടായ ഇന്ദിരാ ഗാന്ധി തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത് രാജ്യ ചരിത്രത്തിന്‍റെ ഭാഗമാണ്.
ഇന്ത്യന്‍ പാര്‍ലമെന്‍റിനോട് ചേര്‍ന്നുള്ള ബോട്ട് ക്ലബ് മൈതാനിയില്‍ ഒരു കര്‍ഷക സമരം നടന്നിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ നേത്യത്വത്തില്‍ കര്‍ഷകര്‍ ട്രാക്റ്ററും, കാളവണ്ടിയും, സൈക്കിളുമായി ഡല്‍ഹിയിലെ പാര്‍ലമെന്‍റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയില്‍ എത്തിയാണ് സമരം ചെയ്തത്. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്സഭയില്‍ ഉണ്ടായിരുന്നത്. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്ട്രീയ തിരിച്ചടിയേറ്റു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു.
വീണ്ടും ഒരു അങ്കത്തിന് യുവത്വമുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഒട്ടേറെ പേരുടെ ഇടയിലാണ് കേരളത്തില്‍ നാം ജീവിക്കുന്നത്. ഓരോരുത്തരും അവരുടെ അവകാശവാദവും ഉയര്‍ത്തുന്നുണ്ട്. ശക്തമായ ഇടപെലിലൂടെ ചിലപ്പോള്‍ ചിലര്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിക്കുമായിരിക്കും. പക്ഷെ കാലം മാറിയത് അവര്‍ തിരിച്ചറിയണം. സമൂഹം യുവജനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു. കഴിവുകളുള്ള ഒട്ടേറെ യുവാക്കള്‍ ഇതിനകം മുന്‍പന്തിയില്‍ എത്തുകയും അവരുടെ സാധിധ്യം അറിയിച്ചു കഴിഞ്ഞു. ഇതിലും ആട്ടിന്‍ തോലിട്ട ചെന്നായുകളും ഇല്ലെന്ന് പറയാന്‍ സാധിക്കില്ല.
