ഇന്ധനവിലയിലെ രാഷ്ട്രീയം

ഇന്ധനവിലയിലെ രാഷ്ട്രീയം
വിജയ് ചൗക്ക് @ 81 @ മെട്രോ വാര്‍ത്ത ഫെബ്രുവരി 13
സുധീര്‍നാഥ് 

ഓരോ ദിവസവും രാജ്യത്ത് ഇന്ധന വില കൂടി കൊണ്ടിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തെ പെട്രോള്‍ വിലയില്‍ 4.13 രൂപയും, ഡീസല്‍ വിലയില്‍ 4.26 രൂപയും ഒരു ലിറ്ററില്‍ ഡല്‍ഹിയില്‍ കൂടി. രാജ്യത്തിന്‍റെ മറ്റ് ഇടങ്ങളില്‍ ഈ വര്‍ദ്ധനവ് അല്‍പ്പം കൂടുതലുമാകും. നൂറ് രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുന്ന ദിവസം അടുത്തടുത്ത് വരുന്നതാണ് കാണുന്നത്. 50 രൂപയ്ക്ക് അര ലിറ്റര്‍ പെട്രോള്‍ ലഭിക്കുന്ന ദിനം അടുത്തെന്ന് മോദിയുടെ ചിത്രം ഒട്ടിച്ച് ട്രോളുകളും ഇറങ്ങി തുടങ്ങി. ലോക വിപണിയില്‍ ക്രൂഡോയിലിന് വില കുറയുന്ന സമയത്താണ് ഇന്ധന വില വര്‍ദ്ധിക്കുന്നത് എന്നത് ആശങ്ക ഉണ്ടാക്കുന്നു. 200 ശതമാനം നികുതിയാണ് പെട്രോളിയം ഇനത്തില്‍ സംസ്ഥാനവും, കേന്ദ്രവും എടുക്കുന്നത്.

ഡല്‍ഹിയിലെ പെട്രോളിന്‍റെ യഥാര്‍ത്ഥ ലിറ്ററിന്‍റെ വില ഇന്നലെ 29.34 രൂപയാണ്. ഡീസലിന് 30.55 രൂപയും. എക്സൈസ് നികുതിയായി കേന്ദ്ര സര്‍ക്കാര്‍ 32.98 രൂപ പെട്രോളിനും, 31.83 രൂപ ഡീസലിനും ഈടാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ 19.92 രൂപ പെട്രോളിനും, 11.22 രൂപ ഡീസലിനും ഈടാക്കുന്നു. ശേഷിക്കുന്ന തുക ഡീലര്‍ക്കുള്ള കമ്മിഷനാണ്. അതായത് ഇന്നലെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 88.14 രൂപയാണ്. ഡീസലിന് 78.38 രൂപയുമാണ് വില. 2018, 2019 വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയായി 47% മാത്രമാണ് എടുത്തിരുന്നത്. 2020 മാര്‍ച്ച് മാസം 3 രൂപയും, 2020 മെയ് മാസം 10 രൂപയും എക്സൈസ് നികുതി ഇനത്തില്‍ കേന്ദ്രം വര്‍ദ്ധിപ്പിച്ചു.

ക്രൂഡ് ഓയിലിന്‍റെ രാജ്യാന്തര വിലയുമായി ബന്ധപ്പെടുത്തി ഓരോ ദിവസവും വില വ്യത്യാസപ്പെടുത്തുന്ന രീതി കൊണ്ടുവന്നത് സര്‍ക്കാര്‍ നിയന്ത്രണം അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി എണ്ണ വിപണന കമ്പനികളെ കൊണ്ട് വില കുറപ്പിച്ചത് 2018 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു. അത്തരമൊരു നടപടി ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കാരണം അടുത്തെങ്ങും ബി.ജെ.പിക്ക് അനുകൂലമായ സംസ്ഥാനങ്ങളില്‍ ഒരു തിരഞ്ഞെടുപ്പ് നടക്കാനില്ല. അതുകൊണ്ടുതന്നെ വില കുറിച്ച് ജനങ്ങളെ പ്രീതിപ്പെടുത്തേണ്ട ആവശ്യം സര്‍ക്കാരിനില്ല.

2018ല്‍ ക്രൂഡോയില്‍ ബാരലിന് 56.6 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയിലെ പെട്രോള്‍ വില 70.6 രൂപയായിരുന്നു ലിറ്ററിന്. 2018 ഒക്ടോബറില്‍  ക്രൂഡോയില്‍ ബാരലിന് 80.5 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയിലെ പെട്രോള്‍ വില 80 രൂപയായി ലിറ്ററിന് വര്‍ദ്ധിച്ചു.  ക്രൂഡോയില്‍ ബാരലിന് 40 മുതല്‍ 43 ഡോളറായി ചുരുങ്ങിയ ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയിലെ പെട്രോള്‍ വില 80 രൂപയായി തന്നെ തുടര്‍ന്നു. മറ്റ് വരുമാനങ്ങള്‍ നിലച്ചതായിരുന്നു അന്ന് വില കുറയ്ക്കാതിരുന്നതിന് പറഞ്ഞ ന്യായം. അക്കാലത്ത് ഇന്ധന വില്‍പ്പനയും വളരെ കുറവായിരുന്നു. ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിയതാണ് അതിന് കാരണം. രാജ്യത്തെ 85% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നതാണ്. ഇപ്പോള്‍ ക്രൂഡോയിലിന് ബാരല്‍ 60 ഡോളറില്‍ എത്തിയപ്പോഴുള്ള തീവെട്ടി കൊള്ളയാണ് രാജ്യത്ത് നടക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്.

2014ല്‍ കോണ്‍ഗ്രസിന്‍റെ യു.പി.ഐ. മന്ത്രിസഭയുടെ കാലത്ത് അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് ബാരലിന് 104 ഡോളറായിരുന്നു. അന്ന് പെട്രോളിന് 72 രൂപ ആയിരുന്നു വില.  ഇന്ന് ബാരലിന് 60 ഡോളറായപ്പോള്‍ ജനങ്ങളെ പിഴിയുന്ന ഇന്ധന വില എടുക്കുന്നത് ക്രൂരതയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ജനങ്ങളെ സഹായിക്കണമെന്ന് താത്പര്യമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ നികുതി വെട്ടി ചുരുക്കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എക്സൈസ് നികുതി ഒന്നര രൂപ കുറച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് 10,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. സമാനമായ കുറവ് സംസ്ഥാന സർക്കാരുകൾക്കും ഉണ്ടാകും. കോവിഡ് വന്നപ്പോള്‍ കോടികളുടെ വരുമാന തകര്‍ച്ച നേരിട്ട സര്‍ക്കാര്‍ ഇന്ധന നികുതി ഒഴിവാക്കി അതുവഴിയുള്ള വരുമാന കുറവ് വരുത്താന്‍ തയ്യാറല്ല.

ഒരു മാസത്തോളം വിലയില്‍ മാറ്റമില്ലാതിരുന്ന ഇന്ധന വില 2021 ജനുവരി 6 മുതല്‍ നിത്യേന വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായത് ചര്‍ച്ചയാണ്. രാജ്യത്ത് രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോള്‍ വില 97.72 രൂപയാണ് ലിറ്ററിന്. രാജ്യത്തെ ഏറ്റവും കൂടുതല്‍ വിലയാണ് അവിടെ ഇന്നലെ ഉണ്ടായത്. ഗോവയിലാണ് പെട്രോളിന് ഏറ്റവും കുറവ് വില. സാധാരണ പെട്രോളിന്‍റെ വിലയാണ് പരാമര്‍ശച്ചത്.  

ഇന്ധന വിലയിലൂടെ ലഭിക്കുന്ന നികുതി രാജ്യത്തിന്‍റെ വികസനത്തിനായാണ് ഉപയോഗിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി ധര്‍മേദ്ര പ്രധാന്‍ പറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ദ്ധിക്കുന്നതുകൊണ്ടാണ് ഇന്ധന വിലയും ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നത് എന്നാണ് പെട്രോളിയം മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞത്. ഇന്ധന വില കുറയ്ക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതായി മന്ത്രി സൂചനയും നല്‍കി.

ഇന്ധന വില വര്‍ദ്ധിക്കുന്നതിന്‍റെ ഒപ്പം രാജ്യത്തെ എല്ലാ ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും. ചരക്ക് കൂലി കൂടും, യാത്രാ കൂലി കൂടും. ഇന്ധന വില പോലെ അതിവേഗമാണ് ഓരോ ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കുന്നത്. പച്ചക്കറികള്‍ക്കും മറ്റും സമാനമായ രീതിയില്‍ വില വര്‍ദ്ധിക്കുകയാണ്. ഇത് പിടിച്ച് കെട്ടാന്‍ സാധിച്ചിട്ടില്ല. ഇത് വലിയ പ്രതിസന്ധി ജനങ്ങളില്‍ ഉണ്ടാക്കും. ചിലവ് വര്‍ദ്ധിക്കുന്നതിന്‍റെ ഒപ്പം വരവ് വര്‍ദ്ധിക്കുന്നില്ല എന്നത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കോവിഡ് മഹാമാരി ലോകത്തെ പിടിച്ച് കുലുക്കിയത് 2020ലാണ്. പ്രതിരോധ വാക്സിനുകള്‍ 2021ല്‍ എത്തിയെങ്കിലും അത് പകുതിയിലേറെ ജനങ്ങളില്‍ എത്താന്‍ ഒരു വര്‍ഷത്തിന് മുകളില്‍ സമയമെടുക്കും.

മുന്‍പത്തെ പോലെ പൊതു ഗതാഗതം കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നില്ല. സ്വന്തം സുരക്ഷയെ കരുതിയാണ് പലരും ഇങ്ങനെ ഒരു തീരുമാനത്തിലേയ്ക്ക് പോയത് എന്ന് വേണം മനുമാനിക്കാന്‍. സ്വന്തം വാഹനത്തില്‍ തന്നെ യാത്ര ചെയ്യുന്ന ശീലം ജനങ്ങളില്‍ വന്നിരിക്കുന്നു. അതുപോലെ അനാവശ്യ യാത്രകളും ഒഴിവാക്കുന്നു. അടുത്ത കാലത്ത് വാഹന വിപണിയില്‍ മുന്‍പത്തേതിലും വലിയ ഉണര്‍വ്വ് വന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനങ്ങള്‍ ഓടണമെങ്കില്‍ ഇന്ധനം വേണം. സുരക്ഷിതമായി യാത്ര ചെയ്യാന്‍ ജനങ്ങള്‍ സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യാന്‍ തുടങ്ങിയതു കൊണ്ട് ഇന്ധനം വാങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും എക്സൈസ് നികുതി ഇനത്തിലും, സംസ്ഥാന നികുതി രനത്തിലും ഓരോ ലിറ്ററിനും നല്ലൊരു പങ്ക് സ്വന്തമാക്കുന്നുണ്ട്. വികസന കാര്യങ്ങള്‍ക്കാണ് ഈ തുക ചിലവഴിക്കുന്നത് എന്ന മുടന്തന്‍ ന്യായമാണ് പറയുന്നത്. മുന്‍പ് ഇന്ധന വില വര്‍ദ്ധനവിനെ ന്യായീകരിച്ചവര്‍ ഇപ്പോള്‍ വിമര്‍ശനവുമായി ഇറങ്ങുന്നത് നമ്മള്‍ കാണുന്നു. ഇന്ധന വില വര്‍ദ്ധിച്ചപ്പോള്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെ കാളവണ്ടിയും, സൈക്കിളുമായി തെരുവിലിറങ്ങിയവര്‍ വിലവര്‍ദ്ധനവിനെ ന്യായീകരിക്കാന്‍ ഇറങ്ങിയതും നമ്മള്‍ക്ക് കാണേണ്ടി വന്നു. കേന്ദ്രമായാലും, സംസ്ഥാനമായാലും അവര്‍ക്ക് ലഭിക്കുന്ന നികുതി വരുമാനം കുറയാന്‍ ഇഷ്ടപ്പെടില്ല. ഇത് ജനങ്ങള്‍ക്ക് വലിയ ആഘാതമാണ് സ്യഷ്ടിച്ചിരിക്കുന്നത്.

പാചക വാതക വിലയുടെ വര്‍ദ്ധനവ് മറ്റൊരു വശത്ത് ഉണ്ട്. രാജ്യത്തെ പട്ടണങ്ങളിലെ അടുക്കളകളില്‍ ഗ്യാസാണ് മുഖ്യ ഇന്ധനം. 14.2 കിലോഗ്രാം ഗ്യാസ് നിറച്ച സിലിഡറിന് 2020 ഡിസംബര്‍ 1ന് ഡല്‍ഹിയില്‍ 644 രൂപയായിരുന്നു വില. 2021 ഫെബ്രുവരി 4ന് അതേ സിലിഡറിന് 719 രൂപയാണ് വില. ചെന്നയില്‍ ഇതേ സിലിഡറിന് 735 ഉും, കൊല്‍ക്കത്തയില്‍ 745 ഉും ആണ് വില. കൊച്ചിയില്‍ 726 രുപയാണ് ഗ്യാസ് സിലിഡറിന്‍റെ വില. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിഡറിന്‍റെ വിലകളാണ് ഇതെങ്കില്‍ ഭീമമായ വര്‍ദ്ധനവാണ് കൊമേഷ്യല്‍ സിലിഡറുകള്‍ക്ക് വന്നിരിക്കുന്നത്. 19 കിലോ ഗ്യാസ് സിലിഡറിന് 1533 രൂപയാണ് ഡല്‍ഹിയില്‍. 184 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പാചക വാതക വില വര്‍ദ്ധനവും, സാധനങ്ങളുടെ വിലയില്‍ വന്ന വര്‍ദ്ധനവും ഹോട്ടല്‍ ബിസിനസ് രംഗത്ത് ചിലവ് വദ്ധിപ്പിക്കും. അവര്‍ അത് ഉപഭോക്താക്കറുടെ ചുമലില്‍ വെയ്ക്കും.  

മെട്രോ നഗരങ്ങളില്‍ സി.എന്‍.ജി. വാഹനങ്ങളിലും, പൈപ്പ് ലൈന്‍ വഴി പി.എന്‍.ജി. അടുക്കളയിലേയ്ക്കുമാണ് ഉപയോഗിക്കുന്നത്. ഇവിടേയും വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നത് പട്ടണങ്ങളിലേയും, ഗ്രാമങ്ങളിലേയും സകലമാന ജനങ്ങളേയും വിലക്കയറ്റം ബാധിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവാണ്. തീവണ്ടി, വിമാന യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി പ്രഖ്യാപനം വന്നു കഴിഞ്ഞതും അടുത്ത ദിവസമാണ്.

ഇലക്ട്രിക്ക് വാഹനങ്ങള്‍ രാജ്യത്തെ മിക്ക മെട്രോ നഗരങ്ങളിലും കൂടിവരികയാണ്. ഡല്‍ഹിയില്‍ ഇലക്ട്രിക്ക് കാറുകളുടെ എണ്ണം മാത്രം ലക്ഷം കഴിഞ്ഞു. ഇതില്‍ 15,000 എണ്ണം സ്വകാര്യ വാഹനങ്ങളാണ്. വ്യാപകമായി ഇലക്ട്രിക്ക് ബൈക്കുകളും ഡല്‍ഹി നിരത്തുകളില്‍ കാണാം. ഡല്‍ഹി സര്‍ക്കാര്‍ 2020 ആഗസ്റ്റില്‍ കൊണ്ടു വന്ന ഇലക്ട്രിക്ക് വെഹിക്കിള്‍ പോളിസി പ്രകാരം രജിസ്ട്രേഷന്‍ ഫീസും, റോഡ് ടാക്സും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. കൂടാതെ ഒന്നര ലക്ഷം രൂപയുടെ വരെ സബ്സിഡിയും നല്‍കുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തില്‍ വലിയ കുറവ് സംഭവിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഇലക്ട്രിക്ക് വെഹിക്കിള്‍ പോളിസി ജനങ്ങളിലെത്തിച്ച് കൂടുതല്‍ പേരെ ഇ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ സ്വിച്ച് ഡല്‍ഹി എന്ന പേരില്‍ പ്രചരണം തന്നെ ആരംഭിച്ചിരിക്കയാണ്.