ജനകീയ സമരങ്ങളുടെ ഇന്ത്യ

ജനകീയ സമരങ്ങളുടെ ഇന്ത്യ
വിജയ് ചൗക്ക് @ 79 @ മെട്രോ വാര്‍ത്ത ഫെബ്രുവരി 03
സുധീര്‍നാഥ് 

ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഒരു ജനകീയ സമരത്തിലൂടെ തന്നെയായിരുന്നു. സമാധാനത്തിന്‍റെ പാതയില്‍ മഹാത്മാ ഗാന്ധിയുടെ നേത്യത്ത്വത്തില്‍ നടന്ന സമര പരമ്പരകളുടെ ചരിത്രം സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടതാണ്. ഇത് ലോകം മുഴുവന്‍ വാഴ്ത്തിയതുമാണ്. അഹിംസയുടെ മന്ത്രവും, നിരാഹാര സമരങ്ങളും, നിസഹകരണവും, നിയമലംഘനവും എല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ വിജയത്തിലേയ്ക്ക് നയിച്ചു എന്ന് മനസിലാക്കാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സ്വാതന്ത്ര്യ സമരത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് പിന്തിരിയേണ്ടി വന്ന ചരിത്രം നമുടെ മുന്നിലുണ്ട്.

സ്വാതന്ത്ര്യാനന്തരം ഭാഷാ സമരവും മറ്റും പ്രാദേശികമായി ഉണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും ഒട്ടേറെ പ്രാദേശിക വിഷയങ്ങള്‍ ജനകീയ സമരങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നെഹ്റു യുഗം കഴിഞ്ഞ് ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് വലിയ ഒരു ജനകീയ സമരം ഉണ്ടായത്. ഏകാധിപതി എന്ന പേരില്‍ ഇന്ദിരയെ പ്രതിപക്ഷം വേട്ടയാടി തുടങ്ങിയ 1970പതുകളുടെ തുടക്കം. വിദ്യാര്‍ത്ഥികളും, യുവാക്കളുമായിരുന്നു സമരത്തിന് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ നിന്ന് യുവാക്കളുടെ തൊഴിലില്ലായ്മയിലേയ്ക്ക് വിഷയം വഴിമാറുകയായിരുന്നു. ബീഹാറില്‍ നിന്നും ഗുജറാത്തില്‍ നിന്നും ഉയര്‍ന്ന വിദ്യാര്‍ത്ഥി സമരം രാജ്യത്താകമാനം പടരുകയായിരുന്നു. 
നവനിര്‍മ്മാണ്‍ ആദോളന്‍ എന്ന പേരില്‍ ഗുജറാത്തില്‍ തുടങ്ങിയ സമരം ചരിത്രത്തിന്‍റെ ഭാഗമാണ്. 1973 ഡിസംബര്‍ 20ന് അഹമദാബാദിലെ എല്‍.ഡി. എന്‍ജിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസിലും, ഭക്ഷണ വിലയിലും 20 ശതമാനം വര്‍ദ്ധിപ്പിച്ചതിനെതിരെ സമരം തുടങ്ങി. സമാന വിഷയത്തില്‍ 1974 ജനുവരി 3ന് ഗുജറാത്ത് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും സമരത്തിനിറങ്ങി. ജനുവരി 25ന് സമരം അക്രമാസക്തമായി. ഗുജറാത്ത് മുഖ്യമന്ത്രി ചമന്‍ഭായ് പട്ടേല്‍ സര്‍ക്കാര്‍ രാജിവെയ്ക്കണമെന്ന് ആവശ്യമുയര്‍ന്നു. പൊതുജനങ്ങളും സമരത്തിന്‍റെ ഭാഗമായി. സമരത്തിന്‍റെ ശക്തി നാള്‍ക്കുനാള്‍ ശക്തമായി. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഗുജറാത്ത് മുഖ്യമന്ത്രി ചമന്‍ഭായ് പട്ടേല്‍ സര്‍ക്കാര്‍ ഫെബ്രുവരി 9ന് രാജിവെയ്ക്കേണ്ടി വന്നു.

ബീഹാറിലും 1973 മുതല്‍ വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രക്ഷോഭത്തില്‍ പങ്കാളികളായിരുന്നു. അക്കാലത്ത് ജനസംഘിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി), സമാജ് വാദി പാര്‍ട്ടിയുടെ സമാജ് വാദി യുവജന്‍ സഭ (എസ്.വൈ.എസ്), സി.പി.ഐയുടെ ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എ.ഐ.വൈ.എഫ്) എന്നിവര്‍ സജീവമായി പ്രക്ഷോഭ രംഗത്ത് ഉണ്ടായിരുന്നു. 1974 ഫെബ്രുവരി 14ന് പാറ്റന യൂണിവേഴ്സിറ്റി യൂണിയന്‍ ബീഹാറിലെ എല്ലാ വിദ്യാര്‍ത്ഥി നേതാക്കളേയും ഉള്‍പ്പെടുത്തി ബീഹാര്‍ ചത്ര സംഘര്‍ഷ് സമിതി (ബി.സി.എസ്.എസ്) എന്ന സംഘടന രൂപീകരിച്ചു. ഗുജറാത്തില്‍ നടന്ന സമരം പോലെ ഹോസ്റ്റല്‍ ഫീസും, ഭക്ഷണ വിലയിലേയും വര്‍ദ്ധനവായിരുന്നു കാരണം. ലാലു പ്രസാദ് യാദവ്, സുശില്‍ കുമാര്‍ മോദി, രാംവിലാസ് പസ്വാന്‍, നരേന്ദ്ര സിംഗ്, ബസിഷ്ട് നാരായണ്‍ സിംഗ്, ഷഹാബുദ്ദീന്‍ തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കളായിരുന്നു അക്കാലത്ത് സമരം നയിച്ചത്.
മൂന്ന് വിദ്യാര്‍ത്ഥികള്‍ ബീഹാര്‍ പോലീസിന്‍റെ അക്രമണത്തില്‍ മരിച്ചതോടെ ബീഹാര്‍ മുഖ്യമന്ത്രി  അബ്ദുള്‍ ഗഫാറിന്‍റെ രാജിക്കായി വിദ്യാര്‍ത്ഥി സമരം ബീഹറിലാകെ വ്യാപിച്ചു. ഗുജറാത്തിലെ പോലെ സര്‍ക്കാര്‍ രാജിവെയ്ക്കേണ്ടതില്ലെന്ന് ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തി പ്രാപിച്ചു. വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നയിക്കാന്‍ സ്വതന്ത്ര സമര സേനാനിയും, സോഷ്യലിസ്റ്റുമായ ജയപ്രകാശ് നാരായണനെ സമീപിച്ചു. 70 വയസുകാരനായ അദ്ദേഹം, യുവാക്കളുടെ ആത്മാര്‍ത്ഥതയും,  ഇന്ദിരാ ഗാന്ധിയുടെ ഏകാതിപത്യ സ്വഭാവമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള എതിര്‍പ്പും കൊണ്ട് മാത്രം സമരം നയിക്കാന്‍ തയ്യാറായി. അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തില്‍ ബീഹാറില്‍ നിന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം ആളികത്തുകയായിരുന്നു. ജയപ്രകാശ് നാരായണ്‍ പൊതുസമ്മതനായത് പ്രക്ഷോഭത്തെ ഏറെ സഹായിച്ചു. ഗുജറാത്തിലെ വിദ്യാര്‍ത്ഥികളും, രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ളവരും ജെ.പി പ്രക്ഷോഭത്തിന്‍റെ ഭാഗമായി. യുവാക്കളെ നയിച്ച് ജെ.പി ആരംഭിച്ച പ്രക്ഷോഭത്തില്‍ തൊഴിലാളികളും, ജനങ്ങളും പങ്കാളികളായി.

352 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്‍റെ ഏകാതിപത്യ തേര്‍വാഴ്ച്ചയ്ക്കെതിരെ ജെ.പി രാജ്യത്താകമാനം സഞ്ചരിച്ച് പ്രക്ഷോഭം ശക്തമാക്കി. രാജ്യത്താകമാനം കത്തി കയറിയ സമരത്തെ നേരിടാന്‍ ഇന്ദിര കൊണ്ടു വന്ന അടിയന്തിരാവസ്ഥയ്ക്ക് പോലും രക്ഷിക്കാന്‍ സാധിച്ചില്ല. അധികാരത്തില്‍ നിന്ന് ഇന്ദിരയെ ജനതാ പ്രസ്ഥാനം പടിയിറക്കിയത് ചരിത്രമാണ്. ജനതാ സര്‍ക്കാരാണ് പിന്നീട് രാജ്യം ഭരിച്ചത്.  
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയം കര്‍ഷകര്‍ ഒരു സമരം നടത്തിയിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ നേത്യത്ത്വത്തില്‍ കര്‍ഷകര്‍ ട്രാക്ടറും, കാളവണ്ടിയും, സൈക്കിളുമായി ഡല്‍ഹിയിലെ പാര്‍ലമെന്‍റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയില്‍ എത്തി. അന്ന് മ്യഗീയ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ സിരാ കേന്ദ്രമായ ബോട്ട് ക്ലബില്‍ എത്തി. കര്‍ഷക വായ്പകള്‍ എഴുതി തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയതില്‍ നടപടി, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. അന്ന് കര്‍ഷകര്‍ക്ക് പിന്തുണയുമായി നേരിട്ട് പങ്കെടുക്കാന്‍ എത്തിയ പ്രതിപക്ഷ നേതാക്കളില്‍ നാല് പേര്‍ പില്‍ക്കാലത്ത് പ്രധാനമന്ത്രിമാരായി. എ. ബി. വാജ്പേയ്, വി.പി. സിംഗ്, ചന്ദ്രശേഖര്‍, ഐ.കെ. ഗുജ്റാള്‍ എന്നിവരായിരുന്നു അവര്‍. ദേവിലാല്‍, മനേക ഗാന്ധി, ജോര്‍ജ് ഫര്‍ണാഡസ്, കന്‍ഷിറാം, ചൗട്ടാല തുടങ്ങി ഒട്ടേറെ പേര്‍ ദേശിയ രാഷ്ട്രീയത്തില്‍ പില്‍ക്കാലത്ത് ശ്രദ്ദേയരായി. സമരം പക്ഷെ കര്‍ഷകരുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു.

ഭൂപ്രഭുക്കന്‍മാരായ കര്‍ഷകര്‍, അധികാര മോഹികളായ കര്‍ഷകര്‍, വിദേശ പിന്തുണയോടെ രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം, പാക്കിസ്ഥാന്‍ പിന്തുണ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കോണ്‍ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷെ വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റുകയായിരുന്നു. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്സഭയില്‍ ഉണ്ടായിരുന്നത്. ടി.ഡി.പി 30 സീറ്റുമായി രണ്ടാംസ്ഥാനത്തായിരുന്നു. സിപിഎം 23 സീറ്റുകളില്‍ അന്ന് പാര്‍ലമെന്‍റിലെ ലോക്സഭയില്‍ ഉണ്ടായിരുന്നു. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്ട്രീയ തിരിച്ചടിയേറ്റു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. ജനത ദള്‍ 142 സീറ്റില്‍ ജയിച്ചു. ബിജെപി 89, സിപിഎം 34, സിപിഐ 12, എഐഎഡിഎംകെ 12 എന്നിങ്ങനെയായിരുന്നു സീറ്റ് നില. വി.പി. സിംഗ് അധികാരത്തില്‍ എത്തുന്നത് ഇവിടെ നിന്നാണ്.

1979ല്‍ ജനുവരിയിലാണ് മൊറാര്‍ജി ദേശായി പ്രധാനമന്ത്രി ആയിരുന്ന സമയത്ത് മണ്ഡല്‍ കമ്മിഷന്‍ രൂപീകരിക്കുന്നത്. ബീഹാറിന്‍റെ 7ാം മുഖ്യമന്ത്രിയായിരുന്ന ബി.പി. മണ്ഡലിനെ ചെയര്‍മാനാക്കിയ കമ്മറ്റിയാണ് സംവരണ വിഷയത്തിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 1980 ഡിസംബര്‍ 30ന് അന്നത്തെ പ്രസിഡന്‍റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1990 ആഗസ്റ്റില്‍ വി.പി. സിംഗ് പ്രധാനമന്ത്രി ആയപ്പോഴാണ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. മണ്ഡല്‍ കമ്മിഷന്‍ സമരമാണ് പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരം. രാജീവ് ഗോസ്വാമി ആത്മാഹുതി ചെയ്യാന്‍ ദേഹത്ത് തീകൊളുത്തിയത് ലോക ശ്രദ്ധ തന്നെ നേടി. വി.പി. സിംഗിന് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നത് മണ്ഡല്‍ സമരത്തിന്‍റെ ജനകീയ ശക്തി കൊണ്ടായിരുന്നു. 
2011ല്‍ ഇന്ത്യന്‍ ആന്‍റി കറപ്ഷന്‍ മൂവ്മെന്‍റ് വലിയ കൊടുങ്കാറ്റുണ്ടാക്കി. ഡല്‍ഹിയില്‍ യുവാക്കള്‍ വ്യദ്ധനായ അണ്ണാ ഹസാരയ്ക്ക് പിന്നില്‍ അഴിമതിക്കെതിരെ ജന്‍ ലോക്പാല്‍ ബില്ലിനായി അണിനിരന്നു. 2011 ഏപ്രില്‍ 5ന് ജന്‍ന്തര്‍ മന്ദിറിലാണ് അണ്ണാ ഹസാരെ അഴിമതിക്കെതിരെ നിരാഹാര സമരം തുടങ്ങിയത്.  ജന പിന്തുണ ഏറിയതോടെ പിന്നീട് സമരം രാംലീല മൈതാനിയിലേയ്ക്ക് മാറ്റിയിരുന്നു. അരവിന്ദ് കേജരിവാളും, മനീഷ് സിസോഡിയയും ഈ പ്രക്ഷോഭത്തിലൂടെ വളര്‍ന്നവരാണ്. ആംആദ്മി പാര്‍ട്ടി തന്നെ അവര്‍ ഉണ്ടാക്കി. പിന്നീട് കോണ്‍ഗ്രസിനും, ബിജെപിക്കും മറ്റ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാജ്യ തലസ്ഥാന ഭരണം സ്വപ്നം മാത്രമായി അവശേഷിച്ചു.

2012 ഡിസംബര്‍ 16നാണ് ജ്യോതി സിംഗ് എന്ന നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായി പിന്നീട് മരണത്തിന് കീഴടങ്ങുന്നത്. സ്ത്രീ സുരക്ഷയ്ക്കായി ഡല്‍ഹിയിലെ യുവജനത ഇറങ്ങി. ഡല്‍ഹിയിലെ യുവജനത സ്ത്രീസുരക്ഷയ്ക്കായി തെരുവിലിറങ്ങിയപ്പോള്‍, രാജ്യം ഒപ്പം നിന്നു. രാജ്യത്താകമാനം ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ഇന്ത്യ അടുത്തകാലത്ത് കണ്ട വലിയ ജനകീയ പ്രക്ഷോഭമായിരുന്നു അത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ നേത്യത്ത്വത്തിന് ഉണ്ടായില്ല. നേതാക്കളില്ലാത്ത പ്രക്ഷോഭമായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിദിന്‍റേയും, പ്രധാനമന്ത്രിയായ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്‍റേയും പതനത്തിലാണ് പിന്നീട് ഈ രണ്ട് പ്രക്ഷോഭങ്ങളും കൊണ്ടെത്തിച്ചത്. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലും, ബിജെപി കേന്ദ്രത്തിലും അധികാരത്തിലെത്താന്‍ കാരണത്തിന് ഈ രണ്ട് പ്രക്ഷോഭങ്ങളും വലിയ പങ്കാണ് വഹിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല. 
1988ലെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ബി.കെ.യു. നേതാവ് മഹേന്ദ്ര സിംഗ് തികായത്തിന്‍റെ മകന്‍ രാകേഷ് തികായത്താണ് ഇപ്പോള്‍ കര്‍ഷക സമരത്തിന് നേത്യത്ത്വം നല്‍കുന്നത്. ഡല്‍ഹിലെ എല്ലാ അതിര്‍ത്തിയിലും കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ 72ാം വാര്‍ഷികത്തില്‍ അവര്‍ നടത്തിയ ട്രാക്ടര്‍ റാലി 250 കിലോമീറ്ററുകളിലേറെ നീളമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അന്ന് ഡല്‍ഹിയുടെ മര്‍മ്മ പ്രധാന കേന്ദ്രമായ ഐ.ടി.ഒയിലും, ചെങ്കോട്ടയിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായി. കര്‍ഷകര്‍ക്ക് അതില്‍ പങ്കില്ലെന്നാണ് അവര്‍ പറയുന്നത്.

ഡല്‍ഹിയുടേയും, ഉത്തര്‍ പ്രദേശിലേയും അതിര്‍ത്തിയായ ഗാസിയാബാദില്‍ നിന്ന് സമരക്കാരെ ഒഴിപ്പിക്കാന്‍ 27ന് ശ്രമം ഉണ്ടായിരുന്നു. ഹരിയാനയിലേയും, ഉത്തര്‍ പ്രദേശിലേയും പല ക്ഷേത്രങ്ങളിലും പതിവിന് വിപരീതമായി കൂട്ടമണി അടിച്ച് ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും ഉടനെ സമരത്തില്‍ പങ്കെടുക്കാന്‍ ചെല്ലണമെന്ന് ആഹ്വാനമുണ്ടായത് രാത്രിയിലാണ്. വലിയ ജനക്കൂട്ടം സമരമുഖത്ത് രാത്രിക്ക് രാത്രി എത്തിയത് സേനയെ പിന്‍വലിക്കാന്‍ കാരണമായി. കര്‍ഷകരെ ഒഴിപ്പിക്കാന്‍ സിഘു അതിര്‍ത്തിയിലും 29ന് ശ്രമം ഉണ്ടായി. പക്ഷെ അതും വിജയം കണ്ടില്ല. വരും ദിവസങ്ങളില്‍ ശക്തമായ നീക്കങ്ങള്‍ ഇരുഭാഗത്തും ഉണ്ടാകും. ഹരിയാന, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ചെറു ഗ്രാമങ്ങളില്‍ കര്‍ഷകരെ പിന്തുണച്ച് ഗ്രാമ സഭകള്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് വലിയ രീതിയില്‍ കര്‍ഷക സമരത്തെ ശക്തമാക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. 
ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഒരു കാരണം 1974 മുതലുള്ള ജെ.പി പ്രക്ഷോഭത്തിലും, 1988ലെ കര്‍ഷക പ്രക്ഷോഭത്തിലും പങ്കാളിയായതാണ്. ബിജെപിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരായ കര്‍ഷകര്‍ക്കെതിരെയുള്ള നിലപാട് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇന്ദിരാ ഗാന്ധി 352 അംഗങ്ങളുണ്ടായിട്ടും ജയപ്രകാശ് നാരായണന്‍റെ പ്രക്ഷോഭത്തില്‍ താഴെ വീണു. 426 സീറ്റുണ്ടായ രാജീവ് ഗാന്ധി കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് വീണത്. 303 അംഗങ്ങളാണ് ബിജെപിക്ക് ഇപ്പോഴുള്ളത്. ചരിത്രം പലതും കാണിച്ചു തരുന്നുണ്ട്. ബിജെപിയിലെ രാജ്നാഥ് സിംഗും, നിതിന്‍ ഗഡ്ഗരിയും ഇതിനോടകം കര്‍ഷക പ്രക്ഷോഭം സര്‍ക്കാരിന്‍റെ മുഖം നഷ്ടപ്പെടുത്തിയതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ പറഞ്ഞതായി അറിയുന്നു. വി.പി സിംഗ് കോണ്‍ഗ്രസില്‍ നിന്ന് മാറി ഇന്ത്യന്‍ പ്രധാനമന്ത്രിയായതു പോലെ രാജ് നാഥ് സിംഗോ, ഗഡ്ഗരിയോ ആകുമോ...? കാത്തിരുന്ന് കാണേണ്ട കാഴ്ച്ചയാണ്.