പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2021 ജനുവരി 01
കേരള രാഷ്ട്രീയത്തില്‍ സുവര്‍ണാവസരം എന്നുള്ള വാക്ക് ഏറ്റവും കൂടുതല്‍ പ്രശസ്തമാക്കിയത് മിസോറാം ഗവര്‍ണറായ മുന്‍ ബിജെപി നേതാവ് അഡ്വക്കേറ്റ് ശ്രീധരന്‍പിള്ള ആണ്. ബിജെപി കേരളത്തിലെ രാഷ്ട്രീയത്തിലെ സുവര്‍ണാവസരം നഷ്ടപ്പെടുത്തുന്നു എന്ന പരിഭവമാണ് രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തത്. രാഷ്ട്രീയത്തില്‍ മാത്രമല്ല അദ്ദേഹം സുവര്‍ണാവസരം കണ്ടത്. കോവിഡ് കാലം ഒരു സുവര്‍ണാവസരം ആയി കണ്ടു എത്രയോ 25ലേറെ പുസ്തകങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. 18 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. അഞ്ചു പുസ്തകങ്ങള്‍ പ്രിന്‍റിംഗിന് പോയിരിക്കുന്നു. കൂടാതെ എത്രയോ പുസ്തകങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇരിക്കുന്നു. കോവിഡ് കാലത്തെ ലോക് ഡൗണും, മറ്റും ഒരു എഴുത്തുകാരന്‍ കൂടിയായ ശ്രീധരന്‍പിള്ള സുവര്‍ണ കാലമായി കണ്ടതാണ് രചനകളുടെ എണ്ണം കൂടുവാന്‍ കാരണമായത്. ചില അവസരങ്ങളില്‍ ഊര്‍വ്വശീ ശാപം ഉപകാരം എന്ന് പറയാറില്ലേ, അതാണ് ഇവിടെ സംഭവിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നു.

മിസോറാം രാജ്ഭവന്‍ വിട്ട് പുറത്ത് പോകരുതെന്നത് കൊണ്ടും, സന്ദര്‍ശകര്‍ ഇല്ലാത്തത് കൊണ്ടും കൂടുതല്‍ സമയം എഴുതുവാനായി വിനിയോഗിച്ചു എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം 125 പുസ്തകങ്ങള്‍ ഇതിനോടകം എഴുതി പ്രസിദ്ധീകരിച്ചു എന്നുപറയുമ്പോള്‍ അദ്ദേഹത്തിന്‍റെ അക്ഷരങ്ങളോടുള്ള അടുപ്പവും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വ്യത്യസ്തങ്ങളായ വിഷയങ്ങളിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കവിതകള്‍ എഴുതിയിട്ടുണ്ട്, ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്, അദ്ദേഹത്തിന്‍റെ ഔദ്യോഗിക മേഖലയായ നിയമ രംഗത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്, നിയമരംഗത്തെ സ്ത്രീകളെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും മികച്ച ക്രിമിനല്‍ ലോയര്‍ എന്ന രീതിയില്‍ അദ്ദേഹത്തെ എല്ലാവരും അംഗീകരിക്കുന്നത് പോലെ, ശ്രീധരന്‍പിള്ള എന്ന എഴുത്തുകാരനെ അംഗീകരിക്കുന്നതിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. മിസോറാം എന്ന പ്രദേശം ക്രിസ്തുമത വിശ്വാസികള്‍ അധികമായുള്ള പ്രദേശമാണ്. അവിടേയും അദ്ദേഹം സുവര്‍ണാവസരം മുതലാക്കി. മിസോറാം ഗവര്‍ണായി അദ്ദേഹം അവിടത്തെ ക്രിസ്തീയ മതമേലധ്യക്ഷന്മാരായി അടുത്ത ബന്ധം പുലര്‍ത്തുകയും, അവര്‍ വഴി കേരളത്തിലെ ക്രിസ്തീയ മതമേലധ്യക്ഷന്മാരായി അടുത്ത ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതുവഴി ഒരു പുസ്തകം തന്നെ പൂര്‍ത്തീകരിച്ചു. കേരളത്തിലെ ക്രിസ്തീയ സഭകളുടെ പ്രശ്നങ്ങള്‍ അവര്‍ക്ക് വേണ്ടി പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പ്രധാനമന്ത്രിയുമായി ഒരു മുഖാമുഖം സംഘടിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നുള്ളത് രാഷ്ട്രീയപരമായ ബിജെപിയുടെ നേട്ടമാണ്. അത് വളരെ ഗൗരവത്തോടുകൂടി തന്നെയാണ് ദേശീയ നേതൃത്വം കാണുന്നത്. കേരളത്തിലുള്ള ബിജെപി നേതാക്കള്‍ക്ക് സാധിക്കാന്‍ കഴിയാത്ത ഒരു കാര്യം ശ്രീധരന്‍പിള്ള സാധിച്ചെടുത്തു സുവര്‍ണാവസരം മുതലാക്കി എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏറ്റവുമൊടുവിലായി കേരളത്തിലെ ക്രിസ്തീയസഭകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുവാനും, പരിഭവങ്ങള്‍ മാറ്റുവാനും പ്രധാനമന്ത്രിയെ കൊച്ചിയിലെത്തിക്കുന്നു.
ഡല്‍ഹി ജല്‍ബോര്‍ഡ് ഓഫീസ് അടിച്ചു തകര്‍ത്തു
ഡല്‍ഹി ജല്‍ബോര്‍ഡിന്‍റെ ആസ്ഥാന ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. ഡല്‍ഹിയില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്ത് ശ്രദ്ധ നേടിയ ഓഫീസാണ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്. കര്‍ഷക സമരത്തെ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടിയും പിന്തുണയ്ക്കുകയും, സമരം ചെയ്യുന്നവര്‍ക്ക് സൗജന്യമായി വെള്ളം എത്തിച്ചു നല്‍കുന്നു എന്നതുമാണ് അക്രമണം നടത്തിയവര്‍ കുറ്റപ്പെടുത്തുന്നത്. തന്‍റെ അവസാന ശ്വാസം വരെ കര്‍ഷക സമരത്തിന് തന്‍റെ സര്‍ക്കാരും, പാര്‍ട്ടിയും പിന്തുണയുമായി ഉണ്ടാകുമെന്ന് അരവിന്ദ് കേജരിവാള്‍ സാമൂഹ്യ മാധ്യമത്തിലൂടെ മറുപടി നല്‍കി. മുന്‍പ് കര്‍ഷക സമരത്തെ പിന്തുണച്ചതിന് മുഖ്യമന്ത്രിയുടേയും, ഉപമുഖ്യമന്ത്രിയുടേയും ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചിട്ടുണ്ടായിരുന്നു.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം ഇന്ത്യയിലും വേണം. ഇന്ത്യയില്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെളിപ്പെടുത്തി. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ സുനില്‍ അറോറ തന്‍റെ ശ്രദ്ധേയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് അനില്‍ അറോറ ഓര്‍മ്മപ്പെടുത്തി. ഇപ്പോള്‍ ഇന്ത്യയില്‍ മാസത്തില്‍ ഒരു തിരഞ്ഞെടുപ്പെങ്കിലും ഒരിടത്ത് നടക്കുന്നുണ്ട്. വലിയ സാമ്പത്തിക ബാധ്യതയാണ് അതുമൂലം ഉണ്ടാകുന്നത്. വികസന പ്രവര്‍ത്തനങ്ങളില്‍ പല തരത്തിലുള്ള സാങ്കേതിക തടസങ്ങളും ഇത് മൂലം ഉണ്ടാകും. ഒറ്റ തിരഞ്ഞെടുപ്പ് രീതി മുന്‍പ് തലതവണയും പല സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ആശയമാണ്. 2015ലും 2018ലും വിവിധ സമിതികള്‍ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുകയാണുണ്ടായത്.
ഡി. വിജയമോഹന്‍
കോവിഡ് കാലത്ത് സജീവമായി മാധ്യമപ്രവര്‍ത്തന രംഗത്തുണ്ടായ ഡി വിജയമോഹന്‍റെ വേര്‍പാട് ഡല്‍ഹിയിലെ പൊതു സമൂഹത്തിന് തീരാ നഷ്ടമായി. കോവിഡ് ബാധിതനായി 28 ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. കേരള ശബ്ദം ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന ഇടമറുകും, ഓംചേരി എന്‍ എന്‍ പിള്ളയും, ഡി വിജയമോഹനും ചേര്‍ന്നാണ് മലയാള ഭാഷ പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന് മലയാള ഭാഷ പഠന കേന്ദ്രങ്ങള്‍ തുങ്ങെിയത്. മൂവരും വളരെ സജീവമായി ഇതിന് നേത്യത്ത്വം നല്‍കി. ഇതിന്‍റെ ഫലമായി കേരള സര്‍ക്കാര്‍ ഔദ്യോഗികമായി മലയാളം മിഷന്‍ തുടങ്ങി. മലയള ഭാഷ ലോകം മുഴുവന്‍ എത്തിക്കുന്നതിന് അങ്ങിനെ ഡല്‍ഹിയിലെ മലയാള ഭാഷാ പഠന കേന്ദ്രങ്ങള്‍ കാരണമായി. കേരള ശബ്ദം ഗ്രൂപ്പിന്‍റെ അടുത്ത ബന്ധുകൂടിയാണ് ഡി വിജയമോഹന്‍. മാധ്യമപ്രവര്‍ത്തകന്‍ എന്നതിലുപരി, കവി, സാഹിത്യകാരന്‍, പ്രഭാഷകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങി വ്യത്യസ്ഥ മേഘലകളില്‍ തിളങ്ങിയ അപൂര്‍വ്വ വ്യക്തിത്ത്വമായിരുന്നു ഡി വിജയമോഹന്‍.
ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം
കിഴക്കന്‍ ഡല്‍ഹിയിലെ പാര്‍ലമെന്‍റ് അംഗമായ ഗൗതം ഗംഭീര്‍ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന ജന്‍ രസോയ് ഗാന്ധി നഗറില്‍ ആരംഭിച്ചു. രണ്ടാമത്തേ ജന്‍ റസോയ് തന്‍റെ പാര്‍ലമെന്‍റ് മണ്ഡലത്തിലെ അശോക് നഗറില്‍ റിപ്പബ്ലിക്ക് ദിനത്തിലും ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തന്‍റെ പാര്‍ലമെന്‍റ് മണ്ഡലത്തിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഒരു രൂപയ്ക്ക് ഭക്ഷണം കിട്ടുന്ന ജന്‍ രസോയി ആരംഭിക്കുക എന്നതാണ് തന്‍റെ പദ്ധതി എന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ജാതി, മത, വര്‍ഗ വ്യത്യാസമില്ലാതെ, ആര്‍ക്കും ഇവിടെ വന്ന് ഭക്ഷണം കഴിക്കാം. എല്ലാവര്‍ക്കും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് സൗകര്യം ഒരുക്കുകയാണ് ജനപ്രതിനിധി എന്ന നിലയില്‍ താന്‍ ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
അയോധ്യയിലെ മസ്ജീദ്
അയോധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയതിനു പിന്നാലെ മുസ്ലീം പള്ളിയുടെ കോംപ്ലക്സിന്‍റെ ചുമതലക്കാരായ ട്രസ്റ്റ് ഇന്‍റോ ഇസ്ലാമിക്ക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പുതുതായി രൂപം കൊള്ളുന്ന മുസ്ലിം പള്ളിയുടെ രൂപരേഖ പുറത്തുവിട്ടിരിക്കുകയാണ്. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് സുപ്രീം കോടതി വിധി വന്നതിന് ശേഷം രൂപം കൊടുത്തതാണ് ഇന്‍റോ ഇസ്ലാമിക്ക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍. അയോധ്യയിലെ ധനിപ്പൂര്‍ വില്ലേജിലാണ് കോംപ്ലക്സ് നിര്‍മ്മാണം നടക്കുക. പരമ്പരാഗതരീതിയിലുള്ള മുസ്ലിം പള്ളിയുടെ മിനാരങ്ങളോ, ഡോമുകളോ ഇല്ലാത്ത ഒരു ഡിസൈന്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത ആര്‍ക്കിടെക്ടായ പ്രൊഫസര്‍ എസ് എം അക്താറാണ് ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിടെക്റ്റ് വിഭാഗം തലവനാണ് പ്രൊഫസര്‍ എസ് എം അക്താര്‍. പുതുതായി നിര്‍മ്മിക്കുന്ന മുസ്ലിം പള്ളിയില്‍ 300 കിടക്കകള്‍ ഉള്ള ഹോസ്പിറ്റല്‍, മുസ്ലീം ചരിത്രം പറയുന്ന മ്യൂസിയം, ലൈബ്രറി, എന്നിവയും ഉണ്ടാകും. മുസ്ലിം ചരിത്ര ഗവേഷകര്‍ക്ക് പഠിക്കുവാനുള്ള സൗകര്യങ്ങളും അവിടെ സൗകര്യങ്ങള്‍ ഉണ്ടാകും. പൂര്‍ണ്ണമായും സോളാര്‍ എനര്‍ജിയും കാറ്റ് കൊണ്ടുണ്ടാകുന്ന ഊര്‍ജ്ജവും ആയിരിക്കും പള്ളി കോംപ്ലക്സില്‍ ഉപയോഗിക്കുകയെന്ന് ആര്‍ക്കിടെക്ട് പറയുന്നു. 2000 പേര്‍ക്ക് ഒരേ സമയം നമാസ് ചെയ്യാനുള്ള സൗകര്യം പുതുതായി ഉയരുന്ന പള്ളിയില്‍ ഉണ്ടാകും. ബാബറി മസ്ജീദിനേക്കാള്‍ നാലിരട്ടി വലുപ്പമുള്ളതാണ് പുതുതായി ഉയരുന്ന പള്ളി. 2021 ജനുവരി 26 ആം തീയതി റിപ്പബ്ലിക് ദിനത്തില്‍ പള്ളിയുടെ തറക്കല്ലിടല്‍ കര്‍മം നടക്കുക. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നല്‍കിയ അഞ്ചേക്കറില്‍ ആണ് ഈ പള്ളി സമുച്ചയം പൂര്‍ത്തീകരിക്കുന്നത് എന്ന് അറിയിച്ചു.
സുധീര്‍ നാഥ് / cartoonistsudheer@gmail.com / 9968996870 (വാട്ട്സ്അപ്പ്/ ടെലിഗ്രാം)


