പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2021 ജനുവരി 15
പക്ഷിപനി ഭീതിയില്‍ ചിക്കന്‍ വിപണി ഇടിഞ്ഞു
ഡല്‍ഹിയിലും ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ വ്യാപകമായി കാക്കകളും, പ്രാവുകളും ചത്തു വീഴുന്നത് റിപ്പോര്‍ട്ട് ചെയ്തതോടെ ചിക്കന്‍ വിപണി തകര്‍ന്നു. മാര്‍ക്കറ്റുകള്‍ കോഴിയുടെ വില്‍പ്പന നിര്‍ത്തലാക്കി. കോഴി ഇറച്ചിക്ക് ആവശ്യക്കാരില്ലാതായി. ഡല്‍ഹി മ്യഗശാലയിലെ പക്ഷികളെ സുരക്ഷിത താവളങ്ങളിലേയ്ക്ക് മാറ്റിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ദേശാടന പക്ഷികളില്‍ നിന്നാണ് പക്ഷി പനി പടരുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകാരം ഏറ്റവും കൂടുതല്‍ ദേശാടന പക്ഷികള്‍ വരുന്ന മ്യഗശാലയുടെ പ്രദേശം നിരീക്ഷണത്തിലാണ്. ഡല്‍ഹിയിലെ സന്‍ജയ് ഗാന്ധി പാര്‍ക്കില്‍ അരയന്നങ്ങളും താറാവുകളും ചത്തു. ഡല്‍ഹിയിലെ പല ഭാഗങ്ങളിലും കാക്കകളും, പ്രാവുകളും ചത്തു വീഴുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയിലും, ഹരിയാനയിലും, ഉത്തര്‍ പ്രദേശിലും പക്ഷിപനി സ്ഥിരീകരിച്ചതോടെ രാജ്യത്തിന്‍റെ വടക്കന്‍ മേഘലയിലെ ജനങ്ങള്‍ ചിക്കന്‍ വിഭവങ്ങള്‍ സ്വയം ഉപേക്ഷിച്ചിരിക്കുകയാണ്. മുട്ട വിപണി തകര്‍ന്നതായാണ് കച്ചവടക്കാര്‍ പറയുന്നത്. കോഴി ഇറച്ചിയുടെ വിപണി ഇടിഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ ആട്ടിറച്ചിക്കും, മീനിനും വലിയ ഡിമാന്‍റായി മാറിയിരിക്കുന്നു. ആട്ടിറച്ചിക്ക് കിലോ 800 രൂപയും, ഏറ്റവും വിലകുറഞ്ഞ മീന്‍ കിലോ 270 രൂപയുമായി വര്‍ദ്ധിച്ചിരിക്കുന്നു. കോഴി ഇറച്ചിയുടെ വില കുത്തനെ കുറച്ച് വില്‍പ്പന നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍, തെക്കന്‍ ഡല്‍ഹിയി കോര്‍പ്പറേഷനുകള്‍ കോഴി ഇറച്ചി വില്‍പ്പന കര്‍ശനമായി നിരോധിച്ച് ഉത്തരവിറക്കിയിരിക്കുകയാണ്.
പട്ടിക്കും പൂച്ചയ്ക്കും ഡല്‍ഹിയില്‍ ശ്മശാനം
ഡല്‍ഹിയില്‍ പട്ടിക്കും പൂച്ചയ്ക്കും ശ്മശാനം തുടങ്ങിയത് വാര്‍ത്തയായിരിക്കുകയാണ്. മ്യഗസംരക്ഷണ വകുപ്പിന്‍റെ നേത്യത്ത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സൗത്ത് ഡല്‍ഹിയിലെ ദ്വാരകയിലാണ് ഡല്‍ഹിയിലെ ആദ്യത്തെ പട്ടികള്‍ക്കും പൂച്ചകള്‍ക്കുമായുള്ള ശ്മശാനം ഉയര്‍ന്നിരിക്കുന്നത്. വീടുകളില്‍ പട്ടിയേയും, പൂച്ചയേയും സ്വന്തം കുടുംബാഗമായാണ് പലരും വളര്‍ത്തുന്നത്. ശ്മശാനത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അറിയുന്നവരുണ്ടാകും. 15 ദിവസം വരെ ചിതാഭസ്മം ശ്മശാനത്തില്‍ സൂക്ഷിക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. 30 കിലോ ഭാരമുള്ള പട്ടികളെ സംസ്ക്കരിക്കുന്നതിന് 2000 രൂപയും. അതിന് മുകളില്‍ ഭാരമുള്ള പട്ടികള്‍ക്ക് 3000 രൂപയുമാണ് ചിലവ്. സൗത്ത് ഡല്‍ഹിയിലെ തെരുനായ്ക്കള്‍ ചത്താല്‍ അവയെ സംസ്കരിക്കുന്നത് സൗജന്യമായിരിക്കും. ഡല്‍ഹിയിലെ മറ്റ് മേഖലകളില്‍ നിന്നുള്ള വളര്‍ത്ത് നായകളെ സംസ്കരിക്കുന്നതിനും ഇവിടെ സൗകര്യമുണ്ടായിരിക്കും. അവര്‍ക്ക് പ്രത്യേക ഫീസും നല്‍കേണ്ടതുണ്ട്. 150 കിലോ സംസ്കരിക്കുന്നതിനും, 100 കിലോ സംസ്കരിക്കുന്നതിനും സാധിക്കുന്ന രണ്ട് യൂണിറ്റുകളാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. സൗത്ത് ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വളര്‍ത്ത് മ്യഗങ്ങള്‍ ഉള്ളത് എന്നതും, ഇവ ചത്താല്‍ സംസ്കരിക്കുക എന്നത് വലിയ പ്രയാസമാണെന്നതുമാണ് സൗത്ത് ഡല്‍ഹി കോര്‍പ്പറേഷനെ കൊണ്ട് ഇങ്ങനെ ഒരു ശ്മശാനം നിര്‍മ്മിക്കാന്‍ കാരണമായത്.
കോവിഡ് കാലത്ത് യാത്ര ചെയ്തില്ല, സൗജന്യ ടിക്കറ്റുകള്‍ ബാക്കി
രാജ്യസഭയായിക്കോട്ടെ, ലോക്സഭ ആയിക്കോട്ടെ എല്ലാ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും 34 ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ലഭിക്കും. അംഗങ്ങളില്ലാതെ എട്ട് ടിക്കറ്റില്‍ ആര്‍ക്കും യാത്ര ചെയ്യാം. മറ്റു ടിക്കറ്റില്‍ ഒരു യാത്രയില്‍ ഒരു സഹയാത്രികനെ കൂടെ കൂട്ടാനുള്ള അനുമതിയുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തിലും, കമ്മറ്റി മീറ്റിങ്ങുകളിലും വരുന്നതിനും പോകുന്നതിനും പ്രത്യേകം ടിക്കറ്റ് ലഭിക്കും. ടിക്കറ്റുകള്‍ പൂര്‍ണ്ണമായും ഉപയോഗിച്ചില്ല എങ്കില്‍ തൊട്ടടുത്ത സാസമ്പത്തിക വര്‍ഷത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. കേരളത്തില്‍ നിന്ന് രാജ്യസഭാ അംഗമായ വയലാര്‍ രവി, വഹാബ്, കെ. കെ രാകേഷ് എന്നിവരുടെ പാര്‍ലമെന്‍റ് കാലാവധി ഏപ്രില്‍ മാസം 21ന് തീരുകയാണ്. കോവിഡ് കാലമായതിനാല്‍ പാര്‍ലമെന്‍റിലെ പല അംഗങ്ങളും യാത്ര ചെയ്തിട്ടില്ല. അവര്‍ക്കെല്ലാം സൗജന്യ വിമാന ടിക്കറ്റുകള്‍ അടുത്ത സാമ്പത്തിക വര്‍ഷവും ഉപയോഗിക്കാം. കാലാവധി തീരുന്ന മൂന്ന് പേരുടെ ടിക്കറ്റുകള്‍ എത്രയാണ് നഷ്ടപ്പെടുക എന്നത് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ സംസാര വിഷയമായിട്ടുണ്ട്.
ഡല്‍ഹിയിലെ സ്ക്കൂളുകള്‍ തുറക്കുന്നു
കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 1 മുതല്‍ അടഞ്ഞു കിടക്കുന്ന ഡല്‍ഹിയിലെ സ്ക്കൂളുകള്‍ ജനുവരി 18 മുതല്‍ തുറക്കുന്നു. 10,12 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സ്ക്കൂള്‍ തുറക്കുന്നത്. സ്ക്കൂളുകളില്‍ ചെല്ലുന്നതിന് കുട്ടികളെ നിര്‍ബന്ധിക്കരുത്, രക്ഷിതാക്കളുടെ സമ്മതത്തോടെ വേണം കുട്ടികള്‍ സ്ക്കൂളില്‍ പോകുവാന്‍, ഹാജര്‍ നിര്‍ബന്ധമില്ല, സ്ക്കൂളില്‍ വരുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതദ് ക്ലാസ് ടീച്ചറുടെ ചുമതലയാണ്, സ്ക്കൂള്‍ അസംബ്ലികള്‍ നടത്തരുത്, പഠന സാമഗ്രികളായ പുസ്തകം പേന മുതലായവ പരസ്പരം പങ്കുവെയ്ക്കരുത്, കോവിഡ് മാനധണ്ഡങ്ങള്‍ പാലിക്കണം, കുട്ടികള്‍ക്ക് അധ്യാപകര്‍ ആത്മവിശ്വാസം നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കണ്‍ഡയ്ന്‍മെന്‍റ് സോണിലെ സ്ക്കൂളുകള്‍ തുറക്കേണ്ടതില്ല എന്നും ഡല്‍ഹി സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തില്‍ ഉണ്ട്. ഡല്‍ഹിയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ സ്ക്കൂളുകള്‍ക്ക് നിര്‍ദ്ദേശം ബാധകമാണ്.
ഓണ്‍ ലൈനായി സര്‍ഗോത്സവം
പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കലാ
മാമാങ്കമാണ് ഡല്‍ഹിയില്‍ ജനസംസ്ക്യതി നടത്തുന്ന സര്‍ഗോത്സവം. കേരളത്തിലെ
സ്ക്കൂള്‍ യുവജനോത്സവത്തിന്‍റെ മാത്യക പിന്തുടര്‍ന്നാണ് സര്‍ഗോത്സവം
നടത്തുന്നത്. വിവിധ വേദികളില്‍ ഒരേ സമയം ഡാന്‍സും, പാട്ടും, മറ്റുമായി
കഴിഞ്ഞ പതിനഞ്ച് വര്‍ഷം മുടങ്ങാതെ സര്‍ഗോത്സവം ഗംഭീരമായി നടന്നു. എല്ലാ
വര്‍ഷവും നവംബര്‍ 14ന് സമാപിക്കുന്ന തരത്തിലായിരുന്നു പ്രവാസി മലയാളികളുടെ
കുട്ടികളുടെ കലാ മത്സരം നടന്നിരുന്നത്. ജാതി, മത രാഷ്ട്രീയ
വ്യത്യാസങ്ങളില്ലാഃെ വലിയ ആഘോഷമായി പ്രവാസികളായ മലയാളികള്‍ വന്‍
ആഘോഷമായിട്ടാണ് സര്‍ഗോത്സവത്തില്‍ പങ്കെടുത്തിരുന്നത്. ഓരോ വര്‍ഷം കഴിയും
തോറും സര്‍ഗോത്സവം വളരുകയായിരുന്നു. കോവിഡ് മഹാമാരിയില്‍ എല്ലാ ആഘോഷങ്ങളും
വേണ്ടെന്ന് വെച്ച സമയത്ത് ഡിജിറ്റലായി സര്‍ഗോത്സവം 2020 നടത്താം എന്ന്
ജനസംസ്ക്യതി തീരുമാനിക്കുകയായിരുന്നു. പതിനാറാം സര്‍ഗോത്സവം വിശേഷണങ്ങള്‍
കൊണ്ട് ചരിത്രത്തിന്‍റെ ഭാഗമായി മാറി. അഞ്ച് വേദികളിലായി നടന്നിരുന്ന
സര്‍ഗോത്സവം ഇക്കുറി 3500 വേദികളിലായി. ഓരോ മത്സരാര്‍ത്ഥിയുടെ വീടും ഓരോ
വേദിയായി മാറി എന്നത് വലിയൊരു മാറ്റമായിരുന്നു. ഇക്കുറി ഗ്രൂപ്പ് മത്സര
ഇനങ്ങള്‍ ഉണ്ടായിരുന്നില്ല. മറ്റൊരു സവിശേഷത ഓരോ മത്സരത്തിനും മുന്നോടിയായി
മത്സരിക്കാന്‍ വരുന്ന കുട്ടികള്‍ക്കായി ഒരുക്കിയ വര്‍ക്ഷോപ്പുകളാണ്.
പ്രസംഗത്തിനും, ചിത്രരചനയ്ക്കും, കാര്‍ട്ടൂണിനും, രചനാ മത്സരങ്ങള്‍ക്കും
മറ്റും വ്യത്യസ്ഥ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിച്ചു. അതാതു രംഗത്തെ
പ്രഗത്ഭരായ ആളുകള്‍ തന്നെയായിരുന്നു കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍
നല്‍കാന്‍ ഓണ്‍ ലൈന്‍ വര്‍ക്ഷോപ്പുകളില്‍ എത്തിയിരുന്നത്. അതുകൊണ്ട് ഓരോ
മത്സരത്തിന്‍റെ നിലവാരവും വലിയ രീതിയില്‍ ഉയരുകയുണ്ടായതായി സംഘാടകരും,
മത്സരത്തില്‍ പങ്കെടുത്ത കുട്ടികളും സമ്മതിക്കുന്നു. മത്സരത്തിലെ
പങ്കാളിത്തം ഈ വര്‍ഷം കാര്യമായി ഉണ്ടായി എന്നത് കൊണ്ട് വളരെ
ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ സര്‍ഗോത്സവം.
