സാഹിത്യകാരനായ ചീഫ് സെക്രട്ടറി വീണ്ടും
സുധീര്‍ നാഥ്
കേരളത്തിന്‍റെ സിവില്‍ സര്‍വ്വീസിന്‍റെ തലപ്പത്ത് വീണ്ടും സാഹിത്യകാരനായ ചീഫ് സെക്രട്ടറി വരികയാണ്. ജോയ് വാഴയില്‍ എന്ന പേരില്‍ കവിതകളും, നോവലും, വിവര്‍ത്തനങ്ങളും, ലേഖനങ്ങളും, എഴുതിയിരുന്ന വ്യക്തി തന്നെയാണ് വി. പി. ജോയ് എന്ന നിയുക്ത ചീഫ് സെക്രട്ടറി എന്നറിയുമ്പോള്‍ സാഹിത്യ, സാംസ്കാരിക ലോകത്തിനും ഉണര്‍വ്വ് ഉണ്ടാകും. മുന്‍പ് കേരളത്തിലെ സിവില്‍ സര്‍വ്വീസില്‍ ഒട്ടേറെ പേര്‍ സാഹിത്യ രംഗത്ത് വിരഹിച്ചവരാണ്. മലയാറ്റൂര്‍ രാമക്യഷ്ണനും, ആര്‍ രാമചന്ദ്രന്‍ നായര്‍, കെ. ജയകുമാറും, മുന്‍പേ സാഹിത്യവും ഭരണവും കൊണ്ട് ശ്രദ്ധ നേടിയ ഉന്നത ഉദ്യോഗസ്ഥരാണ്. സി. വി ആനന്ദബോസും, യു.കെ.എസ് ചൗഹനും അടക്കം എത്രയോ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് മലയാള ഭാഷയ്ക്ക് സാഹിത്യത്തിലൂടെ സംഭാവനകള്‍ നല്‍കിയത്. കേരളത്തിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പ് യാത്ര ചോദിക്കാന്‍ ചെന്ന ഡോക്ടര്‍ വി. പി ജോയുമായി ഇരുപത് മിനിറ്റിലേറെ പ്രധാനമന്ത്രിയുമായി ചിലവിട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി പഠിച്ച് തയ്യാറാക്കിയ ഉപനിഷത്ത് കാവ്യ താരാവലി എന്ന തന്‍റെ പുസ്തകം പ്രധാനമന്ത്രിക്ക് വി. പി. ജോയി സമ്മാനിച്ചു. പ്രധാനമന്ത്രി കൗതുകത്തോടെ മലയാള പുസ്തകത്തിന്‍റെ ഉള്ളടക്കം ചോദിച്ചറിഞ്ഞു. ഉപനിഷത്ത് മലയാളത്തിലാക്കിയതിന്‍റെ പ്രചോദനം ചോദിച്ചറിഞ്ഞ അദ്ദേഹം വി. പി. ജോയിയെ അഭിനന്ദിക്കുകയും, ചീഫ് സെക്രട്ടറിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളും നേരുകയും ചെയ്തു. പ്രധാനമന്ത്രിയുടെ കാബിനെറ്റ് സെക്രട്ടേറിയറ്റില്‍ കോ ഓഡിനേഷന്‍റേയും, സുരക്ഷയുടേയും ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രധാനമന്ത്രി ഓഫീസുമായി ഉള്ള ബന്ധം തീര്‍ച്ചയായും കേരളത്തിന്‍റെ വികസനത്തില്‍ വലിയ സഹായകമാകും. കേന്ദ്ര സര്‍ക്കാരിന്‍റെ നൂറ്റി രണ്ട് പദ്ധതികള്‍ ഉമാഗ് എന്ന ആപ്പ് വഴി ഓണ്‍ ലൈനിലൂടെ നടപ്പിലാക്കി കഴിഞ്ഞതാണ് വലിയ നേട്ടമായി കാണാവുന്നത് എന്ന് വി. പി ജോയ് പറയുന്നു. ഡയറക്റ്റ് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി നടപ്പാക്കുന്ന പദ്ധതികളാണ് ഉമാഗിന് കീഴില്‍ വരുന്നത്. മുപ്പത് പദ്ധതികള്‍ കൂടെ അതിനോട് ചേര്‍ത്ത് വെയ്ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. അത് ജനുവരിയില്‍ തന്നെ നടപ്പിലാക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചാണ് പുതിയ ദൗത്ത്യവുമായി കേരളത്തിലേയ്ക്ക് പോകുന്നത്. കൊറോണയ്ക്ക് മുന്‍പേ തന്നെ പ്രൊവിഡന്‍റ് ഫണ്ട് കമ്മിഷ്ണറും സെക്രട്ടറിയുമായിരുന്നപ്പോള്‍ അവിടുത്തെ സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനമാക്കി മാറ്റികൊണ്ട് നടപ്പിലാക്കി. കോവിഡ് കാലത്ത് ലക്ഷകണക്കിന് ജനങ്ങളാണ് ഈ സേവനം പ്രയോജനപ്പെടുത്തി 35,000 കോടി രൂപ പ്രെവിഡന്‍റ് ഫണ്ടില്‍ നിന്ന് പിന്‍വലിച്ചത്. ഇത് കോവിഡ് കാലത്ത് തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്തു. കേരളത്തില്‍ ആധുനിക കാലഘട്ടത്തോട് ജനങ്ങള്‍ രമ്യതപ്പെട്ടിരിക്കുകയാണ്. സാങ്കേതിക വിദ്യകളുമായി കേരളത്തിലെ ജനങ്ങള്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കുറേകൂടി ഇഴകി ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ജനങ്ങളിലേയ്ക്ക് നേരിട്ട് എത്തുന്നുണ്ട്. അത് കുറച്ചു കൂടി മികച്ച നിലവാരത്തിലെത്തിക്കാന്‍ ശ്രമിക്കുമെന്ന കാര്യം ഉറപ്പ് നല്‍കുക മാത്രമാണ് നിയുക്ത കേരള ചീഫ് സെക്രട്ടറി ചെയ്തിരിക്കുന്നത്.
ഡല്‍ഹിയിലെ സാഹിത്യ സാംസ്കാരിക സദസുകളിലെ നിറ സാനിധ്യമായിരുന്ന വി. പി. ജോയ് ഡല്‍ഹിയിലെ താമസകാലത്ത് ഔദ്യോഗിക ജോലിക്കിടയിലും സാഹിത്യ മേഖലയിലും വിജയകരമായ ഇടപെടലുകള്‍ നടത്തി. കേരള ക്ലബിലെ വൈസ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം സാഹിതീസഖ്യം യോഗങ്ങളില്‍ കഴിവതും ഒരു കേഴ്വിക്കാരനായി എത്രാ തവണ വന്നിരിക്കുന്നു. കവിതകളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ തന്നെ ഡല്‍ഹിയില്‍ രൂപം കൊണ്ടത് വി. പി. ജോയുടെ നേത്യത്ത്വത്തില്‍ തന്നെയായിരുന്നു. അക്ഷരശ്ലോക സദസുകള്‍ പലതും ഇവരുടെ നേത്യത്ത്വത്തില്‍ ഡല്‍ഹിയില്‍ പതിവായി നടന്നിരുന്നു. കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നതിന് അക്ഷരശ്ലോക സദസുകളില്‍ പങ്കാളിയാകുന്നത് വളരെ ഉപകരിക്കുമെന്ന പക്ഷക്കാരനാണ് അദ്ദേഹം.
പതിനൊന്ന് കവിതാ സമാഹാരങ്ങളും, രണ്ട് നോവലും, നാല് വിവര്‍ത്തനങ്ങളുമടയ്ക്കം മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളും അദ്ദേഹത്തിന്‍റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 3000 കൊല്ലങ്ങള്‍ക്ക് മുന്‍പ് യുദ്ധമില്ലാത്ത സമാധാന പ്രിയനായ സോളമനെ കുറിച്ച് പഠിച്ച ശേഷം വി. പി. ജോയ് എഴുതിയ നോവലാണ് അറിവാഴം. സോളമന്‍റെ ജീവിതം പശ്ചാത്തലമാക്കി എഴുതിയ ഈ നോവല്‍, അദ്ദേഹത്തിന്‍റെ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും, ചര്‍ച്ചയാകുകയും ചെയ്ത നോവലാണ്.
ഓംചേരി എന്‍ എന്‍ പിള്ളയുടെ ജീവിത കഥ ആകസ്മികം തയ്യാറാക്കിയത് വി. പി. ജോയ് താത്പര്യമെടുത്താണ്. എല്ലാ ദിവസവും ഓംചേരിയോടൊപ്പം ഒരു മണിക്കൂര്‍ ചിലവിട്ട് ഓര്‍മ്മകള്‍ വായ്മൊഴിയായി പറയുന്നത് റിക്കോഡ് ചെയ്തിരുന്നു. ഇപ്രകാരം റിക്കോഡ് ചെയ്യുന്നത് അതാത് ദിവസം കംമ്പ്യൂട്ടറില്‍ അക്ഷരമാക്കി മാറ്റി എഡിറ്റ് ചെയ്തു. അങ്ങിനെ ആഴ്ച്ചകള്‍ നീണ്ട പ്രയത്നത്തിന് ഒടുവില്‍ ഓംചേരിയുടെ ആത്മകഥ ആകസ്മികം പുറത്തിറങ്ങി. ആകസ്മികം കേവലം ഓംച്ചേരിയുടെ ആത്മകഥ മാത്രമല്ല. ഒരു കാലഘട്ടത്തിന്‍റെ ചരിത്രം കൂടിയാണ്.
ഉപനിഷത്തുക്കള്‍ മലയാളത്തിലേയ്ത്ത് തര്‍ജിമ ചെയ്തത് ഡല്‍ഹിയിലിരുന്നാണ്. രണ്ട് വര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തീകരിച്ചത്. സംസ്ക്യതം പഠിക്കാത്ത, തത്ത്വശാസ്ത്രം പഠിക്കാത്ത വി. പി. ജോയുടെ സാഹിത്യ രചനകളിലെ ഈ രണ്ട് രംഗത്തെ സ്വാധീനം ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ്. ഈ രണ്ട് രംഗത്ത് പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്ത പലര്‍ക്കും വി. പി. ജോയ് എന്ന ജോയ് വാഴയിലിന്‍റെ രചനകള്‍ അത്ഭുതമാണ്.
എറണാകുളം ജില്ലയിലെ കോലഞ്ചേരി, കിങ്ങിണിമറ്റത്ത് വാഴയില്‍ വീട്ടിലെ ജോയ്, ഇടത്തരം കുടുംബാഗമാണ്. പഠനത്തിലും, കലാ, സാഹിത്യ സാംസ്കാരിക രംഗത്തും തത്പരനായിരുന്നു ജോയ്. അപ്പര്‍ പ്രൈമറി വരെ കിങ്ങിണിമറ്റം സ്ക്കൂളിലും, ഹൈസ്ക്കൂള്‍ പൂതൃക്കയിലെ മലയാളം മീഡിയം സര്‍ക്കാര്‍ സ്ക്കൂളിലുമാണ് പഠിച്ചത്. പ്രീഡിഗ്രി കോലഞ്ചേരി സെന്‍റ് പീറ്റേഴ്സില്‍ പൂര്‍ത്തിയാക്കിയാണ് കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം എന്‍ജിനിയറിങ്ങ് കോളേജില്‍ ബിടെക്കിന് ചേര്‍ന്നത്. ബിടെക്ക് എന്‍ജിനിയറിങ്ങില്‍ ഒന്നാംസ്ഥാനം നേടി വിജയിച്ച വി. പി. ജോയ് 1985ല്‍ വിക്രം സാരാഭായ് സ്പൈസ് സെന്‍ററില്‍ എന്‍ജിനിയറായാണ് ഔദ്യോഗികമായി ജോലിയില്‍ പ്രവേശിച്ചത്. വിക്രം സാരാബായ് സ്പെയ്സ് സെന്‍ററില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന സമയത്താണ് സുഹ്യത്തായ സുകുമാരന്‍ സിവില്‍ സര്‍വ്വീസിന് ശ്രമിക്കുന്ന കാര്യം പറഞ്ഞത്. വി. പി. ജോയും ഫിസിക്സും, ഇല്ട്രിക്കല്‍ എന്‍ജിനിയറിങ്ങും മുഖ്യ വിഷയമായി എടുത്ത് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി ജയിച്ചു. ഡറാഡൂണില്‍ പരിശീലനം പൂര്‍ത്തീകരിച്ചു. 1987ല്‍ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായി പാലക്കാട് സബ് കളക്ടറായി ഔദ്യോഗിക ജീവിതത്തിന്‍റെ രണ്ടാം ഭാഗത്തിന് തുടക്കം കുറിച്ചു.
ഇടത്തരം സാമ്പത്തിക ചുറ്റുപാടില്‍ മലയാളം മീഡിയം സ്ക്കൂളില്‍ പഠിച്ച് ബിടെക്ക് ഒന്നാം റാങ്ക് നേടിയശേഷം ഐ.എ.എസ് എടുത്ത വി. പി. ജോയ് പലര്‍ക്കും മാത്യകയായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്‍റെ ജീവിതം മാത്യകയാക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഫിസിക്സിലും, കണക്കിലും താത്പര്യമുണ്ടായിരുന്ന കേരള പോലീസിലെ ഐ.ജിയായ പി. വിജയന്‍ ഐ.പി.എസ് വിവരിക്കുന്ന സ്വന്തം കഥ തന്നെ പലര്‍ക്കും ഊര്‍ജം നല്‍കുന്ന ഒന്നാണ്. പല കാരണങ്ങളാല്‍ പഠനം മുടങ്ങുകയും, കൂടെ പഠിച്ചവര്‍ പലവഴിക്ക് പോകുകയും ചെയ്ത് കണ്ട് നിരാശയില്‍ കഴിയുന്ന അവസരത്തിലാണ് വി. പി. ജോയിക്ക് ഐ.എ.എസ് ലഭിക്കുന്നത്. പത്രത്തില്‍ വി. പി. ജോയെ കുറിച്ചുള്ള വാര്‍ത്ത വന്നത് ശ്രദ്ധയില്‍പെട്ട പി. വിജയന്‍ പത്രം തന്നെ സൂക്ഷിച്ച് വെച്ചു. സ്വന്തം അദ്ധ്വാനം കൊണ്ട്, പഠനത്തിലുള്ള താത്പര്യം കൊണ്ട് വിജയം നേടിയ വി. പി. ജോയുടെ വിജയം ആത്മവിശ്വാസം നല്‍കി എന്ന് പി. വിജയന്‍ പറയുന്നു. ഭൗതീക സാഹചര്യങ്ങളില്ലാത്തത് ജീവിത വിജയത്തിന് തടസമല്ല എന്ന് വി. പി. ജോയുടെ കഥ വലിയ പാഠമാണെന്ന് പി. വിജയന്‍ ഐ.പി.എസ്. സാക്ഷ്യം പറയുന്നു. വി. പി. ജോയിയെ മാത്യകയാക്കി പഠനം പുനരാരംഭിച്ചിടത്തുനിന്നാണ് ഇന്ന് മലയാളികളുടെ അഭിമാനമായ പോലീസ് ഉദ്യോഗസ്ഥനായി പി. വിജയന്‍ ഐ.പി.എസ് മാറുന്നത്.
സ്വന്തം ജില്ലയായ എറണാകുളത്ത് 1996 ആഗസ്റ്റ് മാസം മുതല്‍ 1999 ഏപ്രില്‍ വരെ കളക്ടറായി എത്തിയത് ഏറെ സന്തോഷമുണ്ടാക്കിയതായി അദ്ദേഹം പറയുന്നു. എറണാകുളം ജില്ലയിലെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും ചുരുങ്ങിയ കാലയളവില്‍ നേത്യത്ത്വം നല്‍കുവാനും സാധിച്ചു. കൊച്ചി നെടുമ്പാശ്ശേരി വിമാനതാവളം, ഗോശ്രീ പാലം, വൈപ്പിന്‍ കുടിവെള്ള പദ്ധതി, തുങ്ങെി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ എന്ന നിലയില്‍ നേത്യത്ത്വം നല്‍കി.
ഐറ്റി അറ്റ് സ്ക്കൂള്‍ പദ്ധതി വി. പി ജോയ് കേരളത്തില്‍ അവതരിപ്പിച്ച് വിജയിപ്പിച്ചത് വലിയ നേട്ടമായിരുന്നു. ധനകാര്യ സെക്രട്ടറിയും മറ്റുമായി പ്രവര്‍ത്തിച്ച് ഡല്‍ഹിയില്‍ പ്രെവിഡന്‍റ് ഫണ്ടിന്‍റെ കമ്മിഷ്ണറും, സിഇഒയും, പെട്രോളിയം സെക്രട്ടറിയുമായ ശേഷമാണ് പ്രധാനമന്ത്രിയുടെ കാബിനെറ്റ് സെക്രട്ടറിയുടെ ഓഫീസിലെത്തുന്നത്.
വി. വി. പത്രോസിന്‍റേയും, ഏലിയാമയുടേയും അഞ്ച് മക്കളില്‍ മൂന്നാമനാണ് വി. പി. ജോയ്. ഇളയ സഹോദരന്‍ പീറ്റര്‍ എറണാകുളം സഹകരണ മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്. ഏറ്റവും മൂത്ത സഹോദരി വല്‍സമ്മ മഴുവന്നൂര്‍ സ്ക്കൂള്‍ പ്രധാന അധ്യാപകയായി റിട്ടയര്‍ ചെയ്തു. സഹോദരിമാരായ സെലിന്‍ കോഴിക്കോട് വിമാനതാവളത്തിലും, ഡെയ്സി പിറവം കോളേജിലും ജോലി ചെയ്യുന്നു.
അടൂര്‍ മണിമല പുത്തന്‍പുരയ്ക്കല്‍ മാത്യു പി. ഒയുടേയും മേരി മാത്യുവിന്‍റെയും മകള്‍ ഷീജയാണ് വി. പി. ജോയുടെ ഭാര്യ. കേരളത്തിന്‍റെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്‍റെ ഭാര്യ ഷീല ജിജിയും, നിയുക്ത കേരള ചീഫ് സെക്രട്ടറി വി. പി. ജോയിയുടെ ഭാര്യ ഷീജ ജോയിയും സഹോദരിമാരാണ്. വി. പി. ജോയ് ഷീജ ദമ്പതികള്‍ക്ക് രണ്ട് മക്കള്‍. സച്ചിന്‍ ജോയ്, ഷാരണ്‍ ജോയ്. കോലഞ്ചേരി പി. എം. പൈലിപിള്ളയുടെ മകന്‍ ബാബു പോളിന്‍റെ ഭാര്യ ഷേര്‍ളിയും, കോട്ടയത്തെ പ്രമുഖ ഡോക്ടര്‍ ഐക്ക് സക്കറിയയുടെ ഭാര്യ ഷീബയുമാണ് മറ്റ് സഹോദരിമാര്‍. നാല് പെണ്‍മക്കളും വീട്ടമ്മമാരാണെങ്കിലും അവരുടെ ഭര്‍ത്താക്കന്‍മാരെല്ലാം അവരവരുടെ മേഖലയില്‍ തലപ്പൊക്കത്ത് തന്നെ.






