ഡൽഹി ഉഴുത് മറിച്ച കർഷകരുടെ ട്രാക്റ്റർ റാലി.
സുധീർ നാഥ്
സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക്ക് ദിനം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് ട്രാക്റ്ററുകളിൽ കർഷകർ ഡൽഹി കേന്ദ്രമാക്കി എല്ലാ അതിർത്തികളിലൂടെയും ട്രാക്റ്റർ പ്രകടനം നടത്തിയത് ഇരുപത്തഞ്ച് ലക്ഷത്തിലേറെ ജനങ്ങൾ നേരിൽ കണ്ടു. ഡൽഹി അതിർത്തികളിൽ നിന്ന് തുടങ്ങിയ ട്രാക്റ്റർ റാലിയെ റോഡിന്റെ ഇരുവശത്തു നിന്നും ജനങ്ങൾ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. സ്ത്രീക്കും കുട്ടികളും ട്രിക്റ്റർ റാലിക്ക് പുഷ്പവൃഷ്ടി നടത്തി. വഴി നീള ജനങ്ങൾ റാലിയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷനവും വെള്ളവും നൽകുന്ന കാഴ്ച്ച ആവേശം പകരുന്നതാണ്.
ഡൽഹിയിലേക്ക് ട്രാക്റ്റർ റാലി കടന്നുവരാതിരിക്കാൻ പോലീസ് വച്ചിരിക്കുന്ന തടസ്സങ്ങളെല്ലാം നീങ്ങി കൊണ്ടാണ് കർഷകർ മുന്നോട്ടു പോയത്. വലിയ ട്രക്കുകയും, ബസുകളും, കണ്ടെയ്നറുകളും, സിമന്റ് ബ്ളോക്കുകളും കർഷകർ ട്രാക്റ്ററുകൾ ഉപയോഗിച്ച് നീക്കം ചെയ്ത് വഴി ഒരുക്കിയാണ് ഡൽഹിയിലേയ്ക്ക് കടന്നത്. പോലീസ് നിഷ്ക്രീയമായി നോക്കി നിൽക്കുകയായിരുന്നു.
പോലീസ് നിശ്ചയിച്ച സമയവും, വഴിയും സമര രംഗത്തുള്ള കർഷകർ രാവിലെ തന്നെ ലംഘിച്ചു. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 5 വരെ മൂന്ന് ഡൽഹി അതിർത്തികളിൽ നിന്ന് നിശ്ചിത വഴിയിലൂടെ പോകാനാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി പോലീസ് അനുമതി നൽകിയത്.
തങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കില്ലെന്നും, സർക്കാർ കൊണ്ടു വന്ന മൂന്ന് കർഷക ബില്ലുകൾ പിൻവലിക്കുന്നതിന് വേണ്ടിയാണ് സമരം എന്നും കർഷകർ പറഞ്ഞു. കർഷകർ മുൻകൂട്ടി തീരുമാനിച്ച വഴികളിലൂടെ തന്നെയാണ് ട്രാക്റ്റർ റാലി നടന്നത്.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത്തിരണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി രാജ്പഥിൽ റിപ്പബ്ലിക്ക് പരേഡ് നടക്കുന്ന അവസരത്തിൽ തന്നെയായിരുന്നു ഡൽഹിയുടെ എല്ലാ അതിർത്തിയിൽ നിന്നും ട്രാക്റ്ററുകളിൽ ഡൽഹിയിലേയ്ക്ക് പ്രവേശിച്ചത്. എല്ലാ ടെലിവിഷൻ ചാനലുകളിലും റിപ്പബ്ലിക്ക് പരേഡും , ട്രാക്റ്റർ റാലിയും ഒരേ സമയം കാണിക്കേണ്ടി വന്നു.
കർഷകർ ട്രാക്റ്ററുകളുമായി ചെങ്കോട്ടയിലും, നഗര സിരാ കേന്ദ്രമായ ഐ.ടി.ഒ. യിലും എത്തി എന്നത് സമരത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. ട്രാക്റ്റർ റാലിയും, കർഷകരുടേയും, അവരെ പിന്തുണയ്ക്കുന്നവരുടേയും പങ്കാളിത്തം കൊണ്ട് സമരം ലോക ശ്രദ്ധ പിടിച്ചു പറ്റി എന്നത് അന്തർ ദേശീയ മാധ്യമങ്ങൾ നോക്കിയാൽ മനസിലാക്കും.
കർഷകർ വേണ്ട എന്ന് പറയുന്ന ബില്ല് അവരെ അടിച്ചേൽപ്പിക്കുന്ന ഏകാധിപത്യ നടപടി വ്യാപകമായി സംസാര വിഷയമാണ്. ബി.ജെ.പി നേതൃത്ത്വത്തിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയർന്ന് തുടങ്ങി. ബില്ലുകൾ പിൻവലിച്ച് സർക്കാരിന്റെയും, പാർട്ടിയുടേയും മുഖം രക്ഷിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി കടും പിടുത്തം നടത്തുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് ബി.ജെ.പി നേതാക്കൾ തന്നെ പറയുന്നു. കർഷകർക്കൊപ്പമാണ് പല ബി. ജെ. പി നേതാക്കളും.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ബി.ജെ.പിക്ക് അനുകൂലമല്ല എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർക്കുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
