കോവിഡ് കാലത്തെ റിപ്പബ്ലിക്ക് ദിനം
വിജയ് ചൗക്ക് @ 78 @ മെട്രോ വാര്‍ത്ത ജനുവരി 23
സുധീര്‍നാഥ്
1950ല്‍ ഇന്ത്യ റിപ്പബ്ലിക്കായി. ഭരണഘടന നിലവില്‍ വന്നതിനെയാണ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നത്. 1950 ജനുവരി 26നാണ് ഭരണഘടന നിലവില്‍ വന്നത്. 1951ല്‍ ആദ്യ റിപ്പബ്ലിക്ക് ദിനാഘോഷം വളരെ ലളിതമായാണ് നടത്തിയത്. എട്ടു കുതിരകളെ കെട്ടിയ വണ്ടിയില്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് പട്ടാള അകമ്പടിയോടെ കൊണാട്ട് സര്‍ക്കിള്‍ വഴി ഇര്വിന് സ്റ്റേഡിയത്തില്‍ (ഇന്നത്തെ നാഷണല്‍ സ്റ്റേഡിയം) ഘോഷയാത്രയായി എത്തി. ഒന്നാം റിപ്പബ്ലിക് ആഘോഷം കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു.
ജനങ്ങളുടെ ആവേശം കണ്ടതുകൊണ്ടാകണം1952ലെ രണ്ടാമത്തെ റിപ്പബ്ലിക് പരേഡ് വിപുലമായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനമായി. പ്രതിരോധ മന്ത്രാലയത്തെയാണ് പരേഡിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകണമെന്ന് സര്‍ക്കാര്‍ നിർദേശവും വന്നു. പല സംസ്ഥാനങ്ങളും സ്വയം മുന്നോട്ടുവന്നു. കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയാണ് സമീപിച്ചത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും തമ്മിലുള്ള സുഹൃദ് ബന്ധമാണ് ഇതിനു പിന്നിലെന്നത് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.
ശങ്കര്‍ അവസരം പാഴാക്കിയില്ല. ഡൽഹിയില്‍ കഴിയുന്ന അവസരത്തില്‍ തികച്ചും ഒരു കേരളീയനായി തന്നെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. കേരളത്തിലെ ഒരു തറവാട്ടില്‍ പോകുന്ന പ്രതീതിയാണ് ശങ്കറിന്റെ വീട്ടില്‍ പോയാലെന്ന് എത്രയോ പ്രശസ്തര്‍ പില്ക്കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. ശങ്കറിന്റെ പ്രിയ ശിഷ്യന് കാര്‍ട്ടൂണിസ്റ്റ് കുട്ടിയായിരുന്നു അന്ന് കേരള ക്ലബിന്റെ സെക്രട്ടറി. കേരള ക്ലബ്ബിലിരുന്ന് കുട്ടിയും മറ്റും ഒരു രൂപരേഖ ഉണ്ടാക്കി.
രണ്ട് ഫ്ലോട്ടുകളാണ് കേരളത്തിന് അനുവദിക്കപ്പെട്ടത്. കേരള മാതൃകയിലുള്ള ഒരു വീടായിരിക്കണം ഒന്നാം ഫ്ലോട്ട്. കഥകളിയായിരിക്കണം രണ്ടാമത്തെ ഫ്ലോട്ട്. കുട്ടിയുടെയും സംഘത്തിന്റെയും ആശയത്തിന് ശങ്കറിന്റെ പച്ചക്കൊടിയും ലഭിച്ചു. ശങ്കര്‍ നേരിട്ടു നേതൃത്വം നല്കി പ്ലൈവുഡില്‍ കേരള മാതൃകയിലുള്ള ഒരുഗ്രന്‍ വീട് തയാറാക്കി. തെങ്ങിന്റെയും മറ്റും കട്ടൗട്ടുകള്‍ ശങ്കര്‍ തന്നെയാണ് തയാറാക്കിയത്. പെയ്ന്റിങ്ങിന്റെ കാര്യത്തില്‍ ശങ്കറിനെ സഹായിക്കുക എന്നതായിരുന്നു മറ്റുള്ളവരുടെ പണി. മണിക്കൂറുകളോളം ശങ്കര്‍ പെയിന്റിങ്ങിനായി ചെലവഴിച്ചു. തികച്ചും ഒറിജിനലിനോട് കിടപിടിക്കുന്ന പെയ്ന്റിങ് എല്ലാവരുടെയും പ്രശംസയ്ക്കു പാത്രമായി.
ഡൽഹിയിലെ മലയാളി പെണ്‍കുട്ടികളെ സംഘടിപ്പിച്ച് കൈകൊട്ടിക്കളിയും ഇതിനിടയില്‍ ഒരുക്കി. ഓണാഘോഷം ചിത്രീകരിക്കുക എന്നതാണ് കുട്ടിയും കൂട്ടരും ലക്ഷ്യമിട്ടത്. നിലവിളക്കും നിറപറയും എല്ലാം ഒരുക്കി. കാരണവരുടെ വേഷം ചെയ്യാന്‍ ശങ്കറിനെ എല്ലാവരും നിർദേശിച്ചു. പക്ഷെ കാരണവത്തിയായി ഒരാളെ കിട്ടിയില്ല. കാരണവത്തിയാവാന് പ്രായമായവര്‍ തയാറായില്ല. ചെറുപ്പക്കാരികളാരെങ്കിലും കാരണവത്തിയാകാന്‍ തയാറാകും എന്ന പ്രതീക്ഷയും അസ്ഥാനത്തായി. കുട്ടി തന്നെ ഒടുവില്‍ തന്റെ ഗുരു കൂടിയായ ശങ്കറിന്റെ നിർദേശപ്രകാരം കാരണവത്തിയാകാന്‍ തയാറായി. കുട്ടി മീശ വടിച്ച് മേയ്ക്കപ്പിട്ട് കാരണവത്തിയായപ്പോള്‍ അന്തം വിട്ടത് ഡൽഹി മലയാളികളാണ്. കാരണവത്തികള്‍ അയ്യടാ എന്നായി. കുട്ടിയുടെ മേക്കപ്പ്മാന് മറ്റാരുമായിരുന്നില്ല, ശങ്കര്‍ തന്നെ..! ഫ്ലോട്ടിലെ കുട്ടികളുടെ കൂട്ടത്തില്‍ ഞങ്ങളും ഉണ്ടായിരുന്നു എന്ന് ശങ്കറിന്റെ മകള്‍ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.
അങ്ങനെ റിപ്പബ്ലിക് ദിനത്തില്‍ കേരള വീടും കഥകളിയും നീങ്ങി. പെണ്‍കുട്ടികള്‍ കൈകൊട്ടിക്കളിയും ആണ്‍കുട്ടികള്‍ കോല്‍ക്കളിയുമായി കേരളത്തിന്റെ ഫ്ലോട്ടിന് മിഴിവേകി. കാരണവരായി ശങ്കര്‍ ഒരു വാക്കിങ് സ്റ്റിക്കുമായി എല്ലാം നോക്കി നിന്നു. കാരണവത്തിയായി കാര്‍ട്ടൂണിസ്റ്റ് കുട്ടി പെണ്‍കുട്ടികള്‍ക്ക് താളം പിടിച്ചു കൊടുത്തു. കഥകളി വേഷവും ഫ്ലോട്ടിന്റെ ഭാഗമായി. മാങ്കുളം വിഷ്ണു നമ്പൂരിയായിരുന്നു അന്ന് കഥകളി വേഷം കെട്ടിയത്. അദ്ദേഹം യഥാർഥ കഥകളി കലാകാരനായിരുന്നു. രാത്രി എണ്ണത്തിരി വെളിച്ചത്തില്‍ നിന്നും കഥകളി പകല്‍വെട്ടത്ത് ആദ്യമായി അവതരിക്കപ്പെട്ടു.
പരേഡ് രാഷ്ട്രപതി ഭവനില്‍ നിന്ന് റെഡ്ഫോര്‍ട്ട് വരെയാണ് പോകേണ്ടിയിരുന്നത്. കാരണവരായി വേഷമിട്ട ശങ്കറിന് നില്ക്കാന് ബുദ്ധിമുട്ടാണ്. സല്യൂട്ട് സ്റ്റാൻഡിന് ശേഷം ശങ്കര്‍ജിയോട് ഫ്ലോട്ടില്‍ നിന്ന് ഇറങ്ങുവാന്‍ മറ്റുള്ളവര്‍ നിര്‍ബന്ധിച്ചു. അദ്ദേഹം ജന്‍പഥ് ക്രോസിങ്ങില്‍ വച്ച് ഫ്ലോട്ടില്‍ നിന്നിറങ്ങി. മറ്റുള്ളവര്‍ കാരണവരില്ലാതെ റെഡ് ഫോര്‍ട്ടിലേക്ക് നീങ്ങി. കൊണാട്ട് പ്ലേസ് ചുറ്റിയായിരുന്നു പരേഡിന്റെ റൂട്ട്.
ഫ്ലോട്ടിനായി തയാറാക്കിയ വീട് ഒരർഥത്തില്‍ ശരിയായ വീടു തന്നെയായിരുന്നു. ചായയും മറ്റും വീടിനകത്ത് ഒരുക്കിയിരുന്നു. ഘോഷയാത്രയില്‍ പങ്കെടുത്ത എല്ലാവര്ക്കും ഭക്ഷണം ആ വീട്ടില്‍ നിന്നാണന്ന് കൊടുത്തത്. റെഡ് ഫോര്‍ട്ട് എത്തുന്നതിനു മുന്‍പു കുട്ടിയും സംഘവും മേയ്ക്കപ്പ് പകുതിയും ഉപേക്ഷിച്ചിരുന്നു. യാത്രയ്ക്കിടെ പരേഡ് കാണാന്‍ കൂടിയ ജനക്കൂട്ടത്തിനിടയില്‍ നിന്ന് കാരണവത്തിയായി വേഷമിട്ട കുട്ടിക്ക് പലരും ബീഡി വാഗ്ദാനം ചെയ്തത് ചിരിക്ക് വക നല്കിയത്രെ!!
കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടു. വന്‍ ഹിറ്റായി... മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ഫ്ലോട്ടിനെക്കുറിച്ച് മാത്രമായിരുന്നില്ല വാര്‍ത്ത. കഥകളി അപമാനിക്കപ്പെട്ടു എന്ന മഹാകവി വള്ളത്തോളിന്റെ പ്രസ്താവനയും പിന്നീട് പത്രങ്ങളില്‍ വന്നു. ശങ്കറിനെയും കൂട്ടരേയും നഖശിഖാന്തം എതിര്‍ത്തുകൊണ്ട് വള്ളത്തോള്‍ പ്രസ്താവന ഇറക്കിയത് പകല്‍ വെട്ടത്തില്‍ കഥകളി അവതരിപ്പിച്ചതുകൊണ്ടാണ്. വള്ളത്തോളിന്റെ പ്രസ്താവന മലയാള പത്രങ്ങളില്‍ മാത്രമല്ല ദേശീയ പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. എന്തായാലും കേരളത്തിന്റെ ഫ്ലോട്ട് ഏറെ സംസാരവിഷയമായി.
എല്ലാ വര്‍ഷവും ചടങ്ങില്‍ പങ്കെടുക്കാന്‍ ഏതെങ്കിലും വിദേശ രാജ്യത്തിന്റെ തലവന്‍ മുഖ്യാതിഥിയായി എത്തും. കൊവിഡ് മഹാമാരിയുടെ നിഴലുണ്ടെങ്കിലും 72 ാം റിപ്പബ്ലിക്ക് പരേഡ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു നടക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണായിരുന്നു ഈ വര്‍ഷത്തെ മുഖ്യാതിഥി. പക്ഷെ, ബ്രിട്ടനിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തയതിനെ തുടർന്ന് അദ്ദേഹം യാത്ര റദ്ദാക്കി. വിദേശ പ്രതിനിധി മുഖ്യാതിഥിയായി ഇല്ലാതെ 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കുറി പരേഡ് നടക്കുന്നത്.
എന്നാൽ വിദേശത്തെ മാധ്യമപ്പട തന്നെ പതിവിലും വിപരീതമായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികളിൽ നടക്കുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്റ്റര്‍ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശത്തേയും സ്വദേശത്തേയും മാധ്യമങ്ങളുടെ വന്‍ പട തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിട്ടുണ്ട്. ട്രാക്റ്റര്‍ റാലി നടന്നാല്‍ അത് ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ മുന്നില്‍ വലിയ നാണക്കേടാകും.
ഒന്നര ലക്ഷം ജനങ്ങളാണ് സാധാരണ റിപ്പബ്ലിക്ക് പരേഡ് വീക്ഷിക്കാന്‍ രാജ്പഥില്‍ എത്താറ്. പക്ഷെ ഇത്തവണ 25,000 പേര്‍ക്ക് മാത്രമാണ് അനുമതി. മുന്‍ വര്‍ഷങ്ങളില്‍ 8.2 കിലോമീറ്റര്‍ ദൂരം പരേഡ് ഉണ്ടാകും. ഇത്തവണ വിജയ് ചൗക്കില്‍ നിന്ന് ആരംഭിച്ച് രാജ്പഥിലൂടെ സഞ്ചരിച്ച് 3.3 കിലോമീറ്റര്‍ ദൂരത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും.
സർവീസിൽ നിന്നു വിരമിച്ച വയോധികരായ യോദ്ധാക്കളെ ഇക്കുറി പരേഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 15 വയസിന് താഴെയുള്ള കുട്ടികൾക്കു പരേഡ് വീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. 321 സ്ക്കൂള് വിദ്യാർഥികളും, 80 നര്‍ത്തകരുമായി രാജ്പഥിലെ കലാപ്രകടനം ചുരുങ്ങും. പക്ഷെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 32 നിശ്ചലദ്യശ്യങ്ങള് ഉണ്ടാകും. മുന്‍പ് 22 മുതല്‍ 25 നിശ്ചലദ്യശ്യങ്ങള് മാത്രമേ പരേഡിന്റെ ഭാഗമായി ഉണ്ടാകാറുള്ളൂ. ഉത്തര്‍ പ്രദേശ് അവതരിപ്പിക്കുന്ന ഫ്ലോട്ട് അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രത്തിന്റെ മാതൃകയാണ്.
ഇത്തവണ ബംഗ്ലാദേശ് ആര്‍മിയിലെ 122 അംഗങ്ങള്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് പരേഡിന്റെ ഭാഗമായി മാര്‍ച്ചില്‍ പങ്കാളിയാകും. ഇതിന് മുന്‍പ് ഫ്രാന്‍സും (2016), യുഎഇയും (2017) മാത്രമാണ് ഇന്ത്യന്‍ റിപ്പബ്ലിക്ക് പരേഡിന്റെ ഭാഗമായി പങ്കെടുത്തിട്ടുള്ള വിദേശ രാജ്യങ്ങൾ. അടുത്തിന്റെ ഇന്ത്യ സ്വന്തമാക്കിയ റഫാല്‍ വിമാനങ്ങളും ഇക്കുറി പരേഡിന്റെ ഭാഗമാകുന്നുണ്ട്.
രണ്ടു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം കേരളത്തിന്റെ ഫ്ലോട്ടും പരേഡില്‍ അണിനിരക്കുന്നുണ്ട്. കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിനാണ് ചുമതല. ഡല്‍ഹി കേരള ഹൗസിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിനി തോമസാണ് കേരള ടാബ്ലോയുടെ നോഡല്‍ ഓഫിസര്‍. കൊയര്‍ ഓഫ് കേരള എന്ന വിഷയമാണ് കേരളം ഇത്തവണ ടാബ്ലോയില്‍ ദ്യശ്യവത്കരിച്ചിരിക്കുന്നത്. തെങ്ങും കരിക്കും തേങ്ങയും മടലും ചകിരിയും, ചകിരി പിരിക്കലും കയര്‍ ഉത്പന്നങ്ങളും തെങ്ങില്‍ നിന്നുള്ള കുരുത്തോല കൊണ്ടുള്ള മനോഹരമായ അലങ്കാരമായ തെയ്യവും മറ്റും ഫ്ലോട്ടിന്റെ ഭാഗമാണ്. പ്രശസ്ത സംഗീതജ്ഞന് ശ്രീവത്സന്‍ ജെ. മേനോനാണ് സംഗീതം നല്‍കിയത്.
പ്രശസ്ത ടാബ്ലോ ശില്‍പ്പി ബപ്പാദിത്യ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ ഫ്ലോട്ട് രൂപകല്‍പ്പന ചെയ്യുന്നത്. രാജ്പഥില്‍ ഒരു ടാബ്ലോ ഒരു മിനിറ്റ് മാത്രമാണ് കാണികള്‍ക്ക് മുന്നില്‍ ഉണ്ടാകുക. രാജ്പഥിന്റെ ഇരുവശങ്ങളിലുള്ളവര്ക്കും ഒരേ പോലെ കാണുവാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം നിര്‍മാണം. വിദഗ്ദ ജൂറി അംഗങ്ങള്‍ നിർദേശിക്കുന്ന മാറ്റങ്ങള്‍ പല കുറി നടക്കുന്ന മീറ്റിങ്ങില്‍ വരുത്തി ഘട്ടം ഘട്ടമായാണ് ഒരു ഫ്ലോട്ടിന് അംഗീകാരം ലഭിക്കുക. ഇക്കുറി ബപ്പാ ചക്രവര്‍ത്തി ഏഴ് ഫ്ലോട്ടുകള്‍ നിര്‍മിക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിന്റെ ഫ്ലോട്ട് രൂപകല്‍പ്പന ചെയ്യുന്നത് ബപ്പാ ചക്രവര്‍ത്തിയുടെ നേതൃത്ത്വത്തില്‍ തന്നെയാണ്.
മറ്റൊരു പ്രത്യേകത കൂടി ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ ഉണ്ടാകും. കേരളത്തിന്റെ തനത് വഞ്ചിപ്പാട്ടായ ""തിത്തിത്താരാ തിത്തിത്തെ, തിത്തെയ് തക തെയ്തെയ് തോം... കുട്ടനാടന്‍ പുഞ്ചയിലെ...'' എന്നത് പരേഡില്‍ ഉയര്‍ന്നുകേള്‍ക്കും. കേരളത്തിന്റെ എന്‍സിസി കേഡറ്റുകളുടെ മാര്‍ച്ചിന്റെ താളം വഞ്ചിപ്പാട്ടാണ്. കേരള- ലക്ഷദ്വീപ് ഡയറക്റ്ററേറ്റിലെ 82,000ത്തോളം കേഡറ്റുകളെ പ്രതിനിധീകരിച്ച് 26 പേരാണ് ഡല്‍ഹിയില്‍ പരിശീലനം നടത്തുന്നത്. പരേഡ് ഗാനമായി വഞ്ചിപ്പാട്ട് കൂടി ഉള്‍പ്പടുത്തിയത് കേഡറ്റുകളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
