ഇനി മുഴങ്ങും യുവാക്കളുടെ ശബ്ദം

ഇനി മുഴങ്ങും യുവാക്കളുടെ ശബ്ദം
വിജയ് ചൗക്ക് @ 77 @ മെട്രോ വാര്‍ത്ത ജനുവരി 19
സുധീര്‍നാഥ് 

കോവിഡാനന്തരം ലോകം യുവാക്കളുടെ ക്കൈകളിലേയ്ക്ക് മാറുകയാണ്. കോവിഡ് അതിനൊരു നിമിത്തമായി മാറി എന്നു മാത്രം പറയാം. യുവാക്കളിലേയ്ക്ക് അധികാരം നീങ്ങി തുടങ്ങിയിട്ട് ഏറെ നാളായിട്ടില്ല. ലോകം ഡിജിറ്റല്‍ കാലത്തേയ്ക്ക് മാറി തുടങ്ങിയിട്ടും ഏറെ കാലമായില്ല. പക്ഷെ വളരെ പതുക്കെ രണ്ട് മാറ്റങ്ങളും ലോകത്ത് സംഭവിച്ചിരുന്നു എന്നത് സത്യമാണ്. കോവിഡ് കാലത്ത് രണ്ടും അതിവേഗം മാറി തുടങ്ങി. ലോകം മുഴുവന്‍ ഡിജിറ്റലിലേയ്ക്ക് പോയതോടൊപ്പം രാഷ്ട്രത്തിന്‍റെ നേത്യത്ത്വം യുവ കരങ്ങളിലേയ്ക്ക് പോകുന്നതും നമ്മള്‍ കണ്ടതാണ്. ആൗുനിക സാങ്കേതിക വിദ്യയും, യുവനേത്യത്ത്വവും കാലത്തിന്‍റെ ആവശ്യമാണ്. അത് പരസ്പരം പൂരകങ്ങളുമാണ്.

2012ല്‍ നവംബര്‍ 26ല്‍ രൂപം കൊണ്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടി. രാജ്യത്ത് വ്യാപകമായി പടര്‍ന്നു പന്തലിച്ച അഴിമതിക്കെതിരെ യുവാക്കളുടെ ഉണര്‍വ്വായി വേണം പുതിയ പാര്‍ട്ടിയെ നിഷ്പക്ഷമായി വിലയിരുത്തേണ്ടത്. 2011 മുതല്‍ ഇന്ത്യ എഗേന്‍സ്റ്റ് കറപ്ഷന്‍ എന്ന മുദ്രാവാക്യവുമായി ജന്‍ ലോക്പാല്‍ ബില്ലിനായി ഡല്‍ഹിയില്‍ അണ്ണാ ഹസാരയും, യുവാവായ അരവിന്ദ് കേജരിവാളും നടത്തിയ ഐതിഹാസികമായ സമര പരമ്പരയ്ക്ക് പിന്തുണയുമായി എത്തിയതില്‍ ഭൂരിഭാഗവും യുവാക്കളായിരുന്നു. ഇതേ സമയമായിരുന്നു രാജ്യത്തെ പിടിച്ചു കുലുക്കിയ നിര്‍ഭയ സംഭവം ഡല്‍ഹിയില്‍ ഉണ്ടായത്. 2012 ഡിസംബര്‍ 16നാണ് ജ്യോതി സിംഗ് എന്ന നിര്‍ഭയ കൂട്ട ബലാത്സംഘത്തിന് ഇരയാകുന്നത്. ഡല്‍ഹിയിലെ യുവജനത സ്ത്രീസുരക്ഷയ്ക്കായി തെരുവിലിറങ്ങിയപ്പോള്‍, രാജ്യം ഒപ്പം നിന്നു. രാജ്യത്താകമാനം ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വലിയ പ്രക്ഷോഭമാണ് ഉണ്ടായത്.

ഡല്‍ഹിയിലെ രാജ്പഥിലും, വിജയ് ചൗക്കിലും ഒരു ആഹ്വാനവുമില്ലാതെ ഒത്തു കൂടിയ യുവജനത നടത്തിയ സമരം ചരിത്രമാവുകയായിരുന്നു. കേന്ദ്രം ഭരിച്ച ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്‍റെ നേത്യത്ത്വത്തിലെ യുപിഎ സര്‍ക്കാരിനെയും, ഷീലാ ദീക്ഷിദ് നയിച്ച ഡല്‍ഹി സര്‍ക്കാരിനെയും മുട്ടുകുത്തിച്ച സമരമായിരുന്നു ഡല്‍ഹിയില്‍ നടന്നത്. ആംആദ്മി പാര്‍ട്ടി രൂപം കൊണ്ട ഉടനെ നടന്ന ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരും, ഇന്ത്യ എഗേന്‍സ്റ്റ് കറപ്ഷന്‍ എന്ന മുദ്രാവാക്യം വിളിച്ചവരും ഒന്നായിരുന്നു. നിര്‍ഭയ സമരത്തില്‍ പങ്കാളിത്തം കൂടുതലായിരുന്നു എന്നത് മാത്രമായിരുന്നു ഒരു വ്യത്യാസം. 2013ല്‍ ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശക്തയായ ഷീലാ ദീക്ഷിദ് ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ച രാജ്യം കണ്ടു. 70 സീറ്റില്‍ 28 സീറ്റുകള്‍ നേടിയ ആംആദ്മി പാര്‍ട്ടയെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പിന്തുണച്ച് അധികാരത്തിലേറ്റി. 49 ദിവസം ഭരിച്ച അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ രാജിവെച്ചു.

2014ല്‍ അഴിമതി രഹിത ഭരണം എന്ന മുദ്രാവാക്യവുമായി ബിജെപി സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ നേത്യത്ത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. അഴിമതിക്ക് എതിരെ ശക്തമായ നിലപാടുകള്‍ അവതരിപ്പിച്ചതാണ് നരേന്ദ്ര മോദിയെ രാജ്യം വിജയിപ്പിക്കാന്‍ കാരണമായത്. കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു അത്. അഴിമതി ആരോപണങ്ങളും, വ്യദ്ധ നേത്യത്ത്വത്തിനെതിരെയും കോണ്‍ഗ്രസില്‍ തന്നെ പ്രക്ഷോഭം തുടങ്ങി. രാഹുല്‍ഗാന്ധി പാര്‍ട്ടിയുടെ നേത്യത്ത്വത്തില്‍ വന്നിട്ടും വലിയ മാറ്റങ്ങള്‍ സംഭവിച്ചില്ല. പല കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു 2015ല്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. മ്യഗീയ ഭൂരിപക്ഷം ലഭിച്ച് വലിയ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി ഡല്‍ഹി തിരഞ്ഞെടുപ്പിന് മത്സരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് പൊതുയോഗങ്ങളിലും, റാലിയിലും പങ്കാളിയായി. യുവാക്കളുടെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടി 70 സീറ്റില്‍ 67 സീറ്റും നേടി അത്ഭുതം സ്യഷ്ടിച്ചു. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളിലും പ്രധാന കവലകളിലും ഡല്‍ഹിയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു ബഹുഭൂരിപക്ഷം ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരകരായി എത്തിയത. അവര്‍ പൊതുഇടങ്ങളില്‍ തെരുവു നാടകങ്ങളും, സംഗീതശില്‍പ്പങ്ങളും അവതരിപ്പിച്ചു. അവര്‍ക്കിടയില്‍ നിന്നുള്ളവര്‍ ഡല്‍ഹി ഭരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മത്സരിച്ചവരെല്ലാം യുവാക്കളായിരുന്നു എന്ന വിശേഷണവും എടുത്ത് പറയേണ്ടതുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല. ആം ആദ്മി പാര്‍ട്ടി മൃഗീയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ എത്തിയപ്പോള്‍ അതിന് പിന്തുണച്ചത് യുവാക്കളായിരുന്നു. അത് 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു.

കേരളത്തില്‍ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കി മത്സര രംഗത്തിറക്കി. യുവതികള്‍ക്ക് കൂടുതല്‍ അവസരങ്ങളും നല്‍കി എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. വിജയിച്ച യുവനിരയിലെ പലരേയും ഇടതുപക്ഷം മേയറും, പഞ്ചായത്ത് പ്രസിഡന്‍റും, മറ്റ് പ്രധാന തസ്തികകളിലും നിയമിച്ച് അവസരം നല്‍കിയത് ദേശീയ തലത്തില്‍ മാത്രമല്ല അന്തര്‍ദേശീയതലത്തില്‍ വരെ വാര്‍ത്തയായിരുന്നു. നാളെയുടെ രാജ്യത്തിന്‍റെ സ്പന്ദനം തിരിച്ചറിഞ്ഞ് സിപിഎം കാണിച്ച തന്ത്രപരമായ രാഷ്ട്രീയ നീക്കമായിരുന്നു അത്. ഇടത് പക്ഷത്തിന്‍റെ തന്ത്രപരമായ നീക്കത്തിന് വലിയ സ്വീകാര്യത ലഭിച്ചു എന്നു തന്നെ കരുതണം.

2021ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷം യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കും എന്നതിന്‍റെ സൂചനകൂടിയായിരുന്നു അത്. ഇത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേയ്ക്കും ഒരു സന്ദേശമായി മാറിയിരിക്കുന്നു എന്നു വേണം കരുതാന്‍. യൂത്ത് കോണ്‍ഗ്രസ് അവരുടെ നയം വ്യക്തമാക്കി സടകുടഞ്ഞ് എഴുന്നേറ്റത് ഇതിന് ശേഷമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിനും, കെ.എസ്.യുവിനും വ്യക്തമായ പ്രാതിനിധ്യം വേണമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്ന അവകാശവാദവുമായി രാഷ്ട്രീയത്തില്‍ മിന്നികയറിയ പഴയ യുവ നേത്യത്ത്വം ഇപ്പോഴും അധികാര രാഷ്ട്രീയത്തിലുണ്ട് എന്നത് വിരോധാപാസം തന്നെയാണ്. പ്രായം ചെന്ന പല നേതാക്കളും മുണ്ട് മുറുക്കി അങ്കത്തിന് ഒരുങ്ങുന്നു എന്ന് വാര്‍ത്തകളുണ്ട്. യുവാക്കള്‍ക്ക് അവസരം തന്നില്ലെങ്കില്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും പറയുന്നുണ്ട്.

ബിജെപിയുടെ കേന്ദ്രനേതൃത്വം വളരെ കൃത്യമായി സംസ്ഥാന നേതൃത്വത്തിന് ഒരു സന്ദേശം കൈമാറിയിട്ടുണ്ട് എന്നാണ് അറിയുന്നത്. സംസ്ഥാന നേതൃത്വം കൊടുക്കുന്ന നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 വയസ്സിനു താഴെയുള്ളവര്‍ മാത്രമായിരിക്കണം. തലമുതിര്‍ന്ന ആളുകള്‍ മത്സരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് കേന്ദ്ര നേത്യത്ത്വം തീരുമാനിക്കും. സ്ഥാനാര്‍ത്ഥിത്ത്വ മോഹികളായി ബിജെപിയിലെത്തിയ പലര്‍ക്കും തീരുമാനം അസ്വസ്ഥരാക്കിയിട്ടുണ്ട്. കേഡര്‍സ്വഭാവമുള്ള ബിജെപിയില്‍ മറിച്ചൊരു തീരുമാനത്തിന് സ്ഥാനമില്ല. തദ്ദേശ ഭരണ തിരഞ്ഞെടുത്തില്‍ യുവ നിരയെ മത്സര രംഗത്ത് ഇറത്തിയത് അനുകൂലമായതായി അവര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെ കേന്ദ്ര നേത്യത്ത്വവും സമാനമായ തീരുമാനത്തിലേയ്ക്ക് എത്തിയിട്ടുണ്ടെന്ന് രാഷ്ട്രീയ വ്യത്തങ്ങളില്‍ സംസാരമുണ്ട്. ഇന്ത്യന്‍ ഭൂപടത്തില്‍ നിന്ന് ഓരോ തിരഞ്ഞെടുപ്പിലും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ യുവ നേത്യത്ത്വത്തിനേ സാധിക്കൂ എന്ന് കേന്ദ്ര നേത്യത്ത്വം തിരിച്ചറിഞ്ഞു. പക്ഷെ, കേരളത്തിലെ നേത്യത്ത്വം ഇനിയും തിരിച്ചറിയേണ്ടതുണ്ട്. കേരള നേതാക്കളെ ഈ വിവരം അറിയിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിരിക്കുന്നത് എന്ന സംസാരമുണ്ട്.

2014ല്‍ പ്രധാനമന്ത്രിയായി ജയിച്ച നരേന്ദ്രമോഡി പറഞ്ഞിട്ടുള്ളത് തനിക്ക് 10 വര്‍ഷം ഭരിക്കാന്‍ തരൂ, ഇന്ത്യയെ മാറ്റി തരാം എന്നാണ്. ഈയൊരു കാലാവധി തീരുന്നതോടെ കൂടി നരേന്ദ്രമോദി മത്സരരംഗത്ത് നിന്ന് തീര്‍ച്ചയായും മാറും എന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അദ്ദേഹത്തിന്‍റെ പുതിയ ശരീരഭാഷ അധികാര രാഷ്ട്രീയം നിര്‍ത്തുന്നതിന്‍റെ ലക്ഷണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സന്യാസിയെപോലെ താടി വളര്‍ത്തിയുള്ള അദ്ദേഹത്തിന്‍റെ രൂപമാറ്റമാണ് അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. മോദി തന്നെ മുന്‍പ് പറഞ്ഞതും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കൂട്ടി വായിക്കാവുന്നതാണ്.

ലോക മനുഷ്യരാശിയെ മുഴുവന്‍ വീടുകളിലേക്ക് ഉള്‍വലിയിച്ച കൊറോണ എന്ന വൈറസിന്‍റെ വരവോടെ ഉണ്ടായ കോവിഡ് മഹാമാരിയുടെ അക്രമത്തില്‍ നിന്ന് ഇനിയും ലോകം മുക്തരായിട്ടില്ല. രൂപമാറ്റം വന്ന് അത് ആടി തിമിര്‍ക്കുകയാണ്. വാക്സിനുകള്‍ ഇന്ത്യയടക്കം ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്രായമായവരെ കോവിഡ് മഹാമാരിയില്‍ നിന്ന് സ്വതന്ത്രമാക്കി എന്ന് അര്‍ത്ഥമില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ വിലക്കുകള്‍ ലോകത്താകമാനം വരുന്ന രണ്ട് കൊല്ലമെങ്കിലും നിലനില്‍ക്കുമെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ കണക്ക്കൂട്ടല്‍. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതുഇടങ്ങളില്‍ വിരഹിക്കുന്നത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അപകടകരമാണ് എന്നാണ് വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുന്നതിനും, പൊതുരംഗത്ത് ഇറങ്ങുന്നതിനും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ യോഗ്യത ഉണ്ടാകുന്നു എന്നത് യുവാക്കളുടെ ഭരണ കേന്ദ്രങ്ങളിലേയ്ക്കുള്ള വലിയ ഒഴുക്കിന് കാരണമാകുന്നു.

കേരളത്തിലെ എല്ലാ പാര്‍ട്ടികളും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം കൊടുക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ 60 ശതമാനം പേരും 40 വയസ്സിനു താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ മത്സരത്തിന് ഏറ്റവും ശക്തമായ യുവ പിന്തുണ നല്‍കുന്ന രാഷ്ട്രീയ സംവിധാനത്തിന് വിജയ സാധ്യത കൂടുതലാണ്.