തോമസ് ആന്‍റണിയുടെ ഓര്‍മകളിലെ ഒരാണ്ട്
സുധീര്‍ നാഥ്
2020 ജനുവരി 12 പുലര്‍ച്ചെ മലപ്പുറത്തുനിന്ന് കാര്‍ട്ടൂണിസ്റ്റ് കെ. വി. എം. ഉണ്ണിയുടെ ഫോണില്‍ നിന്നായിരുന്നു അവശ്വസനീയമായ ഫോണ്‍ കോള്‍ വന്നത്. രാത്രിയുടെ ഇരുട്ട് അകലും മുന്‍പ് കേട്ട ദുഖകരമായ അവിശ്വസനീയമായ വാര്‍ത്ത സ്ഥിരീകരിക്കാന്‍ തിരികെ ഫോല്‍ ചെയ്തു. നമ്മുടെ തോമസ് ആന്‍റണി ചേട്ടന്‍ പോയി... ഇന്ത്യന്‍ കാരിക്കേച്ചര്‍ ലോകത്ത് നിന്ന് ലോക കാരിക്കേച്ചര്‍ രംഗത്ത് പ്രതിനിന്ധീകരിക്കുന്ന വിരലിലെണ്ണാവുന്നവരുടെ കൂട്ടത്തിലെ ഒരാളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മെട്രോ വാര്‍ത്തയുടെ ആര്‍ട്ട് എഡിറ്റര്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറി, ചിത്രകലാ പരിഷത്തിന്‍റെ അമരക്കാരന്‍... വിശേഷണങ്ങള്‍ പലതാണ് അദ്ദേഹത്തിന്. മുന്‍പ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയും, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറിയും ആയിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖവുമയി എല്ലാവരേയും ഒന്നായി കാണുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് തന്നെയാണ് അദ്ദേഹത്തിന്‍റെ നേത്യഗുണം. വ്യത്യസ്ഥ ആശയങ്ങളുള്ളവരെ പോലും ചേര്‍ത്ത് നിര്‍ത്തി സൗഹ്യദത്തിന്‍റെ പാതയില്‍ നയിച്ചതാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്ന വ്യക്തിത്ത്വം.
മെട്രോ വാര്‍ത്തയിലെ ജോലിക്കായി കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് നടത്തുന്ന ദിവസവുമുള്ള യാത്രയില്‍ ചുറ്റിനും ആരാധകരുണ്ടായിരുന്നു. കൂടെ യാത്ര ചെയ്യുന്നവന്‍റെ ആരുമാകട്ടെ, അവരുമായി ചങ്ങാത്തം കൂടി വട്ടും വിരസതയില്ലാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് ഒരിക്കലും മറക്കാത്ത സൗഹ്യദം അദ്ദേഹം സ്യഷ്ടിച്ചിരുന്നു. പക്ഷെ തോമസ് ആന്‍റണിയുടെ വരയുടെ ആരാധകര്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഉണ്ടായിരുന്നു. അരേിക്കയില്‍, ബ്രിട്ടണില്‍, കാനഡയില്‍, സിംഗപൂരില്‍... ലോക കാരിക്കേച്ചര്‍ മത്സരങ്ങില്‍ സ്ഥിരം വിജയിയായ തോമസ് ആന്‍റണിക്ക് അതിന്‍റെ ഒരു തലയെടുപ്പും ഉണ്ടായിരുന്നില്ല. വിജയിച്ച വിവരം പലപ്പോഴും സുഹ്യത്തുക്കളാണ് ലോകത്തോട് പറഞ്ഞിരുന്നത്.
വ്യത്യസ്ഥമായ വരകളില്‍ ലോക ശ്രദ്ധ നേടിയ അദ്ദേഹത്തിന്‍റെ ക്കൈവഴക്കവും, നിറങ്ങള്‍ സംയോജിപ്പിക്കാനുമുള്ള കഴിവും മറ്റുള്ള കലാകാരന്‍മാരില്‍ നിന്ന് തോമസ് ആന്‍റണിയെ വേറിട്ട് നിര്‍ത്തുന്നു. ആദ്യ കാലങ്ങളില്‍ ദേവീ ദേവന്‍മാരുടേയും, വിശുദ്ധരുടേയും വര്‍ണ്ണ ചിത്രങ്ങള്‍ കലണ്ടറുകള്‍ക്ക് വേണ്ടി വരച്ച് നല്‍കിയിരുന്നു. തന്‍റെ ഭാവനയില്‍ വിരിഞ്ഞ പല മുഖങ്ങളും വിശദ്ധരായി മാറിയെന്ന് സ്വകാര്യ സൗഹ്യദ വേദികളില്‍ ചിരിച്ച് കൊണ്ട് അദ്ദേഹം പറയുമായിരുന്നു. ഫോട്ടോ പോലും മാത്യകയായി ഇല്ലാത്ത കാലത്ത് എത്രയോ പേരുടെ ചിത്രങ്ങള്‍ വരച്ചു നല്‍കി... പലപ്പോഴും തോമസ് ആന്‍റണി പഴയ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമായിരുന്നു.
തന്‍റെ വരകളുടെ സവിശേഷത പുതുതലമുറയിലേയ്ക്ക് പകര്‍ന്ന് നല്‍കാന്‍ വ്യത്യസ്ഥ കേന്ദ്രങ്ങളില്‍ ചെന്ന് അദ്ദേഹം പ്രമുഖരെ വരയ്ക്കുന്നത് വീഡിയോയില്‍ പകര്‍ത്തി സ്വന്തമായ യുട്യൂബ് ചാനലില്‍ ആഴ്ച്ചയില്‍ ഒന്നു വീതം നല്‍കി വരികയായിരുന്നു. മകന്‍ ഉല്ലാസ് തോമസായിരുന്നു പിതാവിന് സാങ്കേതിക സഹായം നല്‍കിയിരുന്നത്. അഞ്ച് പേരുടെ കാരിക്കേച്ചറുകള്‍ വരയ്ക്കുന്നത് മാത്രമേ സമൂഹത്തിന് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുള്ളൂ. വിധി അദ്ദേഹത്തെ 2020 ജനവരി 12ന് പുലര്‍ച്ചെ തട്ടിയെടുത്തു. ഒരു വര്‍ഷം കടന്ന് പോയത് അറിഞ്ഞതേയില്ല... പ്രിയ സ്നേഹിതാ മറക്കുകില്ലൊരിക്കലും... താങ്കളേയും, താങ്കളുടെ വരകളേയും...
