രോഗമുക്തിയിലേക്ക് കടക്കുന്ന വര്‍ഷം

2021 എന്ന വര്‍ഷം മാറ്റങ്ങള്‍
നിറഞ്ഞതായിരിക്കും. ജനങ്ങളുടെ സ്വഭാവത്തിലും
ചലനങ്ങളിലും, സാംസ്കാരിക രംഗത്തും കാതലായ മാറ്റങ്ങളാണു
നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. 2020 തുടക്കം മുതല്‍ ലോകം
കൊവിഡ് വൈറസിന്റെ പിടിയിലേക്കു പോയിരുന്നു. ജനുവരി
അവസാനമാണ് വൈറസ് ഇന്ത്യയിലെത്തുന്നത്- അതും കേരളത്തില്‍.
നിപ്പ വൈറസിനെ തുരത്തി മുന്‍ പരിചയമുള്ള കേരളത്തിലെ
ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ വൈറസിനെ തുരത്തിയെങ്കിലും
മറ്റു പല വഴികളിലൂടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അത്
വ്യാപിച്ചു.
ഫെബ്രുവരി അവസാനവാരം കൈരളി അന്തര്‍ദേശീയ സാംസ്കാരിക
ഉത്സവത്തിന്റെ ഭാഗമായി കണ്ണൂരില്‍ വൈറസിന്റെ ഭീകരത
വിളിച്ചോതുന്നതിന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ
കാര്‍ട്ടൂണ്‍ ബോധവത്ക്കരണ പ്രദര്‍ശനത്തിലെ നൂറു
കാര്‍ട്ടൂണുകളില്‍ പതിനഞ്ചെണ്ണം മാത്രമാണ് കൊറോണ വൈറസിനെ
ചിത്രീകരിച്ചത്. ശേഷിച്ചത് നിപ്പയും ഡെങ്കുവും വിഷയമാക്കി
വരച്ചവയായിരുന്നു. വൈറസ് ടൂണ്‍സ് എന്നായിരുന്നു
പ്രദര്‍ശനത്തിന് പേരിട്ടിരുന്നത്. കൊവിഡിനെ ജനങ്ങള്‍ക്ക് പരിചയമില്ല എന്ന കാരണത്താലാണ് കൊവിഡ് കാര്ട്ടൂണുകള് എന്ന പേര് ഒഴിവാക്കിയത്.
മനുഷ്യനെ മാറ്റിയ വൈറസ്
എന്നാൽ മാര്‍ച്ച് മുതൽ കൊവിഡ് വൈറസ് ഇന്ത്യയില്‍ സംസാര
വിഷയമായി. അതോടെ നമ്മുടെ രീതി തന്നെ മാറി. അപ്രതീക്ഷിതമായ
പല ആഘാതങ്ങളും മനുഷ്യർ നേരിട്ടു. ലോക് ഡൗണ്‍
ഔദ്യോഗികമായി സര്‍ക്കാര്‍ നടപ്പിലാക്കി. ആയിരങ്ങള്‍
പങ്കെടുത്ത ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം ഉപേക്ഷിച്ചു.
യാത്രകള്‍ ആദ്യം പൂര്‍ണമായും ഒഴിവാക്കി. പിന്നീട്
അത്യാവശ്യത്തിനു മാത്രം യാത്ര ചെയ്താല്‍ മതിയെന്നായി. മുഖം
പരസ്പരം കണ്ടു നടന്നവര്‍ പിന്നീട് മുഖം മറയ്ക്കാൻ
മാസ്ക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അറിയാതെ മാസ്ക്ക്
താഴെയായവര്‍ എതിര് വശത്ത് ഒരാളെ കണ്ടാല്‍ മൂക്കും, വായും
മൂടുന്നു. ഹസ്തദാനവും, ആശ്ലേഷവും വേണ്ടെന്നു വച്ചു. സാമൂഹ്യ
അകലം പാലിക്കാന്‍ ജനങ്ങള്‍ സ്വയം പഠിച്ചു. സ്വയം
ശുദ്ധിയാകാനും പരിസരം ശുദ്ധീകരിക്കാനും ജനങ്ങള്‍
തയാറായി. ഭയത്തില്‍ കഴിഞ്ഞ ജനം സര്‍ക്കാര്‍ നിർദേശങ്ങള്‍
പാലിച്ചു. പാത്രം കൊട്ടി, വിളക്ക് തെളിച്ചു.
വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന്
കാതുകള്‍ കൂര്‍പ്പിച്ചു. മാനസിക പിരിമുറുക്കത്തില്‍ നിന്ന്
സാവകാശം ജനങ്ങള്‍ മുക്തരായി.
വാക്സിനുകളുടെ പ്രയോഗം പൂര്‍ണമാകും വരെ കൊവിഡിനൊപ്പം
ജീവിക്കുക എന്നത് മാത്രമേ സാധിക്കൂ എന്ന് ജനം
തിരിച്ചറിഞ്ഞു. ലോക് ഡൗൺ സര്‍ക്കാര്‍ പടിപടിയായി
പിന്‍വലിച്ചു. ചെറിയ ഒത്തുകൂടലുകള്‍ വീണ്ടും തുടങ്ങി.
എങ്ങനെ ആളുകളുടെ എണ്ണം കുറച്ചുകൊണ്ട് ആഘോഷം
നടത്താമെന്ന് മനുഷ്യ സമൂഹത്തില്‍ ചിന്ത വന്നു എന്നുള്ളത്
എടുത്തുപറയേണ്ട കാര്യമാണ്. വിവാഹവും മറ്റും വളരെ
ലളിതമായി നടന്നു. സാംസ്കാരിക പരിപാടികളും
സാഹിത്യോത്സവങ്ങളും പഠനവും മറ്റും വെര്‍ച്ച്വലായി
നടത്തുന്നു. പതിനായിരത്തോളം വെബിനാറുകളാണ് മലയാള
ഭാഷയില്‍ മാത്രം നടന്നത്. ലക്ഷക്കണക്കിന് കൂട്ടായ്മയാണ്
മലയാള ഭാഷയില്‍ വെര്‍ച്ച്വലായി നടന്നത്. വീട് ഓഫീസായി
മാറി. വര്‍ക്ക് അറ്റ് ഹോം എന്ന രീതി വ്യാപകമായി. വായന പലരും
ഡിജിറ്റലാക്കി മാറ്റി എന്നത് എടുത്തു പറയേണ്ട ഒന്നാണ്.
അഞ്ചിന് കേരളത്തിലെ തിയെറ്ററുകള്‍ തുറക്കുന്നു.
ആരാധനാലയങ്ങള്‍ മാനദണ്ഡങ്ങൾ പാലിച്ച് നേരത്തേ തന്നെ
തുറന്നിരുന്നു.
ഒട്ടേറെ പുതിയ വാക്കുകള്‍ മനുഷ്യന് ജീവിതത്തിന്റെ
ഭാഗമാക്കി സംസാരിക്കാന്‍ തുടങ്ങിയെന്നതും പ്രത്യേകത.
വാക്കുകളെല്ലാം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും
അധികമായി ഉപയോഗിച്ചിരുന്നില്ല. വിഐപികളുടെ സന്ദര്‍ശന
സമയത്ത് ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന പ്രോട്ടോകോള്‍
എന്ന വാക്ക് നിത്യ ജീവിതത്തിലെ ഒന്നായി മാറി. കൊവിഡ്
പ്രോട്ടോകോള്‍ എന്ന് എല്ലാവരും ഉപയോഗിക്കാന്‍ തുടങ്ങി.
ഏത് ചടങ്ങിനും ഇന്ന് കൊവിഡ് പ്രോട്ടോകോളുണ്ട്. സോഷ്യല്‍
ഡിസ്റ്റന്‍സ്, സാനിറ്റൈസര്‍, ക്വാറന്റൈന്, ഐസൊലേഷന്‍,
തുടങ്ങിയ വാക്കുകള്‍ ജനം സര്‍വസാധാരണമായി
ഉപയോഗിക്കാന്‍ തുടങ്ങി.
ബേബി ബൂം
പുതുവത്സര ദിനമായ ജനുവരി ഒന്നാം തീയതി ലോകത്ത് 3.7 ലക്ഷം
കുട്ടികള്‍ ജനിച്ചെന്ന് യുനിസെഫ് വെളിപ്പെടുത്തി. അതില്‍
ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഇന്ത്യയിലാണ്
ജനിച്ചിരിക്കുന്നത് എന്നും യുനിസെഫ്. ഇന്ത്യയില്‍
അറുപതിനായിരം കുഞ്ഞുങ്ങളാണ് ജനുവരി ഒന്നാം തീയതി
ജനിച്ചത്. ഇവര്‍ക്ക് ശരാശരി 84 വയസ് ആയുര്‍ദൈര്‍ഘ്യം
ഉണ്ടായിരിക്കുമെന്നും യുനിസെഫ് പറയുന്നു. ഇന്ത്യയ്ക്ക്
പിന്നാലെ ഏറ്റവും കൂടുതള്‍ കുട്ടികള്‍ ജനിച്ചത്
ചൈനയിലാണ്. 35,615 കുട്ടികളാണ് ചൈനയില്‍ ജനുവരി ഒന്നിന്
ജനിച്ചത്. കൊവിഡ് കാലത്ത് ബേബി ബൂം ഉണ്ടാകുമെന്ന് ശാസ്ത്ര
ലോകം പ്രവചിച്ചതിന്റെ ആരംഭമായി വേണം ഈ കണക്കിനെ
വിലയിരുത്താന്‍.
എന്താണ് വാസിനേഷന് എന്ന് പലരും ചോദിക്കുന്നു. വാക്സിന്റെ
വരവ് എന്നുണ്ടാകുമെന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങി.
മനുഷ്യനെ വൈറസ് അണുക്കളില്‍ നിന്ന്
സുരക്ഷിതമാക്കുന്നതാണ് വാക്സിനേഷന്. രോഗാണുക്കളെ
അല്ലെങ്കില്‍ വൈറസിനെ ശരീരത്തില്‍ നിന്ന്
പ്രതിരോധിക്കുകയാണ് വാക്സിന് ചെയ്യുക. ഇന്ത്യയിലെ
വാക്സിന് എക്സ്പെര്‍ട്ട് കമ്മിറ്റി ജനുവരി ഒന്നാം തീയതി
യോഗം ചേർന്ന് ഓക്സ്ഫഡ് ആസ്ട്രോസിനിക്ക കമ്പനി
വികസിപ്പിച്ച് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന
കൊവിഷീല്‍ഡ് വാക്സിന് അടിയന്തര അനുമതിക്കായി ശിപാര്‍ശ
ചെയ്തിരിക്കുന്നു. ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ്
കണ്ട്രോളര് ജനറലാണ് അനുമതി നല്‍കുക. ബുധനാഴ്ചയോടെ
വാക്സിന് നല്‍കിത്തുടങ്ങിയേക്കും.
വാക്സിനുകൾ രക്ഷയ്ക്ക്
ഇന്ത്യയില്‍ മാത്രം ഏതാണ്ട് എട്ടോളം വാക്സിനുകള്‍ പരീക്ഷണം
പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വാക്സിന്റെ സുരക്ഷാ
റിപ്പോര്‍ട്ടുകള്‍ അവര്‍ തയാറാക്കി പൊതുസമൂഹത്തിൽ
വിതരണം ചെയ്യാന്‍ അനുമതി നേടണം. ഇന്ത്യയില്‍
വിതരണത്തിനായി രണ്ട് വാക്സിനുകള്‍ കൂടി വിദഗ്ധ സമിതിക്ക്
മുന്നില്‍ വന്നിട്ടുണ്ട്. ജര്‍മനിയുടെ ബയോണ്‍ടെക്ക്
വികസിപ്പിച്ച ഫൈസര്‍ വാക്സിനും, ഇന്ത്യയുടെ ഭാരത്
ബയോടെക്ക് നിർമിച്ച കോവാക്സിനും. കോവാക്സിന് ഉടന്‍
അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കോവാക്സിനും
അനുകൂലമായാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്
നല്‍കിയിരിക്കുന്നത്. അതേസമയം, ഫൈസറിനുള്ള അനുമതി
ഇന്ത്യയില്‍ ഇനിയും വൈകിയേക്കും. ശേഷിച്ചവ ഈ മാസം തന്നെ
സുരക്ഷാ സമിതിക്ക് മുന്നില്‍ അനുമതിക്കായി എത്തും.
പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് തെളിയിക്കുന്ന
മൂന്ന് ഘട്ട പരീക്ഷണ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ്
വാക്സിന് വിതരണാനുമതി നല്‍കുക.
ഇതിനിടെ ഫൈസര്‍ ബയോടെക് നിര്‍മിച്ച കൊവിഡ് വാക്സിന്
അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടന
അനുമതി നല്കുകയുണ്ടായി. ഡബ്ലിയുഎച്ച്ഒ അനുമതി നല്കുന്ന
ആദ്യത്തെ വാക്സിന് ആണെന്ന പ്രത്യേകതയും ഇതിനുണ്ട്. സുരക്ഷാ
ഫലപ്രാപ്തി ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള വിശദമായ
അവലോകനത്തിന് ശേഷമാണ് ഫൈസര്‍ അടിയന്തര
സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി
നേടിയിരിക്കുന്നത്. ഇന്ത്യയില്‍ ഫൈസര്‍ വാക്സിന്
പ്രയോഗിക്കുന്നതിന് ചില പ്രശ്നങ്ങള്‍ ആരോഗ്യ
രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൈനസ് എഴുപത്
ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടതാണ് ഫൈസര്‍ വാക്സിന് എന്നതാണ്
ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം.
കൊറോണ വൈറസിന്റെ മാറി മാറി വരുന്ന സ്വഭാവത്തെ
മനസിലാക്കി ഓക്സ്ഫഡ് സര്‍വകലാശാല പഠനം നടത്തി
വികസിപ്പിച്ച വാക്സിന്റെ സീഡ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ്
ഇന്ത്യ വാങ്ങുകയും മൂന്നാം ഘട്ട പരീക്ഷണത്തിലാണ് നേരിട്ട്
പോകുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി
തേടുകയുമായിരുന്നു. ജൂലൈ 31 ന് കേന്ദ്രസര്‍ക്കാരിന്റെ
അനുമതി ലഭിച്ചതോടെ അയ്യായിരത്തോളം മനുഷ്യരിലാണ് ഈ
വാക്സിന് പരീക്ഷണം നടത്തിയത്. കൊറോണ വൈറസിനെ
നിര്‍ജീവമാക്കാനുള്ള പ്രോട്ടീനുകള്‍ വളരെ വേഗതയില്‍
കണ്ടെത്തുവാന്‍ ഓക്സ്ഫഡ് സര്‍വകലാശാലയ്ക്ക് സാധിച്ചത്
വാക്സിന്റെ വിജയമായി. ആസ്ട്രോ സിനിക്ക കമ്പനിയാണ് ഫണ്ടിങ്
നടത്തിയത്. ആസ്ട്രോ കമ്പനിയുമായി പൂനെ സീറം
ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലേര്‍പ്പെട്ട് നേരിട്ട് മൂന്നാം
ഘട്ടത്തിലേക്ക് കടന്നത് ഇന്ത്യയ്ക്ക് വാക്സിന് വേഗം
ലഭിക്കാന്‍ കാരണമായി. ഓക്സ്ഫഡ് വാക്സിന് കൂടാതെ സീറം
ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായി വികസിപ്പിച്ച വാക്സിനും
പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഓക്സ്ഫഡ് വാക്സിന്
ലോകത്തിന്റെ പല ഭാഗങ്ങളിലും മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം
നടത്തി അനുകൂല റിപ്പോര്‍ട്ട് ലഭിച്ചിരിക്കയാണ്. വൈറസ്
പടര്‍ന്ന വേഗതയില്‍ വാക്സിന് വിതരണം നടക്കില്ല.
തുടരേണ്ട ജാഗ്രത
2021 ജനുവരി രണ്ടാം വാരം മുതല്‍ കൊവിഡ് രംഗത്ത്
പ്രവര്‍ത്തിക്കുന്ന മുന്നണി പോരാളികള്‍ക്ക് രാജ്യത്താകമാനം
വാക്സിന് നല്കിത്തുടങ്ങും. ജനങ്ങള്‍ വാക്സിന്
സ്വീകരിച്ചാല്‍ പോലും കരുതലും ശ്രദ്ധയും കാര്യമായി
വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍മിപ്പിക്കുന്നു.
ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും
കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്കാന് സാധിക്കും എന്നുള്ള
പ്രതീക്ഷയാണ് പ്രധാനമന്ത്രിക്ക്. വാക്സിന്റെ വരവിനു
മുന്‍പേ കൊവിഡ് രോഗത്തിന്റെ തീവ്രത രാജ്യത്ത്
കുറഞ്ഞുതുടങ്ങിയതായിരുന്നു. ജനിതക മാറ്റം സംഭവിച്ച
കൊറോണ വൈറസിന്റെ വരവ് വീണ്ടും ഭയം വളര്‍ത്തിയിട്ടുണ്ട്.
വാക്സിന്റെ വിതരണത്തിനുള്ള തയാറെടുപ്പുകള്‍ രാജ്യത്ത്
പൂര്‍ത്തിയി. അത് എങ്ങനെ ജനങ്ങളില്‍ എത്തിച്ചേരണം
എന്നുള്ളതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ
പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിർദേശങ്ങള്‍
നല്‍കിക്കഴിഞ്ഞു. രാജ്യത്താകമാനം വാക്സിന് വിതരണത്തിന്
നടത്തിയ ഡ്രൈ റണ്‍ അഥവാ മോക് ഡ്രില്‍ വന്‍ വിജയമായി.
വാക്സിന് സ്വീകരിച്ചാലും 2021 അവസാനിക്കും വരെ
നിര്‍ബന്ധമായി സാമൂഹ്യ അകലവും, മാസ്ക്കും, സാനിറ്റൈസറും
കര്‍ശനമായി ജനങ്ങള്‍ ജീവിതചര്യയാക്കണമെന്നാണ്
ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. വാക്സിന് ഒരു
പ്രതിരോധം മാത്രമാണെന്നും, കൊറോണ വൈറസിനെ പൂര്‍ണമായും
ഇല്ലാതാക്കിയാല്‍ മാത്രമേ സുരക്ഷിതമാകൂവെന്നും അവർ
ഓർമിപ്പിക്കുന്നു.