പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ഡിസംബര്‍ 15
കോവിഡ് മഹാമാരികള്‍ക്കിടയില്‍ ക്രിസ്മസ് വരികയാണ്. ഡല്‍ഹിയില്‍ ഈകാലത്ത് വ്യത്യസ്തമായ ലോകത്തിലെ ആദ്യത്തെ നക്ഷത്ര പള്ളി വെഞ്ചരിക്കപ്പെട്ടിരിക്കുന്നു. 10/10/2020 ന്യൂഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ ടി കുട്ടോ പള്ളി ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. എല്ലാ ജാതിക്കാര്‍ക്കും പള്ളിയില്‍ പ്രവേശനമുണ്ട്. ആഘോഷങ്ങളോട് പഴയ പോലെ ജനങ്ങള്‍ താത്പര്യം കാണിക്കുന്നില്ലെങ്കിലും, വ്യത്യസ്ഥമായ പള്ളി കാണുവാന്‍ ജനങ്ങള്‍ എത്തുന്നു. നക്ഷത്രത്തിലെ രൂപമുള്ള മോര്‍ണിങ്ങ് സ്റ്റാര്‍ പള്ളിയില്‍ നടക്കുന്ന ആദ്യത്തെ ക്രിസ്തുമസ് ആണ് വരുന്നത്. ലോകത്തില്‍തന്നെ ഒരുപക്ഷേ ആദ്യമായിരിക്കും ക്രിസ്തു മതത്തിന് ഒഴിവാക്കാനാവാത്ത ഒരു ചിഹ്നമായ നക്ഷത്രരൂപത്തില്‍ ലോകത്തിന്‍റെ ഒരിടത്തും പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ഡല്‍ഹിയിലെ തിരക്കുകളില്‍ നിന്ന് ഏറെ മാറി വളരെ ശാന്തമായ ഗ്രാമപ്രദേശത്തിന്‍റെ അന്തരീക്ഷമുള്ള നജഫ്ഖഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പ്രക്യതിയോട് ഇണങ്ങി ചേര്‍ന്ന അന്തരീക്ഷമാണ് പള്ളിക്ക് ചുറ്റിനും. പള്ളിയോട് ചേര്‍ന്ന് നിര്‍മ്മിച്ച തടാകത്തില്‍ മത്സ്യങ്ങളുണ്ട്. താറാവുകള്‍ നീന്തി തുടിക്കുന്നു. കോഴികളും, പ്രവുകളും, മുയലുകളും, പശുവും എല്ലാം അവിടെ കാണാം. പരമ്പരാഗത പള്ളികളുടെ രൂപത്തില്‍ നിന്ന് വ്യത്യസ്തമായി നക്ഷത്ര രൂപം സ്വീകരിക്കാന്‍ ന്യൂഡല്‍ഹി ആര്‍ച്ച് ബിഷപ്പ് നല്‍കിയ പിന്തുണ പള്ളിയുടെ ചുമതലക്കാരനായ ഫാദര്‍ സ്റ്റാന്‍ലി കോഴിച്ചിറ നന്ദിയോടെ സ്മരിക്കുന്നു. വ്യത്യസ്ഥമായ ആശയം പള്ളിയില്‍ മാത്രമല്ല. പള്ളിക്ക് ചുറ്റും പരിസ്ഥിതി സൗഹ്യദ ക്യഷിയിടങ്ങളും, മരങ്ങളും കൊണ്ട് സമ്യതമാണ്. 16 പേര്‍ക്ക് താമസിക്കാവുന്ന കോട്ടേജും, ഏറ്മാടവും അവിടെയുണ്ട്. മനസ് ശാന്തമാക്കി അവധി ചിലവിടാന്‍ എല്ലാ സൗകര്യങ്ങളും പള്ളിയോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു.
കേന്ദ്ര മന്ത്രിസഭ ഉടച്ചു വാര്‍ക്കുന്നു...?
ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തപ്പെട്ടതും, സമരം രാജ്യത്താകമാനം പടര്‍ന്ന് പിടിച്ചതും ബിജെപിയെ ദേശിയ തലത്തില്‍ തളര്‍ത്തിയിട്ടുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പും, ഹൈദ്രബാദ് തിരഞ്ഞെടുപ്പും ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന തമിഴ്നാട്, ബംഗാള്‍ തിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് ഏറെ പ്രതീക്ഷ ഉളവാക്കുന്ന ഒന്നാണ്. കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് സുശില്‍ കുമാര്‍ മോദി, ജോതിരാധിത്യ സിന്ധ്യ തുടങ്ങിയവര്‍ക്ക് കേന്ദ്ര മന്ത്രിസഭയില്‍ നല്ലൊരു സ്ഥാനം കല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. പലരുടേയും സ്ഥാനം തെറിക്കുമെന്നാണ് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ സംസാരം.
ടെലിക്കോം സെക്റ്ററിന് പിന്നാലെ ഇന്‍ഷ്വറന്‍സ് സെക്റ്ററോ...?
നമ്മുടെ രാജ്യത്തെ ഏറ്റവും ലാഭകരമായ സര്‍ക്കാര്‍ സ്ഥാപനമായിരുന്നു ടെലിക്കോം മേഖല. ഇത് സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികള്‍ ഘട്ടം ഘട്ടമായി സ്വന്തമാക്കി. ഇന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനികള്‍ അലിഞ്ഞ് അലിഞ്ഞ് ഇല്ലാതായി കൊണ്ടിരിക്കുന്നത് വര്‍ത്തമാന കാല കാഴ്ച്ചയാണ്. ഇന്ത്യന്‍ റെയില്‍വേയും, വ്യാമയാന മേഖലയും സ്വകാര്യ മേഖല കീഴടക്കി കൊണ്ടിരിക്കുന്നതും നമ്മള്‍ക്ക് ഇപ്പോള്‍ കാണാവുന്നതാണ്. ഒടുവില്‍ സ്വകാര്യ മേഖല കണ്ണുവെച്ചിരിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഷ്വറന്‍സ് മേഖലയെയാണ്. രാജ്യത്തെ ഇന്‍ഷ്വറന്‍സ് രംഗത്ത് വിശ്വാസ്യത ഉള്ള സ്ഥാപനമാണ് ലൈഫ് ഇന്‍ഷ്വറന്‍് കോര്‍പ്പറേഷന്‍ എന്ന എല്‍ഐസി. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഈ കോര്‍പ്പറേഷന്‍ ഓരോ വര്‍ഷവും ആറ് ലക്ഷം കോടി രൂപയാണ് ലാഭം ഉണ്ടാക്കുന്നത്. എല്‍ഐസിക്ക് 32 ലക്ഷം കോടിയുടെ ആസ്തി ഉണ്ടെന്നാണ് രേഖകളില്‍ ഔദ്യോഗികമായി കാണുന്നത്. എല്‍ഐസിയുടെ ഓഹരികള്‍ ഇപ്പോള്‍ വില്‍ക്കുവാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. വരും നാളില്‍ ഇത് സ്വകാര്യ മേഖല സ്വന്തമാക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി വരും.
രാജ്യത്തെ ബാങ്കുകളും കോര്‍പ്പറേറ്റിന് കീഴിലേയ്ക്കോ...?
ഇന്ത്യയുടെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള റിസര്‍വ്വ് ബാങ്കാണ്. രാജ്യത്തെ എല്ലാ ബാങ്കുകളും റിസര്‍വ്വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബാങ്കിങ്ങ് മേഖലയിലേയ്ക്ക് കടക്കുന്നു. നിലവിലെ പല ബാങ്കുകളേയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടേയും തൊഴുത്തില്‍ കൊണ്ടു പോയി കെട്ടുവാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഡക്കാന്‍ എയര്‍ലൈന്‍സിലൂടെ അന്തര്‍ദേശിയ ശ്രദ്ധേയനായ ക്യാപ്റ്റന്‍ ഗോപിനാഥ് പറയുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി കുറുക്കനെ കോഴിക്കൂടിന്‍റെ സംരക്ഷണം ഏല്‍പ്പിക്കുന്നതിന് തുല്ല്യമാകുമെന്നാണ്. പൊതുമേഖലാ ബാങ്കുകള്‍ ലക്ഷകണക്കിന് കോടികളാണ് കോര്‍പ്പറേറ്റ് ഭീമാന്‍മാര്‍ക്ക് എഴുതി തള്ളി സഹായിച്ചത്. സ്വകാര്യ മേഖലയിലെ ബാങ്കുകളില്‍ കോര്‍പ്പറേറ്റുകളുടെ പങ്കാളിത്തമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്. അത് നടപ്പിലായാല്‍ പൊതു സമൂഹത്തിനല്ല, കോര്‍പ്പറേറ്റുകള്‍ക്കാണ് കൂടുതല്‍ സഹായകമാകുക എന്നത് തിരിച്ചറിയാന്‍ സാമ്പത്തിക ശാസ്ത്രമൊന്നും അറിയണമെന്നില്ല.
ഡല്‍ഹി ഡവലപ്പ്മെന്‍റ് അതോറിറ്റിയുടെ ഇഡലി...
ഇഡലി പ്രശസ്തമായ തെക്കേ ഇന്ത്യന്‍ ഭക്ഷണ വിഭവമാണ്. പക്ഷെ ഡല്‍ഹി ഡവലപ്മെന്‍റ് അതോററ്റിയുടെ ഇഡലി ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ്. ഇത് വികസിപ്പിച്ചത് മലയാളിയായ ഡിഡിഎ കമ്മിഷ്ണര്‍ സുബു റഹ്മാന്‍. ഡിഡിഎയുടെ ഇഡലി പ്രോഗ്രാമിന്‍റെ പ്രതേകത എന്നത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അഭിമാനത്തോടെ ഉയര്‍ത്തി കാണിക്കുന്നു. ഇഡലി എന്നാല്‍ ഇന്‍ററാക്റ്റീവ് ഡിസ്പോസല്‍ ഓഫ് ലാന്‍റ്ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ട് സര്‍ക്കാര്‍ വകുപ്പുകളില്‍ അത് നടപ്പാക്കുവാന്‍ ലക്ഷങ്ങളും, കോടികളുമാണ് ചിലവഴിച്ചത്. പക്ഷെ ഡിഡിഎ കമ്മിഷ്ണര്‍ സ്വന്തമായി വികസിപ്പിച്ച ഇഡലി പ്രോഗ്രാം സൗജന്യമായാണ് വകുപ്പിന് നല്‍കിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് ഡിഡിഎയുടെ ഇഡലി പ്രോഗാം വഴി ആയിരങ്ങളാണ് ഓണ്‍ ലൈന്‍ വഴി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയത്. വളരെ ലളിതമായ രീതിയില്‍ പൊതു സമൂഹത്തിന് ഇഡലിയിലൂടെ ഡിഡിഎയുമായുള്ള ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കും. ഇടനിലക്കാരില്ലാതെ, ഡിഡിഎ ഓഫീസ് സന്ദര്‍ശിക്കാതെ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചത് വലിയ നേട്ടമായി ഡിഡിഎ ഉയര്‍ത്തിക്കാട്ടുന്നു. ഡിഡിഎയില്‍ അഴിമതിയുടെ അരങ്ങാണെന്നും, സുതാര്യത ഇല്ലെന്നും ഉള്ള പരാതി വ്യാപകമായിരുന്നു. അതിനാണ് ഇഡലി ഒരു പരിഹാരമായി മാറിയത്. ഡിഡിഎയുടെ ജനങ്ങളുമായുള്ള ഇടപെടലുകള്‍ വേഗതയില്‍ ആക്കുവാന്‍ പുതിയ പദ്ധതി വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. പല അപേക്ഷകളും, പരാതികളും, മറ്റും ഓണ്‍ ലൈന്‍ വഴി കാലതാമസമില്ലാതെ നടത്തി എടുക്കാന്‍ സാധിക്കുന്നതായി ഉപയോഗിച്ചവര്‍ വിലയിരുത്തി. ഓണ്‍ ലൈന്‍വഴി രജിസ്റ്റര്‍ ചെയ്ത് രടപാട് നടത്തുന്നവര്‍ക്ക് എസ്എഎസ് വഴി ഫയലിന്‍റെ ഓരോ നീക്കങ്ങളും അറിയുവാന്‍ സാധിക്കും. ഭൂമി, കെട്ടിടം രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ ലൈന്‍ വഴി അപേക്ഷിച്ച്, സാക്ഷികളെ മുന്‍ കൂട്ടി അറിയിച്ചാല്‍ ഓഫീസില്‍ ഒരിക്കല്‍ മാത്രം നേരിട്ടെത്തി രേഖകകള്‍ സമര്‍പ്പിക്കാം. അതിന് തിയതിയും, സമയവും ഉപഭോക്താവിന് ഓണ്‍ ലൈന്‍ വഴി സ്വയം തീരുമാനിക്കാം. രാജ്യം ഒരുകാലത്ത് ഏറ്റവും ചര്‍ച്ച ചെയ്ത സിഐജി റിപ്പോര്‍ട്ടും, റ്റുജി സ്പെക്ട്രവും പുറത്ത് കൊണ്ടു വന്ന വ്യക്തിയാണ് സുബു റഹ്മാന്‍. 2004ല്‍ തമിഴ്നാട്ടില്‍, ജിപിഎസും, പെന്‍ഷനും ഓണ്‍ ലൈനാക്കുന്നതിന് നേത്യത്ത്വം നല്‍കിയ ഐഎഎഎസ് ഉദ്യോഗസ്ഥനാണ് സുബു റഹ്മാന്‍. അഴിമതിക്കെതിരെ ഔദ്യോഗിക ജീവിതത്തില്‍ തുടക്കം മുതല്‍ പോരാടുന്ന സുബു റഹ്മാന്‍ തിരുവനന്തപുരം വര്‍ക്കലയില്‍ നെടുംപുറത്തുംവിള കുടുംബാഗമാണ്.
കര്‍ഷക പ്രക്ഷോഭവും, ഇന്ത്യയുടെ നാളെകളും...
വളരെ തിരക്കിട്ട് കോവിഡിന്‍റെ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 26ന് കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ സമരം തുടങ്ങിയത് അന്നുമുതല്‍ വലിയ ചര്‍ച്ചയായിരുന്നു. പഞ്ചാബിലെ കര്‍ഷകര്‍, ബില്ല് പാസായതിന് പിന്നാലെ ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങിയ സമരമാണ് റെയില്‍ റുക്കോ (തീവണ്ടി തടയല്‍ സമരം). സമരം രണ്ടു മാസത്തോളമായി വടക്കേ ഇന്ത്യയിലേയ്ക്കുള്ള റെയില്‍ ഗതാഗതത്തെ തടസപ്പെടുത്തി. ആദ്യം വടക്കേ ഇന്ത്യയിലെ വിശേഷിച്ച പഞ്ചാബിലേയും, ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമാണ് സമരമുഖത്ത് ഉണ്ടായിരുന്നത്. സമരം ഡല്‍ഹിയിലേയ്ക്ക് വ്യാപിപ്പിച്ച് കൊണ്ട് ഡല്‍ഹി ചലോ സമരം തുടങ്ങി. ഇത് അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പട്ടാളത്തെ ഇറക്കി. അതോടെ സമരം കാട്ടു തീ പോലെ രാജ്യത്താകമാനം പടര്‍ന്ന് കയറി. ഡല്‍ഹിയിലെ എല്ലാ അതിര്‍ത്തികളിലും കര്‍ഷകര്‍ ആയിരക്കണക്കിന് ട്രാക്ടറുകളിലെത്തി. മൂന്ന് ബില്ലുകളും പിന്‍വലിപ്പിച്ച് സര്‍ക്കാരിനെ മുട്ടു മടക്കിപ്പിക്കും എന്ന നിശ്ചയിച്ച കര്‍ഷകര്‍ നാളെയുടെ പ്രതീക്ഷയാണ്. ജനദ്രോഹകരമായ ബില്ലുകള്‍ പാസാക്കി ഇന്ത്യയെ സ്വന്തം ക്കൈവെള്ളയില്‍ നിര്‍ത്താം എന്ന വ്യാമോഹത്തിനാണ് കര്‍ഷകരുടെ വലിയ സമരം ഉത്തരം നല്‍കുന്നത്.


