ഡല്‍ഹി ഡവലപ്പ്മെന്‍റ് അതോറിറ്റിയുടെ ഇഡലി...

ഡല്‍ഹി ഡവലപ്പ്മെന്‍റ് അതോറിറ്റിയുടെ ഇഡലി... 



ഇഡലി പ്രശസ്തമായ തെക്കേ ഇന്ത്യന്‍ ഭക്ഷണ വിഭവമാണ്. പക്ഷെ ഡല്‍ഹി ഡവലപ്മെന്‍റ് അതോററ്റിയുടെ ഇഡലി ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ്. ഇത് വികസിപ്പിച്ചത് മലയാളിയായ ഡിഡിഎ കമ്മിഷ്ണര്‍ സുബു റഹ്മാന്‍. ഡിഡിഎയുടെ ഇഡലി പ്രോഗ്രാമിന്‍റെ പ്രതേകത എന്നത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അഭിമാനത്തോടെ ഉയര്‍ത്തി കാണിക്കുന്നു. ഇഡലി എന്നാല്‍ ഇന്‍ററാക്റ്റീവ് ഡിസ്പോസല്‍ ഓഫ് ലാന്‍റ്ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ട് സര്‍ക്കാര്‍ വകുപ്പുകളില്‍ അത് നടപ്പാക്കുവാന്‍ ലക്ഷങ്ങളും, കോടികളുമാണ് ചിലവഴിച്ചത്. പക്ഷെ ഡിഡിഎ കമ്മിഷ്ണര്‍ സ്വന്തമായി വികസിപ്പിച്ച ഇഡലി പ്രോഗ്രാം സൗജന്യമായാണ് വകുപ്പിന് നല്‍കിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് ഡിഡിഎയുടെ ഇഡലി പ്രോഗാം വഴി ആയിരങ്ങളാണ് ഓണ്‍ ലൈന്‍ വഴി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയത്. വളരെ ലളിതമായ രീതിയില്‍ പൊതു സമൂഹത്തിന് ഇഡലിയിലൂടെ ഡിഡിഎയുമായുള്ള ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കും. ഇടനിലക്കാരില്ലാതെ, ഡിഡിഎ ഓഫീസ് സന്ദര്‍ശിക്കാതെ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചത് വലിയ നേട്ടമായി ഡിഡിഎ ഉയര്‍ത്തിക്കാട്ടുന്നു. ഡിഡിഎയില്‍ അഴിമതിയുടെ അരങ്ങാണെന്നും, സുതാര്യത ഇല്ലെന്നും ഉള്ള പരാതി വ്യാപകമായിരുന്നു. അതിനാണ് ഇഡലി ഒരു പരിഹാരമായി മാറിയത്. ഡിഡിഎയുടെ ജനങ്ങളുമായുള്ള ഇടപെടലുകള്‍ വേഗതയില്‍ ആക്കുവാന്‍ പുതിയ പദ്ധതി വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. പല അപേക്ഷകളും, പരാതികളും, മറ്റും ഓണ്‍ ലൈന്‍ വഴി കാലതാമസമില്ലാതെ നടത്തി എടുക്കാന്‍ സാധിക്കുന്നതായി ഉപയോഗിച്ചവര്‍ വിലയിരുത്തി. ഓണ്‍ ലൈന്‍വഴി രജിസ്റ്റര്‍ ചെയ്ത് ഇടപാട് നടത്തുന്നവര്‍ക്ക് എസ്എംഎസ് വഴി ഫയലിന്‍റെ ഓരോ നീക്കങ്ങളും അറിയുവാന്‍ സാധിക്കും. ഭൂമി, കെട്ടിടം രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ ലൈന്‍ വഴി അപേക്ഷിച്ച്, സാക്ഷികളെ മുന്‍ കൂട്ടി അറിയിച്ചാല്‍ ഓഫീസില്‍ ഒരിക്കല്‍ മാത്രം നേരിട്ടെത്തി രേഖകകള്‍ സമര്‍പ്പിക്കാം. അതിന് തിയതിയും, സമയവും ഉപഭോക്താവിന് ഓണ്‍ ലൈന്‍ വഴി സ്വയം തീരുമാനിക്കാം. രാജ്യം ഒരുകാലത്ത് ഏറ്റവും ചര്‍ച്ച ചെയ്ത സിഐജി റിപ്പോര്‍ട്ടും, റ്റുജി സ്പെക്ട്രവും പുറത്ത് കൊണ്ടു വന്ന വ്യക്തിയാണ് സുബു റഹ്മാന്‍. 2004ല്‍ തമിഴ്നാട്ടില്‍, ജിപിഎസും, പെന്‍ഷനും ഓണ്‍ ലൈനാക്കുന്നതിന് നേത്യത്ത്വം നല്‍കിയ ഐഎഎഎസ് ഉദ്യോഗസ്ഥനാണ് സുബു റഹ്മാന്‍. അഴിമതിക്കെതിരെ ഔദ്യോഗിക ജീവിതത്തില്‍ തുടക്കം മുതല്‍ പോരാടുന്ന സുബു റഹ്മാന്‍ തിരുവനന്തപുരം വര്‍ക്കലയില്‍ നെടുംപുറത്തുംവിള കുടുംബാഗമാണ്.