അയോഗ്യനാകുന്ന വിജയി.
സുധീര്‍ നാഥ്
കേരളത്തിലെ തദ്ദേശ ഭരണ കേന്ദ്രങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാമാരിയായ കോവിഡ് കാലത്ത് നടന്ന തിരഞ്ഞെടുപ്പ് ചരിത്രത്തിന്‍റെ ഇടമായിരിക്കയാണ്. 941 ഗ്രാമ പഞ്ചായത്തിലും, 152 ബ്ലോക്ക് പഞ്ചായത്തിലും, 14 ജില്ലാ പഞ്ചായത്തിലും, 86 മുനിസിപ്പാലിറ്റിയിലും, 6 കോര്‍പ്പറേഷനുകളിലുമായരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ തേറ്റവര്‍ ജയിച്ചവരാരെങ്കിലും നിയമത്തിന് മുന്നില്‍ പരാജയപെടുത്താന്‍ സാധിക്കുമെങ്കില്‍ അതിന് മുതിരുക തന്നെ ചെയ്യും. നിയമപരമായി അതിന് സാധിക്കുമെന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ശക്തി. മുന്‍ വര്‍ങ്ങളേക്കാള്‍ ജനങ്ങള്‍ നിയമപരമായി ബോധവത്ക്കരിക്കപ്പെട്ടിരിക്കുന്ന വര്‍ത്തമാ കാലത്ത് ഇലക്ഷന്‍ പെറ്റിഷനുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കും എന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ പ്രമാദമായ ഇലക്ഷന്‍ പെറ്റിഷന്‍ കേസുകള്‍ ഓര്‍ക്കുകയാണ്.
കോണ്‍ഗ്രസിന്‍റെ ശക്തയായ നേതാവായിരുന്ന, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് പോലും ഇലക്ഷന്‍ പെറ്റിഷന് മുന്നില്‍ അടിയറവ് പറയേണ്ടി വന്ന ചരിത്രമുണ്ട്. അതിന് കാരണമായ സംഭവം ഇങ്ങനെ വിവരിക്കാം. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെടുത്തിയ രാജ നാരായണന്‍ ഇലക്ഷന്‍ പെറ്റിഷന്‍ ഫയല്‍ ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് കൃത്രിമം, സര്‍ക്കാര്‍ വസ്തുവകകള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയിലാണ് രാജ് നാരായണന്‍ ഇലക്ഷന്‍ പെറ്റിഷന്‍ ഫയല്‍ ചെയ്തത്. 1975 ജൂല്‍ 12നു ജസ്റ്റിസ് ജഗ്മോഹന്‍ ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്‍റെ വസ്തുവകകള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വര്‍ഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി മത്സരിക്കുന്നതില്‍ നിന്ന് കോടതി വിലക്കി.
2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നും വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി തോമസിനെ ഹൈക്കോടതി അയോഗ്യനാക്കി. മണ്ഡലത്തിലെ കത്തോലിക്കാ വോട്ടര്‍മാരുടെ മതവികാരം ചൂഷണം ചെയ്യുന്നവിധം മദര്‍ തെരേസയുടെ ചിത്രവും മറ്റും ഉള്‍പ്പെടുത്തി നോട്ടീസും കലണ്ടറും അച്ചടിച്ചു വിതരണം ചെയ്തുവെന്നും വോട്ടിങ് ദിനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയെന്നുമുള്ള എതിര്‍ സ്ഥാനാര്‍ത്ഥി പി എം ഇസ്മയിലിന്‍റെ ആരോപണം ശരിവച്ചാണ് ഹൈക്കോടതി തോമസിനെ അയോഗ്യനാക്കിയത്. സുപ്രീംകോടതിയില്‍ അപ്പീല്‍ പോയെങ്കിലും ഹൈക്കോടതി വിധി ശരിവക്കുകയാണ് ചെയ്തത്. വിധി വന്നപ്പോഴേയ്ക്കും പാര്‍ലമെന്‍റിന്‍റെ കാലാവധി തീര്‍ന്നിരുന്നു. പി. സി. തോമസ് പാര്‍ലമെന്‍റില്‍ കയറുന്നതിനും പ്രസംഗിക്കുന്നതിനും കോടതി അനുവധിച്ചിരുന്നു. വോട്ടവകാശമോ ശമ്പളമോ അദ്ദേഹത്തിന് ലഭിച്ചില്ല. കേസില്‍ പി എം ഇസ്മയില്‍ ജയിച്ചെങ്കിലും പാര്‍ലമെന്‍റ് അംഗമായില്ല. പി സി തോമസിന് അയോഗ്യനാക്കിയതിനാല്‍ മത്സര രംഗം വിട്ടു നില്‍ക്കേണ്ടിയും വന്നു.
സമാനമായ നിയമനടപടിയാണ് അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ നേരെ ഉള്ളത്. വര്‍ഗീയ പരാമര്‍ശമടങ്ങിയ നോട്ടീസ് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്ത് സ്വാധീനിച്ചു എന്നാണ് കേസ്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സി പി എം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ കേരള ഹൈകോടതി അയോഗ്യനാക്കുന്നത്. നോട്ടീസിന്‍റെ പകര്‍പ്പുകളുടെ കെട്ട് യുഡിഎഫ് ഓഫീസില്‍ നിന്ന് പോലീസ് കണ്ടെത്തി എന്നതാണ് കേസിലെ പ്രധാന തര്‍ക്കവിഷയം. കെ. എം. ഷാജിയുടെ അയോഗ്യത സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാം. പക്ഷേ വോട്ടവകാശവും ആനുകൂല്യവും ലഭിക്കില്ല. അത് ഇപ്പോഴും ഹൈകോടതിയിലാണ്.
സി എച്ച് മുഹമ്മദ് കോയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന് ആരോപിച്ച് ഹൈകോടതി അയോഗ്യനാക്കിയിരുന്നു. സുപ്രീം കോടതിയാണ് ഹൈകോടതി വിധി റദ്ദാക്കിയത്. സമാനമായ മറ്റൊരു കേസ് ഉണ്ടായത് പിറവത്താണ്. 2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവത്തെ ഇടത്പക്ഷ സ്ഥാനാര്‍ത്ഥി എം ജെ ജേക്കബ് യുഡിഎഫ് സ്ഥാാര്‍ത്ഥി ടി എം ജേക്കബിനെ 5150 വോട്ടിന് തോല്‍പ്പിച്ചു. എം ജെ ജേക്കബ് വര്‍ഗീയാടിസ്ഥാനത്തിലാണ് വോട്ട് പിടിച്ചതെന്ന് ആരോപിച്ച് പിറവത്തെ ഒരു വോട്ടര്‍ ഇലക്ഷന്‍ പെറ്റിഷന്‍ കൊടുത്തു. കേരള ഹൈകോടതി എം ജെ ജേക്കബിനെ അയോഗ്യനാക്കി. എം ജെ ജേക്കബ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടി ഹൈകോടതി വിധി റദ്ദ് ചെയ്തു. അപ്പീലുമായി ആരും പോയില്ല.
മറ്റു കാരണങ്ങളാല്‍ അയോഗ്യത നേരിട്ട ജനപ്രതിനിധികളില്‍ പ്രമുഖന്‍ പിസി ജോര്‍ജും ബാലകൃഷ്ണപിള്ളയും ഉണ്ട്. 2016ല്‍ കെ.എം മാണിയുടെ പരാതിയെത്തുടര്‍ന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ പി.സി ജോര്‍ജിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി. ജോര്‍ജിന്‍റെ രാജിക്കത്ത് സ്വീകരിക്കാതെയാണ് സ്പീക്കര്‍ ജോര്‍ജിനെ അയോഗ്യനാക്കിയത്. പക്ഷേ ഈ തീരുമാനം ഹൈക്കോടതി റദ്ദു ചെയ്തു. 1990 ജനുവരി 18ന് സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍ ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കി. 1989ല്‍ ജോസഫ് ഗ്രൂപ്പില്‍നിന്ന് പുറത്തുവന്ന് പാര്‍ട്ടി രൂപീകരിച്ചതിനെത്തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരമായിരുന്നു അയോഗ്യത. ഈ കേസില്‍ ബാലകൃഷ്ണപിള്ള അപ്പീലുമായി കോടതിയെ സമീപിച്ചില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് നൂറ് കണക്കിന് ഇലക്ഷന്‍ പെറ്റിഷനുകള്‍ കേരളത്തിലെ കോടതികളില്‍ എത്തുവാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജയിച്ചു എന്ന് പ്രഖാപിച്ച പലരും അയോഗ്യരാകും എന്നത് തീര്‍ച്ച. മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശപത്രിക സ്വീകരിക്കുവാനുള്ള അധികാരമുള്ള വ്യക്തിയാണ്. കുടിശികയോ റവന്യൂ റിക്കവറിയോ ഉള്ളവര്‍ കുടിശിക അടച്ച ശേഷം എന്‍ഒസി സമര്‍പ്പിച്ചാല്‍ പത്രിക സ്വീകരിക്കാം. സര്‍ക്കാരിന് കുടിശിക ഇല്ലെന്ന് മാത്രം നോക്കിയാല്‍ മതി എന്നാണ് നിയമം. കുടിശിക എന്ന് അടച്ചു എന്നത് നോക്കേണ്ടതില്ല. അദ്ദേഹം നാമനിര്‍ദേശ പത്രിക സ്വീകരിക്കുകയും ഇലക്ഷനില്‍ മത്സരിക്കുകയും ചെയ്ത വ്യക്തി തിരഞ്ഞെടുക്കപെടുകയാണെങ്കില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ കുടിശികയോ, റവന്യൂ റിക്കവറി മുതലായ കാരണങ്ങള്‍ നില നിന്നിരുന്നു എന്ന് തെളിയിക്കാന്‍ എതിര്‍പക്ഷത്തിന് അവസരമുണ്ട്. തെറ്റായ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത് ചോദ്യം ചെയ്യുന്നത് ഇലക്ഷന്‍ പെറ്റിഷന്‍ പരിധിയില്‍ വരും. ഇലക്ഷന്‍ കൗണ്‍ഡിങ്ങിലെ സംശയവും, കോടതിയില്‍ ചോദ്യം ചെയ്യാം. അപകീര്‍ത്തി പ്രസംഗം, വര്‍ഗീയത ഉപയോഗിച്ച് വോട്ട് പിടിക്കല്‍, നിക്യഷ്ട പരസ്യം, അപവാദ പ്രചരണം തുടങ്ങിയവയും ഈ വകയില്‍ കോടതിയിലെത്തും. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ കേസുകള്‍ മുനിസിഫ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്.
ഇലക്ഷന്‍ നടന്ന വാര്‍ഡിലെ ഏതൊരു വോട്ടര്‍മാര്‍ക്കും അഥവാ അവിടെ മത്സരിച്ച ഏതൊരു സ്ഥാനാര്‍ത്ഥിക്കും ഇലക്ഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാവുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മുതല്‍ 30 ദിവസത്തിനുള്ളില്‍ ഇലക്ഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാവുന്നതാണ്. പല കാരണങ്ങളാലും ഒരു വ്യക്തിയെ അയോഗ്യനാക്കാന്‍ കോടതിക്ക് സാധിക്കും. നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരം നല്‍കിയാലാണ് അത് കൂടുതല്‍ ശക്തമാകുക. വരു ദിവസങ്ങളില്‍ ഇലക്ഷന്‍ പെറ്റീഷനുകളുടെ ചാകരയായിരിക്കും. ഡിസംബര്‍ 22ന് കോടതികള്‍ അടയ്ക്കും എന്നതിനാല്‍ അതിന് മുന്‍പ് തന്നെ ഇലക്ഷന്‍ പെറ്റിഷനുകളുടെ കണക്ക് ലഭ്യമാകും.
