വരുന്നൂ കോവിഡ് വാക്സിന്‍...

വരുന്നൂ കോവിഡ് വാക്സിന്‍...
വിജയ് ചൗക്ക് @ 71 @ മെട്രോ വാര്‍ത്ത ഡിസംബര്‍ 05
സുധീര്‍നാഥ്  




നാളെയാണ്, നാളെയാണ്, നാളെയാണ്... ഭാഗ്യം നിങ്ങളെ മാടി വിളിക്കുന്നു... പണ്ട് കേരള സംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്കായി സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ചേട്ടന്‍റെ കോളാമ്പിയില്‍ നിന്ന് ഉയര്‍ന്ന വാക്കുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ചെവുട്ടില്‍ വന്നലയ്ക്കുകയാണ്. ദിവസവും വാര്‍ത്തകള്‍ ടെലിവിഷനില്‍ കാണുമ്പോഴും, പത്രത്തില്‍ വായിക്കുമ്പോഴും കോവിഡ് വാക്സിന്‍ വാര്‍ത്തകള്‍ സജീവമാണ്. വാക്സിന്‍ വരുന്നു വരുന്നു എന്ന വാര്‍ത്തകള്‍ക്ക് എല്ലാ ദിവസവും പ്രാധാന്യവുമുണ്ട് ജനങ്ങള്‍ ആകാംഷയോടെയാണ് ഈ വാര്‍ത്തകള്‍ കാണുന്നതും, വായിക്കുന്നതും. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നത് ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ കൊറോണയ്ക്ക് തദ്ദേശമായി ഇന്ത്യയില്‍ വികസിപ്പിച്ച വാക്സിന്‍ ലഭിക്കുമെന്നാണ്. കോവിഡ് വ്യാപനത്തിന് തടയിടാന്‍ വേണ്ടി ഇന്ത്യയില്‍ വാക്സിനുകള്‍ നിര്‍മ്മിക്കുന്നതിന് 24 മണിക്കൂറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണയ്ക്ക് വാക്സിന്‍ ഏതു നിമിഷവും വരുമെന്നുള്ള പ്രതീക്ഷയിലിരിക്കുന്ന പൊതുജനത്തിന് എന്തുകൊണ്ടും ആശ്വാസമാണ് പ്രധാനമന്ത്രി നല്‍കുന്ന ഉറപ്പ്. പക്ഷെ ജനങ്ങള്‍ ഒപ്പം പറഞ്ഞ വാചകങ്ങളില്‍ അസ്വസ്ഥരാണ്. ഏറ്റവും വില കുറച്ച് വാക്സിനുകള്‍ ലഭ്യമാകുന്ന രാജ്യാകും ഇന്ത്യ എന്ന് പറഞ്ഞ അദ്ദേഹം വാക്സിനുകള്‍ സൗജന്യമല്ലെന്ന് സൂചനയും നല്‍കി. സൗജന്യമായി വാക്സിനുകള്‍ രാജ്യത്തെ ഓരോ പൗരനും നല്‍കും എന്നുള്ള മുന്‍ വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിച്ചില്ല. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ കൊടുക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ കൂടിയാണ് റിപ്പോര്‍ട്ട് ചെയ്യ്തത്. ഇതിനെ തുടര്‍ന്ന് ഓരോ സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വം കേന്ദ്രം നല്‍കുന്ന സൗജന്യ വാക്സിനുകളെ കുറിച്ച് വ്യാപക പ്രചരണം നടത്തുകയുണ്ടായി. എന്നാല്‍ കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി പറഞ്ഞത് എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുവാന്‍ സാധിക്കില്ല എന്നതാണ്. ഇത് ഏറെ ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആശങ്കയ്ക്ക് കാരണമായത്. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ വാക്കുകള്‍ കൊണ്ട് പറ്റിക്കുന്നതായി പ്രതിപക്ഷം ശക്തമയി ആരോപണം നടത്തുന്നുണ്ട്.

രാജ്യത്തെ 130 കോടി ജനങ്ങളില്‍ ഭൂരിപക്ഷവും ദരിദ്ര രേഖയ്ക്ക് താഴെ ഉള്ളവരാണ്. ദരിദ്രരെ ആശങ്കയിലാഴ്ത്തി എന്നുള്ള കാര്യത്തില്‍ സംശയമില്ല. വാക്സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കണം എന്ന ആവശ്യം ഇതിനോടകം പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചു കഴിഞ്ഞു. രാജ്യത്തെ ജന7ള്‍ക്ക് എന്നാണ് സൗജന്യമായി വാക്സിന്‍ ലഭിക്കുക എന്നത് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കോവിഡ് പോരാളികള്‍ക്കും, വ്യദ്ധജനങ്ങള്‍ക്കും, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കാകും ആദ്യം വാക്സിനുകള്‍ നല്‍കുക എന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എല്ലാവരും സ്വാഗതം ചെയ്തു. വാക്സിനുകള്‍ സൂക്ഷിക്കുവാനും വിതരണം ചെയ്യുവാനുമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചെന്നും അതില്‍ ആശങ്ക ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞത് രാജ്യത്തിന്‍റെ ആരോഗ്യ രംഗത്തെ വളര്‍ച്ചയുടെ തെളിവാണ്.

ലോകത്ത് 100ലേറെ ലാബുകള്‍ കോവിഡ് വാക്സിനുകള്‍ വികസിപ്പിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു. ഇതില്‍ പലതും മനുഷ്യ ശരീരത്തില്‍ പരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന എട്ടോളം വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ മൂന്നണ്ണമാണ് അവസാന വട്ട പരീക്ഷണത്തില്‍ ഉള്ളത്. പരീക്ഷണം അവസാന ഘട്ടത്തിലായതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ.

ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡില്‍ല്‍ സയന്‍സ് ഡയറക്ടര്‍ ഡോക്ടര്‍ റണ്‍ദീപ് ഗുലേറിയ പറയുന്നത് രാജ്യത്തെ ജനങ്ങളെ ഘട്ടം ഘട്ടമായി മാത്രമേ വാക്സിനുകള്‍ നല്‍കുവാന്‍ സാധിക്കൂ എന്നാണ്. വാക്സിനുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സാവകാശം വേണം. ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ വളരെ ഫലപ്രഥമാണെന്ന് തെളിഞ്ഞിരിക്കുന്നു. അതിന്‍റെ പരീക്ഷണ സമയം കഴിയാതെ പൊതു സമൂഹത്തിലേയ്ക്ക് വാക്സിന്‍ എത്തിക്കുന്നത് ശരിയായ നടപടിയല്ല. ഒരു വര്‍ഷം നീളുന്ന ശക്തമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ രാജ്യത്ത് കോവിഡ് വാക്സിന്‍ എല്ലാവരിലേയ്ക്കും എത്തിക്കാന്‍ സാധിക്കൂ.

ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ പരീക്ഷണ രംഗത്ത് സജീവമായി ഉണ്ട്. അവര്‍ വികസിപ്പിച്ച വാക്സിന്‍ അവസാന വട്ട പരീക്ഷണം പൂര്‍ത്തീകരിക്കാറായി. ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള ഉള്ള വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് ഒരു എടുത്തുചാട്ടം ഇതിനകം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയത് വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്സിന്‍ സീഡ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാങ്ങുകയും മൂന്നാം ഘട്ട പരീക്ഷണത്തിലാണ് നേരിട്ട് പോകുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടുകയുമായിരുന്നു. അതിന് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് കണ്ടെത്തിയതായി മെഡിക്കല്‍ ബോര്‍ഡിന്‍റെ അംഗീകാരം വേണം. ഈ വാക്സിന്‍ സ്വീകരിച്ച തമിഴ്നാട്ടിലെ ഒരാള്‍ക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായതായി പരാതിപെടുകയും അഞ്ച് കോടി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ഉണ്ടായി. വാക്സിന്‍ വളരെ സുരക്ഷിതമാണെന്ന് കണ്ടെത്തിയ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തെറ്റിദ്ധാരണപരത്തി പരീക്ഷണം തടസപ്പെടുത്തിയ വ്യക്തിക്കെതിരെ 100 കോടിക്ക് നഷ്ടപരിഹാരം ചോദിച്ച് കോടതിയില്‍ പരാതി നല്‍കിയിരിക്കയാണ്.

കോവിഡ് വാക്സിന്‍റെ പ്രാഥമിക പരീക്ഷണം എന്ന് പറയുന്നത് മൃഗങ്ങളില്‍ നടത്തുന്നതാണ്. സാധാരണയായി കൊരങ്ങന്‍മാരിലും വെള്ള എലികളിലുമാണ് പരീക്ഷിക്കുക. സാധാരണ ഗതിയില്‍ പ്രതിരോധ വാക്സിന്‍ നിര്‍മ്മിക്കുന്നതിന് ആറു മുതല്‍ ഏഴു വര്‍ഷം വരെയാണ് എടുക്കാറ്. കൊറോണയുടെ ഗൗരവം കണക്കിലാക്കി നിലവിലുള്ള സാഹചര്യം പരിഗണിച്ച് മാനദണ്ഡങ്ങള്‍ക്ക് ഇളവ് വരുത്തിയിരിക്കുകയാണ്. ഇങ്ങനെ ഉള്ള പരീക്ഷണങ്ങള്‍ക്ക് വിധി പറയാന്‍ വര്‍ഷങ്ങളെടുക്കും.

പ്രാധമിക ഘട്ടം കഴിഞ്ഞാണ് മനുഷ്യരിലുള്ള ആദ്യ ഘട്ടമെന്ന കടമ്പ വരുന്നത്. നൂറില്‍ താഴെയുള്ള മനുഷ്യരില്‍ വാക്സിനുകള്‍ പരീക്ഷിക്കുകയാണ് ഒന്നാം ഘട്ടത്തില്‍. വാക്സിനുകള്‍ നല്‍കിയ വ്യക്തികളില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്ന് കണ്ടെത്തണം. എങ്കില്‍ മാത്രമേ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കൂ. രണ്ടാംഘട്ടം എന്നുള്ള നിലയില്‍ ആയിരത്തില്‍ താഴെയുള്ള മനുഷ്യരില്‍ പരീക്ഷണം നടത്തി പാര്‍ശ്വഫലങ്ങള്‍ പഠിക്കണം. 80 ശതമാനത്തിലേറെ രോഗമുക്തി ഉണ്ടെങ്കില്‍ മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കാം. അയ്യായിരത്തോളം മനുഷ്യരില്‍ പരീക്ഷിച്ച് വിജയം കണ്ടാല്‍ മാത്രമേ പൊതു വിപണിയിലേയ്ക്ക് വാക്സിന്‍ വിതരണം ചെയ്യാന്‍ പറ്റൂ.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലാണ്. കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മഹാമാരിക്കിടയിലും രാഷ്ട്രീയം കളിക്കുന്നു എന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ ശക്തിപ്പെടുന്നതിന് ഇടയിലാണ് ഇങ്ങനെ ഒരു കണക്ക് പുറത്ത് വരുന്നത്. രാജ്യത്തെ ആദ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ആറ് സംസ്ഥാനങ്ങളും ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികളാണ് ഭരിക്കുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ പ്രതിദിനം ഉണ്ടാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പും, ക്രിസ്തുമസ് പുതുവത്സര ആഘോഷവും നിരക്ക് കൂട്ടുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്രയിലും, രാജസ്ഥാനിലും ആണ് പിന്നീട് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതിനു പിന്നാലെ തന്നെയാണ് ചത്തീസ്ഖഡ്, ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍.

ബ്രിട്ടനില്‍ കോവിഡ് വാക്സിനുകള്‍ വിതരണത്തിന് അംഗീകാരം ലഭിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ വാക്സിന്‍ സ്വീകരിക്കാന്‍ ഇന്ത്യയിലെ പല പ്രമുഖരും യാത്രയ്ക്ക് ഒരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടനിലേയ്ക്ക് യാത്ര ചെയ്യാന്‍ ട്രാവല്‍ ഏജന്‍സികളെ ആയിരങ്ങള്‍ ഇതിനകം സമീപിച്ചു കഴിഞ്ഞു. ട്രാവല്‍ ഏജന്‍സികള്‍ കോവിഡ് വാക്സിന്‍ പാക്കേജ് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുവാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. ഇന്ത്യക്കാര്‍ക്ക് അവിടെ ചെന്നാല്‍ വാക്സിന്‍ ലഭിക്കും ഉന്ന് ഉറപ്പില്ലാത്തത് തടസമായി ചൂണ്ടി കാണിക്കുന്നു. രാജ്യത്തെ പ്രമുഖ അന്തര്‍ ദേശിയ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ബ്രിട്ടനില്‍ ചെന്നാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വാക്സിന്‍ ലഭിക്കുമോ എന്ന് തിരക്കുന്നുണ്ട്.