പ്രതീക്ഷയോടെ പുതുവര്‍ഷം, പനോരമയും...

പ്രതീക്ഷയോടെ പുതുവര്‍ഷം, പനോരമയും...
വിജയ് ചൗക്ക് @ 74 @ മെട്രോ വാര്‍ത്ത ഡിസംബര്‍ 26
സുധീര്‍നാഥ്

2020 എന്ന വര്‍ഷം ഏറെ പ്രതീക്ഷകള്‍ മുന്നില്‍ വെച്ചാണ് ആരംഭിച്ചത്. പക്ഷെ വളരെ നിറം മങ്ങിയ ഒരു വര്‍ഷമായി അത് ലോകമാകമാനം മാറുവാന്‍ കോവിഡ് എന്ന അതിസൂക്ഷമ വൈറസുകള്‍ കാരണമായി. 2021 എന്ന വര്‍ഷമാണ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നത്. നിറം മങ്ങിയ 2020 പോലെ ആയിരിക്കില്ല 2021 എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാലും വര്‍ണശബളമായ ഒരു വര്‍ഷമാകില്ല എന്ന കാര്യം ഉറപ്പാണ്. കൊറോണ വൈറസുകള്‍ വ്യാപിച്ച വേഗതയില്‍ അതിനെ തളയ്ക്കുവാന്‍ മനുഷ്യന്‍ കണ്ടെത്തിയ വാക്സിനുകള്‍ക്ക് സാധിക്കില്ല. ഒരു വര്‍ഷത്തിലേറെ സമയം വാക്സിന്‍ വിതരണത്തിന് എടുക്കും. പഴയ ലോക സന്തോഷം തിരികെ കിട്ടുവാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട് എന്ന് ചുരുക്കം. കോവിഡ് കാലത്തിന് ശേഷം സാംസ്കാരികമായ വലിയ മാറ്റം സമൂഹത്തിന് ഉണ്ടാകും എന്ന കാര്യത്തിലും സംശയമില്ല.

ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ പരിശോധിച്ചാല്‍ കേരളം ഭയപ്പെടുത്തുന്ന അക്കങ്ങളാണ് കാണിക്കുന്നത്. കേരളത്തില്‍ വരക്കത്തില്‍ നിന്ന് രണ്ട് അക്കത്തിലേയ്ക്കും, അവിടെ നിന്ന് മൂന്ന് അക്കത്തിലേക്കും, പിന്നെ നാലക്കത്തിലേക്കും കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടി കൊണ്ടിരുന്നത് നമ്മുടെ മുന്നിലെ നേര്‍ക്കാഴ്ചയായിരുന്നല്ലോ. അതേ സമയം മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കണക്കുകള്‍ ഗണ്യമായ കുറവ് സംഭവിക്കുന്നു എന്നും പറയപ്പെടുന്നു. കൊറോണ വൈറസിനെ ജനങ്ങള്‍ ആദ്യ കാലങ്ങളില്‍ ഭയപ്പെട്ടത് പോലെ ഇപ്പോള്‍ ഭയപ്പെടുന്നില്ല. ജനങ്ങള്‍ കൊറോണ വൈറസുകള്‍ക്കൊപ്പം ജീവിക്കാന്‍ പഠിച്ചിരിക്കുന്നു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ജാഗ്രത ഒന്നു കൊണ്ട് മാത്രമാണ് ഇന്ന് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇത്രയെങ്കിലും പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കേരളത്തിലെ പോലെ ജാഗ്രത ഒന്നും ഇല്ല. ആര്‍ക്കും എവിടെ നിന്നും വരാം. ഐസ്വലേഷനും ക്വോറന്‍റയിനും പഴയ കാര്യങ്ങളാണിവിടെ. കോവിഡ് രോഗികളുടെ എണ്ണം വളരെ കൂടുതലുമാണ്. കോവിഡ് ലക്ഷണം കണ്ടാല്‍ സ്വയമായി നിരീക്ഷണത്തില്‍ പോകുന്നു. പരസ്യപ്പെടുത്തുന്നില്ല.

കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ലാഘവത്തോടെ പെരുമാറുന്നു എന്ന് നമുക്ക് ഒരുകാരണവശാലും പറയുവാന്‍ സാധിക്കുകയില്ല. മലയാളികളായ നമ്മുടെ ജനസമൂഹത്തിന് തന്നെയാണ് കോവിഡ് പടരുന്നതിന്‍റെ മുഖ്യ ഉത്തരവാധിത്ത്വം. കൊറോണ വൈറസ് എന്താണെന്നും, അത് എങ്ങിനെയെല്ലാം പകരുമെന്നും രാജ്യത്തെ മറ്റേത് സംസ്ഥാനത്തെ ജനങ്ങളേക്കാള്‍ കൂടുതല്‍ അറിവ് മലയാളിക്കുണ്ട്. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് പരിശോധിച്ചു കഴിയുമ്പോഴാണ് ഒരുകാര്യം വ്യക്തമാക്കുന്നത്. കേരളത്തില്‍ കുടുംബത്തിലെ എല്ലാ മംഗങ്ങള്‍ക്കും കൂട്ടത്തോടെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. അതുപോലെ സാമൂഹ്യ ഇടപെടലുകള്‍ കൂടുതലുള്ള ഒരു സമൂഹമാണ് മലയാളകള്‍. അതുകൊണ്ട് ഒരു സമൂഹത്തെ മൊത്തം കൂട്ടത്തോടെ കോവിഡ് ബാധിതരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ച് മാസമായി നടത്തിയ പഠനത്തില്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിച്ചത്. മാസ്ക്, സാനിറ്ററി സിങ്ങ്, സാമൂഹ്യ അകലം എന്നിവ കൃത്യമായി പാലിക്കാത്തതാണ് ഇത്തരത്തില്‍ ഒരു സമൂഹത്തെ മുഴുവന്‍ രോഗികളാക്കി മാറ്റുവാന്‍ ഇയൊക്കിയത്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങളുടെ ഒരു ഫലമായി മാത്രമാണ് മരണസംഖ്യ ഗണ്യമായി കേരളത്തില്‍ കുറഞ്ഞിരിക്കുന്നത് എന്ന് പറയുന്നതില്‍ തെറ്റില്ല. അക്ഷരങ്ങളുടെ സാക്ഷരത മാത്രമല്ല, ആരോഗ്യ സാക്ഷരതയും കൂടുതലായി ലഭിച്ചിരിക്കുന്നത് മലയാളിക്കാണ് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും അത് പ്രായോഗികതലത്തില്‍ എത്തിക്കുവാന്‍ നമ്മള്‍ ഇപ്പോഴും പിന്നിലാണ്.

മനുഷ്യന്‍ അവനവനിലേയ്ക്ക് തിരിഞ്ഞു നോക്കിയ കാലമായി കോവിഡ് കാലത്തെ വിലയിരുത്തേണ്ടതുണ്ട്. സ്വന്തം കുട്ടിക്കാലവും, ഗ്രാമവും കോവിഡ് കാലത്ത് എഴുത്തുകാര്‍ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. തെളിഞ്ഞോഴുകിയ പുഴകളും, ശുദ്ധമായ വായുവും, ഗ്രാമവും, അതിന്‍റെ ഭംഗിയും പലരും എഴുതി. അതിന്‍റെ നേര്‍ സാക്ഷ്യം തന്നെയാണ് ഇന്ത്യന്‍ പനോരമയിലേയ്ക്കുള്ള തിരഞ്ഞെടുപ്പും എന്ന് വേണം കരുതാന്‍. ഇന്ത്യന്‍ പനോരമയില്‍ നാല് മലയാള ചലചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. താഹിറ, ട്രാന്‍സ്, കെട്ട്യോളാണെന്‍റെ മാലാഖ, സേഫ് എന്നിവയാണ് ചിത്രങ്ങള്‍. കപ്പേള എന്ന സിനിമ നോമിനേഷനിലൂടെ വന്നു. മലയാളികള്‍ നിര്‍മ്മിച്ച നമോ എന്ന സംസ്ക്യത സിനിമയും പനോരമയില്‍ ഇടം നേടി. തിരഞ്ഞെടുക്കപ്പെട്ട ഇരുപത് സിനിമകളില്‍ മൂന്ന് സിനിമകള്‍ അന്തര്‍ ദേശിയ മത്സരവിഭാഗത്തിലും, രണ്ട് വീതം പുതിയ സംവിധായകനും, മഹാത്മാഗാന്ധി സെന്‍റിനറി അവാര്‍ഡിനുമായി തിരഞ്ഞെടുത്തു.  ഇതില്‍ മലയാളത്തില്‍ നിന്ന് താഹിറ മാത്രം മഹാത്മാഗാന്ധി സെന്‍റിനറി അവാര്‍ഡിനായി മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ ഒന്ന് വിശകലനം ചെയ്ത് നോക്കുകയാണെങ്കില്‍ സമൂഹത്തിന് വന്ന മാറ്റങ്ങളുടെ നേര്‍ കാഴ്ച്ച വ്യക്തമാകും. പനോരമ തിരഞ്ഞെടുപ്പ് പുറത്തായപ്പോള്‍ മുഖം ചുളിച്ച പല പ്രമുഖ സിനിമാ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. എന്ത് മേന്‍മയാണ് നാല് മലയാള സിനിമകള്‍ക്കും ഉള്ളത് എന്ന് ചോദിച്ച പ്രമുഖരുണ്ട്. നാല് സിനിമകളും നേരെ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നു  എന്നതാണ് സവിശേഷത. കലര്‍പ്പില്ലാതെ പറയേണ്ട കാര്യങ്ങള്‍ മാത്രം പറഞ്ഞു കൊണ്ടാണ് നാല് സിനിമകളും പ്രേക്ഷകന് മുന്നില്‍ എത്തുന്നത്. കോവിഡിന് ശേഷം നമ്മുടെ സമൂഹത്തില്‍ സംഭവിക്കാന്‍ പോകുന്ന സാംസ്കാരിക മാറ്റവും അതു തന്നെയാണ്.

തൃശ്ശൂര്‍ ജില്ലയിലെ എറിയാട് ഗ്രാമപഞ്ചായത്തില്‍ സ്നേഹ കുടുംബശ്രീ യൂണിറ്റിലെ അംഗമായ താഹിറ എന്ന 41 വയസ്സുകാരിക്ക് മാതാവിനെ ചെറു പ്രായത്തിലേ നഷ്ടപ്പെട്ടു. പിതാവിന്‍റെ മരണത്തോടെ ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. നാല് സഹോദരിമാരുടെ ജീവിതഭാരം ഏറ്റെടുത്ത താഹിറ, അവരെ വിവാഹം കഴിപ്പിച്ചയച്ചു. പക്ഷെ സ്വയം വിവാഹിതയാകാതെ ഇപ്പോഴും ജീവിക്കുകയാണ്. അവളുടെ അതിജീവനത്തിന്‍റെ കഥ ജീവിതത്തില്‍ ഇതുവരെ ക്യാമറക്കുമുന്നില്‍ പ്രത്യക്ഷപ്പെടാത്ത താഹിറ തന്നെ അവതരിപ്പിക്കുന്നതാണ് താഹിറ എന്ന ചിത്രം. താഹിറ തന്നെയാണ് താഹിറയുടെ വേഷം ചെയ്യുന്നത്. സ്വന്തം ജീവിത കഥ സിനിമയായപ്പോള്‍ താഹിറയ്ക്ക് അഭിനയിക്കേണ്ടി വന്നില്ല. താന്‍ സിനിമയിലും ജീവിക്കുകയായിരുന്നെന്ന് താഹിറ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പന്തല്ലൂര്‍ ഹില്‍സില്‍ കാണക്കാലില്‍ കുടുംബത്തില്‍ കെ എം മാത്യു ഫിലോമിനാ മാത്യു എന്നീ ദമ്പതികളുടെ നാല് മക്കളില്‍ നാലാമനായാണ് ക്ലിന്‍റ് മാത്യു. ജന്‍മനാ പൂര്‍ണ്ണമായും അന്ധനായ ക്ലിന്‍റ് മാത്യു  ബിച്ചാപ്പുവിനെ അവതരിപ്പിച്ചിരിക്കുന്നത്. താഹിറയുടെ കഥ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധീക്ക് പറവൂരും, സഹസംവിധാനം വിപിന്‍ നാഥുമാണ്.

കെട്ട്യോളാണെന്‍റെ മാലാഖ എന്ന സിനിമ നിസാം ബഷീറിന്‍റെ ആദ്യ സിനിമയാണ്. ഇടുക്കിയിലെ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു കര്‍ഷക യുവാവിന്‍റെ നിഷ്കളങ്ക സ്നേഹത്തിന്‍റെ കഥയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ കൗമാരവും, തുടര്‍ന്ന് യൗവ്വനവും വേണ്ട വിധത്തില്‍ പാകപ്പെടുന്നതില്‍ കുടുംബവും വളരുന്ന ചുറ്റുപാടും ചെലുത്തുന്ന സ്വാധീനവും ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയും ഈ സിനിമയില്‍ വളരെ ലളിതമായി ചര്‍ച്ച ചെയ്യുന്നു എന്നിടത്ത് സിനിമ വിജയിച്ചു. അജി പീറ്റര്‍ തങ്കം എഴുതിയ സിമയില്‍ അസിഫ് അലിയും, വീണ നന്ദകുമാറും മികച്ച മഭിനയമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. പുതിയ സംവിധായകന്‍റെ സിനിമ ലോക ശ്രദ്ധ നേടുകയാണ്.

ട്രാന്‍സ് എന്ന സിനിമ വര്‍ത്തമാനകാല സംഭവങ്ങളുടെ നേര്‍കാഴ്ച്ചയാണ്. എല്ലാ മത വിഭാഗങ്ങളിലും കാണുന്ന വിശ്വാസ വ്യാപാരത്തിന്‍റെ പിന്നാമ്പുറ സംഭവങ്ങള്‍ സിനിയില്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് പ്രേക്ഷകരെ കാണിച്ച് തരുന്നു. അമല്‍ നീരദ് ക്യാമറയും, റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനവും നിര്‍വ്വഹിച്ചപ്പോള്‍ നവാഗതനായ വിന്‍സന്‍റ് വടക്കന്‍റെ തിരക്കഥയില്‍ സിനിമ ഏറെ ശ്രദ്ധ നേടി. ഒരു മികച്ച സൈക്കോളജിക്കല്‍ ത്രില്ലറാണ് ഈ സിനിമ. മോട്ടിവേഷണല്‍ ട്രെയ്നറായ വിജുപ്രസാദ് മതത്തെ കേന്ദ്രീകരിച്ച് ചൂഷണവും തട്ടിപ്പും നടത്തി കോടികള്‍ കൊയ്യുന്ന വ്യക്തികളുടെ കരങ്ങളില്‍ അകപ്പെടുന്നു. അവരുടെ നിര്‍ദ്ദേശ പ്രകാരം ജ്വോഷ്വാ കാല്‍ട്ടന്‍ എന്ന് പേര് മാറ്റി ഒരു കൃസ്ത്യന്‍ പാസ്റ്ററായ് വേഷമിട്ട് തൊഴില്‍ ചെയ്യുന്നു. മതവിശ്വാസികളായ സാധാരണ മനുഷ്യരെ ആത്മീയ ചൂഷണം ചെയ്ത് വ്യാവസായിക ലാഭം നേടുന്ന കമ്പനിയില്‍ വിജുപ്രസാദ് ഒരു മികച്ച പെര്‍ഫോമറും കോടിപതിയും ആകുന്നു.

സേഫ് എന്ന സിനിമ സ്ത്രീ സുരക്ഷയെ കേന്ദ്രീകരിച്ചുള്ള സിനിമയാണ്. അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രദീപ് കാളിപുരയത്ത് ആണ് സംവിധാനം ചെയ്തത്. ഷാജി പല്ലാരിമംഗലം കഥയൊരുക്കിയ ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി ഒരു ആപ്പ് ഉണ്ടാക്കുന്നതും, അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും ചിത്രത്തില്‍ കാണാം. സിനിമ കണ്ട ഒരു പ്രേക്ഷക സാമൂഹ്യ മാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു. എന്തിനും ഏതിനും മൊബൈല്‍ അപ്ലിക്കേഷന്‍ ഉള്ള നമ്മുടെ നാട്ടില്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ആപ്പ്. അങ്ങനെ ഒരു ആപ്പ് ശരിക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന് സിനിമ തീര്‍ന്നു കഴിയുമ്പോള്‍ ആഗ്രഹിക്കും. അവരുടെ ആസ്രഹം തന്നെയാണ് സിനിമ കാണുന്ന എല്ലാവര്‍ക്കും ഉണ്ടാവുക. വര്‍ത്തമാനകാല ആവശ്യമായ സ്ത്രീ സുരക്ഷ സിനിമയെ വേറൊരു തലത്തിലേയ്ക്ക് മാറ്റുന്നു.

പനോരമയില്‍ ഇടം പിടിച്ച സംസ്ക്യത സിനിമ മലയാളിയായ വിജേഷ് മണിയുടേതാണ്. വിജീഷ്മണി സംവിധാനം നിര്‍വഹിച്ച്  മലയാളത്തിന്‍റെ അഭിമാനമായ ജയറാം കുചേലന്‍റെ വേഷത്തിലാണ് സിനിമയില്‍. അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ നമോ: എന്ന സംസ്കൃത സിനിമ കൃഷ്ണകുചേല കഥയുടെ പശ്ചാത്തലത്തില്‍ മാതൃകാ ഭരണാധികാരിയും ലോകത്തിന് മാതൃകയാവുന്ന പ്രജയും എങ്ങനെയായിരിക്കണം എന്ന എക്കാലത്തും പ്രസക്തമായ വിഷയമാണ് നമോ: ചര്‍ച്ച ചെയ്യുന്നത്.

പ്രതീക്ഷകളുടെ 2021 നമുക്ക് മുന്നില്‍ വലിയ വീമ്പുപറച്ചിലുകളില്ലാതെ കടന്നു വരുന്നു. നാല് വ്യത്യസ്ഥ കഥാ സന്ദര്‍ഭങ്ങള്‍ പുതുവര്‍ഷത്തില്‍ സമൂഹത്തിന്‍റെ കണ്ണു തുറപ്പിക്കുവാന്‍ ഇന്ത്യന്‍ പനോരമയുടെ അഭ്രപാളികളില്‍ മലയാളത്തിന്‍റേതായി ഉണ്ടാകും.