കോവിഡ് കാലം, സര്‍ഗവാസനകളുടെ സുവര്‍ണകാലം

കോവിഡ് കാലം, സര്‍ഗവാസനകളുടെ സുവര്‍ണകാലം
വിജയ് ചൗക്ക് @ 73 @ മെട്രോ വാര്‍ത്ത ഡിസംബര്‍-19
സുധീര്‍നാഥ് 

കോവിഡ് മഹാമാരി ലോകത്തെ സമൂഹത്തെ മുഴുവനും വീടുകളുടെ ഉള്ളിലേക്ക് ഉള്‍ലിയാന്‍ നിര്‍ബദ്ധിച്ച കാലമാണ്. ജനങ്ങള്‍ ലോക്കഡൗണ്‍ കാലത്ത് വീടുകളില്‍ തന്നെ കഴിഞ്ഞു. തിരക്കേറിയ മാര്‍ക്കറ്റുകള്‍ അടഞ്ഞു കിടന്നു. റോഡുകള്‍ വിജനമായിരുന്നു. അന്തരീക്ഷ മലിനീകരണം കുറഞ്ഞു. പഴകള്‍ തെളിനീരായി ഒഴുകി. പക്ഷെ, കൊറോണ വൈറസ് അതിന്‍റെ സംഹാര താണ്ഡവം ആടികൊണ്ടിരുന്നു. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഏറെ നാണ്ട ഒതുങ്ങി ഇരിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. അവര്‍ കൊറോണ വൈറസിന് പ്രതിരോധം തീര്‍ത്ത് വീടുവിട്ടിറങ്ങി. മാര്‍ക്കറ്റുകള്‍ തുറന്നു. റോഡുകളില്‍ വാഹനങ്ങള്‍ നിറഞ്ഞു. ലോകം കരുതലോടെ പഴയ പോലായി. സമൂഹത്തില്‍ കാതലായ സാംസ്കാരിക മാറ്റമുണ്ടായി.

കോവിഡ് കാലത്ത് ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ മാറ്റം ലോകം അതിവേഗം ഡിജിറ്റലായി. മനുഷ്യന്‍ മനസ്സിനുള്ളില്‍ ഒളിപ്പിച്ചിരുന്ന പല കലാരൂപങ്ങളും പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ചത് സാമൂഹ്യ മാധ്യമങ്ങളിലാണ്. സാംസ്കാരിക ചടങ്ങുകളും മറ്റ് പല മീറ്റിങ്ങുകളും ഡിജിറ്റല്‍ പ്രതലത്തിലായി. വിവാഹവും, മരണ ചടങ്ങുകളും വരെ ഡിജിറ്റലായി. ജനങ്ങള്‍ ആള്‍ക്കൂട്ടത്തെ ഭയപ്പെട്ടു. വിരുന്നു പോകുന്നത് ഒഴിവാക്കി. വിരുന്ന് വരുന്നത് ഭയമായി.

പാടിയ പാട്ടുകള്‍, ആടിയ ന്യത്തങ്ങള്‍, നടത്തിയ പ്രഭാഷണങ്ങള്‍, നടത്തിയ യാത്രകള്‍ തുടങ്ങിയവ എല്ലാം ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പലരുടെ കഴിവുകളും വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ഉണ്ടായി. ഈ കാലയളവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരങ്ങളായ ഒട്ടേറെ പേര്‍ ഉണ്ടായി എന്നത് വാസ്ഥവമാണ്. സാമൂഹ്യ മാധ്യമങ്ങളിള്‍ നിറഞ്ഞുനിന്ന എത്രയോ പുതിയ ചാനലുകള്‍ വലിയ വരുമാനമുണ്ടാക്കി. സ്വന്തം ഗ്രാമത്തെ കുറിച്ചും, കുട്ടിക്കാലത്തെ കുറിച്ചും ഉറങ്ങി കിടന്ന ഓര്‍മ്മകള്‍ പങ്ക്വെച്ച് ലേഖകന്‍ എഴുതിയ ബ്ളോഗ് പരമ്പരയ്ക്ക് വായനക്കാര്‍ ലക്ഷങ്ങളായിരുന്നു. ത്യക്കാക്കര എന്ന ജനിച്ചു വളര്‍ന്ന പ്രദേശം മാത്രമാണ് എഴുത്തില്‍ പരാമര്‍ശിച്ചത് എന്നോര്‍ക്കണം. കുംബളങ്ങി എന്ന തീരദേശ ഗ്രമത്തെ കുറിച്ച് പ്രൊഫസര്‍ കെവി തോമസ് വര്‍ഷങ്ങളായി എഴുതുന്നു. കോവിഡ് കാലത്ത് അദ്ദേഹം അത് വളരെ ശക്തമായ ഭാഷയില്‍ സജീവമായി വീണ്ടും എഴുതി. വക്കം എന്ന പ്രദേശത്തെ കുറിച്ചാണ് ജോണി എം എല്‍ എന്ന പ്രശസ്ത കലാ നിരൂപകന്‍ എഴുതിയത്. വൈപ്പിന്‍ എന്ന ദ്വീപിലെ പഴയ കഫകളാണ് ഭത്യഹരി പങ്ക് വെച്ചത്. ഇതു പോലെ പല ഗ്രാമങ്ങളെ കുറിച്ചും പലരും കോവിഡ് കാലത്ത് എഴുതുകയുണ്ടായി.

കോവിഡ് കാലത്ത് അഭിനയ രംഗത്തും വിപ്ലവകരമായ മാറ്റമുണ്ടായി. അഭിനയ മോഹം ഉള്ളില്‍ വെച്ചവരും, അവസരങ്ങള്‍ക്കായി കാത്തിരുന്നവരും കഴിവുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. ചെറിയ നാടകമായും, ചെറിയ സിനിമകളായും അത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ലക്ഷകണക്കിന് കാഴ്ച്ചക്കാര്‍ ഓരോ പോസ്റ്റുകള്‍ക്കും ഉണ്ടായി. മികച്ച രചനകളും, സംവിധാനവും, അഭിനയവും കൊണ്ട് വേറിട്ട് നിന്ന നൂറ് കണക്കിന് സിനിമകള്‍ ഈ രംഗത്തുള്ളവരെ അത്ഭുതപ്പെടുത്തി. എന്തു മികച്ച സന്ദേശങ്ങളായിരുന്നു പല സിനിമകളും പങ്കുവെച്ചത് എന്ന് സിനിമ ഗൗരവമായി കാണുന്നവര്‍ വിലയിരുത്തി.

കോവിഡ് കാലത്ത് എഴുതി പ്രസിദ്ധീകരിച്ച രചനകളുടെ കണക്കെടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ എഴുതിയത് മിസോറാം ഗവര്‍ണര്‍ അഡ്വക്കേറ്റ് ശ്രീധരന്‍ പിള്ള തന്നെയാണ്. 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴഞ്ഞു. അഞ്ച് പുസ്തകങ്ങള്‍ അച്ചടിയിലാണ്. കോവിഡ് കാലം കഴിഞ്ഞിട്ടില്ല. ശ്രീധരന്‍ പിള്ള എഴുത്ത് നിര്‍ത്തിയിട്ടുമില്ല. കവിതയും, ലേഖനങ്ങളും, സമാഹാരങ്ങളും, തന്‍റെ പ്രസംഗങ്ങളുടെ സമാഹാരവും തയ്യാറാക്കി അദ്ദേഹം സജീവമായി രചനകളില്‍ തന്നെയാണ.് കോവിഡ് കാലത്തെ ലോക് ഡൗണും, മറ്റും ഒരു എഴുത്തുകാരന്‍ കൂടിയായ ശ്രീധരന്‍ പിള്ള സുവര്‍ണ്ണ കാലമായി കണ്ടതാണ് രചനകളുടെ എണ്ണം കൂടുവാന്‍ കാരണമായത്. ചില അവസരങ്ങളില്‍ ഊര്‍വ്വശീ ശാപം ഉപകാരം എന്ന് പറയാറില്ലേ, അതാണ് ഇവിടെ സംഭവിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നു. മിസോറാം രാജ്ഭവന്‍ വിട്ട് പുറത്ത് പോകരുതെന്നത് കൊണ്ടും, സന്ദര്‍ശകര്‍ ഇല്ലാത്തത് കൊണ്ടും കൂടുതല്‍ സമയം എഴുതുവാനായി വിനിയോഗിച്ചു എന്ന് അദ്ദേഹം പറയുന്നു. 125 പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ സ്വാഭാവികമാണ്. കേരളത്തില്‍ വക്കീല്‍ പണിയും, രാഷ്ട്രീയവുമായി നടന്ന സംഘര്‍ഷം നിറഞ്ഞ നാളുകളില്‍ കവിതകളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഈ തിരക്കിനിടയിലാണ് 110 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്. കോവിഡ് കാലത്തിന് മുന്‍പും അദ്ദേഹം പുസ്തകങ്ങള്‍ എഴുതിയിരുന്നു എന്നതാണ് അത് ചൂണ്ടി കാണിക്കുന്നത്. രാജ്യം കണ്ട മികച്ച അഭിഭാഷകരില്‍ ഒരാളായ ശ്രീധരന്‍ പിള്ള മികച്ച നിയമ പണ്ഡിതനാണ്.

ശ്രീധരന്‍പിള്ള കോവിഡ് കാലത്ത് നിയമരംഗത്തെ തമാശകളുടെ ഒരു പുസ്തകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. വക്കീലായി പ്രവര്‍ത്തിച്ച കാലത്ത് ഉണ്ടായ രസകരമായ നേരനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. നിയമവീഥിയിലൂടെ എന്ന മറ്റൊരു പുസ്തകത്തില്‍  നിയമ രംഗത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണങ്ങളും, ലേഖനങ്ങളുമാണ്. നിയമ രംഗത്തെ സ്ത്രീ രത്നങ്ങള്‍ എന്ന പേരിലുള്ള മറ്റൊരു പുസ്തകത്തില്‍ മൂന്ന് പ്രമുഖ നിയമ രംഗത്തെ സ്ത്രീകളെ പരിചയപ്പെടുത്തുന്നു. കൊര്‍ണീല സൊറാബ്ജി, അന്നാ ചാണ്ടി, ഫാത്തിമ്മാ ബീവി എന്നിവരാണീ മൂന്ന് പേര്‍. ഇന്ത്യയിലെ ആദ്യത്തെ വനിതാ വക്കീലാണ് കൊര്‍ണീല സൊറാബ്ജി. അന്നാ ചാണ്ടി ആദ്യ വനിതാ ജഡ്ജിയും, വനിതാ പത്രാധിപരുമാണ്. കോമണ്‍വെല്‍ത്ത് രാജ്യത്തെ ആദ്യത്തെ വനിതാ ജഡ്ജിയാണ് അന്നാ ചാണ്ടി. തിരുവനന്തപുരത്ത് പട്ടം താണുപിള്ളയോട് ശ്രീമൂലം സഭയിലേയ്ക്ക് മത്സരിച്ച് തോറ്റെങ്കിലും രാജ കുടുംബം അവരെ സഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു. ഫാത്തിമാ ബീവിയാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന മൂന്നാമത്തെ വ്യക്തി. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാണ് അവര്‍. സമൂഹത്തിന് അറിയാത്തതും, എന്നാല്‍ അറിഞ്ഞിരിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങള്‍ എല്ലാ പുസ്തകത്തിലും കാണാം. രാഷ്ട്രീയത്തിന് അതീതമായ രചനകളാണ് അതൊക്കെയും.

കഴിഞ്ഞദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഡല്‍ഹിയില്‍ മിസോറാം ഗവര്‍ണര്‍ കൂടിയായ ശ്രീധരന്‍പിള്ളയുടെ ഓ മിസോറാം എന്ന ഇംഗ്ലീഷ് കവിതാ സമാഹര പുസ്തകം പ്രകാശിപ്പിച്ചു. ഡല്‍ഹിയിലെ പ്രശസ്തമായ ഇന്‍റസ് സ്ക്രോള്‍സ് പ്രസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സി രാധാകൃഷ്ണനാണ്. അദ്ദേഹം തന്‍റെ അവതാരികയില്‍ ശ്രീധരന്‍ പിള്ളയുടെ കവിതകളുടെ മഹത്വത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്നുണ്ട്. ലോകപ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍മാരുമായി താരതമ്യപ്പെടുത്തിയാണ് സി രാധാകൃഷ്ണന്‍, ശ്രീധരന്‍പിള്ളയുടെ കവിതകളിലെ വരികളെ വിലയിരുത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് മറ്റാരെ പോലെയും മിസോറാമിലെ രാജ്ഭവനില്‍ താനനുഭവിച്ച സംഘര്‍ഷങ്ങളാണ് ഇത്രയും ശക്തമായ വാചകങ്ങള്‍ തന്‍റെ കവിതകളില്‍ രചിക്കുവാന്‍ സാധിച്ചത് എന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. തന്‍റെ ഗ്രാമത്തിലെ മണ്ണുപാതകളും, തന്‍റെ കുട്ടിക്കാലവും കവിത എഴുതിയ സമയത്ത് മിന്നി മറഞ്ഞിരുന്നു എന്ന് വരികള്‍ക്കിടയില്‍ വായിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

അടുത്തിടെ അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഡി വിജയമോഹന്‍ വാര്‍ത്തകള്‍ക്ക് പിന്നിലെ കഥകള്‍ മീഡിയ അക്കാദമിക്ക് പ്രസിദ്ധീകരണത്തന് നല്‍കിയിരുന്നു. 35 വര്‍ഷം ഡല്‍ഹിയില്‍ താമസിച്ച അദ്ദേഹം കണ്ട മഹത് വ്യക്തിത്ത്വങ്ങള്‍, സംഭവങ്ങള്‍ തുടങ്ങിയവ കോര്‍ത്തിണക്കി ഡല്‍ഹിയുടെ സ്പന്ദനങ്ങള്‍ എഴുതി പൂര്‍ത്തീകരിച്ചാണ് ഡി വിജയമോഹന്‍ അന്തരിച്ചത്. കോവിഡ് കാലത്ത് രചിക്കപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നു. ലേഖകന്‍ തയ്യാറാക്കിയ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജീവിത കഥയും, മലയാള മാധ്യമത്തിലെ കാര്‍ട്ടൂണുകളും, വളര്‍ന്ന ത്യക്കാക്കര ഗ്രാമത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ത്യക്കാക്കര സ്ക്കെച്ചസ് എന്ന പുസ്തകവും തയ്യാറായി കഴിഞ്ഞു. ബൈജു ചന്ദ്രന്‍ തയ്യാറാക്കിയ കെപിഎസി സുലോചനയുടെ ജീവിത കഥ ഏതാണ്ട് പൂര്‍ത്തിയായി. ഇതൊക്കെ കൂടാതെ എത്രയോ പുസ്തകങ്ങള്‍.

വീടുകളില്‍ തളയ്ക്കപ്പെട്ട അവസരത്തില്‍ ലോകമെമ്പാടും ബേബി ബൂം ഉണ്ടാകുമെന്ന് ശാസ്ത്രലോകം സംശയിച്ചു. അതിന്‍റെ ചെറിയ ലക്ഷണങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ മാത്രമല്ല, ഇന്ത്യയിലും കണ്ടു തുടങ്ങിയിട്ടുണ്ട്. സമാനമായി ലോക പ്രസാധക രംഗത്ത് പുസ്തകങ്ങളുടെ വലിയ കുത്തൊഴുക്ക് ഉണ്ടാകും. ഇ്യയില്‍ വിശേഷിച്ച് മലയാളത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ 2021ല്‍ പുറത്തിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. കോവിഡ് കാലം സര്‍ഗവാസനകളുടെ സുവര്‍ണകാലമായിരുന്നല്ലോ... മിസോറാം ഗവര്‍ണര്‍ അഡ്വ: ശ്രീധരന്‍ പിള്ള സുവര്‍ണാവസരം മുതലാക്കി...!