വൈവിധ്യങ്ങളുടെ വീരേന്ദ്രകുമാര്‍

വൈവിധ്യ ങ്ങളുടെ വീരേന്ദ്രകുമാര്‍
സുധീര്‍ നാഥ് 

പ്രക്യതിയുടെ സംരക്ഷകന്‍. സോഷ്യലിസ്റ്റ് ആശയം എന്നും കൊണ്ടു നടന്ന വ്യക്തി. സാഹിത്യകാരന്‍. ചരിത്രകാരന്‍. മാധ്യമപ്രവര്‍ത്തകന്‍. എന്തിനേറെ പാവപ്പെട്ടവര്‍ക്കും, പാര്‍ശവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഒരു ശബ്ദമായിരുന്നു വീരേന്ദ്രകുമാര്‍. പൊതു സമൂഹത്തിലും, നിയമസഭയിലും, ലോക്സഭയിലും, രാജ്യസഭയിലും ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു അദ്ദേഹം. പ്രകൃതിയുടെ തോഴനായിരുന്നു, ഭൂമിയുടെ കാവല്‍ക്കാരനായിരുന്നു. പരിസ്ഥിതി സംരക്ഷണം അദ്ദേഹത്തിന്‍റെ പ്രഥമ മുദ്രാവാക്യമായിരുന്നു. പ്ലാച്ചിമടയിലെ സമരത്തിന് തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ആവേശത്തില്‍ അദ്ദേഹം ഉണ്ടായിരുന്നു.

നായനാര്‍ മന്ത്രിസഭയില്‍ വനം മന്ത്രി ആയപ്പോള്‍ വനത്തിലേയും പുഴയോരത്തേയും മരങ്ങള്‍ വെട്ടുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. മരങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ റവന്യൂ അല്ലെന്നും, അത് ക്യാപ്പിറ്റലാണെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ ന്യായം നിരത്തി. പക്ഷെ എതിര്‍പ്പ് ശക്തമായപ്പോള്‍ രാജിവെച്ച് ഇറങ്ങിയ സോഷ്യലിസ്റ്റായിരുന്നു വീരേന്ദ്രകുമാര്‍. കുടിവെള്ളത്തിനായി അലയുന്ന കാലത്ത് തനെടുത്ത നടപടിയെ ജനങ്ങള്‍ ഓര്‍ക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അറിയുവാനുള്ള വ്യഗ്രത ഇത്രയേറെ ഉള്ള വ്യക്തിയെ ഞാന്‍ വീരേന്ദ്രകുമാറില്‍ കണ്ടിരിക്കുന്നു. കാര്‍ട്ടൂണിന്‍റെ ചരിത്രം എഴുതുമ്പോള്‍ ലഭിച്ച അറിവുകള്‍ മുഴുവനും ചോദിച്ചു വാങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പങ്കുവെച്ച വ്യക്തി. കാര്‍ട്ടൂണ്‍ പഠനത്തിനായി മാതൃഭൂമിയില്‍ എല്ലാ സൗകര്യങ്ങളും അദ്ദേഹം നേരിട്ട് തന്നെ ശരിയാക്കി. കാര്‍ട്ടൂണിന്‍റെ ചരിത്രവും, മലയാള കാര്‍ട്ടൂണ്‍ വളര്‍ച്ചയെ കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുള്ള വ്യക്തമാണ്. കോഴിക്കോട് പോകുമ്പോഴൊക്കെ വീട്ടില്‍ പോയി കാണും. ഒടുവില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജീവചരിത്രരചനയില്‍ തനിക്കറിയാവുന്നത് പങ്കുവെച്ചിട്ടാണ് അദ്ദേഹം യാത്രയായത്. നമ്മുടെ മുന്നിലിരിക്കുന്നവന് നമ്മളറിയാത്ത ചില വിവരമുള്ളവരാണെന്ന തോന്നല്‍ ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറ്റുള്ളവരിലെ അറിവുകള്‍ ചോദിച്ചറിയാന്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. വലിപ്പചെറുപ്പം നോക്കാതെ സൈക്കിള്‍ റിക്ഷക്കാരനില്‍ നിന്നും, ചായക്കടക്കാരനില്‍ നിന്നും പലതും ചോദിച്ചറിയുന്ന വീരേന്ദ്രകുമാറിനെ കണുവാന്‍ എനിക്ക്  സാധിച്ചിട്ടുണ്ട്. 

ഒരിക്കല്‍ കണ്ണൂരില്‍ നിന്ന് ത്യശ്ശൂരിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കോഴിക്കോട് വീട്ടില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എന്‍ അശോകന്‍ ചേട്ടനോടൊപ്പം പോയപ്പോള്‍ വിവേകാനന്ദനേ കുറിച്ചുള്ള പുസ്തകമാണ് എഴുതുന്നതെന്ന് പറഞ്ഞു. പുസ്തകത്തില്‍ പങ്കുവെയ്ക്കുന്ന പലതും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. വിവേകാനന്ദനെ കുറിച്ചുള്ള ചില പുസ്തകങ്ങളിലെ വിവരങ്ങള്‍ ഞാനും പറഞ്ഞു. അത് അദ്ദേഹം ശ്രദ്ധിച്ചു. അത് ഏത് പുസ്തകത്തിലെന്നായി. ഞാന്‍ പറഞ്ഞു. അത് അദ്ദേഹം വായിച്ചിട്ടില്ല. അടുത്ത ഡല്‍ഹി വരവിന് പുസ്തകം തരണമെന്നായി. ഞാന്‍ ഈ കാര്യം മറന്നു. പക്ഷെ അദ്ദേഹം മറന്നില്ല. ഡല്‍ഹിയില്‍ പിന്നെ എത്തിയ അദ്ദേഹം പുസ്തകവുമായി വരാമോ എന്ന് ചോദിച്ചു. അറിയാത്തത് ചോദിച്ച് വാങ്ങാന്‍ ഒരു മടിയുമില്ലാത്ത മഹാനായ പണ്ഡിതന്‍ തന്നെയായിരുന്നു അദ്ദേഹം.

യാത്രകള്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ഹിമാലയത്തില്‍, വിദേശങ്ങളില്‍, വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍. അദ്ദേഹത്തിന്‍റെ യാത്രകള്‍ എപ്പോഴും ഘോഷയാത്ര തന്നെ ആയിരുന്നു. ഒരു കൂട്ടം ആളുകള്‍ എപ്പോഴും ഉണ്ടാകും. ഒപ്പം യാത്ര ചെയ്യാന്‍ സാധിച്ചിട്ടില്ല. കണ്ടിട്ടുണ്ട്. ഒരിക്കല്‍ വാരണസിയില്‍ ചെന്നപ്പോള്‍ അദ്ദേഹവും സംഘവും ഹിമാലയ യാത്രയുടെ ഭാഗമായി അവിടെ എത്തിയത് കണ്ടു. യാത്രകള്‍ ഉല്ലാസമാക്കാന്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യണമെന്ന് മിക്ക യാത്രകള്‍ക്കും സഹസഞ്ചാരിയായിരുന്ന എന്‍ അശോകന്‍, നന്ദന്‍ എന്നിവര്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

വീരേന്ദ്രകുമാറിന്‍റെ നിഴലായി വയനാട്ടില്‍ നിന്നുള്ള നന്ദകുമാര്‍ എം ഉണ്ടാകും. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി വീരേന്ദ്രകുമാറിന്‍റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് നന്ദനാണ്. നന്ദന്‍ അദ്ദേഹത്തോടൊപ്പം എല്ലാ യാത്രകളിലും കൂടെ ഉണ്ടായിരുന്നു. രാജ്യസഭയിലേയ്ക്ക് സത്യപ്രതിജ്ഞയ്ക്ക് വരും വഴി വീമാനതാവളത്തില്‍ വെച്ച് വീരേന്ദ്രകുമാറിന്‍റെ ചലനങ്ങളില്‍ അസ്വാഭാവികത തോന്നിയ നന്ദന്‍ കാറ് ആശുപത്രിയിലേയ്ക്ക് എടുപ്പിച്ചത് കൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ച് കിട്ടാന്‍ ഇടയായത്. ആശുപത്രിയില്‍ എത്തിയ ഉടനെ അദ്ദേഹം തളര്‍ന്ന് പോകുകയായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ച് വന്ന അദ്ദേഹം രാഷ്ട്രീയത്തില്‍ സജ്ജീവമായി.

ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്കഉൂട്ട് കേരളത്തില്‍ വന്ന സമയം. കേരള യാത്ര കോഴിക്കോട് എത്തുന്ന സമയം മാത്യഭൂമി സന്ദര്‍ശിക്കണം. വീരേന്ദ്രകുമാര്‍ സാറിനെ സന്ദര്‍ശിക്കണം. വിവരം നന്ദന്‍ ചേട്ടനെ വിളിച്ച് പറഞ്ഞു. എംഡി (വീരേന്ദ്രകുമാര്‍) തിരുവനന്തപുരത്താണെന്നും, പറഞ്ഞ ദിവസം അവിടെ കാണില്ലെന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞ് തിരിച്ച് ഒരു ഫോണ്‍. തിരുവനന്തപുരം മാത്യഭൂമിയില്‍ കാണാം. നിക്കൂട്ടും, റൗള്‍റോയും, ഞാനും മാത്രമായിരുന്നു അവിടെ നടന്ന സ്വകാര്യ മീറ്റിങ്ങില്‍ ഉണ്ടായിരുന്നത്. മാത്യഭൂമിയുടെ മുതിര്‍ന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മാത്രം. ഫോട്ടോഗ്രാഫിയെ കുറച്ചായി നിക്കൂട്ടും, റൗള്‍റോയും ആയി ചര്‍ച്ച. അദ്ദേഹത്തിന്‍റെ ഭാഷയിലെ വൈവിദ്യം നേരില്‍ കേട്ടു. മാത്യഭൂമിയിലെ ഫോട്ടോഗ്രാഫര്‍മാരോടൊപ്പം കുറച്ച് സമയം ചിലവഴിക്കാമോ എന്ന് നിക്കിനോട് അദ്ദേഹം ചോദിച്ചു. നിക്കൂട്ട് പിറ്റേന്നും വീരേന്ദ്രകുമാറിന്‍റെ ക്ഷണപ്രകാരം അവിടെ എത്തി.

മാധ്യമ ചരിത്രയാത്ര നടന്നത് 2019 മാര്‍ച്ചില്‍. മാത്യഭൂമിയുടെ കോഴിക്കോട് യൂണിറ്റിലെ കോണ്‍ഫറന്‍സ് മുറിയിലിരുന്ന് മാധ്യമ വിദ്യാര്‍ത്ഥികളോട് അദ്ദേഹം സംസാരിച്ചു. മാത്യഭൂമിയുടെ ചരിത്രം വളരെ രസകരമായി അദ്ദേഹം പറഞ്ഞു. കൗതുകത്തോടെ അത് കേട്ടിരുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എപ്പോഴും വിളിക്കാന്‍, കാണുവാന്‍, സ്വാതന്ത്ര്യം തന്ന വ്യക്തി. ഏത് വിഷയത്തെ കുറിച്ചും മറുപടി ഉള്ള വ്യക്തി. യാത്രയുടെ തോഴന്‍. ഭക്ഷണ പ്രിയന്‍. വടക്കേ ഇന്ത്യയിലെ പല യാത്രകളിലും ദാബകളില്‍ (വഴിയോര ആഹാര കേന്ദ്രം) ഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെട്ടത്. പല തവണ ഒപ്പം ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടുണ്ട്. ഓരോ ഭക്ഷണത്തിന്‍റേയും വിശേഷണം, ചരിത്രം എല്ലാം കൂടെ ഉള്ളവ?ക്ക് വിവരിച്ച് നല്‍കും. കേരളത്തിലെ വ്യത്യസ്ഥ രുചികളെ കുറിച്ച് അറിയുന്ന അദ്ദേഹം പൂര്‍ണ്ണ സസ്യാഹാരിയായിരുന്നു.

ഭക്ഷണം പോലെ തന്നെ ഇന്ത്യയിലെ വൈവിധ്യയങ്ങളായ ആചാരങ്ങള്‍ തൊട്ടറിഞ്ഞ വ്യക്തിയായിരുന്നു വീരേന്ദ്രകുമാര്‍. തന്‍റെ വീട്ടില്‍ എല്ലാ മതത്തിലേയും, ജാതിയിലേയും പ്രതിനിധികളുണ്ടെന്ന് എപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു. വൈവിധ്യങ്ങളുടെ കൂട്ടുകാരനായിരുന്നു വീരേന്ദ്രകുമാര്‍.