ജനതാ ചരിത്രം ആവര്‍ത്തിക്കുമോ...?
വിജയ് ചൗക്ക് @ 72 @ മെട്രോ വാര്‍ത്ത ഡിസംബര്‍ 12
സുധീര്‍നാഥ്
അടിയന്തരാവസ്ഥകാലത്ത് ഒരു ഏകാധിപതിയുടെ രൂപത്തിലാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി പ്രവര്‍ത്തിച്ചിരുന്നത് എന്ന് വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. ഇന്ദിര എന്നാല്‍ ഇന്ത്യ എന്ന തരത്തില്‍ വരെ പ്രചരണമുണ്ടായി. ഏകാധിപതിയായ ഇന്ദിരാ ഗാന്ധിക്കെതിരെ അക്കാലത്തെ ക്ഷുഭിതരായ യുവാക്കളുടെ നേത്യത്ത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. ഗുജറാത്തില്‍ നിന്നും ബീഹാറില്‍ നിന്നുമാണ് അത് ആരംഭിച്ചത്. യുവാക്കളോടൊപ്പം വിദ്യാര്‍ഥികളായിരുന്നു പ്രക്ഷോഭത്തിന് മുന്നില്‍ നിന്നതു. പിന്നീടാണ് പൊതുസമൂഹം സമരമുഖത്ത് എത്തിയത്. സമൂഹത്തിലെ എല്ലാ തുറകളിലെ ജനങ്ങളും അണിചേര്‍ന്നതോടെ പ്രക്ഷോഭം രാജ്യത്താകമാനം പടര്‍ന്നു പിടിക്കുകയായിരുന്നു. ഒടുവില്‍ അത് ഡല്‍ഹിയില്‍ എത്തിച്ചേരുകയാണുണ്ടായത്. ജയപ്രകാശ് നാരായണന്‍ എന്ന അന്നുവരെ രാജ്യം ചര്‍ച്ച ചെയ്യാത്ത വ്യക്തിയുടെ മുന്നില്‍ ഭരണവര്‍ഗത്തിന് അടിയറവ് പറയേണ്ടി വന്നു. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ സംഘടിച്ചത് ജനത എന്ന പേരിലായിരുന്നു ഏതാണ്ട് ജനത പ്രക്ഷോഭത്തെ പോലെ ഒന്നാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ കാണുന്നത്. ഡല്‍ഹിയില്‍ മാത്രമല്ല ഇന്ത്യയിലാകമാനം സമാനമായ പ്രക്ഷോഭം നടക്കുകയാണ്. ഏകാധിപതിയായി അന്നുണ്ടായിരുന്നത് ഇന്ദിരാഗാന്ധി ആണെങ്കില്‍, ഇന്ന് നരേന്ദ്രമോദിയെ ഏകാധിപതിയായി ചിത്രീകരിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. അന്നത്തെ പ്രക്ഷോഭത്തേക്കാള്‍ അതിശക്തമായ പ്രക്ഷോഭമാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്നത്. ദേശിയ പാതയും, റെയിലും തടഞ്ഞുകൊണ്ടുള്ള വരും ദിവസത്തെ സമര പ്രഖ്യാപനം നിസാരവത്ക്കരിക്കാന്‍ സാധിക്കില്ല.
കോവിഡ് പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയില്‍ നടന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വളരെ തിടുക്കപ്പെട്ടാണ് മൂന്ന് കര്‍ഷക ബില്ലുകള്‍ ലോക്സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ചത്. പഞ്ചാബിലെ കര്‍ഷകര്‍, ബില്ല് പാസായതിന് പിന്നാലെ ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങിയ സമരമാണ് റെയില്‍ റുക്കോ (തീവണ്ടി തടയല്‍ സമരം). സമരം രണ്ടു മാസത്തോളമായി റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. അതിന് കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുത്ത് ചര്‍ച്ചയ്ക്ക് തയ്യാറായി. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു. ചര്‍ച്ചയ്ക്കെത്തിയ അവര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് കണ്ടത്. അവര്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്ക്കരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഇടനിലക്കാരനായി നിന്ന് റെയില്‍ റുക്കോ സമരം തത്ക്കാലം 15 ദിവസത്തേയ്ക്ക് നിര്‍ത്തിയ ശേഷമാണ് വടക്കേ ഇന്ത്യയിലെ റെയില്‍ ഗതാഗതം ആരംഭിച്ചത്. കോടികളുടെ നഷ്ടമാണ് റെയില്‍വേയ്ക്ക് അതുമൂലം ഉണ്ടായത്. നവംബര്‍ 26, 27 തിയതികളിലെ ഡല്‍ഹി ചലോ സമരം കര്‍ഷകര്‍ വളരെ മുന്‍പേ തീരുമാനിച്ചതായിരുന്നു. അത് നടന്നപ്പോഴാണ് ഡല്‍ഹി അതിര്‍ത്തികള്‍ അടച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തത്.
ഡല്‍ഹി ചലോ സമരത്തെ അടിച്ചമര്‍ത്താന്‍ വന്‍ ശ്രമം കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ പ്രതിരോധം തീര്‍ത്തതാകണം സമരം ഇപ്പോള്‍ കാണുന്ന ശക്തിയിലേയ്ക്ക് വളര്‍ന്നത്. വ്യാപകമായ ലാത്തിച്ചാര്‍ജ്ജ്, ബാരിക്കേഡുകള്‍, കിടങ്ങുകള്‍, പട്ടാള വിന്ന്യാസം, കണ്ണീര്‍ വാതക പ്രയോഗം തുടങ്ങി എല്ലാം സമര ശക്തിക്ക് മുന്നില്‍ നിഷ്പ്രഭയായി. ഓരോ ദിവസവും കര്‍ഷകരുടെ എണ്ണം കൂടി വന്നു. പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടി വന്നു. വാര്‍ത്തകളില്‍ സമരം നിറഞ്ഞു നിന്നു. ഡല്‍ഹിയിലെ മറ്റ് അതിര്‍ത്തികളിലും സമരം ശക്തപ്പെട്ടു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ പിന്തുണയുമായി എത്തി. ആയിരകണക്കിന് ജനങ്ങളും ദിവസവും ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ പിന്തുണയുമായി എത്തി. സമരത്തെ ശക്തി കൊണ്ട് പ്രതിരോധിച്ച സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെച്ചു.
ചര്‍ച്ചകള്‍ക്കായി മന്ത്രിമാര്‍ താത്പര്യം കാട്ടി. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുവാന്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ എത്തിയ കര്‍ഷക നേതാക്കള്‍ സര്‍ക്കാരിന്‍റെ വക ഉച്ചഭക്ഷണം സ്വീകരിക്കാതെ, അവര്‍ കൊണ്ടു വന്ന ഭക്ഷണം കഴിച്ചത് വലിയ ചര്‍ച്ചയായി. സ്വന്തം ഭക്ഷണം കഴിച്ചു കൊണ്ട് സര്‍ക്കാരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച രാജ്യത്താകമാനം ജനങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കി എന്നിടത്ത് സമര വീര്യം ശക്തി പ്രാപിക്കുന്നതിന് തെളിവാണ്. രാജ്യമെങ്ങും സര്‍ക്കാരിന് എതിരായ ജനവികാരത്തിന്‍റെ അലകളുയര്‍ത്താന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് സാധിച്ചു. കാര്‍ഷിക നിയമത്തിലൂടെ മോദി സര്‍ക്കാര്‍ അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ജിയോ സിം ഉപേക്ഷിക്കാനും റിലയന്‍സ് പമ്പുകളും, മാളുകളും ബഹിഷ്ക്കരിക്കാനും കര്‍ഷകര്‍ നടത്തിയ ആഹ്വാനം വന്‍ പ്രതികരണമാണ് ഉണ്ടാക്കിയത്.
കര്‍ഷകര്‍ക്ക് ഗുണം മാത്രം ചെയ്യുന്ന നിയമങ്ങളാണ് തങ്ങള്‍ പാസാക്കിയതെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് കര്‍ഷക ബില്ലിന്‍റെ ഗുണങ്ങള്‍ എന്തെന്ന് 500ലേറെ കര്‍ഷക സംഘടനകളെ ബോധ്യപ്പെടുത്താനാകാത്തത് വലിയ വീഴ്ചയാണ്. കര്‍ഷകര്‍ക്ക് അസ്വീകാര്യമായ നിയമങ്ങള്‍ അവര്‍ക്ക് ഗുണമേ ചെയ്യൂ എന്ന അവകാശവാദം സമീപകാല രാഷ്ട്രീയത്തില്‍ കണ്ട ഏറ്റവും വലിയ കാപട്യങ്ങളിലൊന്നാണെന്ന് കര്‍ഷകര്‍ വിളിച്ച് പറയുന്നത് ജനങ്ങള്‍ വിശ്വസിച്ചാല്‍ കുറ്റം പറയുവാന്‍ സാധിക്കില്ല. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയാണ്. ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവെക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
കേന്ദ്ര മന്ത്രിമാര്‍ പറയുന്നത് കര്‍ഷകര്‍ കേള്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് വന്നത് സമരത്തിന്‍റെ വിറയല്‍ ഉന്നതങ്ങളിലും എത്തി എന്നതിന്‍റെ തെളിവാണ്. പഞ്ചാബില്‍ നിന്ന് പതിനായിരകണക്കിന് കര്‍ഷകരേയും കൊണ്ട് ഡല്‍ഹി കേന്ദ്രീകരിച്ച് നീങ്ങുന്ന ട്രാക്ടറുകളുടെ ദ്യശ്യങ്ങള്‍ പഞ്ചാബിലെ ചാനലുകളില്‍ വന്നു തുടങ്ങിയിരിക്കുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങള്‍ പിന്‍വാങ്ങില്ലെന്ന കര്‍ഷകലക്ഷങ്ങളുടെ ഉറച്ച നിലപാടിന് മുന്നില്‍ സര്‍ക്കാരിന് എത്ര നാള്‍ പിടിച്ചുനില്‍ക്കാനാകും? പാര്‍ലമെന്‍റില്‍ ആവശ്യമായ ചര്‍ച്ചകള്‍ പോലും നടത്താതെ കേന്ദ്രസര്‍ക്കാര്‍ ധൃതിയില്‍ പാസാക്കിയെടുത്ത നിയമങ്ങള്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരിന് ഉണ്ടാകുന്ന ക്ഷീണം ചെറുതൊന്നുമായിരിക്കില്ല. അതുകൊണ്ടാണ് അമിത്ത് ഷാ കര്‍ഷക ബില്ല് മരവിപ്പിക്കില്ല എന്ന് തീര്‍ത്ത് പറയുന്നത്.
അതേസമയം തന്നെ ബില്ലില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാണെന്ന് കേന്ദ്ര കര്‍ഷക മന്ത്രി പ്രഖ്യാപിക്കുന്നതും, മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുന്നതും. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിയ കര്‍ഷകര്‍ സമരം പിന്‍വലിച്ച് ഗ്രാമങ്ങളിലേയ്ക്ക് മടങ്ങണമെങ്കില്‍ മൂന്ന് കര്‍ഷക ബില്ലുകളും പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ്. ട്രെയിന്‍ തടയല്‍ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു.
ഡല്‍ഹി അതിര്‍ത്തികളില്‍ വിവിധ മതസ്ഥാപനങ്ങളുടെ പ്രാര്‍ത്ഥനാ മുറികള്‍ താത്കാലികമായി തുറന്നിട്ടുണ്ട്. പഞ്ചാബിലെ ഗുരുദ്വാരകള്‍ സ്ഥിരമായി നടത്തുന്ന ഭക്ഷണ വിതരണം ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തികളിലാണ്. യന്ത്ര സഹായത്താല്‍ ചപ്പാത്തി ഉണ്ടാക്കുന്നു. 24 മണിക്കൂറും അവിടെ ഭക്ഷണം പാചകം ചെയ്യുന്നു. വിതരണം ചെയ്യുന്നു. എത്ര ജനങ്ങള്‍ സമര മുഖത്ത് ഉണ്ട് എന്നതിന്‍റെ തെളിവാണ് ഇത്. ആയിരകണക്കിന് ട്രാക്ടറുകളാണ് അതിര്‍ത്തികളില്‍ കിടക്കുന്നത്. ട്രാക്ടറുകളില്‍ ഓരോ കര്‍ഷക കുടുംബങ്ങളാണ് ഉള്ളത്. അവര്‍ അവിടെ കിടക്കുന്നു. വിശ്രമിക്കാന്‍ ദേശിയ പാതയില്‍ ടെന്‍റുകള്‍ കെട്ടിയിട്ടുണ്ട്. സമരം എത്ര നീണ്ടാലും അതിന് തയ്യാറായാണ് കര്‍ഷക കൂട്ടം എത്തിയിരിക്കുന്നത്.
ഏകാതിപതിയായ ഇന്ദിരാ ഗാന്ധിയെ അടിയന്തിരാവസ്ഥകാലത്ത് അടിയറവു പറയിച്ച ജനതാ സമരത്തിന്‍റെ മറ്റൊരു രൂപമാണ് ഡല്‍ഹി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കര്‍ഷകര്‍ ദ്യഡനിശ്ചയത്തിലാണ് സമരമുഖത്തുള്ളത്. കര്‍ഷക സമരം 16ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാരും നിയമങ്ങള്‍ പിന്‍വലിക്കാതെ ഒരു നിര്‍ദേശവും അംഗീകരിക്കില്ലെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചുനില്‍ക്കുകയാണ്. താങ്ങുവില ഉള്‍പ്പെടെ കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങളും നിയമങ്ങളില്‍ ഭേദഗതി ആകാമെന്ന ഉറപ്പും കര്‍ഷക സംഘടനകള്‍ സ്വീകരിച്ചില്ല. ആദ്യം മൂന്ന് കാര്‍ഷിക നിയമങ്ങളും ഉയര്‍ന്ന വൈദ്യുതി ചാര്‍ജും പിന്‍വലിക്കണമെന്നാണ് സമരമുഖത്തുള്ള കര്‍ഷകര്‍ പറയുന്നത്. നരേന്ദ്ര മോദിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് ആവര്‍ത്തിക്കുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്.
